2019 സെപ്റ്റംബർ 29, ഞായറാഴ്ച
ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ, വർഷം സി
പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ – തിരുനാൾ

“ധൂമ്രവർണ്ണത്തിലുള്ള വസ്ത്രങ്ങളും നേർത്ത ചണവസ്ത്രങ്ങളും ധരിച്ച് ഓരോ ദിവസവും സമൃദ്ധമായി വിരുന്നുണ്ടിരുന്ന ഒരു ധനികൻ ഉണ്ടായിരുന്നു. വ്രണങ്ങൾ നിറഞ്ഞ ശരീരവുമായി ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ അയാളുടെ വാതിൽക്കൽ കിടന്നിരുന്നു. ധനികന്റെ മേശയിൽനിന്നു വീഴുന്ന ഭക്ഷണാവശിഷ്ടങ്ങൾകൊണ്ട് സന്തോഷത്തോടെ വയറുനിറയ്ക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. നായ്ക്കൾപോലും വന്ന് അവന്റെ വ്രണങ്ങൾ നക്കാറുണ്ടായിരുന്നു.” ലൂക്കാ 16:19-21
ഒരു കാഴ്ചപ്പാടിൽ നോക്കിയാൽ, തീർത്തും ദുരിതപൂർണ്ണമായ അവസ്ഥയിലായിരുന്നു ലാസർ ജീവിച്ചിരുന്നത്. അവൻ ദരിദ്രനും പട്ടിണിയനുഭവിക്കുന്നവനും ദുഃഖിതനുമായിരുന്നു. അവന്റെ ശരീരം മുഴുവൻ നായ്ക്കൾ നക്കിയിരുന്ന വ്രണങ്ങളായിരുന്നു. വളരെ വ്യക്തമായ ചിത്രം വരച്ചുകാട്ടുന്ന ഭാഷയാണ് യേശു ഇവിടെ ഉപയോഗിക്കുന്നത്. ലാസർ ആയിരുന്ന ആ ദയനീയമായ ശാരീരികാവസ്ഥ കഴിയുന്നത്ര മനസ്സിൽ കാണാൻ ശ്രമിക്കുന്നത് സഹായകരമാണ്.
ലാസറിന്റെ ശാരീരികാവസ്ഥ ദയനീയമായിരുന്നെങ്കിലും അവന്റെ ആത്മാവ് ദൈവത്തിന്റെ കരങ്ങളിലായിരുന്നു എന്നതാണ് ഈ കഥയുടെ കാതൽ. അതു സത്യമാണെന്ന് നമുക്കറിയാം; കാരണം, അവൻ മരിച്ചപ്പോൾ “ദൂതന്മാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു കൊണ്ടുപോയി” (ലൂക്കാ 16:22) എന്നു നമ്മോടു പറയുന്നുണ്ട്.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് ചിന്തിക്കാൻ ഈ കഥ നമുക്കെല്ലാവർക്കും അവസരം നൽകുന്നു. ഈ ജീവിതത്തിൽ താൻ ആഗ്രഹിച്ചതെല്ലാം ആ ധനികനുണ്ടായിരുന്നു. എന്നാൽ ലാസറിന്റെ ശാരീരിക ആവശ്യങ്ങൾ അവഗണിച്ചതിലൂടെ അയാളിൽ പരസ്നേഹത്തിന്റെ കുറവുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതുകൊണ്ട് ആ ധനികൻ ആത്മീയമായി ദരിദ്രനായിരുന്നു; ലാസറാകട്ടെ ആത്മീയമായി സമ്പന്നനും.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സമ്പത്തിൽ ദൃഷ്ടി ഉറപ്പിച്ചുനിർത്താൻ നിങ്ങൾക്കു കഴിയുമ്പോൾ, നിങ്ങൾ സഹിക്കുന്ന മറ്റു പല കഷ്ടപ്പാടുകളുടെയും ഭാരം കുറയും. ഒരുപക്ഷേ ലാസറിന്റേതുപോലുള്ള ശാരീരിക അവസ്ഥയിൽ നിങ്ങൾ ഒരിക്കലും എത്തിച്ചേരുകയില്ലായിരിക്കാം. എങ്കിലും ജീവിതത്തിൽ വലിയ വേദനകളും കഷ്ടപ്പാടുകളും നിങ്ങൾ നേരിട്ടേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ, ആ സഹനങ്ങളിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും ദൈവവുമായുള്ള നിങ്ങളുടെ ആന്തരിക ഐക്യത്തിൽനിന്ന് ദൃഷ്ടി അകറ്റാനുമുള്ള പ്രവണത ഉണ്ടായേക്കാം.
ലാസറിനെപ്പോലെ ജീവിക്കേണ്ടിവന്നാൽ നിങ്ങൾ അതിനെ എങ്ങനെ നേരിടുമെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ സ്വന്തം “വ്രണങ്ങൾ” എന്തൊക്കെയാണെന്ന് ചിന്തിക്കുക. സ്വഭാവത്തിലും തീവ്രതയിലും എണ്ണത്തിലും അവ മറ്റുള്ളവരുടെ സഹനങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കാം; എങ്കിലും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് അവയെ നേരിടേണ്ടിവരും. നിങ്ങളുടെ സഹനം തിരിച്ചറിയുമ്പോൾ, അതിൽനിന്ന് നിങ്ങളുടെ ആത്മാവിലുള്ള ദൈവസാന്നിധ്യത്തിലേക്ക് ദൃഷ്ടി തിരിക്കുക. അവിടുത്തെ കൃപയുടെ സമ്പത്തുകൊണ്ട് നിങ്ങളെ നിറയ്ക്കാൻ ആ സാന്നിധ്യത്തെ അനുവദിക്കുക.
കർത്താവേ, എന്റെ സഹനവും വേദനയും ദുരിതവും മനോവ്യഥയും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. എപ്പോഴും അങ്ങയിൽ ദൃഷ്ടി ഉറപ്പിച്ചുനിർത്താനും സ്വർഗീയ സമ്പത്തിൽ മാത്രം സംതൃപ്തി തേടാനും എന്നെ സഹായിക്കണമേ. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഞാൻ യഥാർഥത്തിൽ സമ്പന്നനാകേണ്ടതിന്, പ്രത്യേകിച്ച് അങ്ങയോടുള്ള സ്നേഹവും മറ്റുള്ളവരോടുള്ള പരസ്നേഹവുംകൊണ്ട് എന്റെ ഹൃദയം നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ




