മലയാളം

യേശുവിനെ ശ്രദ്ധിക്കുക

2019 സെപ്റ്റംബർ 1, ഞായറാഴ്ച

സാധാരണകാലത്തിലെ ഇരുപത്തിരണ്ടാം ഞായർ, വർഷം C

ഇന്നത്തെ വായനകൾ

ഇന്നത്തെ എല്ലാ വിശുദ്ധരും

ഒരു സാബത്തുദിവസം യേശു പ്രമുഖനായ ഒരു ഫരിസേയന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി. അവിടെയുണ്ടായിരുന്നവർ അവനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.  ലൂക്കാ 14:1

എത്ര ശ്രദ്ധേയമായ വാക്യം! ഈ വാക്യം അവഗണിക്കരുത്. കാരണം, യേശുവിനോടുള്ള ചിലരുടെ സാധാരണ പ്രതികരണം ഇത് വെളിപ്പെടുത്തുന്നു. എന്താണ് ആ പ്രതികരണം? അകലെനിന്ന് യേശുവിനെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പ്രവണതയാണത്.

ഈ പ്രസ്താവനയുടെ പശ്ചാത്തലം നോക്കുക.  പ്രമുഖനായ ഒരു ഫരിസേയന്റെ വീട്ടിലേക്ക് യേശുവിനെ ക്ഷണിച്ചിരുന്നു; മറ്റു പലരും അവിടെ സന്നിഹിതരായിരുന്നു.  അവിടെ ഉണ്ടായിരുന്നവർ അക്കാലത്ത് “സമൂഹത്തെ നയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നവർ” ആയി കണക്കാക്കപ്പെട്ടിരുന്നവരായിരിക്കാം.  അവർ സമൂഹത്തിലെ സ്വാധീനശക്തിയുള്ളവരും സമ്പന്നരും വിദ്യാസമ്പന്നരും ഉന്നതസ്ഥാനമുള്ളവരുമായിരുന്നു.  അവരിൽ പലരും തങ്ങളുടെ സൽപ്പേരിനെക്കുറിച്ച് ഏറെ ഉത്കണ്ഠപ്പെട്ടിരുന്നിരിക്കാം. ജനങ്ങൾക്കിടയിൽ യേശുവിന്റെ ജനപ്രീതി വർധിച്ചുവന്നിരുന്നതിനാൽ അവനെക്കുറിച്ച് അവർക്ക് ഏറെ ജിജ്ഞാസയും ഉണ്ടായിരുന്നിരിക്കാം.  അതുകൊണ്ട് അവരെല്ലാം “അവനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.”

യേശുവിനോടുള്ള അവരുടെ പ്രതികരണത്തെക്കുറിച്ചുള്ള ഈ വിവരണത്തിൽ സൂചിപ്പിക്കപ്പെടുന്നത് ശ്രദ്ധിക്കുക.  അക്കാലത്തെ പരസ്യപാപികളെപ്പോലെ, അവന്റെ പാദങ്ങളിൽ വീണ് കരുണ യാചിച്ചുകൊണ്ടല്ല അവർ അവന്റെ അടുത്തേക്കു വന്നത്.  പകരം, മറ്റുള്ളവർ യേശുവിനെ എങ്ങനെ സ്വീകരിക്കും, അവൻ എന്തു പറയും, അവനെക്കുറിച്ച് തങ്ങൾ എന്തു കരുതണം എന്നീ കാര്യങ്ങളിലാണ് അവർ ഏറെ താത്പര്യം കാണിക്കുന്നതെന്നു തോന്നുന്നു.  അവരെല്ലാവരും വിശ്വാസത്തോടെ പൂർണമായി യേശുവിലേക്കു തിരിയുന്നില്ല എന്നത് ദുഃഖകരമാണെങ്കിലും, അവർ യേശുവിനെ ശ്രദ്ധിക്കുകയും അവൻ അതുല്യനാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു എന്നതെങ്കിലും നല്ലതാണ്.

അവരുടെ ഈ ജിജ്ഞാസ തീർത്തും മോശമായ ഒന്നല്ല. വാസ്തവത്തിൽ, അത് അവരിൽ ചിലരെ രക്ഷയിലേക്കു നയിച്ചേക്കാം. യേശുവിനെ നിരീക്ഷിക്കുമ്പോൾ, അവർ അവിടുത്തെയും അവിടുത്തെ വാക്കുകളെയും പ്രവൃത്തികളെയും കുറിച്ച് ചിന്തിക്കുന്നുണ്ടെന്നതു വ്യക്തമാണ്. എന്നാൽ, മറ്റുള്ളവർ എന്തു വിചാരിച്ചാലും, അവരിൽ ഓരോരുത്തരും വിശ്വാസത്തോടെ അവിടുത്തിലേക്കു തിരിയാനും നമ്മുടെ കർത്താവിനെ സ്വീകരിക്കാൻ തീരുമാനിക്കാനും അത് ഇടയാക്കുന്നെങ്കിൽ മാത്രമേ ഇതു നല്ലതാകൂ. പൊതുസമൂഹത്തിൽ തങ്ങൾക്കുള്ള പ്രതിച്ഛായയെക്കുറിച്ചു മാത്രം ചിന്തിച്ചു കഴിയുന്നവർക്ക് ഇതൊരു സാഹസമാണ്. എന്നാൽ ഏറ്റെടുക്കാൻ തക്ക മൂല്യമുള്ള സാഹസമാണത്. തങ്ങളുടെ നിരീക്ഷണങ്ങൾ യഥാർഥ വിശ്വാസമായി മാറാൻ വിനയത്തോടെ അനുവദിക്കുന്നവരുടെ ജീവിതം മാറും. എന്നാൽ അതിനായി, മറ്റുള്ളവർ എന്തു വിചാരിക്കുമെന്നതിനെക്കുറിച്ചുള്ള എല്ലാ ഭയവും അവർ ഉപേക്ഷിക്കണം.

യേശുവിനെയും അവിടുത്തെ ഹിതത്തെയും അകലെനിന്ന് “നിരീക്ഷിക്കുക” മാത്രം ചെയ്യാനുള്ള പ്രവണത നിങ്ങൾക്കുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾക്കു ചുറ്റുമുള്ള ദൈവസാന്നിധ്യം നിങ്ങളിൽ ജിജ്ഞാസയും താത്പര്യവും ഉണർത്തുന്നുവെങ്കിൽ, ആ ജിജ്ഞാസയ്ക്ക് അനുസരിച്ച് പ്രവർത്തിക്കാൻ മടിക്കരുത്. അവിടുത്തെ വാക്കുകളും സാന്നിധ്യവും നിങ്ങളുടെ ജീവിതത്തെ മാറ്റാൻ അനുവദിക്കുക. മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ആശങ്ക നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്. മടികൂടാതെ നിങ്ങളുടെ ജീവിതം അവിടുത്തേക്കു സമർപ്പിക്കുക; അങ്ങനെ ചെയ്തതിനെക്കുറിച്ച് നിങ്ങൾ നിത്യവും നന്ദിയുള്ളവരായിരിക്കും.

കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യം തിരിച്ചറിയുമ്പോൾ അതിനോടു പ്രതികരിക്കാൻ ആവശ്യമായ ധൈര്യം എനിക്കു നൽകണമേ.  അങ്ങയിലേക്കു തിരിയുന്നതിന് സാമൂഹിക സമ്മർദങ്ങളോ അഹങ്കാരമോ തടസ്സമാകാൻ ഞാൻ ഒരിക്കലും അനുവദിക്കാതിരിക്കട്ടെ.  പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  അങ്ങയെ പൂർണമായി സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