2019 മാർച്ച് 4, തിങ്കളാഴ്ച
സാധാരണകാലത്തിലെ എട്ടാം ആഴ്ചയിലെ തിങ്കളാഴ്ച
വിശുദ്ധ കസിമിർ – ഐച്ഛിക അനുസ്മരണം

യേശു അവനെ നോക്കി, അവനെ സ്നേഹിച്ചുകൊണ്ട് അവനോടു പറഞ്ഞു: “നിനക്ക് ഒരു കുറവുണ്ട്. നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.” ഈ വാക്കു കേട്ടപ്പോൾ അവന്റെ മുഖം വാടി. അവന് ധാരാളം സമ്പത്തുണ്ടായിരുന്നതിനാൽ അവൻ ദുഃഖിതനായി അവിടെനിന്നു പോയി. മർക്കോസ് 10:21-22
ഈ തിരുവചനഭാഗത്തിൽ എടുത്തുപറയേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് യേശുവിന്റെ പ്രതികരണവും രണ്ടാമത്തേത് ധനികനായ യുവാവിന്റെ പ്രതികരണവുമാണ്.
യേശു അവനെ നോക്കി, “അവനെ സ്നേഹിച്ചു” എന്നു വചനം പറയുന്നു. ഈ യുവാവിനോട് യേശു ആവശ്യപ്പെടാൻ പോകുന്ന കാര്യത്തിനു മുന്നോടിയായാണ് ഈ വാക്കുകൾ വരുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച്, എല്ലാം ദാനം ചെയ്ത്, വന്ന് തന്നെ അനുഗമിക്കാൻ യേശു അവനെ വിളിക്കുന്നു. സ്നേഹംകൊണ്ടാണ് യേശു അവനെ ഇതിനു ക്ഷണിച്ചത്.
ഈ യുവാവിന് ഇപ്പോൾ സ്വന്തമായുള്ളതിനെക്കാൾ എത്രയോ അധികം നേടാനാണ് യേശു അവനെ ക്ഷണിക്കുന്നത്. അതുകൊണ്ടാണ് പൂർണ്ണവും സമൂലവുമായ വിധത്തിൽ തന്നെ അനുഗമിക്കാൻ ക്ഷണിക്കുന്നതിനുമുമ്പ് യേശു അവനെ സ്നേഹത്തോടെ നോക്കിയത്. എന്നാൽ, ഈ സാഹചര്യത്തിൽ യേശുവിനെ സ്നേഹിക്കുന്നത് വേദനാജനകമാകുമായിരുന്നു. യേശുവിനെ അനുഗമിക്കാൻ അവൻ എല്ലാം പൂർണ്ണമായി ത്യജിക്കേണ്ടിവരും എന്ന അർത്ഥത്തിലാണ് അത് വേദനാജനകമാകുന്നത്. ആ ത്യാഗം പൂർണ്ണവും സമൂലവുമായിരുന്നു. തികച്ചും മാനുഷികവും ലൗകികവുമായ കാഴ്ചപ്പാടിൽനിന്നെങ്കിലും നോക്കുമ്പോൾ അത് പ്രയാസകരമായിരുന്നു. എന്നാൽ ഈ യുവാവിനോടുള്ള യേശുവിന്റെ സ്നേഹം അത്ര പൂർണ്ണമായിരുന്നതിനാൽ, ആ ധനികന് എത്രയോ അധികം നേടാനാകേണ്ടതിന്, എല്ലാം ത്യജിക്കുന്നതിന്റെ വേദന ഏറ്റെടുക്കാൻ അവനെ ക്ഷണിക്കുന്നതിന് യേശു സന്നദ്ധനായിരുന്നു.
