മലയാളം

നമ്മെക്കുറിച്ചുള്ള വ്യാജ പ്രതിച്ഛായകൾ

നവംബർ 7, 2020
ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

പണത്തെ സ്നേഹിച്ചിരുന്ന ഫരിസേയർ ഇതെല്ലാം കേട്ട് അവനെ പരിഹസിച്ചു. യേശു അവരോടു പറഞ്ഞു: “നിങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ നിങ്ങളെത്തന്നെ ന്യായീകരിക്കുന്നു. എന്നാൽ ദൈവം നിങ്ങളുടെ ഹൃദയങ്ങൾ അറിയുന്നു; എന്തെന്നാൽ, മനുഷ്യർ വിലമതിക്കുന്നത് ദൈവത്തിന്റെ ദൃഷ്ടിയിൽ മ്ലേച്ഛമാണ്.” ലൂക്കാ 16:14-15

“ദൈവം ഹൃദയം അറിയുന്നു!” ആഴത്തിൽ മനസ്സിലാക്കേണ്ട എത്ര മഹത്തായ സത്യം! ജീവിതത്തിൽ പലപ്പോഴും നമുക്ക് മറ്റുള്ളവരെക്കുറിച്ചും മറ്റുള്ളവർക്ക് നമ്മെക്കുറിച്ചും തെറ്റിദ്ധാരണകൾ ഉണ്ടാകാറുണ്ട്. മറ്റുള്ളവരെ കാണിക്കാൻ തങ്ങളെക്കുറിച്ച് ഒരു വ്യാജ പ്രതിച്ഛായ സൃഷ്ടിക്കുകയും ദൈവത്തിനു മാത്രം അറിയാവുന്ന ആന്തരിക സത്യത്തെക്കുറിച്ച് കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഫരിസേയരുടെ പ്രവണതയുടെ മർമ്മത്തിലേക്കാണ് ഈ വചനഭാഗം കടന്നുചെല്ലുന്നത്.

അപ്പോൾ, നിങ്ങൾക്ക് കൂടുതൽ പ്രധാനപ്പെട്ടത് എന്താണ്? നിങ്ങൾ എന്തിനാണ് മുൻഗണന നൽകുന്നത്? മറ്റുള്ളവരുടെ അഭിപ്രായങ്ങളാണോ, അതോ ദൈവത്തിന്റെ മനസ്സിൽ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള സത്യമാണോ നിങ്ങളെ കൂടുതൽ അലട്ടുന്നത്?

ഈ പോരാട്ടം രണ്ടു വിധത്തിലാകാം. ഒരു വശത്ത്, ഫരിസേയരെപ്പോലെ നാമും നമ്മെക്കുറിച്ചുള്ള ഒരു വ്യാജ പ്രതിച്ഛായ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിച്ചേക്കാം. അതേസമയം, ദൈവം സത്യം പൂർണ്ണമായി അറിയുന്നു; നാം അവതരിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജ പ്രതിച്ഛായയും അവിടുന്ന് അറിയുന്നു. മറുവശത്ത്, നാം ആരാണെന്നതിനെക്കുറിച്ച് മറ്റുള്ളവർക്ക് തെറ്റായ ഒരു ധാരണയുണ്ടെന്ന് നാം കണ്ടെത്തിയേക്കാം. അത് നമ്മെ ഏറെ വേദനിപ്പിച്ചേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ, മറ്റുള്ളവരോട് കോപിക്കാൻ നാം ഇടയാകുകയും യുക്തിരഹിതമായും അതിരുകടന്നും നമ്മെത്തന്നെ ന്യായീകരിക്കാൻ പ്രവണത കാണിക്കുകയും ചെയ്തേക്കാം.

എന്നാൽ എന്താണ് പ്രധാനപ്പെട്ടത്? എന്തിനെക്കുറിച്ചാണ് നാം ശ്രദ്ധാലുക്കളായിരിക്കേണ്ടത്? സത്യത്തിനാണ് പ്രാധാന്യം. ദൈവം ഗൗനിക്കാത്ത കാര്യങ്ങളെക്കുറിച്ച് നാം അധികം ഉത്കണ്ഠപ്പെടേണ്ടതില്ല. ദൈവത്തിന്റെ മനസ്സിലുള്ളതിനെക്കുറിച്ചും നമ്മെയും നമ്മുടെ ജീവിതത്തെയും കുറിച്ച് അവിടുന്ന് എന്തു കരുതുന്നു എന്നതിനെക്കുറിച്ചും മാത്രമേ നാം ശ്രദ്ധിക്കേണ്ടതുള്ളൂ.

മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു കരുതുന്നു എന്നതിനെച്ചൊല്ലി ഉത്കണ്ഠപ്പെടാനുള്ള നിങ്ങളുടെ പ്രവണതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. സത്യസന്ധമായ ഒരു ജീവിതം നയിച്ചുകൊണ്ട് നിങ്ങൾ യഥാർഥത്തിൽ ആരാണോ അങ്ങനെതന്നെ നിങ്ങളെത്തന്നെ അവതരിപ്പിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് അറിയുക. മറ്റുള്ളവർക്ക് തങ്ങളെക്കുറിച്ചുണ്ടായിരുന്ന പ്രശംസനീയവും എന്നാൽ വ്യാജവുമായ പ്രതിച്ഛായകളിൽ മുഴുകിക്കഴിഞ്ഞ ഫരിസേയരെപ്പോലെയാകരുത്. സത്യത്തിൽ ജീവിക്കുന്നതിനെക്കുറിച്ചും ദൈവത്തിന്റെ ഹൃദയത്തിലുള്ളതിനെക്കുറിച്ചും മാത്രം ശ്രദ്ധിക്കുക; ബാക്കിയുള്ളതെല്ലാം അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുക. ഒടുവിൽ, അതു മാത്രമാണ് പ്രധാനപ്പെട്ടത്.

കർത്താവേ, അങ്ങയുടെ ഹൃദയത്തിലുള്ളത് കാണാൻ എന്നെ സഹായിക്കണമേ. അങ്ങ് എന്നെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചു മാത്രം ശ്രദ്ധാലുവായിരിക്കാനും എന്നെ സഹായിക്കണമേ. അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്നും ഞാൻ പൂർണ്ണമായും സത്യത്തിൽ ജീവിക്കാൻ അങ്ങ് ആഗ്രഹിക്കുന്നുവെന്നും എനിക്കറിയാം. എല്ലാ കാര്യങ്ങളിലും അങ്ങയുടെ സ്നേഹം എന്റെ ജീവിതത്തെ നയിക്കട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ജേക്കബ് ജോർദാൻസ് വരച്ച ‘ഫരിസേയരുടെ ഇടയിൽ ക്രിസ്തു’


  Subscribe to our YouTube channel  
  to be notified about new content.