മലയാളം

എളിമയുടെ മഹത്വം

ഡിസംബർ 6, 2020
ആഗമനകാലത്തിലെ രണ്ടാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

അവൻ ഇപ്രകാരം പ്രഘോഷിച്ചു: “എന്നെക്കാൾ ശക്തനായവൻ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വാറുകൾ അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.” മർക്കോസ് 1:7

ഭൂമിയിൽ ജീവിച്ചിട്ടുള്ള ഏറ്റവും മഹാന്മാരായ മനുഷ്യരിൽ ഒരാളായാണ് ഈശോ സ്നാപക യോഹന്നാനെ കണക്കാക്കിയത് (മത്തായി 11:11 കാണുക). എന്നിട്ടും, ഈശോയുടെ ചെരിപ്പിന്റെ “വാറുകൾ കുനിഞ്ഞ് അഴിക്കാൻ” പോലും താൻ യോഗ്യനല്ലെന്ന് മുകളിലെ ഭാഗത്ത് യോഹന്നാൻ വ്യക്തമായി പറയുന്നു. എളിമയുടെ പരമാവധിയാണിത്!

വിശുദ്ധ സ്നാപക യോഹന്നാനെ ഇത്ര മഹാനാക്കിയത് എന്താണ്? അദ്ദേഹത്തിന്റെ ശക്തമായ പ്രസംഗമായിരുന്നോ? ഊർജസ്വലവും ആകർഷകവുമായ വ്യക്തിത്വമായിരുന്നോ? വാക്ചാതുരിയായിരുന്നോ? സുന്ദരമായ രൂപമായിരുന്നോ? അനേകം അനുയായികളായിരുന്നോ? തീർച്ചയായും ഇവയൊന്നുമല്ല. എല്ലാവരെയും ഈശോയിലേക്കു നയിക്കുന്നതിൽ അദ്ദേഹം പുലർത്തിയ എളിമയാണ് യോഹന്നാനെ യഥാർഥത്തിൽ മഹാനാക്കിയത്.

മനുഷ്യൻ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്ന് അഹങ്കാരത്തിനെതിരെയുള്ളതാണ്. മറ്റുള്ളവരുടെ ശ്രദ്ധ നമ്മിലേക്കു തിരിക്കാൻ നമുക്കു തോന്നാറുണ്ട്. തങ്ങൾ എത്ര നല്ലവരാണെന്നും തങ്ങളുടെ നിലപാട് എന്തുകൊണ്ട് ശരിയാണെന്നും മറ്റുള്ളവരോടു പറയാനുള്ള പ്രവണതയുമായി മിക്ക ആളുകളും മല്ലിടുന്നു. ശ്രദ്ധയും അംഗീകാരവും പ്രശംസയും നാം ആഗ്രഹിക്കുന്നു. നാം പലപ്പോഴും ഈ പ്രവണതയുമായി മല്ലിടുന്നത്, സ്വയം ഉയർത്തിക്കാട്ടുമ്പോൾ നാം പ്രധാനപ്പെട്ടവരാണെന്ന തോന്നൽ ഉണ്ടാകുന്നതുകൊണ്ടാണ്. അത്തരമൊരു “തോന്നൽ” ഒരു പരിധിവരെ സുഖകരവുമാണ്. എന്നാൽ നമുക്കുണ്ടാകാവുന്ന ഏറ്റവും ശ്രേഷ്ഠമായ ഗുണങ്ങളിലൊന്നാണ് എളിമയെന്നും, ജീവിതത്തിലെ മഹത്വത്തിന്റെ ഉറവിടങ്ങളിൽ മറ്റെല്ലാറ്റിനെയുംകാൾ ഉന്നതമായത് അതാണെന്നും തിരിച്ചറിയാൻ നമ്മുടെ പതിതമായ മനുഷ്യസ്വഭാവത്തിനു പലപ്പോഴും കഴിയുന്നില്ല.

മുകളിലെ ഭാഗത്ത് സ്നാപക യോഹന്നാന്റെ ഈ വാക്കുകളിലും പ്രവൃത്തികളിലും എളിമ വ്യക്തമായി കാണാം. ഈശോ ആരാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം ഈശോയെ ചൂണ്ടിക്കാട്ടുകയും തന്റെ അനുയായികളുടെ ദൃഷ്ടി തന്നിൽനിന്നു തന്റെ കർത്താവിലേക്കു തിരിക്കുകയും ചെയ്തു. മറ്റുള്ളവരെ ക്രിസ്തുവിലേക്കു നയിക്കുന്ന ഈ പ്രവൃത്തിക്കു രണ്ടാമതൊരു ഫലവുമുണ്ട്: സ്വയംകേന്ദ്രീകൃതമായ അഹങ്കാരത്തിന് ഒരിക്കലും കൈവരിക്കാനാവാത്ത മഹത്വത്തിലേക്ക് അത് അദ്ദേഹത്തെ ഉയർത്തുന്നു.

