മലയാളം

യേശു രാജാവാണ്

നവംബർ 12, 2020
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ജോസഫാത്ത്—അനുസ്മരണം

ദൈവരാജ്യം എപ്പോൾ വരുമെന്ന് ഫരിസേയർ ചോദിച്ചപ്പോൾ യേശു മറുപടി പറഞ്ഞു: “ദൈവരാജ്യത്തിന്റെ വരവ് നിരീക്ഷിച്ചറിയാൻ കഴിയില്ല. ‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആരും പറയുകയുമില്ല. എന്തെന്നാൽ, ഇതാ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്.”  ലൂക്കാ 17:20-21

ദൈവരാജ്യം നിങ്ങളുടെ ഇടയിലുണ്ട്!  അതിന്റെ അർഥമെന്താണ്?  ദൈവരാജ്യം എവിടെയാണ്? അത് എങ്ങനെയാണ് നമ്മുടെ ഇടയിലായിരിക്കുന്നത്?

ദൈവരാജ്യത്തെക്കുറിച്ച് രണ്ടു വിധത്തിൽ സംസാരിക്കാം.  കാലത്തിന്റെ അന്ത്യത്തിൽ, ക്രിസ്തുവിന്റെ അന്തിമാഗമനത്തിൽ, അവിടുത്തെ രാജ്യം ശാശ്വതവും എല്ലാവർക്കും ദൃശ്യവുമായിരിക്കും.  അവിടുന്ന് എല്ലാ പാപത്തെയും തിന്മയെയും നശിപ്പിക്കും; എല്ലാം നവീകരിക്കപ്പെടും.  അവിടുന്ന് നിത്യമായി വാഴും; ഉപവി എല്ലാ മനസ്സുകളെയും ഹൃദയങ്ങളെയും ഭരിക്കും.  വലിയ പ്രത്യാശയോടെ കാത്തിരിക്കാൻ എത്ര ആനന്ദകരമായ ദാനം!

എന്നാൽ ഈ വചനഭാഗം പ്രത്യേകമായി സൂചിപ്പിക്കുന്നത് ഇപ്പോൾത്തന്നെ നമ്മുടെ മധ്യേയുള്ള ദൈവരാജ്യത്തെയാണ്.  എന്താണ് ആ രാജ്യം?  കൃപയാൽ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുകയും ഓരോ ദിവസവും എണ്ണമറ്റ വിധങ്ങളിൽ നമുക്കു സന്നിഹിതമാവുകയും ചെയ്യുന്ന രാജ്യമാണത്.

ഒന്നാമതായി, നമ്മുടെ ഹൃദയങ്ങളിൽ വാഴാനും നമ്മുടെ ജീവിതത്തെ ഭരിക്കാനും യേശു ആഗ്രഹിക്കുന്നു.  പ്രധാന ചോദ്യം ഇതാണ്: എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഞാൻ അവിടുത്തെ അനുവദിക്കുന്നുണ്ടോ?  ഏകാധിപത്യപരമായി തന്റെ ഭരണം അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള രാജാവല്ല അവിടുന്ന്.  തന്റെ അധികാരം പ്രയോഗിച്ച് നാം അനുസരിക്കണമെന്ന് അവിടുന്ന് നിർബന്ധിക്കുന്നില്ല.  തീർച്ചയായും, അവസാനം യേശു മടങ്ങിവരുമ്പോൾ അത് സംഭവിക്കും; എന്നാൽ ഇപ്പോൾ അവിടുത്തെ ക്ഷണം ഒരു ക്ഷണം മാത്രമാണ്.  നമ്മുടെ ജീവിതത്തിന്റെ രാജാധികാരം അവിടുത്തെ ഏൽപ്പിക്കാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു.  പൂർണനിയന്ത്രണം ഏറ്റെടുക്കാൻ അവിടുത്തെ അനുവദിക്കണമെന്ന് അവിടുന്ന് നമ്മെ ക്ഷണിക്കുന്നു.  നാം അങ്ങനെ ചെയ്താൽ, അവിടുന്ന് നമുക്കു കൽപനകൾ നൽകും; അവ സ്നേഹത്തിന്റെ കൽപനകളാണ്.  സത്യത്തിലേക്കും സൗന്ദര്യത്തിലേക്കും നമ്മെ ആകർഷിക്കുന്ന കൽപനകളാണവ.  അവ നമുക്ക് ഉണർവേകുകയും നമ്മെ നവീകരിക്കുകയും ചെയ്യുന്നു.

രണ്ടാമതായി, യേശുവിന്റെ സാന്നിധ്യം നമുക്കു ചുറ്റുമുണ്ട്.  ഉപവി സന്നിഹിതമാകുമ്പോഴെല്ലാം അവിടുത്തെ രാജ്യവും സന്നിഹിതമാണ്.  കൃപ പ്രവർത്തിക്കുമ്പോഴെല്ലാം അവിടുത്തെ രാജ്യവും സന്നിഹിതമാണ്.  ഈ ലോകത്തിലെ തിന്മകളാൽ തളർന്നുപോകാനും ദൈവസാന്നിധ്യം കാണാതെ പോകാനും നമുക്ക് വളരെ എളുപ്പമാണ്.  നമുക്കു ചുറ്റും എണ്ണമറ്റ വിധങ്ങളിൽ ദൈവം സജീവമാണ്.  ഈ സാന്നിധ്യം കാണാനും അതിൽനിന്ന് പ്രചോദനം സ്വീകരിക്കാനും അതിനെ സ്നേഹിക്കാനും നാം എപ്പോഴും പരിശ്രമിക്കണം.

നിങ്ങളുടെ ഇടയിലുള്ള ദൈവരാജ്യത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  നിങ്ങളുടെ ഹൃദയത്തിൽ അത് കാണുന്നുണ്ടോ?  നിങ്ങളുടെ ജീവിതത്തെ ഭരിക്കാൻ നിങ്ങൾ ദിവസവും യേശുവിനെ ക്ഷണിക്കുന്നുണ്ടോ?  അവിടുത്തെ നിങ്ങളുടെ കർത്താവായി അംഗീകരിക്കുന്നുണ്ടോ?  നിങ്ങളുടെ ദൈനംദിന സാഹചര്യങ്ങളിലൂടെയോ മറ്റുള്ളവരിലൂടെയോ അനുദിന ജീവിതാവസ്ഥകളിലൂടെയോ അവിടുന്ന് നിങ്ങളുടെ അടുക്കലേക്കു വരുന്ന വഴികൾ നിങ്ങൾ കാണുന്നുണ്ടോ?  നിരന്തരം അവിടുത്തെ അന്വേഷിക്കുക; ഇത് നിങ്ങളുടെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കും.

കർത്താവേ, എന്റെ ഹൃദയത്തിൽ വന്നു വാഴാൻ ഇന്ന് ഞാൻ അങ്ങയെ ക്ഷണിക്കുന്നു.  എന്റെ ജീവിതത്തിന്റെ പൂർണനിയന്ത്രണം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു.  അങ്ങാണ് എന്റെ കർത്താവും എന്റെ രാജാവും.  ഞാൻ അങ്ങയെ സ്നേഹിക്കുന്നു; പൂർണവും പരിശുദ്ധവുമായ അങ്ങയുടെ തിരുഹിതത്തിന് അനുസൃതമായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ജോസഫാത്ത്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ജെയിംസ് ടിസ്സോ വരച്ച ‘ഫരിസേയർ യേശുവിനെ ചോദ്യം ചെയ്യുന്നു’


  Subscribe to our YouTube channel  
  to be notified about new content.