2020 ഒക്ടോബർ 15
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
ഈശോയുടെ വിശുദ്ധ ത്രേസ്യ, കന്യകയും വേദപാരംഗതയും—ഓർമ്മ

“നിയമപണ്ഡിതരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ അറിവിന്റെ താക്കോൽ എടുത്തുമാറ്റിയിരിക്കുന്നു. നിങ്ങൾതന്നെ പ്രവേശിച്ചില്ല; പ്രവേശിക്കാൻ ശ്രമിച്ചവരെ നിങ്ങൾ തടയുകയും ചെയ്തു.” ലൂക്കാ 11:52
ഇന്നത്തെ സുവിശേഷത്തിൽ, യേശു ഫരിസേയരെയും നിയമപണ്ഡിതരെയും ശാസിക്കുന്നത് തുടരുന്നു. മുകളിൽ കൊടുത്തിരിക്കുന്ന ഭാഗത്ത്, അവർ “അറിവിന്റെ താക്കോൽ എടുത്തുമാറ്റിയിരിക്കുന്നു” എന്നതിനാലും മറ്റുള്ളവർക്ക് ലഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന അറിവിൽനിന്ന് അവരെ അകറ്റിനിർത്താൻ ബോധപൂർവം ശ്രമിച്ചതിനാലുമാണ് അവിടുന്ന് അവരെ ശാസിക്കുന്നത്. ഇത് ശക്തമായ ഒരു കുറ്റാരോപണമാണ്; ഫരിസേയരും നിയമപണ്ഡിതരും ദൈവജനത്തിന്റെ വിശ്വാസത്തിന് ബോധപൂർവം ഹാനി വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ഇത് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വിശുദ്ധ ലിഖിതങ്ങളിൽ നാം കണ്ടതുപോലെ, ഇക്കാരണത്താൽ യേശു നിയമപണ്ഡിതരെയും ഫരിസേയരെയും കഠിനമായി ശാസിച്ചു. അവിടുത്തെ ശാസന അവർക്കുവേണ്ടി മാത്രമായിരുന്നില്ല, നമുക്കുവേണ്ടിയുമായിരുന്നു. ഇങ്ങനെയുള്ള വ്യാജപ്രവാചകരെയും സത്യത്തെക്കാൾ തങ്ങളെത്തന്നെയും സ്വന്തം സൽപ്പേരിനെയും മാത്രം പരിഗണിക്കുന്ന എല്ലാവരെയും അനുഗമിക്കരുതെന്ന് നാം അറിയുന്നതിനുവേണ്ടിയാണത്.
ഈ സുവിശേഷഭാഗം ഈ പാപത്തെ കുറ്റംവിധിക്കുക മാത്രമല്ല ചെയ്യുന്നത്; അതിലും പ്രധാനമായി, ആഴമേറിയതും മനോഹരവുമായ ഒരു ആശയം അത് മുന്നോട്ടുവയ്ക്കുന്നു. “അറിവിന്റെ താക്കോൽ” എന്ന ആശയമാണത്. എന്താണ് അറിവിന്റെ താക്കോൽ? വിശ്വാസമാണ് അറിവിന്റെ താക്കോൽ; ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിലൂടെ മാത്രമേ വിശ്വാസം ലഭിക്കുകയുള്ളൂ. ദൈവം നിങ്ങളോടു സംസാരിക്കാനും അവിടുത്തെ ഏറ്റവും അഗാധവും മനോഹരവുമായ സത്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തിത്തരാനും അനുവദിക്കുക എന്നതാണ് അറിവിന്റെ താക്കോൽ. പ്രാർഥനയിലൂടെയും ദൈവവുമായുള്ള നേരിട്ടുള്ള സംവാദത്തിലൂടെയും മാത്രമേ ഈ സത്യങ്ങൾ സ്വീകരിക്കാനും വിശ്വസിക്കാനും കഴിയൂ.
ദൈവത്തിന്റെ ജീവനിലെ അഗാധമായ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങിയവരുടെ ഏറ്റവും നല്ല മാതൃകകളാണ് വിശുദ്ധർ. പ്രാർഥനയുടെയും വിശ്വാസത്തിന്റെയും ജീവിതത്തിലൂടെ അവർ ദൈവത്തെ അഗാധമായി അറിയാൻ ഇടയായി. ഈ മഹാവിശുദ്ധരിൽ പലരും, ദൈവത്തിന്റെ ആന്തരികജീവിതത്തിലെ മറഞ്ഞിരിക്കുന്നതും എന്നാൽ വെളിപ്പെടുത്തപ്പെട്ടതുമായ രഹസ്യങ്ങളെക്കുറിച്ചുള്ള മനോഹരമായ രചനകളും ശക്തമായ സാക്ഷ്യവും നമുക്കായി അവശേഷിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ വിശ്വാസജീവിതത്തിലൂടെയും പ്രാർഥനാജീവിതത്തിലൂടെയും നിങ്ങൾ “അറിവിന്റെ താക്കോൽ” എടുത്ത് ദൈവത്തിന്റെ രഹസ്യങ്ങൾ തുറന്നിട്ടുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. നിങ്ങളുടെ അനുദിന വ്യക്തിപരമായ പ്രാർഥനയിൽ ദൈവത്തെ അന്വേഷിക്കാനും, അവിടുന്ന് നിങ്ങൾക്ക് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം തേടാനും നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുക.
കർത്താവേ, അനുദിന പ്രാർഥനാജീവിതത്തിലൂടെ അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. ആ പ്രാർഥനാജീവിതത്തിൽ, അങ്ങ് ആരാണെന്നും ജീവിതത്തിന്റെ അർഥമെന്തെന്നും പൂർണമായി എനിക്ക് വെളിപ്പെടുത്തിക്കൊണ്ട് അങ്ങയുമായുള്ള ആഴമായ ബന്ധത്തിലേക്ക് എന്നെ ആകർഷിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പുതിയത്! ആഴങ്ങൾ തേടി, എന്ന പേരിൽ വിശുദ്ധ ഇഗ്നേഷ്യസിന്റെ ആത്മീയാഭ്യാസങ്ങളെ ആധാരമാക്കിയുള്ള ഒരു വർഷം നീളുന്ന സാധന ആരംഭിക്കാൻ വർഷത്തിലെ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മാസമാണ്!
ആഴങ്ങളിലേക്കുള്ള അന്വേഷണം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – ഈശോയുടെ വിശുദ്ധ ത്രേസ്യ, കന്യകയും വേദപാരംഗതയും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: ജെയിംസ് ടിസോയുടെ ‘ജറുസലെം ജറുസലെം’




