2020 ജനുവരി 10
പ്രത്യക്ഷീകരണത്തിരുനാളിനു ശേഷമുള്ള വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

യേശു ഉണ്ടായിരുന്ന പട്ടണങ്ങളിലൊന്നിൽ ശരീരമാകെ കുഷ്ഠം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. യേശുവിനെ കണ്ടപ്പോൾ അവൻ സാഷ്ടാംഗം പ്രണമിച്ച് അപേക്ഷിച്ചു: “കർത്താവേ, അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ എന്നെ ശുദ്ധനാക്കാൻ അങ്ങേക്കു കഴിയും.” യേശു കൈ നീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ ആഗ്രഹിക്കുന്നു. നീ ശുദ്ധനാകട്ടെ.” ലൂക്കാ 5:12-13a
നമ്മുടെ കർത്താവിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നതിന്റെ ചിത്രം ഒരിക്കൽക്കൂടി നമ്മുടെ മുമ്പിലുണ്ട്. ഇത്തവണ ഒരു കുഷ്ഠരോഗിയാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച പ്രത്യക്ഷീകരണത്തിരുനാൾ ആഘോഷിച്ചപ്പോൾ, ക്രിസ്തുവിനെ ആരാധിക്കാൻ വന്ന് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച പൗരസ്ത്യദേശത്തുനിന്നുള്ള മൂന്നു ജ്ഞാനികളെ നാം അനുസ്മരിച്ചു.
സമൂഹത്തിൽ മറ്റുള്ളവരുടെ ആദരവും മതിപ്പും നേടിയ വ്യക്തികളായി ക്രിസ്തുവിനെ അന്വേഷിച്ചെത്തുന്ന ജ്ഞാനികളെപ്പോലെ നമ്മെത്തന്നെ കാണാൻ ഒരുപക്ഷേ നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ടാകാം. തീർച്ചയായും ആ ജ്ഞാനികളെ ആളുകൾ അങ്ങനെ കണ്ടിരിക്കണം. എന്നാൽ തന്റെ ബലഹീനതയിലും ദുർബലതയിലും യേശുവിന്റെ അടുത്തെത്തി, കരുണ യാചിച്ചുകൊണ്ട് നമ്മുടെ കർത്താവിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച ഈ കുഷ്ഠരോഗിയെപ്പോലെയും നമ്മെത്തന്നെ കാണാൻ നാം മറക്കരുത്. ഇല്ല, അക്ഷരാർഥത്തിൽ നമുക്കു കുഷ്ഠരോഗം ഉണ്ടായിരിക്കണമെന്നില്ല. എങ്കിലും രോഗാവസ്ഥയിലും അവിടുത്തെ കരുണയും സൗഖ്യദായകമായ സ്പർശനവും ആവശ്യമായവരായുമാണ് നാമെല്ലാവരും യേശുവിന്റെ അടുത്തെത്തുന്നത്.
യേശു എന്താണു ചെയ്തതെന്നു ശ്രദ്ധിക്കുക. അവിടുന്ന് “കൈ നീട്ടി അവനെ സ്പർശിച്ചു,” തുടർന്ന് അവനെ സുഖപ്പെടുത്തി. യേശു മടിച്ചില്ല; അവിടുന്ന് ആ കുഷ്ഠരോഗിയോട് ഒട്ടും അവജ്ഞ കാണിച്ചില്ല; അവിടുത്തെ അനുകമ്പയിൽ ലേശംപോലും കുറവുണ്ടായതുമില്ല. യേശു ഉടൻതന്നെ തന്റെ സൗഖ്യദായകമായ കൃപ ആ കുഷ്ഠരോഗിയുടെ ജീവിതത്തിലേക്ക് ചൊരിഞ്ഞു.
വരാനിരിക്കുന്ന കർത്താവിന്റെ മാമ്മോദീസാത്തിരുനാളോടെ ക്രിസ്തുമസ് കാലത്തിന്റെ സമാപനത്തിലേക്കു നാം അടുക്കുമ്പോൾ, മാമ്മോദീസയിൽ ക്രിസ്തു നമ്മെയെല്ലാം സ്പർശിച്ചിട്ടുണ്ടെന്ന് നാം ഓർക്കണം. ഈ “സ്പർശനം” നമ്മുടെ ജീവിതത്തിലുടനീളം തുടരുന്നു. വിശുദ്ധീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന സ്പർശനമാണത്. സൗഖ്യവും ആശ്വാസവും നൽകുന്ന സ്പർശനമാണത്. കൃപയുടെ ആവശ്യം നിങ്ങൾക്കുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് വിനയത്തോടെ യേശുവിന്റെ അടുത്തേക്കു വരികയും അവിടുത്തെ കരുണ അനുഭവിക്കാൻ നിങ്ങളെത്തന്നെ അനുവദിക്കുകയും ചെയ്യുക. തന്റെ കരുണയുടെ സമൃദ്ധി നിങ്ങൾക്കു നൽകാനായി കൈനീട്ടുന്നതിന് അവിടുന്ന് ഒരു നിമിഷംപോലും മടിക്കുകയില്ലെന്ന് ഉറപ്പോടെ അറിഞ്ഞുകൊണ്ട്, അവിടുത്തെ മുമ്പിൽ നിങ്ങളെത്തന്നെ പൂർണമായി സമർപ്പിക്കാൻ ഭയപ്പെടരുത്.
കർത്താവേ, അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ എന്നെ ശുദ്ധനാക്കാൻ അങ്ങേക്കു കഴിയും. അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ എന്നെ സുഖപ്പെടുത്താനും എന്നോടു ക്ഷമിക്കാനും എന്നെ ശക്തിപ്പെടുത്താനും സ്നേഹിക്കാനും അങ്ങേക്കു കഴിയും. ഈ വിധങ്ങളിലെല്ലാമെന്നപോലെ എനിക്ക് ആവശ്യമായ മറ്റെല്ലാ വിധങ്ങളിലും എന്നെ അനുഗ്രഹിക്കാൻ അങ്ങ് ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നുവെന്ന് എനിക്കറിയാം. അതിനാൽ ഞാൻ മുൻകൂട്ടിത്തന്നെ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ കരുണയ്ക്കും കൃപയ്ക്കും നന്ദി; എന്റെ ബലഹീനതയിൽ എന്നെ സ്വീകരിക്കുന്നതിനും നന്ദി. എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; സ്നേഹത്തോടും ആരാധനയോടുംകൂടെ അങ്ങയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കാൻ ഞാൻ മനസ്സോടെ തീരുമാനിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




