2020 നവംബർ 8
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ

“അതുകൊണ്ട്, ഉണർന്നിരിക്കുവിൻ; ആ ദിവസമോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ലല്ലോ.” മത്തായി 25:13
ഈ ജീവിതത്തിൽനിന്നു നിങ്ങൾ വിടവാങ്ങുന്ന ദിവസവും മണിക്കൂറും നിങ്ങൾക്ക് അറിയാമായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിച്ചുനോക്കൂ. രോഗമോ പ്രായാധിക്യമോ മൂലം മരണം അടുത്തുവരുന്നുവെന്ന് ചിലർക്ക് അറിയാമെന്നത് ശരിയാണ്. എന്നാൽ നിങ്ങളുടെ സ്വന്തം ജീവിതത്തെക്കുറിച്ച് ഇങ്ങനെ ചിന്തിച്ചുനോക്കൂ. ആ ദിവസം നാളെയാണെന്ന് യേശു നിങ്ങളോടു പറഞ്ഞാൽ എങ്ങനെയിരിക്കും? നിങ്ങൾ സന്നദ്ധരാണോ?
ചെയ്തുതീർക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന പല പ്രായോഗിക കാര്യങ്ങളും ഒരുപക്ഷേ നിങ്ങളുടെ മനസ്സിലേക്കു വരും. തങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം കുറിച്ചും ഇത് അവരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും പലരും ചിന്തിക്കും. തൽക്കാലം അതെല്ലാം മാറ്റിവച്ച്, ഒരേയൊരു കാഴ്ചപ്പാടിൽനിന്നു മാത്രം ഈ ചോദ്യം വിചിന്തനം ചെയ്യുക. യേശുവിനെ കണ്ടുമുട്ടാൻ നിങ്ങൾ സന്നദ്ധരാണോ?
ഈ ജീവിതത്തിൽനിന്നു വിടവാങ്ങിക്കഴിഞ്ഞാൽ ഒരേയൊരു കാര്യം മാത്രമേ പ്രാധാന്യമുള്ളതായിരിക്കൂ. യേശു നിങ്ങളോട് എന്തു പറയും? മുകളിൽ ഉദ്ധരിച്ച തിരുവചനത്തിനു തൊട്ടുമുമ്പ്, യേശു പത്തു കന്യകമാരുടെ ഉപമ പറയുന്നു. ചിലർ വിവേകമതികളായിരുന്നു; അവരുടെ വിളക്കുകൾക്ക് എണ്ണയും ഉണ്ടായിരുന്നു. രാത്രിയിൽ വൈകി മണവാളൻ വന്നപ്പോൾ, കത്തുന്ന വിളക്കുകളുമായി അവനെ സ്വീകരിക്കാൻ അവർ സന്നദ്ധരായിരുന്നു; അവൻ അവരെ സ്വാഗതം ചെയ്തു. വിവേകശൂന്യരായവർ ഒരുങ്ങിയിരുന്നില്ല; അവരുടെ വിളക്കുകൾക്ക് എണ്ണയും ഉണ്ടായിരുന്നില്ല. മണവാളൻ വന്നപ്പോൾ അവനെ സ്വീകരിക്കാൻ അവർക്ക് അവസരം നഷ്ടമായി; “ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുന്നില്ല” (മത്തായി 25:12) എന്ന വാക്കുകൾ അവർ കേട്ടു.
അവരുടെ വിളക്കുകളിലെ എണ്ണയും അതിന്റെ അഭാവവും ഉപവിസ്നേഹത്തിന്റെ സാന്നിധ്യത്തെയും അഭാവത്തെയും സൂചിപ്പിക്കുന്നു. ഏതു ദിവസവും ഏതു സമയത്തും കർത്താവിനെ കണ്ടുമുട്ടാൻ നാം ഒരുങ്ങിയിരിക്കണമെങ്കിൽ, നമ്മുടെ ജീവിതത്തിൽ ഉപവിസ്നേഹം ഉണ്ടായിരിക്കണം. സ്നേഹത്തിന്റെ ഒരു ആവേശമോ വികാരമോ മാത്രമല്ല ഉപവിസ്നേഹം; അതിനേക്കാൾ ഏറെ ആഴമുള്ള ഒന്നാണത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ മറ്റുള്ളവരെ സ്നേഹിക്കാനുള്ള സമൂലമായ സമർപ്പണമാണത്. മറ്റുള്ളവർക്ക് മുൻഗണന നൽകാനും, യേശു നമ്മോടു നൽകാൻ ആവശ്യപ്പെടുന്നതെല്ലാം അവർക്കു നൽകാനും നാം തീരുമാനിക്കുമ്പോൾ, അനുദിനം നമ്മിൽ രൂപപ്പെടുന്ന ഒരു ശീലമാണത്. അതൊരു ചെറിയ ത്യാഗമോ വീരോചിതമായ ഒരു ക്ഷമാപ്രവൃത്തിയോ ആകാം. എന്തുതന്നെയായാലും, നമ്മുടെ കർത്താവിനെ കണ്ടുമുട്ടാൻ സന്നദ്ധരായിരിക്കണമെങ്കിൽ നമുക്ക് ഉപവിസ്നേഹം ആവശ്യമാണ്.
നിങ്ങൾ സ്നേഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന, നിങ്ങളുടെ ജീവിതത്തിലുള്ള വ്യക്തികളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. എത്ര നന്നായി നിങ്ങൾ അവരെ സ്നേഹിക്കുന്നു? നിങ്ങളുടെ സമർപ്പണം എത്രത്തോളം പൂർണ്ണമാണ്? അതിനായി എത്രത്തോളം മുന്നോട്ടുപോകാൻ നിങ്ങൾ സന്നദ്ധരാണ്? ഈ ദാനത്തിന്റെ കാര്യത്തിൽ നിങ്ങൾക്കുള്ള കുറവുകളെക്കുറിച്ച് എന്തു മനസ്സിൽ വന്നാലും അതു ശ്രദ്ധിക്കുക. ഏതു സമയത്തും കർത്താവിനെ കണ്ടുമുട്ടാൻ സന്നദ്ധതയുള്ള വിവേകമതികളിൽ ഒരാളായി നിങ്ങളും തീരേണ്ടതിന്, അവിടുത്തെ കൃപയ്ക്കായി കർത്താവിനോടു യാചിക്കുക.
കർത്താവേ, എന്റെ ജീവിതത്തിൽ ഉപവിസ്നേഹമെന്ന അതിസ്വാഭാവിക ദാനത്തിനായി ഞാൻ പ്രാർഥിക്കുന്നു. മറ്റുള്ളവരോടുള്ള സ്നേഹത്താൽ എന്നെ നിറയ്ക്കുകയും ഈ സ്നേഹം അത്യുദാരമായി പങ്കുവയ്ക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ഒന്നും എനിക്കായി പിടിച്ചുവയ്ക്കാതിരിക്കാനും, അങ്ങനെ അങ്ങ് എന്നെ സ്വഭവനത്തിലേക്കു വിളിക്കുമ്പോഴെല്ലാം അങ്ങയെ കണ്ടുമുട്ടാൻ പൂർണ്ണമായി ഒരുങ്ങിയിരിക്കാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: പത്തു കന്യകമാരുടെ ഉപമ (ഒരു ഭാഗം), ഫോബി അന്ന ട്രാക്വയറിന്റെ രചന




