2019 ഫെബ്രുവരി 28, വ്യാഴാഴ്ച
ആണ്ടുവട്ടത്തിലെ ഏഴാം വാരത്തിലെ വ്യാഴാഴ്ച

“എല്ലാവരും അഗ്നിയാൽ ഉപ്പിടപ്പെടും. ഉപ്പ് നല്ലതാണ്; എന്നാൽ ഉപ്പ് രുചിയില്ലാത്തതായാൽ എന്തുകൊണ്ട് നിങ്ങൾ അതിന്റെ രുചി വീണ്ടെടുക്കും? നിങ്ങളിൽത്തന്നെ ഉപ്പ് സൂക്ഷിക്കുവിൻ; അപ്പോൾ നിങ്ങൾ പരസ്പരം സമാധാനത്തിലായിരിക്കും.” മർക്കോസ് 9:49-50
“അഗ്നിയാൽ ഉപ്പിടപ്പെടാൻ” നിങ്ങൾ തയ്യാറാണോ? യേശു വ്യക്തമാക്കുന്നത്, എല്ലാവരും ഈ “ഉപ്പിടലിലൂടെ” കടന്നുപോകും എന്നാണ്. അപ്പോൾ ഇതിന്റെ യഥാർഥ അർഥമെന്താണ്?
ഭക്ഷണത്തിൽ ഉപ്പു ചേർക്കുമ്പോൾ അതിന്റെ രുചി തെളിഞ്ഞുവരുന്നു. അത് ഭക്ഷണത്തെ മറ്റൊന്നാക്കി മാറ്റുകയല്ല ചെയ്യുന്നത്; മറിച്ച്, അതിലുള്ള രുചി വർധിപ്പിച്ച് കൂടുതൽ സ്വാദുള്ളതാക്കുന്നു.
ഉപ്പിന് ശുദ്ധീകരിക്കാനുള്ള കഴിവുമുണ്ട്. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ അത് ഉപയോഗിക്കുന്നു; ഭക്ഷണത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും അത് സഹായിക്കുന്നു. രുചി വർധിപ്പിക്കുന്നതിന്റെയും കേടുകൂടാതെ സൂക്ഷിക്കുന്നതിന്റെയും ഈ രണ്ടു ഉപമകളും പരിചിന്തനാർഹമാണ്.
“അഗ്നിയാൽ ഉപ്പിടപ്പെടുക” എന്നതിന്റെ അർഥം ദൈവം നമ്മെ ശുദ്ധീകരിക്കുന്നു എന്നാണ്. അഗ്നി ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. പാത്രങ്ങൾ അണുവിമുക്തമാക്കാൻ ചൂട് ഉപയോഗിക്കുന്നു; സ്വർണം ശുദ്ധീകരിക്കാൻ അഗ്നി ഉപയോഗിക്കുന്നു. വിലയേറിയ ലോഹങ്ങളെ രൂപങ്ങളായോ ആഭരണങ്ങളായോ വാർത്തെടുക്കാനും അഗ്നി ഉപയോഗിക്കുന്നു.
നമ്മുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കേണ്ടത്. എല്ലാ വിധത്തിലും നാം ദൈവത്തിന്റെ അഗ്നിയാൽ ശുദ്ധീകരിക്കപ്പെടണം. പാപം നീക്കപ്പെടണം; ദൈവത്തിന്റെ ദിവ്യസാദൃശ്യത്തിൽ നമ്മെ രൂപപ്പെടുത്താൻ കഴിയേണ്ടതിന്, അവിടുത്തെ അഗ്നിയാൽ നാം രൂപപ്പെടുത്താവുന്നവരായിത്തീരണം.
എന്നാൽ ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? സ്വാർഥവും ദൈവഹിതത്തിന് വിരുദ്ധവുമായ എല്ലാ ജഡികാഭിലാഷങ്ങളിൽനിന്നും ആസക്തികളിൽനിന്നും നാം ശുദ്ധീകരിക്കപ്പെടുന്നതാണ് ഒരു മാർഗം. ഇത് വേദനാജനകമായിരിക്കാം; അതുകൊണ്ടാണ് അഗ്നിയുടെ ഉപമ ഉപയോഗിക്കുന്നത്. ആത്മാവിന്റെ കൂടുതൽ ആഴത്തിലുള്ള തലത്തിൽ നാം ശുദ്ധീകരിക്കപ്പെടുന്നതാണ് മറ്റൊരു മാർഗം. വഹിക്കാനായി ഭാരമേറിയ ഒരു കുരിശ് നമുക്ക് നൽകപ്പെടുകയും നാം അത് ക്ഷമയോടും സ്വീകാര്യതയോടുംകൂടെ വഹിക്കുകയും ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കാം. നമ്മുടെ ഇച്ഛ വെല്ലുവിളിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ, നമ്മുടെ സ്വന്തം ഇച്ഛ ദൈവത്തിന് വിട്ടുകൊടുക്കാനും അവിടുത്തെ ഹിതം തിരഞ്ഞെടുക്കാനും നമുക്ക് അവസരം ലഭിക്കുന്നു. എന്നാൽ നാം അനുഭവിക്കുന്ന ഏതൊരു സഹനത്തെയും പൂർണമായി സ്വീകരിക്കുക എന്നത് പലപ്പോഴും അവിടുത്തെ ഹിതത്തിൽ ഉൾപ്പെടുന്നു. അങ്ങനെയെങ്കിൽ, നമ്മുടെ ഇച്ഛയുടെ ഏറ്റവും ആഴത്തിലുള്ള തലത്തിൽ നമ്മെ ശുദ്ധീകരിക്കാൻ സഹനത്തിന് കഴിയും; അങ്ങനെ സഹനം നമുക്ക് രക്ഷാകരമായിത്തീരുന്നു.
നിങ്ങളുടെ ജീവിതത്തിൽ ദൈവം നടത്തുന്ന ശുദ്ധീകരണപ്രവർത്തനത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. പ്രത്യേകിച്ച്, സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കാത്ത ഏതെങ്കിലും സഹനത്തിന്റെ വേദന അനുഭവിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഈ സഹനത്തെ പൂർണമായി സ്വീകരിക്കുന്നത്, നിങ്ങളെ യഥാർഥത്തിൽ വിശുദ്ധരും നിർമലരുമാക്കാൻ ദൈവം നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിക്കുന്ന ശുദ്ധീകരണം ഉളവാക്കിയേക്കാമെന്ന് മനസ്സിലാക്കുക.
കർത്താവേ, എല്ലാ പാപങ്ങളിൽനിന്നും എന്റെ ആത്മാവിനെ ശുദ്ധീകരിക്കണമേയെന്ന് ഞാൻ പ്രാർഥിക്കുന്നു. ആദ്യം, അങ്ങയോടുള്ള എന്റെ സ്നേഹത്തിനു തടസ്സമാകുന്ന എല്ലാ ജഡികാസക്തികളിൽനിന്നും മോചിതനാകാൻ എന്നെ സഹായിക്കണമേ. എന്റെ സ്വന്തം ഇച്ഛയിൽനിന്നും സ്വതന്ത്രനാകാനും എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലെ സഹനങ്ങളും കുരിശും യഥാർഥ കൃപയായി മാറട്ടെ; അവയിലൂടെ അങ്ങ് എന്നെ സ്വതന്ത്രനാക്കുകയും ക്ഷമയിലും സകല പുണ്യങ്ങളിലും കരുത്താർജിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. പ്രിയ കർത്താവേ, എന്നെത്തന്നെ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




