മലയാളം

തീക്ഷ്ണവും വിനീതവുമായ കൃതജ്ഞത

നവംബർ 11, 2020
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

ടൂർസിലെ വിശുദ്ധ മാർട്ടിൻ, മെത്രാൻ—ഓർമ്മ

അവരിൽ ഒരുവൻ തനിക്കു സൗഖ്യം ലഭിച്ചെന്നു മനസ്സിലാക്കിയപ്പോൾ, ഉച്ചസ്വരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് മടങ്ങിവന്നു; അവൻ യേശുവിന്റെ കാൽക്കൽ വീണ് നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു.  ലൂക്കാ 17:15-16

സമരിയായിലൂടെയും ഗലീലിയിലൂടെയും യാത്ര ചെയ്യുമ്പോൾ യേശു സൗഖ്യമാക്കിയ പത്തുപേരിൽ ഒരാളാണ് ഈ കുഷ്ഠരോഗി.  അവൻ യഹൂദനല്ല, ഒരു വിദേശിയായിരുന്നു. തനിക്കു ലഭിച്ച സൗഖ്യത്തിനു നന്ദി പറയാൻ യേശുവിന്റെ അടുക്കലേക്കു മടങ്ങിവന്നത് അവൻ മാത്രമായിരുന്നു.

സൗഖ്യം ലഭിച്ചപ്പോൾ ഈ സമരിയാക്കാരൻ രണ്ടു കാര്യങ്ങൾ ചെയ്തുവെന്നു ശ്രദ്ധിക്കുക.  ഒന്നാമതായി, അവൻ “ഉച്ചസ്വരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് മടങ്ങിവന്നു.”  സംഭവിച്ചതിന്റെ അർത്ഥവത്തായ ഒരു വിവരണമാണിത്.  നന്ദി പറയാൻ മാത്രമല്ല അവൻ മടങ്ങിവന്നത്; മറിച്ച്, അതീവ തീക്ഷ്ണതയോടെയാണ് അവൻ തന്റെ കൃതജ്ഞത പ്രകടിപ്പിച്ചത്.  ആത്മാർത്ഥവും അഗാധവുമായ കൃതജ്ഞതയോടെ ഈ കുഷ്ഠരോഗി ഉച്ചത്തിൽ ആർത്തുവിളിച്ച് ദൈവത്തെ സ്തുതിക്കുന്നത് ഒന്നു സങ്കൽപ്പിച്ചുനോക്കുക.

രണ്ടാമതായി, ഈ മനുഷ്യൻ “യേശുവിന്റെ കാൽക്കൽ വീണ് നന്ദി പറഞ്ഞു.”  ഈ സമരിയാക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഇതും നിസ്സാരമായ ഒരു പ്രവൃത്തിയല്ല.  യേശുവിന്റെ കാൽക്കൽ വീണത് അവന്റെ തീവ്രമായ കൃതജ്ഞതയുടെ മറ്റൊരു അടയാളമാണ്.  അവൻ ആഹ്ലാദഭരിതനായി എന്നു മാത്രമല്ല, ഈ സൗഖ്യം അവനെ ആഴമായ വിനയത്തിലേക്കും നയിച്ചു.  യേശുവിന്റെ കാൽക്കൽ വിനയത്തോടെ വീഴുന്ന പ്രവൃത്തിയിൽ ഇതു കാണാം.  സൗഖ്യം നൽകുന്ന ഈ പ്രവൃത്തിക്കു താൻ അയോഗ്യനാണെന്ന് ഈ കുഷ്ഠരോഗി ദൈവസന്നിധിയിൽ വിനയത്തോടെ തിരിച്ചറിഞ്ഞുവെന്ന് ഇതു കാണിക്കുന്നു.  വെറും കൃതജ്ഞത മതിയാവില്ലെന്ന് അംഗീകരിക്കുന്ന മനോഹരമായ ഒരു പ്രവൃത്തിയാണിത്.  പകരം, അഗാധമായ കൃതജ്ഞത ആവശ്യമാണ്.  ദൈവത്തിന്റെ നന്മയോടുള്ള നമ്മുടെ പ്രതികരണം എപ്പോഴും അഗാധവും വിനീതവുമായ കൃതജ്ഞതയായിരിക്കണം.

ദൈവത്തിന്റെ നന്മയോടുള്ള നിങ്ങളുടെ സമീപനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക.  സൗഖ്യം ലഭിച്ച പത്തുപേരിൽ ഈ ഒരു കുഷ്ഠരോഗി മാത്രമാണ് ശരിയായ മനോഭാവം പ്രകടിപ്പിച്ചത്.  മറ്റുള്ളവർക്കും കൃതജ്ഞത ഉണ്ടായിരുന്നിരിക്കാം; എന്നാൽ വേണ്ടത്ര ഉണ്ടായിരുന്നില്ല.  നിങ്ങളുടെ കാര്യമോ?  ദൈവത്തോടുള്ള നിങ്ങളുടെ കൃതജ്ഞത എത്ര ആഴമുള്ളതാണ്?  ഓരോ ദിവസവും ദൈവം നിങ്ങൾക്കുവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങൾ പൂർണ്ണമായി ബോധവാനാണോ?  അല്ലെങ്കിൽ, ഈ കുഷ്ഠരോഗിയെ അനുകരിക്കാൻ ശ്രമിക്കുക; അവൻ കണ്ടെത്തിയ അതേ സന്തോഷം നിങ്ങളും കണ്ടെത്തും.

കർത്താവേ, ആഴമേറിയതും പൂർണ്ണവുമായ കൃതജ്ഞതയോടെ ഓരോ ദിവസവും ഞാൻ അങ്ങിലേക്കു തിരിയാൻ ഇടയാകണമേ എന്നു പ്രാർത്ഥിക്കുന്നു.  ഓരോ ദിവസവും അങ്ങ് എനിക്കുവേണ്ടി ചെയ്യുന്നതെല്ലാം കാണാനും പൂർണ്ണഹൃദയത്തോടെ നന്ദി പറഞ്ഞുകൊണ്ട് പ്രതികരിക്കാനും എനിക്കു കഴിയുമാറാകണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ടൂർസിലെ വിശുദ്ധ മാർട്ടിൻ, മെത്രാൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ശീർഷകം: ലൂക്കാ 17:11-19. പത്തു കുഷ്ഠരോഗികളെ ശുദ്ധീകരിച്ച യേശു, നന്ദി പറയാൻ ഒരുവൻ മാത്രം മടങ്ങിവരുന്നതും അവൻ ഒരു വിദേശിയായിരിക്കുന്നതും കണ്ട് ദുഃഖിക്കുന്നു — വില്യം ഹോൾ രചിച്ചത്,


  Subscribe to our YouTube channel  
  to be notified about new content.