മലയാളം

അപ്രതീക്ഷിത ശുശ്രൂഷ

2021 ഫെബ്രുവരി 6
ആണ്ടുവട്ടക്കാലം നാലാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

രക്തസാക്ഷികളായ വിശുദ്ധ പൗലോസ് മിക്കിയുടെയും സഹചാരികളുടെയും ഓർമ്മ

“നിങ്ങൾ തനിയെ ഒരു വിജനസ്ഥലത്തേക്കു വന്ന് അൽപനേരം വിശ്രമിക്കുവിൻ.”  മർക്കോസ് 6:34

നാട്ടിൻപുറങ്ങളിൽ ചുറ്റിനടന്ന് സുവിശേഷം പ്രസംഗിച്ചശേഷം പന്ത്രണ്ടുപേർ മടങ്ങിയെത്തിയതേയുള്ളൂ. അവർ ക്ഷീണിതരായിരുന്നു. യേശു അനുകമ്പയോടെ അവരെ തന്നോടൊപ്പം അൽപനേരം വിശ്രമിക്കാൻ മാറിപ്പോകുവാൻ ക്ഷണിക്കുന്നു. അങ്ങനെ അവർ ഒരു വിജനസ്ഥലത്തേക്കു പോകാൻ വഞ്ചിയിൽ കയറുന്നു. എന്നാൽ ജനങ്ങൾ ഇതറിഞ്ഞപ്പോൾ, അവരുടെ വഞ്ചി ലക്ഷ്യമാക്കിയ സ്ഥലത്തേക്ക് കാൽനടയായി തിടുക്കത്തിൽ പോകുന്നു. അതിനാൽ വഞ്ചി എത്തുമ്പോൾ ഒരു ജനക്കൂട്ടം അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

തീർച്ചയായും, യേശു അസ്വസ്ഥനാകുന്നില്ല. തന്നോടും പന്ത്രണ്ടുപേരോടും ഒപ്പമായിരിക്കാനുള്ള ജനങ്ങളുടെ തീവ്രമായ ആഗ്രഹം അവനെ നിരുത്സാഹപ്പെടുത്തുന്നില്ല. പകരം, യേശു അവരെ കണ്ടപ്പോൾ “അവന്റെ ഹൃദയം അനുകമ്പയാൽ നിറഞ്ഞു” എന്നും അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി എന്നും സുവിശേഷം വിവരിക്കുന്നു.

നമ്മുടെ ജീവിതത്തിലും, മറ്റുള്ളവരെ നന്നായി സേവിച്ചശേഷം വിശ്രമിക്കാൻ ആഗ്രഹിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. യേശുപോലും തനിക്കും തന്റെ അപ്പസ്തോലന്മാർക്കും ഇത് ആഗ്രഹിച്ചു. എന്നാൽ തന്റെ വിശ്രമത്തെ “തടസ്സപ്പെടുത്താൻ” യേശു അനുവദിച്ച ഒരേയൊരു കാര്യം, തന്നോടൊപ്പമായിരിക്കാനും തന്റെ പ്രസംഗത്തിലൂടെ ആത്മീയപോഷണം നേടാനുമുള്ള ജനങ്ങളുടെ വ്യക്തമായ ആഗ്രഹമായിരുന്നു. നമ്മുടെ കർത്താവിന്റെ ഈ മാതൃകയിൽനിന്ന് നമുക്കു ധാരാളം പഠിക്കാനുണ്ട്.

ഉദാഹരണത്തിന്, ഒരു പിതാവോ മാതാവോ അൽപനേരം തനിച്ചിരിക്കാനാഗ്രഹിക്കുമ്പോൾത്തന്നെ, അവരുടെ ശ്രദ്ധ ആവശ്യമായ കുടുംബകാര്യങ്ങൾ ഉയർന്നുവരുന്ന സന്ദർഭങ്ങൾ പലതുണ്ട്. വൈദികർക്കും സന്ന്യസ്തർക്കും അവരുടെ ശുശ്രൂഷയിൽനിന്ന് അപ്രതീക്ഷിതമായ ചുമതലകൾ ഉണ്ടാകാം; ആദ്യമൊക്കെ അവ തങ്ങളുടെ പദ്ധതികളെ തടസ്സപ്പെടുത്തുന്നതായി തോന്നിയേക്കാം. ജീവിതത്തിലെ ഏതു വിളിയുടെയും സാഹചര്യത്തിന്റെയും കാര്യത്തിൽ ഇതുതന്നെ പറയാം. നമുക്ക് ഒരു കാര്യമാണ് ആവശ്യമെന്ന് നാം കരുതിയേക്കാം. എന്നാൽ കടമ നമ്മെ വിളിക്കുമ്പോൾ, മറ്റൊരു വിധത്തിലാണ് നമ്മുടെ സേവനം ആവശ്യമെന്ന് നാം തിരിച്ചറിയുന്നു.

