മലയാളം

നല്ല ഫലം പുറപ്പെടുവിക്കൽ

2019 മാർച്ച് 3, ഞായറാഴ്ച

ആണ്ടുവട്ടത്തിലെ എട്ടാം ഞായർ, വായനാവർഷം C

ഇന്നത്തെ വായനകൾ

വിശുദ്ധ കാതറിൻ ഡ്രെക്സൽ, കന്യക – അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം

“നല്ല വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലവും പുറപ്പെടുവിക്കുന്നില്ല.”  ലൂക്കാ 6:43

മറുവശത്ത്, നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു എന്നും പറയണം.  ഇതായിരിക്കണം നമ്മുടെ ലക്ഷ്യം.  “നല്ല വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നില്ല” എന്നു പറയുന്നതിലൂടെ, വിശുദ്ധജീവിതം നയിക്കുന്നതിന്റെ അതിസ്വാഭാവിക ഫലത്തെക്കുറിച്ചാണ് യേശു നമ്മെ പഠിപ്പിക്കുന്നത്.  ക്രിസ്തുവിൽ വേരൂന്നിയ ജീവിതം നയിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽനിന്ന് നല്ല ഫലം ഉണ്ടാകും.  നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു ആത്മീയ തത്ത്വമാണിത്.

നല്ല ജീവിതം നയിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ടാകുമല്ലോ.  നമ്മുടെ ലോകത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും നന്മയ്ക്കായി മാറ്റമുണ്ടാക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു.  എന്നാൽ നാം ചോദിക്കേണ്ട അടിസ്ഥാനപരമായ ചോദ്യം ഇതാണ്: നമുക്ക് ഇത് എങ്ങനെ സാധിക്കും?  നാം ചെയ്യുന്ന നല്ല പ്രവൃത്തികൾ തിരഞ്ഞെടുക്കുന്നതിലല്ല അതിന്റെ ഉത്തരം പ്രധാനമായും അടങ്ങിയിരിക്കുന്നത്; മറിച്ച്, അതിലും ആഴമേറിയതും അടിസ്ഥാനപരവുമായ തലത്തിൽ, ക്രിസ്തുവിൽ വേരൂന്നിയ ജീവിതം നയിക്കാൻ നാം തിരഞ്ഞെടുക്കണം. അങ്ങനെ നാം ഒരു “നല്ല വൃക്ഷമായി” മാറണം.

നല്ല ഫലം പുറപ്പെടുവിക്കാനും ലോകത്തിൽ വിശുദ്ധവും നന്മനിറഞ്ഞതുമായ മാറ്റം വരുത്താനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, പ്രധാനമായും ഒരു കാര്യം ചെയ്യേണ്ടതുണ്ട്. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുക. ഈശോ നൽകുന്ന ഉപമ ഉപയോഗിച്ചു പറഞ്ഞാൽ, മണ്ണിൽ നട്ടിരിക്കുന്ന ഒരു വൃക്ഷമായി നിങ്ങളെത്തന്നെ കാണുക. നിങ്ങളുടെ വേരുകൾ ദൂരേക്കും ചുറ്റുപാടുമെല്ലാം പടരുന്നതായി കാണുക. നിങ്ങൾക്കു പോഷണം ലഭിക്കുന്നതായും നിങ്ങൾ സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്നതായും കാണുക. നിങ്ങൾ വളർന്നു തഴയ്ക്കുന്നതായും കാണുക.

