മലയാളം

ലൗകിക വിജയമോ സ്വർഗീയ വിജയമോ?

2020 നവംബർ 6
ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

“ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിലുള്ളവരോട് ഇടപെടുന്നതിൽ പ്രകാശത്തിന്റെ മക്കളെക്കാൾ വിവേകമുള്ളവരാണ്.”  ലൂക്കാ 16:8b

അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമയുടെ അവസാനത്തിലാണ് ഈ വാക്യം വരുന്നത്. “ലോകത്തിന്റെ മക്കൾ” ലൗകിക കാര്യങ്ങൾ തങ്ങൾക്കനുകൂലമായി കൈകാര്യം ചെയ്യുന്നതിൽ തീർച്ചയായും വിജയിക്കുന്നുവെന്നും, എന്നാൽ “പ്രകാശത്തിന്റെ മക്കൾ” ലൗകിക കാര്യങ്ങളിൽ അത്രയും കൗശലമുള്ളവരല്ലെന്നുമുള്ള വസ്തുത എടുത്തുകാട്ടാനാണ് യേശു ഈ ഉപമ പറഞ്ഞത്. അപ്പോൾ ഇത് നമ്മോട് എന്താണ് പറയുന്നത്?

ലൗകിക മാനദണ്ഡങ്ങൾക്കനുസരിച്ച് ജീവിക്കാനും ലൗകിക ലക്ഷ്യങ്ങൾ നേടാനും പരിശ്രമിച്ചുകൊണ്ട് നാം ഒരു ലൗകിക ജീവിതത്തിലേക്ക് കടക്കണമെന്ന് ഇത് തീർച്ചയായും പറയുന്നില്ല. വാസ്തവത്തിൽ, ലൗകികരായ ആളുകളെക്കുറിച്ചുള്ള ഈ വസ്തുത അംഗീകരിച്ചുകൊണ്ട്, നാം എങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണമെന്നതിന്റെ ശക്തമായൊരു വൈരുധ്യചിത്രമാണ് യേശു നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. പ്രകാശത്തിന്റെ മക്കളായിരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ, ലൗകിക സംസ്കാരത്തിൽ മുഴുകിക്കഴിയുന്ന മറ്റുള്ളവരെപ്പോലെ ലൗകിക കാര്യങ്ങളിൽ നാം വിജയിക്കുന്നില്ലെങ്കിൽ അതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല.

ലോകത്തിലും അതിന്റെ മൂല്യങ്ങളിലും പൂർണമായി മുഴുകിക്കഴിയുന്നവരുടെ അനേകം “വിജയങ്ങൾ” നോക്കുമ്പോൾ ഇത് പ്രത്യേകിച്ചും സത്യമാണ്. ഇഹലോക കാര്യങ്ങളിൽ കൗശലത്തോടെ ഇടപെട്ട് ചിലർ വലിയ സമ്പത്തോ അധികാരമോ പ്രശസ്തിയോ നേടുന്നതിൽ വിജയിക്കുന്നു. ജനപ്രിയ സംസ്കാരത്തിൽ നാം ഇത് പ്രത്യേകമായി കാണുന്നു. ഉദാഹരണത്തിന്, വിനോദവ്യവസായത്തെ എടുക്കാം. ലോകത്തിന്റെ കണ്ണിൽ ഏറെ വിജയികളും ജനപ്രീതിയുള്ളവരുമായ അനേകരുണ്ട്; അവരോട് നമുക്ക് ഒരുതരം അസൂയ തോന്നാനും ഇടയുണ്ട്. പുണ്യവും എളിമയും നന്മയും നിറഞ്ഞവരുമായി അവരെ താരതമ്യം ചെയ്യുക. അത്തരം നല്ല മനുഷ്യർ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി നാം കാണുന്നു.

അപ്പോൾ നാം എന്താണ് ചെയ്യേണ്ടത്? ആത്യന്തികമായി പ്രാധാന്യമുള്ളത് ദൈവം എന്തു ചിന്തിക്കുന്നു എന്നതു മാത്രമാണെന്ന് നമ്മെത്തന്നെ ഓർമിപ്പിക്കാൻ ഈ ഉപമ ഉപയോഗിക്കണം. നമ്മെയും വിശുദ്ധജീവിതം നയിക്കാൻ നാം നടത്തുന്ന പരിശ്രമത്തെയും ദൈവം എങ്ങനെയാണ് കാണുന്നത്? പ്രകാശത്തിന്റെ മക്കളെന്ന നിലയിൽ, നിത്യമായതിനുവേണ്ടി മാത്രമാണ് നാം പ്രവർത്തിക്കേണ്ടത്; ലൗകികവും കടന്നുപോകുന്നതുമായവയ്ക്കുവേണ്ടിയല്ല. ദൈവത്തിൽ ആശ്രയിച്ചാൽ നമ്മുടെ ലൗകിക ആവശ്യങ്ങൾ അവിടുന്ന് നിറവേറ്റും. ലൗകിക മാനദണ്ഡങ്ങൾക്കനുസരിച്ച് നാം വൻവിജയം നേടിയവരായിത്തീർന്നേക്കില്ല; എന്നാൽ യഥാർഥത്തിൽ പ്രാധാന്യമുള്ളതും നിത്യവുമായ എല്ലാക്കാര്യങ്ങളിലും നാം മഹത്ത്വം കൈവരിക്കും.

ഇന്ന്, നിങ്ങളുടെ ജീവിതത്തിലെ മുൻഗണനകളെക്കുറിച്ച് വിചിന്തനം ചെയ്യുക. നിത്യമായ സമ്പത്ത് സ്വരൂപിക്കുന്നതിലാണോ നിങ്ങളുടെ ശ്രദ്ധ? അതോ ലൗകിക വിജയം മാത്രം ലക്ഷ്യമാക്കുന്ന തന്ത്രങ്ങളിലും കൗശലങ്ങളിലും നിങ്ങൾ നിരന്തരം കുടുങ്ങിപ്പോകുന്നുണ്ടോ? നിത്യമായതിനുവേണ്ടി പരിശ്രമിക്കുക; അപ്പോൾ നിങ്ങൾ നിത്യം നന്ദിയുള്ളവരായിരിക്കും.

കർത്താവേ, എന്റെ ദൃഷ്ടി സ്വർഗത്തിൽ ഉറപ്പിച്ചുനിർത്താൻ എന്നെ സഹായിക്കണമേ. കൃപയുടെയും കരുണയുടെയും നന്മയുടെയും വഴികളിൽ വിവേകത്തോടെ നടക്കാൻ എന്നെ സഹായിക്കണമേ. ഈ ലോകത്തിനുവേണ്ടി മാത്രം ജീവിക്കാൻ എനിക്ക് പ്രലോഭനമുണ്ടാകുമ്പോൾ, യഥാർഥ മൂല്യമുള്ളത് എന്താണെന്നു കാണാനും അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: മാരിനസ് വാൻ റെയ്മേഴ്‌സ്‌വാലെ വരച്ച അനീതിക്കാരനായ കാര്യസ്ഥന്റെ ഉപമ


  Subscribe to our YouTube channel  
  to be notified about new content.