നമ്മുടെ കുടുംബങ്ങളിലോ സഭയിലോ സമൂഹങ്ങളിലോ സുഹൃത്തുക്കൾക്കിടയിലോ ആകട്ടെ, ക്രിസ്തുവിന്റെ അപ്പസ്തോലിക ദൗത്യത്തിൽ പങ്കുചേരുന്നതിനുള്ള ഒരു പ്രധാന വഴി, നമ്മുടെ സമയവും ഊർജവും ഉദാരമായി നൽകാൻ സന്നദ്ധരും മനസ്സുള്ളവരുമായിരിക്കുക എന്നതാണ്. ചിലപ്പോൾ വിവേകം വിശ്രമത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുമെന്നതു സത്യമാണ്. എന്നാൽ മറ്റു ചിലപ്പോൾ, നമ്മുടെ വിശ്രമത്തിനും ഉന്മേഷം വീണ്ടെടുക്കുന്നതിനുമുള്ള ന്യായമായ ആവശ്യമായി നാം കരുതുന്നതിനേക്കാൾ പ്രാധാന്യം പരസ്നേഹത്തിന്റെ വിളിക്കായിരിക്കും. യഥാർഥ പരസ്നേഹം നമ്മിൽനിന്ന് ആവശ്യപ്പെടുമ്പോൾ, നമ്മുടെ സമയം ഉദാരമായി നൽകാൻ വേണ്ട കൃപ നമ്മുടെ കർത്താവ് നൽകുന്നതായി നാം എപ്പോഴും കണ്ടെത്തും. പലപ്പോഴും അത്തരം നിമിഷങ്ങളിലാണ് മറ്റുള്ളവരിൽ യഥാർഥ പരിവർത്തനം വരുത്തുന്ന വിധങ്ങളിൽ നമ്മെ ഉപയോഗിക്കാൻ നമ്മുടെ കർത്താവ് തിരഞ്ഞെടുക്കുന്നത്.

നിങ്ങളുടെ ചുറ്റുമുള്ളവരുടെ യഥാർഥ ആവശ്യങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഇന്ന് നിങ്ങളുടെ സമയവും ശ്രദ്ധയും ലഭിച്ചാൽ വളരെയധികം പ്രയോജനം ലഭിക്കുന്നവർ ഉണ്ടോ? നിങ്ങളുടെ പദ്ധതികൾ മാറ്റിവയ്ക്കാനും പ്രയാസകരമായ രീതിയിൽ നിങ്ങളെത്തന്നെ സമർപ്പിക്കാനും ആവശ്യപ്പെടുന്ന ആവശ്യങ്ങൾ മറ്റുള്ളവർക്കുണ്ടോ? മറ്റുള്ളവർക്കായി നിങ്ങളെത്തന്നെ ഉദാരമായി നൽകാൻ മടിക്കരുത്. വാസ്തവത്തിൽ, ഈ രീതിയിലുള്ള പരസ്നേഹം നാം സേവിക്കുന്നവരിൽ പരിവർത്തനം വരുത്തുക മാത്രമല്ല, പലപ്പോഴും നമുക്കുതന്നെ ഏറ്റവും വിശ്രമവും നവോന്മേഷവും നൽകുന്ന പ്രവൃത്തികളിലൊന്നുകൂടിയാണ്.

എന്റെ ഉദാരനായ കർത്താവേ, അങ്ങ് ഒന്നും മാറ്റിവയ്ക്കാതെ അങ്ങയെത്തന്നെ നൽകി. ജനങ്ങൾ തങ്ങളുടെ ആവശ്യങ്ങളിൽ അങ്ങയുടെ അടുക്കൽ വന്നു; സ്നേഹത്തോടെ അവരെ സേവിക്കാൻ അങ്ങ് മടിച്ചില്ല. അങ്ങയുടെ ഉദാരത അനുകരിക്കുന്ന ഒരു ഹൃദയം എനിക്കു നൽകണമേ. ഞാൻ വിളിക്കപ്പെട്ടിരിക്കുന്ന പരസ്നേഹപ്രവൃത്തിയോട് എപ്പോഴും “അതെ” എന്നു പറയാൻ എന്നെ സഹായിക്കണമേ. മറ്റുള്ളവരെ സേവിക്കുന്നതിൽ, പ്രത്യേകിച്ച് ജീവിതത്തിലെ ആസൂത്രണം ചെയ്യാത്തതും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ, വലിയ സന്തോഷം കണ്ടെത്താൻ ഞാൻ പഠിക്കുമാറാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ –  രക്തസാക്ഷികളായ വിശുദ്ധ പൗലോസ് മിക്കിയും സഹചാരികളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ഗെത്‌സെമനി തോട്ടത്തിൽ ക്രിസ്തുവും ശിഷ്യന്മാരും — റെംബ്രാന്റിന്റെ രചന