ഇതാണ് കൃപയുടെ ജീവിതം; അതിന്റെ ഫലമായി നല്ല ഫലം സ്വാഭാവികമായി പുറപ്പെടുന്നു.  സ്വന്തം ആരോഗ്യത്തിലും ആത്മീയക്ഷേമത്തിലും ശ്രദ്ധ ചെലുത്തുന്നതിലൂടെയാണ് കൃപയുടെ ജീവിതം കൈവരുന്നത്.  അടിസ്ഥാനകാര്യങ്ങൾ നന്നായി ചെയ്യുന്നതിലൂടെ നിങ്ങൾ ഈ “നല്ല വൃക്ഷമായി” മാറുന്നു.  ഒന്നാമതായി, പ്രാർഥിക്കുക; നന്നായി പ്രാർഥിക്കുക; തീക്ഷ്ണമായി പ്രാർഥിക്കുക.  നിങ്ങളുടെ ജീവിതം പ്രാർഥനാകേന്ദ്രീകൃതമാകട്ടെ.  രണ്ടാമതായി, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പഠിക്കുക.  സുവിശേഷങ്ങൾ ശ്രവിക്കുക, സഭയിലൂടെ ദൈവം വെളിപ്പെടുത്തിയതെല്ലാം പഠിക്കുക, വിശുദ്ധരുടെ പ്രബോധനങ്ങൾ വായിക്കുക, വിശുദ്ധജീവിതം നയിക്കുന്ന മറ്റുള്ളവരിൽനിന്ന് പഠിക്കുക.  മൂന്നാമതായി, കൂദാശകളിൽ അധിഷ്ഠിതമായ നല്ലൊരു ജീവിതം നയിക്കുക.  വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക, അനുരഞ്ജന കൂദാശ സ്വീകരിക്കുക, നിങ്ങളുടെ മാമ്മോദീസ, സ്ഥൈര്യലേപനം, വിവാഹം, തിരുപ്പട്ടം തുടങ്ങിയവയുടെ കൃപ മനസ്സിലാക്കുക.  കൂദാശകൾ നിങ്ങളെ ശക്തമായി പരിപോഷിപ്പിക്കുന്നുവെന്ന് അറിയുകയും ആ പരിപോഷണം പൂർണഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്യുക.

ലോകത്തിലേക്ക് കടന്നുചെന്ന് ധാരാളം നല്ല ഫലം പുറപ്പെടുവിക്കാൻ നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട ദൗത്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക.  വിശുദ്ധജീവിതത്തിന്റെ ഫലമായി മാത്രമേ ഈ ദൗത്യം നിറവേറ്റാൻ കഴിയൂ.  നിങ്ങളുടെ വേരുകൾ കൃപയുടെ ജീവിതത്തിൽ ഉറച്ചുനിൽക്കുമ്പോൾ മാത്രമേ ഈ വിശുദ്ധി കൈവരൂ.  ദൈവം നിങ്ങളുടെ മുമ്പിൽ ഒരുക്കിയിരിക്കുന്ന അനേകം മാർഗങ്ങളിലൂടെ കൃപയുടെ ഈ ജീവിതം സ്വീകരിക്കുക. വിശുദ്ധിക്കായി നിങ്ങൾ നടത്തുന്ന സമർപ്പണം നിങ്ങളുടെ സ്വന്തം ആത്മാവിനു മാത്രമല്ല, നിങ്ങളിലൂടെ ദൈവം സ്പർശിക്കാനിരിക്കുന്നവരുടെ ആത്മാക്കൾക്കും ആരോഗ്യം നൽകുമെന്ന് അറിയുക.

കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എന്റെ ജീവിതം അങ്ങയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ സമൃദ്ധമായ സ്നേഹത്തിന്റെയും കരുണയുടെയും ഫലഭൂയിഷ്ഠമായ മണ്ണിൽ ഞാൻ നടപ്പെടണമേ എന്നു പ്രാർഥിക്കുന്നു. അങ്ങ് എനിക്കു സമൃദ്ധമായി നൽകിയ കൃപയുടെ ജീവനാൽ പോഷിപ്പിക്കപ്പെടാനും, വിശുദ്ധിയിൽ വളരുന്നതോടൊപ്പം എന്റെ ജീവിതത്തിൽ സമൃദ്ധമായി നല്ല ഫലങ്ങൾ പുറപ്പെടുവിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധ – വിശുദ്ധ കാതറിൻ ഡ്രെക്സൽ