മലയാളം

വിനാശകരമായ സംസാരത്തിന്റെ ശക്തി

2020 ഏപ്രിൽ 2
നോമ്പുകാലത്തിലെ അഞ്ചാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

പാവോളയിലെ വിശുദ്ധ ഫ്രാൻസിസ്, ഏകാന്തവാസി—ഐച്ഛിക അനുസ്മരണം

യേശു യഹൂദരോടു പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം പാലിക്കുന്നവൻ ഒരിക്കലും മരണം കാണുകയില്ല.” അപ്പോൾ യഹൂദർ അവനോടു പറഞ്ഞു: “നിനക്കു പിശാചുബാധയുണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്കു തീർച്ചയായി.”  യോഹന്നാൻ 8:51–52

യേശുവിനെക്കുറിച്ച് ഇതിലും മോശമായി എന്തെങ്കിലും പറയാനാകുമെന്നു സങ്കൽപ്പിക്കാൻ പ്രയാസമാണ്. അവിടുത്തെ ദുഷ്ടൻ ബാധിച്ചിരിക്കുന്നുവെന്ന് അവർ ശരിക്കും കരുതിയോ? അങ്ങനെ തോന്നുന്നു. ദൈവപുത്രനെക്കുറിച്ച് എത്ര സങ്കടകരവും വിചിത്രവുമായ കാര്യമാണ് അവർ പറഞ്ഞത്! ഇതാ, ദൈവംതന്നെ യേശുവിൽ നിത്യജീവന്റെ വാഗ്ദാനം നൽകുന്നു. തന്റെ വചനത്തോടുള്ള അനുസരണമാണ് നിത്യസൗഭാഗ്യത്തിലേക്കുള്ള വഴിയെന്നും എല്ലാവരും ഈ സത്യം അറിയുകയും അതനുസരിച്ചു ജീവിക്കുകയും വേണമെന്നുമുള്ള പവിത്രമായ സത്യം അവിടുന്ന് വെളിപ്പെടുത്തുന്നു. യേശു ഇതു സ്വതന്ത്രമായും പരസ്യമായും പറയുന്നു. എന്നാൽ ഈ സന്ദേശം കേൾക്കുന്ന ചിലരുടെ പ്രതികരണം അങ്ങേയറ്റം നിരാശാജനകവും അപവാദപൂർണവും ദുഷ്ടത നിറഞ്ഞതുമാണ്.

ഇങ്ങനെയൊരു കാര്യം പറയാൻ അവരെ പ്രേരിപ്പിക്കുന്ന വിധത്തിൽ അവരുടെ മനസ്സിൽ എന്താണു നടന്നിരുന്നതെന്ന് അറിയാൻ പ്രയാസമാണ്. ഒരുപക്ഷേ അവർക്ക് യേശുവിനോട് അസൂയ തോന്നിയിരിക്കാം; അല്ലെങ്കിൽ അവർ കടുത്ത ആശയക്കുഴപ്പത്തിലായിരുന്നിരിക്കാം. എന്തുതന്നെയായാലും, വളരെ ദോഷകരമായ ഒരു കാര്യമാണ് അവർ പറഞ്ഞത്.

അത്തരമൊരു പ്രസ്താവനയുടെ ദോഷം യേശുവിനെയല്ല അത്രയധികം ബാധിച്ചത്; മറിച്ച്, അത് അവരെയും അവിടുത്തെ ചുറ്റുമുണ്ടായിരുന്നവരെയുമാണ് ദോഷകരമായി ബാധിച്ചത്. തന്നെക്കുറിച്ച് എന്തു പറഞ്ഞാലും അതിനെ വ്യക്തിപരമായി നേരിടാൻ യേശുവിനു കഴിയുമായിരുന്നു; എന്നാൽ മറ്റുള്ളവർക്ക് അതിനു കഴിയുമായിരുന്നില്ല. നമ്മുടെതന്നെ വാക്കുകൾ നമുക്കും മറ്റുള്ളവർക്കും വലിയ ദോഷം വരുത്തുമെന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഒന്നാമതായി, അവരുടെ വാക്കുകൾ അവർക്കുതന്നെ ദോഷം വരുത്തി. ഇത്രയും തെറ്റായ ഒരു പ്രസ്താവന പരസ്യമായി നടത്തുന്നതിലൂടെ അവർ പിടിവാശിയുടെ പാതയിലേക്കു കടക്കുന്നു. പിന്നീട് അത്തരമൊരു പ്രസ്താവന പിൻവലിക്കാൻ വലിയ വിനയം ആവശ്യമാണ്. നമ്മുടെ കാര്യവും അങ്ങനെതന്നെ. മറ്റൊരാൾക്കു ദോഷകരമായ എന്തെങ്കിലും നാം പറഞ്ഞുകഴിഞ്ഞാൽ, അതു പിൻവലിക്കാൻ പ്രയാസമാണ്. പിന്നീട് ക്ഷമ ചോദിക്കാനും നാം ഉണ്ടാക്കിയ മുറിവ് ഉണക്കാനും പ്രയാസമാണ്. നമ്മുടെ തെറ്റ് ഉപേക്ഷിച്ച് വിനയത്തോടെ മുന്നോട്ടുപോകാൻ പ്രയാസമാണെന്നതിനാൽ, ദോഷം പ്രധാനമായും സംഭവിക്കുന്നത് നമ്മുടെതന്നെ ഹൃദയത്തിലാണ്. എന്നാൽ വരുത്തിവച്ച ദോഷം പരിഹരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം ഇതു ചെയ്തേ തീരൂ.

