മലയാളം

ഇടുങ്ങിയ വാതിൽ

2019 ഓഗസ്റ്റ് 25, ഞായറാഴ്ച

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ, വർഷം C

ഇന്നത്തെ വായനകൾ

വിശുദ്ധ ലൂയിസ് അല്ലെങ്കിൽ കലസാൻസിലെ വിശുദ്ധ ജോസഫ്, പുരോഹിതൻ – ഐച്ഛിക അനുസ്മരണം

“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ. എന്തെന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, അനേകർ പ്രവേശിക്കാൻ ശ്രമിക്കും; എന്നാൽ അതിനുള്ള ശക്തി അവർക്കുണ്ടാകുകയില്ല.” ലൂക്കാ 13:24

ഈ വചനം നമ്മോട് എന്താണ് പറയുന്നത്? നമ്മുടെ സ്വന്തം ഇച്ഛകൊണ്ടോ പരിശ്രമംകൊണ്ടോ സ്വർഗത്തിൽ പ്രവേശിക്കാൻ നമുക്കു കഴിയില്ലെന്ന് ഇതു വെളിപ്പെടുത്തുന്നു. മാത്രമല്ല, ചിലർ സ്വന്തം പരിശ്രമത്തിലൂടെ സ്വർഗത്തിലെത്താൻ ശ്രമിക്കുമെങ്കിലും, ആ വഴി ഫലപ്രദമാകുകയില്ലെന്നും ഇതു നമ്മോടു പറയുന്നു. മരണശേഷം നമ്മുടെ കർത്താവിനെ കണ്ടുമുട്ടുമ്പോൾ, അവിടുത്തെ രാജ്യത്തിൽ തങ്ങൾ അംഗങ്ങളല്ലെന്നറിഞ്ഞ് അവർ ആശ്ചര്യപ്പെടും.

നമ്മുടെ കർത്താവിന്റെ വ്യക്തവും അൽപ്പം ഞെട്ടിക്കുന്നതുമായ ഈ പ്രസ്താവന, ഒരുപടി പിന്നോട്ടുനിന്ന് നിങ്ങളുടെ ജീവിതത്തെ നോക്കിക്കാണാനും നിങ്ങൾ സഞ്ചരിക്കുന്ന പാതയെ ആത്മാർഥമായും വിനയത്തോടെയും പരിശോധിക്കാനും നിങ്ങളെ പ്രേരിപ്പിക്കേണ്ടതാണ്.  ചിലർക്ക് യഥാർഥത്തിൽ ഉണ്ടാകാനിരിക്കുന്ന ഈ അനുഭവത്തെക്കുറിച്ച് ഈശോ നേരിട്ടും വ്യക്തമായും സംസാരിക്കുന്നത്, അവിടുന്ന് നിങ്ങളെക്കുറിച്ചാണോ പറയുന്നതെന്ന് സത്യസന്ധമായി പരിശോധിക്കാൻ നിങ്ങളുടെ കണ്ണുകൾ തുറക്കാൻ സഹായിക്കേണ്ടതാണ്.

ചിലപ്പോഴെങ്കിലും സത്യത്തെ അഭിമുഖീകരിക്കാനും, ക്രിസ്തുവിനെക്കാൾ നമ്മെത്തന്നെ ആശ്രയിക്കാനാണ് നാം ശ്രമിക്കുന്നതെങ്കിൽ അത് സമ്മതിക്കാനും യഥാർഥ എളിമ ആവശ്യമാണ്. എളിമയുള്ളവർ പ്രവേശിക്കുന്ന വാതിലാണ് “ഇടുങ്ങിയ വാതിൽ”. അഹങ്കാരവും സ്വയംപര്യാപ്തതയും സ്വർഗത്തിലേക്ക് സ്വന്തം വഴി വെട്ടിത്തുറക്കാൻ ശ്രമിക്കുന്നതിലേക്കു നമ്മെ നയിക്കുന്നു. എന്നാൽ ഈ വഴി ഒരിക്കലും ശരിയായ വഴിയല്ല.

“ഇടുങ്ങിയ വാതിലിലൂടെ” പ്രവേശിക്കുക എന്നതിനർഥം നാം ദൈവത്തിനു ചെവികൊടുക്കുക എന്നുകൂടിയാണ്. ദിവ്യ ഇടയനായ അവിടുന്ന് എപ്പോഴും സൗമ്യമായി നമ്മെ വിളിച്ചുകൊണ്ടിരിക്കുന്നു. അവിടുത്തെ സ്വരത്തിനു ശ്രദ്ധകൊടുക്കുമ്പോൾ മാത്രമേ അവിടുന്ന് നമ്മെ എങ്ങോട്ടാണ് നയിക്കുന്നതെന്നു നാം അറിയുകയുള്ളൂ. അപ്പോൾ മാത്രമേ ഏകമായ ആ ഇടുങ്ങിയ വാതിലിലൂടെയുള്ള വഴി നാം കണ്ടെത്തുകയുള്ളൂ.

നമ്മുടെ കർത്താവിനെ മുഖാമുഖം കണ്ടുമുട്ടുന്ന ആ നിമിഷത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആ കൂടിക്കാഴ്ച എങ്ങനെയായിരിക്കും? “നല്ലവനും വിശ്വസ്തനുമായ ദാസാ, നന്നായി ചെയ്തു; നിന്റെ പ്രതിഫലം സ്വീകരിക്കാൻ പ്രവേശിക്കുക” എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് ഇരുകൈകളും നീട്ടി നിങ്ങളെ സ്വീകരിക്കുന്ന ഒരു കൂടിക്കാഴ്ചയായിരിക്കുമോ അത്? അതോ “എനിക്കു നിന്നെ അറിയില്ല” എന്ന് അവിടുന്ന് പറയുന്ന ഒന്നായിരിക്കുമോ? നമ്മുടെ ദിവ്യനാഥന്റെ ശക്തിയിൽ മാത്രം ആശ്രയിക്കാൻ പരിശ്രമിച്ചുകൊണ്ട്, നിങ്ങളുടെ വിശ്വാസജീവിതത്തെ സത്യസന്ധമായി അഭിമുഖീകരിക്കേണ്ട സമയം ഇപ്പോഴാണ്.

കർത്താവേ, ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു.  എന്നെ സ്വർഗത്തിലേക്കു നയിക്കുന്ന അങ്ങയുടെ മൃദുസ്വരം പിന്തുടരാൻ ഞാൻ തീരുമാനിക്കുന്നു.  എന്നിൽത്തന്നെ ആശ്രയിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതെല്ലാം ഉപേക്ഷിച്ച് ജീവിതത്തിൽ വിനയത്തോടെ നിലനിൽക്കാൻ എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, അങ്ങയിൽ മാത്രം ആശ്രയിക്കാനും എല്ലാ കാര്യങ്ങളിലും അങ്ങയെ വിശ്വസിക്കാനും എനിക്കിടയാകട്ടെ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ –വിശുദ്ധ ലൂയിസ് – കലസാൻസിലെ വിശുദ്ധ ജോസഫ്