ജനുവരി 9, 2020
ദനഹാത്തിരുനാളിനുശേഷമുള്ള വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

യേശു അവരോടു പറഞ്ഞു: “നിങ്ങൾ കേട്ടിരിക്കെ ഇന്ന് ഈ തിരുവചനഭാഗം നിറവേറിയിരിക്കുന്നു.” എല്ലാവരും അവനെ പ്രശംസിക്കുകയും അവന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ട കൃപാനിറഞ്ഞ വാക്കുകളിൽ വിസ്മയിക്കുകയും ചെയ്തു. ലൂക്കാ 4:21-22a
യേശു താൻ വളർന്ന നസറത്തിൽ എത്തിയതേയുണ്ടായിരുന്നുള്ളൂ. തിരുവചനം വായിക്കാനായി അവൻ ദേവാലയപരിസരത്തു പ്രവേശിച്ചു. അവൻ ഏശയ്യായുടെ പുസ്തകത്തിൽനിന്ന് ഈ ഭാഗം വായിച്ചു: “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. കാരണം, ദരിദ്രരെ സദ്വാർത്ത അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. തടവുകാർക്ക് മോചനവും അന്ധർക്ക് കാഴ്ചയും പ്രഖ്യാപിക്കാനും അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കാനും കർത്താവിന് സ്വീകാര്യമായ ഒരു വർഷം പ്രഖ്യാപിക്കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” ഇതു വായിച്ചശേഷം അവൻ ഇരുന്നു; ഏശയ്യായുടെ ഈ പ്രവചനം നിറവേറിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.
അവന്റെ പട്ടണത്തിലെ ആളുകളുടെ പ്രതികരണം ശ്രദ്ധേയമാണ്. അവർ “എല്ലാവരും അവനെ പ്രശംസിക്കുകയും അവന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ട കൃപാനിറഞ്ഞ വാക്കുകളിൽ വിസ്മയിക്കുകയും ചെയ്തു.” കുറഞ്ഞപക്ഷം, ആദ്യത്തെ പ്രതികരണം ഇതായിരുന്നു. എന്നാൽ തുടർന്നു വായിക്കുമ്പോൾ, യേശു ആ ജനങ്ങളെ വെല്ലുവിളിക്കുന്നതായും അതിന്റെ ഫലമായി അവർ ക്രോധം നിറഞ്ഞ് അപ്പോൾത്തന്നെ അവിടെവച്ച് അവനെ കൊല്ലാൻ ശ്രമിക്കുന്നതായും നാം കാണുന്നു.
പലപ്പോഴും യേശുവിനോടുള്ള നമ്മുടെ പ്രതികരണവും ഇതുപോലെയാണ്. ആദ്യം നാം അവനെ പ്രശംസിക്കുകയും സ്നേഹപൂർവം സ്വീകരിക്കുകയും ചെയ്തേക്കാം. ഉദാഹരണത്തിന്, ക്രിസ്മസ് കാലത്ത് നാം കരോൾ ഗാനങ്ങൾ ആലപിക്കുകയും സന്തോഷത്തോടും ആഘോഷങ്ങളോടുംകൂടെ അവന്റെ ജന്മദിനം കൊണ്ടാടുകയും ചെയ്തേക്കാം. നാം പള്ളിയിൽ പോകുകയും മറ്റുള്ളവർക്ക് ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തേക്കാം. നാം പുൽക്കൂട് ഒരുക്കുകയും നമ്മുടെ ക്രൈസ്തവവിശ്വാസത്തിന്റെ പ്രതീകങ്ങൾകൊണ്ട് അലങ്കരിക്കുകയും ചെയ്തേക്കാം. എന്നാൽ ഇതിനെല്ലാം എത്രമാത്രം ആഴമുണ്ട്? ചിലപ്പോൾ ക്രിസ്മസ് ആഘോഷങ്ങളും പാരമ്പര്യങ്ങളും ഉപരിപ്ലവമായി മാത്രം നിലനിൽക്കുന്നു; ക്രൈസ്തവബോധ്യത്തിന്റെയോ വിശ്വാസത്തിന്റെയോ യഥാർഥമായ ആഴം അവ വെളിപ്പെടുത്തുന്നില്ല. ഈ പ്രിയപ്പെട്ട ഉണ്ണിയേശു സത്യത്തിന്റെയും ഉറച്ച ബോധ്യത്തിന്റെയും വാക്കുകൾ സംസാരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? സുവിശേഷം നമ്മെ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും വിളിക്കുമ്പോൾ എന്തു സംഭവിക്കുന്നു? ഈ നിമിഷങ്ങളിൽ ക്രിസ്തുവിനോടുള്ള നമ്മുടെ പ്രതികരണം എന്താണ്?
ക്രിസ്മസ് കാലത്തിന്റെ അവസാന ആഴ്ചയിലൂടെ നാം മുന്നോട്ടുപോകുമ്പോൾ, ക്രിസ്മസിന് നാം ആദരിക്കുന്ന ആ കൊച്ചുശിശു വളർന്ന് ഇപ്പോൾ നമ്മോടു സത്യത്തിന്റെ വാക്കുകൾ സംസാരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവനെ ഒരു ശിശുവായി മാത്രമല്ല, സകല സത്യത്തിന്റെയും പ്രവാചകനായും ആദരിക്കാൻ നിങ്ങൾ സന്നദ്ധരാണോ എന്നു ചിന്തിക്കുക. അവന്റെ സന്ദേശം മുഴുവനും ശ്രവിക്കാനും സന്തോഷത്തോടെ അവനെ സ്വീകരിക്കാനും നിങ്ങൾ സന്നദ്ധരാണോ? അവന്റെ സത്യവചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാനും നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താനും അനുവദിക്കാൻ നിങ്ങൾ സന്നദ്ധരാണോ?
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങ് അരുളിച്ചെയ്തതെല്ലാം എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയും സകല സത്യത്തിലേക്കും എന്നെ നയിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ബേത്ലഹേമിൽ ജനിച്ച ഒരു കൊച്ചുശിശുവായി മാത്രമല്ല, സത്യത്തിന്റെ മഹാപ്രവാചകനായും അങ്ങയെ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് സംസാരിക്കുന്ന വാക്കുകളിൽ എനിക്ക് ഒരിക്കലും നീരസം തോന്നാതിരിക്കട്ടെ; എന്റെ ജീവിതത്തിൽ അങ്ങയുടെ പ്രവാചകദൗത്യത്തോട് ഞാൻ എപ്പോഴും തുറവുള്ളവനായിരിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ



