2020 ഏപ്രിൽ 3
നോമ്പുകാലത്തിലെ അഞ്ചാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

യഹൂദർ യേശുവിനെ എറിയാൻ കല്ലുകളെടുത്തു. യേശു അവരോടു പറഞ്ഞു: “എന്റെ പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങൾക്കു കാണിച്ചുതന്നിട്ടുണ്ട്. അവയിൽ ഏതു പ്രവൃത്തി നിമിത്തമാണ് നിങ്ങൾ എന്നെ കല്ലെറിയാൻ ശ്രമിക്കുന്നത്?” യോഹന്നാൻ 10:31–32
വിശുദ്ധവാരത്തോടും ദുഃഖവെള്ളിയോടും നാം അടുക്കുമ്പോൾ, യേശുവിനോടുള്ള വിദ്വേഷം വർധിച്ചുവന്നിരുന്നതായി നാം കാണാൻ തുടങ്ങുന്നു. ഇന്നലത്തെ ധ്യാനത്തിൽ നാം കണ്ടതുപോലെ, ഇത് ഒട്ടും യുക്തിക്കു നിരക്കുന്നതല്ല. യേശുവിനെ വെറുക്കുകയും അവിടുത്തെ കല്ലെറിഞ്ഞു കൊല്ലാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം യുക്തിശൂന്യമായ ഒരു പ്രവൃത്തിയാണ്. എന്നാൽ സംഭവിച്ചത് അതുതന്നെയാണ്. യേശുവിനെ എതിർത്തിരുന്നവർ ക്രമേണ കൂടുതൽ ധൈര്യശാലികളായിത്തീർന്നു. ഒടുവിൽ, അവിടുന്ന് നമുക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിക്കുകയും സ്വമനസ്സാലെ മരണം സ്വീകരിക്കുകയും ചെയ്ത ആ നിർണായക ദിനം വന്നെത്തി.
അടുത്ത രണ്ടാഴ്ചക്കാലം ഈ യുക്തിശൂന്യതയെയും പീഡനത്തെയും നേരിട്ടു അഭിമുഖീകരിക്കുന്നത് നല്ലതാണ്. അനേകരുടെ വിദ്വേഷം തിരിച്ചറിയുകയും അതിനെ വിദ്വേഷമെന്നുതന്നെ വിളിക്കുകയും ചെയ്യുന്നത് നല്ലതാണ്. അല്ല, ഇത് സുഖകരമായ ഒരു ചിന്തയല്ല; എന്നാൽ ഇതാണ് യാഥാർഥ്യം. ഇതാണ് നാം ജീവിക്കുന്ന ലോകം. നമ്മുടെ ജീവിതത്തിൽ നാമെല്ലാവരും അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു യാഥാർഥ്യവുമാണിത്.
തിന്മയെയും പീഡനത്തെയും നേരിടുമ്പോൾ യേശു ചെയ്തതുപോലെ നാമും ചെയ്യണം. അവിടുന്ന് ഭയമില്ലാതെ അവയെ നേരിട്ടു. സത്യത്തോടെയാണ് അവിടുന്ന് അവയെ നേരിട്ടത്; അനേകർ തനിക്കെതിരെ ഉന്നയിച്ച നുണകളും അപവാദങ്ങളും അവിടുന്ന് ഒരിക്കലും അംഗീകരിച്ചില്ല.
നാം ദൈവത്തോട് എത്രയധികം അടുക്കുന്നുവോ, അത്രയധികം പീഡനവും വിദ്വേഷവും നേരിടേണ്ടിവരും എന്നതാണ് വസ്തുത. ഇതും നമുക്ക് യുക്തിക്കു നിരക്കാത്തതായി തോന്നിയേക്കാം. നാം ദൈവത്തോടു ചേർന്നുനിൽക്കുകയും വിശുദ്ധിക്കായി പരിശ്രമിക്കുകയും ചെയ്താൽ എല്ലാവരും നമ്മെ സ്നേഹിക്കുകയും പുകഴ്ത്തുകയും ചെയ്യുമെന്ന് കരുതാൻ എളുപ്പമാണ്. എന്നാൽ യേശുവിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല; നമ്മുടെ കാര്യത്തിലും അങ്ങനെയായിരിക്കുകയില്ല.