ലോകരക്ഷകനെ മറ്റുള്ളവർക്കു ചൂണ്ടിക്കാട്ടുന്നതിനെക്കാൾ മഹത്തായ പ്രവൃത്തി എന്താണുള്ളത്? ഈശോമിശിഹായെ തങ്ങളുടെ കർത്താവും രക്ഷകനുമായി അറിയുന്നതിലൂടെ ജീവിതലക്ഷ്യം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിനെക്കാൾ മഹത്തായ കാര്യം എന്താണുള്ളത്? കരുണയുടെ ഏകദൈവത്തിനു നിസ്വാർഥമായി സ്വയം സമർപ്പിച്ചു ജീവിക്കാൻ മറ്റുള്ളവരെ ആഹ്വാനം ചെയ്യുന്നതിനെക്കാൾ മഹത്തായ കാര്യം എന്താണുള്ളത്? നമ്മുടെ പതിതമായ മനുഷ്യസ്വഭാവത്തിന്റെ സ്വാർഥമായ നുണകളെക്കാൾ സത്യത്തെ ഉയർത്തിപ്പിടിക്കുന്നതിനെക്കാൾ മഹത്തായ കാര്യം എന്താണുള്ളത്?

സ്നാപക യോഹന്നാന്റെ എളിമ അനുകരിക്കാനുള്ള നിങ്ങളുടെ ജീവിതവിളിയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിനു യഥാർഥ മൂല്യവും അർഥവും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കു ചുറ്റുമുള്ളവരുടെ ദൃഷ്ടിയിൽ ലോകരക്ഷകനെ കഴിയുന്നത്ര മഹത്വപ്പെടുത്താൻ നിങ്ങളുടെ ജീവിതം വിനിയോഗിക്കുക. മറ്റുള്ളവരെ ഈശോയിലേക്കു നയിക്കുക, ഈശോയെ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുക, അവിടുത്തെ മുമ്പിൽ നിങ്ങളെത്തന്നെ താഴ്ത്തുക. എളിമയുടെ ഈ പ്രവൃത്തിയിൽ നിങ്ങളുടെ യഥാർഥ മഹത്വം വെളിപ്പെടുകയും ജീവിതത്തിന്റെ മുഖ്യലക്ഷ്യം നിങ്ങൾ കണ്ടെത്തുകയും ചെയ്യും.

മഹത്വപൂർണനായ എന്റെ കർത്താവേ, അങ്ങ്, അങ്ങു മാത്രമാണ് ലോകരക്ഷകൻ. അങ്ങ്, അങ്ങു മാത്രമാണ് ദൈവം. അനേകർ അങ്ങയെ തങ്ങളുടെ യഥാർഥ കർത്താവും ദൈവവുമായി അറിയേണ്ടതിന്, മറ്റുള്ളവരെ അങ്ങയിലേക്കു നയിക്കാൻ എന്റെ ജീവിതം സമർപ്പിക്കുവാനുള്ള എളിമയുടെ ജ്ഞാനം എനിക്കു നൽകണമേ. എന്റെ കർത്താവേ, ഞാൻ അങ്ങേക്കു യോഗ്യനല്ല. എന്നിട്ടും അങ്ങയുടെ കരുണയാൽ അങ്ങ് എന്നെ ഉപകരണമാക്കുന്നു. ഞാൻ അങ്ങേക്കു നന്ദി പറയുകയും അങ്ങയുടെ വിശുദ്ധനാമം പ്രഘോഷിക്കാൻ എന്റെ ജീവിതം സമർപ്പിക്കുകയും ചെയ്യുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

അമലോത്ഭവ നൊവേന
നവംബർ 29-ഡിസംബർ 7

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ നിക്കോളാസ്, മെത്രാൻ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: മരുഭൂമിയിലെ വിശുദ്ധ സ്നാപക യോഹന്നാൻ — ചിത്രകാരൻ: ടിഷ്യൻ


ആഗമനകാലത്തെയും ക്രിസ്മസ് കാലത്തെയും വിചിന്തനങ്ങൾ

പേപ്പർബാക്ക് പതിപ്പ് & ഇലക്ട്രോണിക് പുസ്തകം

Amazon.com – Google Play – iTunes – Barnes and Noble