ഇതുതന്നെ ചെയ്യാനാണ് നാമും ക്ഷണിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ഭൗതികസമ്പത്തെല്ലാം ഉപേക്ഷിക്കുക എന്ന സവിശേഷവും സമൂലവുമായ രീതിയിൽ യേശുവിനെ അനുഗമിക്കാൻ നാം വിളിക്കപ്പെട്ടിട്ടുണ്ടാകണമെന്നില്ല. എന്നാൽ അതേ അളവിലുള്ള വിശ്വാസത്തോടും അവിടുത്തെ ദൈവികതിരുഹിതത്തിനുള്ള പൂർണ്ണസമർപ്പണത്തോടുംകൂടി യേശുവിനെ അനുഗമിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിന് അനിവാര്യമായും ത്യാഗം വേണ്ടിവരും. ഏറ്റവും വലിയ അളവിലുള്ള ത്യാഗം.
ശിഷ്യത്വത്തിലേക്കുള്ള യേശുവിന്റെ വിളിയോടുള്ള നമ്മുടെ പ്രതികരണം നിർണ്ണായകമാണ്. നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാനുള്ള ഈ ക്ഷണത്തോട് നാം എങ്ങനെ പ്രതികരിക്കും? ധനികനായ ആ യുവാവ് ആദ്യം ദുഃഖത്തോടെയാണ് പ്രതികരിച്ചത്. യേശു നൽകിയ ക്ഷണം അവൻ സ്വീകരിച്ചില്ല. ഒടുവിൽ അവൻ പൂർണ്ണവും സമൂലവുമായ ഈ രീതിയിൽ യേശുവിനെ അനുഗമിച്ചുവോ എന്നു നമുക്കറിയില്ല. എന്നാൽ അവന്റെ ആദ്യപ്രതികരണം എന്തായിരുന്നുവെന്ന് നമുക്കറിയാം.
പലപ്പോഴും നമ്മുടെ ആദ്യപ്രതികരണവും ഇതുതന്നെയാണ്. വിശ്വസ്തരായിരിക്കാനും ക്രിസ്തു എന്തു ആവശ്യപ്പെട്ടാലും അവിടുത്തെ അനുഗമിക്കാനും നാം ആഗ്രഹിക്കുന്നു. എന്നാൽ അവിടുത്തെ വിളിക്ക് ഉത്തരം നൽകാൻ വ്യക്തമായ ഒരു ക്ഷണം ലഭിക്കുമ്പോൾ, അത് നമ്മിൽനിന്ന് വളരെയധികം ആവശ്യപ്പെടുന്നുവെന്നു കരുതി നാം ദുഃഖത്തോടെ പിന്തിരിയുന്നു.
ഇന്ന് ഈ ധനികനായ യുവാവിനെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്കു നോക്കുക. യേശു നിങ്ങളോട് എന്തു ആവശ്യപ്പെട്ടാലും അതിനു പൂർണമായി “അതെ” എന്നു പറയാൻ നിങ്ങൾ എത്രത്തോളം തയ്യാറും സന്നദ്ധരുമാണെന്ന് ചിന്തിക്കുക. ത്യാഗപൂർവം “അതെ” എന്നു പറയുന്നതാണ് നിങ്ങൾക്ക് എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം. യഥാർഥത്തിൽ, നിങ്ങൾക്കു നയിക്കാവുന്ന ഏറ്റവും മഹത്വപൂർണമായ ജീവിതത്തെ മനസ്സോടെ സ്വീകരിക്കലാണത്.
കർത്താവേ, അങ്ങയെ അനുഗമിക്കുന്നത് ചിലപ്പോൾ പ്രയാസകരവും ഏറെ ത്യാഗം ആവശ്യപ്പെടുന്നതുമായി തോന്നാം. അത് താങ്ങാനാവുന്നതിലധികമാണെന്നുപോലും തോന്നാം. ഈ ലോകത്തിൽ എനിക്കുള്ള അനേകം ആസക്തികളെക്കാൾ അങ്ങയിൽ ആശ്രയിക്കാൻ, പ്രത്യേകിച്ച് അത്തരം നിമിഷങ്ങളിൽ, എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ കാസിമിർ