പീഡനത്തിന്റെയും സഹനത്തിന്റെയും കഷ്ടതയുടെയും ദുഃഖത്തിന്റെയും നടുവിൽ സത്യത്തിൽ ഉറച്ചുനിൽക്കുക എന്നത് വിശുദ്ധിയിലേക്കുള്ള ഒരു പ്രധാന വഴിയാണ്. കാര്യങ്ങൾ നമ്മുടെ ആഗ്രഹപ്രകാരം നടക്കാതെ വരുമ്പോൾ, നാം എന്തോ തെറ്റു ചെയ്യുന്നുണ്ടാകണം എന്നു ചിന്തിക്കാനുള്ള പ്രലോഭനം എപ്പോഴുമുണ്ട്. നന്മയ്ക്കും സത്യത്തിനും വേണ്ടി നിലകൊള്ളാൻ നാം ശ്രമിക്കുമ്പോൾ ലോകം നമുക്കെതിരെ ഉന്നയിക്കുന്ന നുണകളും അപവാദങ്ങളും നമ്മെ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാക്കാം. നമ്മുടെ സ്വന്തം കുരിശുകളുടെ നടുവിൽ, നമ്മുടെ വിശ്വാസം ശുദ്ധീകരിക്കുകയും അവിടുത്തെ വചനത്തിലും സത്യത്തിലും ഉറച്ചുനിൽക്കാൻ നിശ്ചയിക്കുകയും ചെയ്യണമെന്നത് ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.
ഏതെങ്കിലും കുരിശോ പീഡനമോ നേരിടുമ്പോൾ, അത് തലയിൽ അടിയേറ്റതുപോലെയാകാം. നമുക്ക് അമ്പരപ്പിൽ അകപ്പെട്ടതുപോലെ തോന്നുകയും പരിഭ്രാന്തിക്കും ഭയത്തിനും വഴങ്ങിപ്പോകുകയും ചെയ്യാം. എന്നാൽ മറ്റേതു സമയത്തേക്കാളും നാം ഉറച്ചുനിൽക്കേണ്ടത് ഇത്തരം സമയങ്ങളിലാണ്. നാം എളിമയുള്ളവരായിരിക്കണം; അതോടൊപ്പം, ദൈവം നമ്മോടു പറഞ്ഞതും നമുക്കു വെളിപ്പെടുത്തിയതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ആഴമായ ബോധ്യമുള്ളവരുമായിരിക്കണം. സകല കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാനുള്ള നമ്മുടെ കഴിവിനെ ഇത് ആഴപ്പെടുത്തുന്നു. ജീവിതം സുഗമമായിരിക്കുമ്പോൾ നാം ദൈവത്തിൽ ആശ്രയിക്കുന്നു എന്നു പറയാൻ എളുപ്പമാണ്; നാം വഹിക്കുന്ന കുരിശ് ഏറെ ഭാരമുള്ളതാകുമ്പോൾ അവിടുന്നിൽ ആശ്രയിക്കുക പ്രയാസമാണ്.
നിങ്ങളുടെ കുരിശ് എന്തുതന്നെയായാലും, അതിലൂടെ കൂടുതൽ മഹത്തായ ഏതോ ലക്ഷ്യത്തിനായി നിങ്ങളെ ശക്തിപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നതിനാൽ അത് അവിടുത്തെ ദാനമാണ് എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ തന്റെ പാപ്പാശുശ്രൂഷക്കാലത്ത് ആവർത്തിച്ചു പറഞ്ഞതുപോലെ, “ഭയപ്പെടരുത്!” നിങ്ങളുടെ ഭയങ്ങളെ നേരിടുക; അവയുടെ നടുവിൽ നിങ്ങളെ രൂപാന്തരപ്പെടുത്താൻ ദൈവത്തെ അനുവദിക്കുക. അങ്ങനെ ചെയ്താൽ, ജീവിതത്തിലെ നിങ്ങളുടെ ഏറ്റവും വലിയ പോരാട്ടങ്ങൾ യഥാർഥത്തിൽ നിങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹങ്ങളായി മാറുന്നതായി നിങ്ങൾ കണ്ടെത്തും.
കർത്താവേ, അങ്ങയുടെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും അനുസ്മരണത്തോട് ഞങ്ങൾ അടുക്കുമ്പോൾ, എന്റെ കുരിശുകളെ അങ്ങയുടെ കുരിശിനോട് ചേർക്കാൻ എന്നെ സഹായിക്കണമേ. എന്റെ അനുദിന പോരാട്ടത്തിൽ അങ്ങയുടെ സാന്നിധ്യവും ശക്തിയും കാണാൻ എന്നെ സഹായിക്കണമേ. ഈ വെല്ലുവിളികളുടെ നടുവിൽ എന്നെക്കുറിച്ചുള്ള അങ്ങയുടെ ലക്ഷ്യം കാണാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ധ്യാനം മുപ്പത്തിയേഴ് – ഭൂമി കുലുങ്ങുന്നു
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