രണ്ടാമതായി, ഈ പരാമർശം അതു കേട്ടുകൊണ്ടിരുന്നവർക്കും ദോഷം വരുത്തി. ദുഷ്ടത നിറഞ്ഞ ഈ പ്രസ്താവന ചിലർ തള്ളിക്കളഞ്ഞിരിക്കാം. എന്നാൽ മറ്റുള്ളവർ അതിനെക്കുറിച്ചു ചിന്തിക്കുകയും യേശുവിനു യഥാർത്ഥത്തിൽ പിശാചുബാധയുണ്ടോ എന്നു സംശയിച്ചുതുടങ്ങുകയും ചെയ്തിരിക്കാം. അങ്ങനെ സംശയത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു. നമ്മുടെ വാക്കുകൾ മറ്റുള്ളവരെ സ്വാധീനിക്കുന്നുവെന്നു നാമെല്ലാവരും തിരിച്ചറിയണം. അതീവ ശ്രദ്ധയോടും ഉപവിയോടുംകൂടെ സംസാരിക്കാൻ നാം പരിശ്രമിക്കുകയും വേണം.

ഇന്ന് നിങ്ങളുടെ സ്വന്തം സംസാരത്തെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ മറ്റുള്ളവരോടു പറഞ്ഞ കാര്യങ്ങളിൽ തെറ്റായതോ വഴിതെറ്റിക്കുന്നതോ ആയിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നവയുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളുടെ വാക്കുകൾ പിൻവലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തുകൊണ്ട് വരുത്തിവച്ച ദോഷം പരിഹരിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? മറ്റുള്ളവരുടെ ദുഷ്ടത നിറഞ്ഞ സംഭാഷണത്തിലേക്ക് ആകർഷിക്കപ്പെടാൻ എളുപ്പമാണെന്ന കാര്യത്തെക്കുറിച്ചും ചിന്തിക്കുക. അത്തരം സംഭാഷണങ്ങൾ നിങ്ങളെ സ്വാധീനിക്കാൻ നിങ്ങൾ അനുവദിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, അത്തരം തെറ്റുകൾക്കു ചെവികൊടുക്കാതിരിക്കാനും സത്യം സംസാരിക്കാനുള്ള വഴികൾ തേടാനും ദൃഢനിശ്ചയം ചെയ്യുക.

കർത്താവേ, അങ്ങേക്ക് എപ്പോഴും മഹത്ത്വം നൽകുന്നതും അങ്ങയുടെ ഹൃദയത്തിൽ ജീവിക്കുന്ന നിത്യസത്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായ വിശുദ്ധ വാക്കുകൾ സംസാരിക്കാനുള്ള കൃപ എനിക്കു നൽകണമേ. പാപം നിറഞ്ഞ ഈ ലോകത്തിൽ എനിക്കു ചുറ്റുമുള്ള അസത്യങ്ങളെ തിരിച്ചറിയാനും എന്നെ സഹായിക്കണമേ. അങ്ങയുടെ ഹൃദയം തെറ്റുകളെ അരിച്ചുനീക്കുകയും എന്റെ മനസ്സിലും ഹൃദയത്തിലും സത്യത്തിന്റെ വിത്തുകൾ മാത്രം വിതയ്ക്കപ്പെടാൻ അനുവദിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – മുപ്പത്തിയാറാം ധ്യാനം – “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു”

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – പാവോളയിലെ വിശുദ്ധ ഫ്രാൻസിസ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