2019 സെപ്റ്റംബർ 8, ഞായറാഴ്ച
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ, വർഷം C
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം – തിരുനാൾ

“നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുമ്പോൾ, അതു പൂർത്തിയാക്കാൻ വേണ്ടത്ര വകയുണ്ടോ എന്നറിയാൻ ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടുകയില്ലേ?” ലൂക്കാ 14:28
കർത്താവ് നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്ന എല്ലാറ്റിനും നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? നിങ്ങൾ ഒരുങ്ങിയിരിക്കണം എന്നാണ് മുകളിലെ ഈ ചെറിയ ചോദ്യത്തിലൂടെ യേശു പറയുന്നത്. നിങ്ങൾ ഒരു ഗോപുരം പണിയാൻ പോകുകയാണെങ്കിൽ, അതു പൂർത്തിയാക്കാൻ ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മുൻകൂട്ടി ആസൂത്രണം ചെയ്യാനുള്ള വിവേകം നിങ്ങൾക്കുണ്ടാകുമെന്നു പ്രതീക്ഷിക്കാം. ആത്മീയജീവിതത്തിലും അങ്ങനെതന്നെയാണ്. ക്രിസ്തുവിനെ അനുഗമിക്കാനുള്ള തീരുമാനം എടുക്കാൻ ആവശ്യമായ വിഭവങ്ങളെല്ലാം നമുക്കുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
ഇത് ഒരു ചോദ്യമുയർത്തുന്നു: “ക്രിസ്തുവിനെ അനുഗമിക്കാൻ എനിക്ക് എന്തെല്ലാം വിഭവങ്ങളാണ് വേണ്ടത്?” ഉത്തരം ലളിതമാണ്. ഈ സുവിശേഷഭാഗത്തിന്റെ അവസാനം യേശു പറയുന്നു: “അതുപോലെ, നിങ്ങളിൽ തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാത്ത ആർക്കും എന്റെ ശിഷ്യനായിരിക്കാനാവില്ല” (ലൂക്കാ 14:33). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റാൻ ആവശ്യമായതെല്ലാം നമുക്കുണ്ടാകണമെങ്കിൽ, നാം സമർപ്പിക്കണം എല്ലാം ദൈവത്തിന്.
പലരും അങ്ങനെ ശ്രമിക്കുന്നുണ്ടെങ്കിലും, അർധമനസ്സോടെ നമുക്ക് ക്രിസ്തുവിന്റെ ശിഷ്യരാകാൻ കഴിയില്ല. അവിടുത്തെ അനുഗമിക്കാൻ നാം തീരുമാനിക്കുമ്പോൾ, അത് പൂർണ്ണഹൃദയത്തോടെയായിരിക്കണം. ഒരർഥത്തിൽ പറഞ്ഞാൽ, നാം നമ്മെത്തന്നെ പൂർണ്ണമായി അതിനായി നൽകണം. അല്ലാത്തപക്ഷം, നമ്മുടെ കർത്താവ് നമ്മോട് ആവശ്യപ്പെടുന്നതെല്ലാം നിറവേറ്റാൻ നമുക്ക് ഒരിക്കലും കഴിയുകയില്ല. നമ്മിൽനിന്ന് എല്ലാം ആഗ്രഹിക്കുന്നു എന്ന അർഥത്തിൽ അവിടുന്ന് ഏറെ ആവശ്യപ്പെടുന്ന ദൈവമാണ്. എന്നാൽ നമ്മുടെ കർത്താവിന്റെ ഈ ആവശ്യം പൂർണ്ണമായും നമ്മുടെതന്നെ നന്മയ്ക്കുവേണ്ടിയാണ്. ജീവിതത്തിൽ സന്തോഷവും സാഫല്യവും നാം ആഗ്രഹിക്കുന്നെങ്കിൽ, അവിടുത്തേക്ക് എല്ലാം നൽകണം.
നിങ്ങളുടെ ജീവിതത്തിന്റെ ഓരോ അംശവും ക്രിസ്തുവിനു നൽകാൻ നിങ്ങൾ എത്രമാത്രം സന്നദ്ധരും ഒരുക്കമുള്ളവരുമാണെന്ന് ഇന്ന് ചിന്തിക്കുക. എന്തുതന്നെ സംഭവിച്ചാലും അവിടുത്തോട് “അതെ” എന്നു പറയാൻ നിങ്ങൾ തയ്യാറാണോ? അവിടുന്ന് ആവശ്യപ്പെട്ടാൽ, ഒന്നും മാറ്റിവയ്ക്കാതെ “നിങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ” നിങ്ങൾ തയ്യാറാണോ? നിങ്ങൾക്ക് പലതും സ്വന്തമായുണ്ടാകാം. എല്ലാ വസ്തുവകകളും അക്ഷരാർഥത്തിൽ, ഭൗതികമായി ഉപേക്ഷിക്കാൻ നമ്മുടെ കർത്താവ് നിങ്ങളെ വിളിച്ചെന്നുവരില്ല. എങ്കിലും, നിങ്ങൾക്കുള്ളതെല്ലാം, നിങ്ങളെത്തന്നെയും, അവിടുത്തേക്ക് സമർപ്പിക്കണം. അപ്പോൾ മാത്രമേ അവിടുത്തെ അതിമഹത്വപൂർണ്ണമായ ഹിതം നിറവേറ്റാൻ ആവശ്യമായത് നിങ്ങൾക്കു നൽകാൻ അവിടുത്തേക്കു കഴിയൂ.
കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്. എന്റെ ജീവിതത്തിലെ സകലവും ഒന്നും മാറ്റിവയ്ക്കാതെ അങ്ങേക്കു സമർപ്പിക്കാനുള്ള കൃപ എനിക്കു നൽകണമേ. എന്റെ ജീവിതവും സാമ്പത്തികകാര്യങ്ങളും വസ്തുവകകളും കുടുംബവും അധ്വാനങ്ങളും എന്റെ ഭാവി മുഴുവനും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. പ്രിയ കർത്താവേ, എല്ലാം അങ്ങയുടേതാണ്. അങ്ങയുടെ തിരുഹിതംപോലെ എന്നിൽ പ്രവർത്തിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം




