2019 മാർച്ച് 2, ശനിയാഴ്ച
ആണ്ടുവട്ടത്തിലെ ഏഴാം വാരത്തിലെ ശനിയാഴ്ച

“കുട്ടികൾ എന്റെ അടുക്കൽ വരട്ടെ; അവരെ തടയരുത്, എന്തെന്നാൽ ദൈവരാജ്യം ഇവരെപ്പോലുള്ളവരുടേതാണ്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഒരു കുട്ടിയെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല.” പിന്നെ അവൻ കുട്ടികളെ ചേർത്തുപിടിച്ച്, അവരുടെമേൽ കൈകൾ വച്ച് അവരെ അനുഗ്രഹിച്ചു. മർക്കോസ് 10:14-16
ദൈവരാജ്യം നാം എങ്ങനെ സ്വീകരിക്കണമെന്നു വിശദീകരിക്കാൻ യേശു കുട്ടികളുടെ ഉദാഹരണം ഉപയോഗിച്ചു. ഒരു കുട്ടി സ്വീകരിക്കുന്നതുപോലെ നാം അതു സ്വീകരിക്കണം. സംശയത്തോടെയോ അവിശ്വാസത്തോടെയോ അല്ല, തുറന്ന മനസ്സോടും സന്തോഷത്തോടും ലാളിത്യത്തോടും കൂടെ. എന്നാൽ മുകളിലെ ഈ ഭാഗം സൂക്ഷ്മമായ മറ്റൊരു സത്യവും വെളിപ്പെടുത്തുന്നു. മറ്റുള്ളവരോട് നമുക്കുണ്ടായിരിക്കേണ്ട സ്വാഭാവികവും ആരോഗ്യകരവുമായ സ്നേഹവാത്സല്യമാണ് അതു വെളിപ്പെടുത്തുന്നത്.
ഇന്നു നാം ജീവിക്കുന്ന ലോകം അനുദിനം കൂടുതൽ ദുർവൃത്തിയിലേക്കും വഴിതെറ്റിയ മാനുഷിക ആഗ്രഹങ്ങളിലേക്കും ചായുന്നു. മറ്റൊരാളെ കാമനയുടെ ഒരു വസ്തുവായി കാണുന്നത് ഏതാണ്ട് സാധാരണമാണെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ കാമാസക്തികൾ നമ്മുടെ സംസ്കാരത്തിൽ ആധിപത്യം പുലർത്തുന്നു. പരസ്യങ്ങളിലും ഹോളിവുഡിലുമാണ് ഇത് ഏറ്റവും വ്യക്തമായി കാണപ്പെടുന്നത്. ലൈംഗിക പാപങ്ങൾ വ്യാപകമാണ്; പലരെയും അവയിൽനിന്ന് മോചിതരാകാൻ കഴിയാത്തവിധം അവ ബന്ധനത്തിലാക്കുന്നു.
ആരോഗ്യകരമായ മാനുഷിക സ്നേഹവാത്സല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി തോന്നുന്നു എന്നതാണ് ഇതിന്റെ ദുഃഖകരമായ ഒരു ഫലം. ലൈംഗികതയ്ക്ക് അമിതപ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിൽ, നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എല്ലാറ്റിനെയും ആ കാഴ്ചപ്പാടിലൂടെ കാണാൻ എളുപ്പത്തിൽ തുടങ്ങാം. തത്ഫലമായി, ആരോഗ്യകരമായ മാനുഷിക സ്നേഹവാത്സല്യത്തെക്കുറിച്ചുള്ള ധാരണ നഷ്ടപ്പെടുന്നു.
