2021 ഫെബ്രുവരി 17, ബുധനാഴ്ച

വീഡിയോ പതിപ്പ്
എന്നാൽ നീ പ്രാർഥിക്കുമ്പോൾ നിന്റെ ഉള്ളറയിൽ പ്രവേശിച്ച് വാതിലടച്ച് രഹസ്യത്തിൽ നിന്റെ പിതാവിനോടു പ്രാർഥിക്കുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും. മത്തായി 6:6
യഥാർഥ പ്രാർഥനയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്, അത് നിങ്ങളുടെ ആത്മാവിന്റെ ഉള്ളറയുടെ ആഴങ്ങളിൽ നടക്കുന്നു എന്നതാണ്. നിങ്ങളുടെ അസ്തിത്വത്തിന്റെ ആന്തരിക ആഴങ്ങളിലാണ് നിങ്ങൾ ദൈവത്തെ കണ്ടുമുട്ടുക. നമ്മുടെ സഭയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ആധ്യാത്മിക എഴുത്തുകാരിൽ ഒരാളായ ആവിലായിലെ വിശുദ്ധ ത്രേസ്യ, ആത്മാവിനെ ദൈവം വസിക്കുന്ന ഒരു കോട്ടയായി വിശേഷിപ്പിക്കുന്നു. അവിടുത്തെ കണ്ടുമുട്ടാനും അവിടുത്തോടു പ്രാർഥിക്കാനും അവിടുത്തോടു ആത്മബന്ധത്തിലായിരിക്കാനും, നമ്മുടെ ആത്മാവാകുന്ന ഈ കോട്ടയുടെ ഏറ്റവും ആഴത്തിലുള്ള ഉള്ളറയിലേക്കു നാം പ്രവേശിക്കണം. ഏറ്റവും ഉള്ളിലുള്ള ആ വാസസ്ഥലത്താണ് ദൈവത്തിന്റെ മഹത്വവും സൗന്ദര്യവും പൂർണമായി കണ്ടെത്തുന്നത്.
ദൈവം സ്വർഗത്തിൽ, വളരെ ദൂരെ “അവിടെ എവിടെയോ” ഉള്ള ഒരു ദൈവം മാത്രമല്ല. നമുക്കു സങ്കൽപ്പിക്കാനാവുന്നതിലും ഏറെ അടുത്തും ആത്മബന്ധത്തോടെയും ആയിരിക്കുന്ന ദൈവമാണ് അവിടുന്ന്. നമ്മിൽ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ കണ്ടെത്തുന്നതിനായി, നമ്മുടെ ഉള്ളിലേക്കുള്ള ആ യാത്ര നടത്താൻ വർഷത്തിലെ മറ്റേതൊരു സമയത്തെക്കാളും നാം പരിശ്രമിക്കേണ്ട സമയമാണ് നോമ്പുകാലം.
ഈ നോമ്പുകാലത്ത് ദൈവം നിങ്ങളിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്? ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ഉപേക്ഷിക്കുക, അല്ലെങ്കിൽ ഒരു സത്പ്രവൃത്തി അധികമായി ചെയ്യുക എന്നിങ്ങനെ കൂടുതൽ ഉപരിപ്ലവമായ തീരുമാനങ്ങളോടെ നോമ്പുകാലം ആരംഭിക്കാൻ എളുപ്പമാണ്. ചിലർ ശാരീരികക്ഷമത മെച്ചപ്പെടുത്താനുള്ള സമയമായി നോമ്പുകാലത്തെ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നു; മറ്റു ചിലർ ആധ്യാത്മിക വായനയ്ക്കോ മറ്റു ഭക്താഭ്യാസങ്ങൾക്കോ കൂടുതൽ സമയം നീക്കിവയ്ക്കാൻ തീരുമാനിക്കുന്നു. ഇതെല്ലാം നല്ലതും പ്രയോജനകരവുമാണ്. എന്നാൽ ഈ നോമ്പുകാലത്ത് നിങ്ങൾ പ്രാർഥിക്കണമെന്നതാണ് നിങ്ങളെക്കുറിച്ചുള്ള നമ്മുടെ കർത്താവിന്റെ ഏറ്റവും ആഴമായ ആഗ്രഹമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.