ഈ സുവിശേഷഭാഗത്ത് യേശു പറയുന്നു: “കുട്ടികൾ എന്റെ അടുക്കൽ വരട്ടെ.” തുടർന്ന് ഇങ്ങനെ പറയുന്നു: “പിന്നെ അവൻ കുട്ടികളെ ചേർത്തുപിടിച്ച്, അവരുടെമേൽ കൈകൾ വച്ച് അവരെ അനുഗ്രഹിച്ചു.” ഈ കുട്ടികളോടും നമ്മളെല്ലാവരോടും യേശുവിനുണ്ടായിരുന്ന വിശുദ്ധവും സ്വാഭാവികവും ആരോഗ്യകരവുമായ സ്നേഹവാത്സല്യം ഈ വചനഭാഗങ്ങൾ നമുക്കു വെളിപ്പെടുത്തുന്നു. എന്നാൽ കുട്ടികൾ മാത്രമല്ല അവിടുത്തെ അടുക്കൽ വന്നത്. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയും അവിടുത്തെ പാദങ്ങളിൽ മുറുകെപ്പിടിച്ചു; അന്ത്യത്താഴവേളയിൽ അപ്പസ്തോലനായ യോഹന്നാനും അവിടുത്തെ മാറിൽ ചാരിക്കിടന്നു.
സ്വാർഥലക്ഷ്യങ്ങളില്ലാതെയും, തീർച്ചയായും ക്രമരഹിതമായ ലൈംഗികാഭിലാഷങ്ങളില്ലാതെയും, മറ്റുള്ളവർക്കു പകർന്നുനൽകാൻ കഴിയുന്ന വിധത്തിൽ മാനുഷിക സ്നേഹവാത്സല്യം ശുദ്ധീകരിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും വേണം. യേശു ചെയ്തതുപോലെ ഇങ്ങനെ ചെയ്യാൻ കഴിയുമ്പോൾ, മാതാവോ പിതാവോ കുഞ്ഞിനെ ആലിംഗനം ചെയ്യുന്നതും, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ആലിംഗനം ചെയ്യുന്നതും, ഭാര്യാഭർത്താക്കന്മാർ പരസ്പരം ആലിംഗനം ചെയ്യുന്നതുമെല്ലാം ക്രിസ്തുവിന്റെ ഹൃദയത്തിലുള്ള സ്നേഹത്തിന്റെ വിശുദ്ധവും സ്വാഭാവികവുമായ പ്രകടനമായിത്തീരുന്നു.
ആരോഗ്യകരമായ മാനുഷിക സ്നേഹവാത്സല്യത്തിന്റെ നന്മയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. എന്നാൽ, നമ്മുടെ സംസ്കാരം ഏറെ അശുദ്ധിയാൽ നിറഞ്ഞിരിക്കുന്നതിനാൽ സ്നേഹത്തിന്റെ ഈ സ്വാഭാവികമായ കൈമാറ്റത്തെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകുന്നു എന്ന വസ്തുതയെക്കുറിച്ചും ചിന്തിക്കുക. നിങ്ങളുടെ ഹൃദയത്തിലൂടെയും സ്നേഹവാത്സല്യത്തിലൂടെയും നമ്മുടെ കർത്താവ് അനേകരെ തന്റെ അടുക്കലേക്കു ക്ഷണിക്കേണ്ടതിന്, വിശുദ്ധമായ ഹൃദയശുദ്ധി എന്ന ദാനം തുടർന്നും ലഭിക്കാൻ പ്രാർഥിക്കുക.
കർത്താവേ, ഹൃദയശുദ്ധിയുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. എന്നിലൂടെ അങ്ങ് പ്രകാശിക്കേണ്ടതിന് എന്റെ എല്ലാ സ്നേഹവികാരങ്ങളെയും ശുദ്ധീകരിക്കാൻ അങ്ങയെ അനുവദിക്കുവാൻ എന്നെ സഹായിക്കണമേ. ഞങ്ങൾ ജീവിക്കുന്ന സംസ്കാരത്തിലെ സ്വാർഥതയുടെ പ്രലോഭനങ്ങളിൽനിന്ന് എന്നെ മോചിപ്പിച്ച്, പകരം അങ്ങയുടെ സ്നേഹത്തിന്റെ നിസ്വാർഥമായ ആവിഷ്കാരം എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