തീർച്ചയായും, പ്രാർഥന എന്നത് പ്രാർഥനകൾ ചൊല്ലുന്നതിനെക്കാൾ ഏറെ വലുതാണ്. അത് ജപമാല ചൊല്ലുന്നതോ വിശുദ്ധ ലിഖിതം ധ്യാനിക്കുന്നതോ മനോഹരമായി രചിക്കപ്പെട്ട പ്രാർഥനകൾ ഉരുവിടുന്നതോ മാത്രമല്ല. ആത്യന്തികമായി, പ്രാർഥന ദൈവവുമായുള്ള ഒരു ബന്ധമാണ്. നിങ്ങളിൽ വസിക്കുന്ന ത്രിയേകദൈവവുമായുള്ള ഒരു കണ്ടുമുട്ടലാണത്. നിങ്ങൾക്കും നിങ്ങളുടെ പ്രിയതമനും ഇടയിലുള്ള സ്നേഹപ്രവൃത്തിയാണ് യഥാർഥ പ്രാർഥന. അത് വ്യക്തികൾ തമ്മിലുള്ള പരസ്പരദാനമാണ്: ദൈവത്തിന്റെ ജീവനു പകരമായി നിങ്ങളുടെ ജീവൻ. പ്രാർഥന ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ഒരു പ്രവൃത്തിയാണ്; അതിലൂടെ നാം ദൈവവുമായി ഒന്നായിത്തീരുകയും ദൈവം നമ്മോടു ഒന്നായിത്തീരുകയും ചെയ്യുന്നു.
പ്രാർഥനയ്ക്ക് പല തലങ്ങളുണ്ടെന്ന് മഹാന്മാരായ ദൈവാനുഭവികൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ജപമാലപോലുള്ള മനോഹരമായ പ്രാർഥനകൾ ചൊല്ലിക്കൊണ്ടാണ് നാം പലപ്പോഴും ആരംഭിക്കുന്നത്. അവിടെനിന്ന് നാം നമ്മുടെ കർത്താവിന്റെയും അവിടുത്തെ ജീവിതത്തിന്റെയും രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ചിന്തിക്കുകയും ആഴത്തിൽ വിചിന്തനം ചെയ്യുകയും ചെയ്യുന്നു. നാം അവിടുത്തെ കൂടുതൽ പൂർണമായി അറിയാൻ തുടങ്ങുന്നു. അങ്ങനെ, നാം ദൈവത്തെക്കുറിച്ചു ചിന്തിക്കുക മാത്രമല്ല, അവിടുത്തെ മുഖാമുഖം നോക്കിക്കാണുകയാണെന്ന് ക്രമേണ കണ്ടെത്തുന്നു.
നോമ്പിന്റെ ഈ വിശുദ്ധകാലം ആരംഭിക്കുമ്പോൾ, നിങ്ങളുടെ പ്രാർഥനാജീവിതത്തെക്കുറിച്ചു വിചിന്തനം ചെയ്യുക. ഇവിടെ അവതരിപ്പിച്ചിരിക്കുന്ന പ്രാർഥനയുടെ ചിത്രങ്ങൾ നിങ്ങളിൽ താത്പര്യം ഉണർത്തുന്നുവെങ്കിൽ, കൂടുതൽ കണ്ടെത്താൻ ഒരു തീരുമാനമെടുക്കുക. പ്രാർഥനയിൽ ദൈവത്തെ കണ്ടെത്താൻ സ്വയം സമർപ്പിക്കുക. പ്രാർഥനയിലൂടെ ദൈവം നിങ്ങളെ ആകർഷിക്കാൻ ആഗ്രഹിക്കുന്ന ആഴത്തിന് അതിരോ അവസാനമോ ഇല്ല. യഥാർഥ പ്രാർഥന ഒരിക്കലും വിരസമല്ല. യഥാർഥ പ്രാർഥന കണ്ടെത്തുമ്പോൾ, ദൈവത്തിന്റെ അനന്തമായ രഹസ്യമാണ് നിങ്ങൾ കണ്ടെത്തുന്നത്. ജീവിതത്തിൽ നിങ്ങൾക്കു സങ്കൽപ്പിക്കാനാവുന്ന എന്തിനെക്കാളും മഹിമയേറിയതാണ് ഈ കണ്ടെത്തൽ.
എന്റെ ദിവ്യനാഥാ, ഈ നോമ്പുകാലത്ത് ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയെ കൂടുതൽ അറിയുവാൻ എന്നെ എന്റെ ഉള്ളിലേക്കു നയിക്കണമേ. എന്റെ ഉള്ളിന്റെ ആഴങ്ങളിൽ വസിച്ചുകൊണ്ട് അങ്ങയുടെ അടുക്കലേക്ക് എന്നെ വിളിക്കുന്ന അങ്ങയുടെ ദിവ്യസാന്നിധ്യം എനിക്കു വെളിപ്പെടുത്തണമേ. പ്രിയനാഥാ, യഥാർഥ പ്രാർഥനയെന്ന ദാനം കണ്ടെത്തുന്നതിലൂടെ എന്റെ സ്നേഹവും ഭക്തിയും ശക്തിപ്പെടുത്തുമ്പോൾ, ഈ നോമ്പുകാലം മഹിമാപൂർണമാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ: ആമുഖം
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
കൂടുതൽ വായനയ്ക്ക് – വിഭൂതി ബുധൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ക്രൂശിതരൂപത്തിനു മുന്നിൽ ആവിലായിലെ വിശുദ്ധ ത്രേസ്യ





