മലയാളം

ക്രിസ്തുവിനോടുള്ള ദൃഢമായ ബന്ധം

2021 മേയ് 5
ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണ്. എന്നിലും ഞാൻ അവനിലും വസിക്കുന്നവൻ ധാരാളം ഫലം പുറപ്പെടുവിക്കും. എന്തെന്നാൽ, എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. യോഹന്നാൻ 15:5

ഈ വചനഭാഗത്തിൽ ആദ്യം തിരിച്ചറിയേണ്ട വിസ്മയകരമായ കാര്യം, നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉളവാക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന ലളിതമായ വസ്തുതയാണ്. നിങ്ങളിലൂടെ തന്റെ കൃപയും കരുണയും ലോകത്തിലേക്ക് കൊണ്ടുവരാനും അവിടുന്ന് ആഗ്രഹിക്കുന്നു. മുന്തിരിവള്ളി തനിച്ചല്ല ഫലം പുറപ്പെടുവിക്കുന്നത്; ശാഖകളിലൂടെയാണ് അതു ചെയ്യുന്നത്. അതിനാൽ, ഈ പ്രബോധനത്തെ അതിന്റെ നേരായ അർഥത്തിൽ സ്വീകരിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിലേക്കും നിങ്ങളിലൂടെ ലോകത്തിലേക്കും തന്റെ കൃപയും കരുണയും കൊണ്ടുവരാൻ താൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് ദൈവം പറയുന്നത്.

നമുക്കെല്ലാവർക്കും നൽകപ്പെട്ടിരിക്കുന്ന ഈ വിശുദ്ധ ദൗത്യം കൂടുതൽ വ്യക്തമാക്കാൻ യേശു വളരെ ആഴമേറിയ ഒരു പ്രസ്താവന നടത്തുന്നു. “എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” എന്ന് അവിടുന്ന് പറയുന്നു. നമ്മുടെ കർത്താവ് അരുളിച്ചെയ്ത ഈ വാക്കുകൾ പരിചിന്തിക്കുമ്പോൾ, “ഒന്നും” എന്ന വാക്കിന്റെ അർഥത്തെക്കുറിച്ച് ധ്യാനിക്കുന്നത് ഉപകാരപ്രദമായിരിക്കും. നമുക്ക് സ്വയം, സ്വന്തം പരിശ്രമത്താൽ, “അല്പം” പോലും നല്ല ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല എന്ന വസ്തുത ഊന്നിപ്പറയാനാണ് യേശു “നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” എന്നു കൂട്ടിച്ചേർത്തതെന്ന് വിശുദ്ധ അഗസ്തീനോസ് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, അത് ഒരു ആപ്പിൾമരത്തിൽനിന്ന് ഒരു ചെറുകൊമ്പ് മുറിച്ചെടുത്തിട്ട്, ആ കൊമ്പ് ഒരു ആപ്പിൾ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതുപോലെയായിരിക്കും.

ദൈവം ഉളവാക്കാൻ ആഗ്രഹിക്കുന്ന ഫലം പരിശുദ്ധാത്മാവിന്റെ ഫലങ്ങളുടെ രൂപത്തിൽ നിങ്ങളുടെ ആത്മാവിനുള്ളിലും ഉണ്ടാകുന്നു. സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ് ഈ ഫലങ്ങൾ (ഗലാത്തിയർ 5:22–23 കാണുക). ദൈവത്തിൽനിന്നുള്ള ഈ ദാനങ്ങൾ ഓരോന്നും, നമ്മുടെ ലോകത്തിൽ ദൈവത്തിന്റെതന്നെ പ്രതിച്ഛായയായി നിങ്ങളെ കൂടുതൽ പൂർണമായി രൂപാന്തരപ്പെടുത്തും. പരിശുദ്ധാത്മാവിന്റെ ഈ ഫലങ്ങൾ ഓരോന്നും പരിചിന്തിക്കാൻ അല്പസമയം മാറ്റിവയ്ക്കാൻ ശ്രമിക്കുക. ഓരോന്നും ഏറെ അഭിലഷണീയമാണ്. അവയ്ക്കായുള്ള ആഗ്രഹത്തിൽ വളരുന്നത്, നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിനായുള്ള ആഗ്രഹത്തിൽ വളരാൻ നിങ്ങളെ സഹായിക്കും.

മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്തെ അതിന്റെ രണ്ടു ഭാഗങ്ങളായി പരിചിന്തിക്കുമ്പോൾ, നാം ദൈവത്തിൽനിന്ന് അകന്നാൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നുപോലും അനുഭവിക്കുക അസാധ്യമാണെന്നും വ്യക്തമാകുന്നു. നമ്മുടെ ദൈവവുമായി ദൃഢമായ ബന്ധമില്ലെങ്കിൽ, നമുക്ക് സ്നേഹമോ സന്തോഷമോ ക്ഷമയോ ദയയോ തുടങ്ങിയവയൊന്നും ഉണ്ടാകുകയില്ല. ക്രിസ്തുതന്നെയായ മുന്തിരിവള്ളിയോട് നമ്മുടെ ജീവിതം ദൃഢമായി ചേർന്നുനിൽക്കുന്നില്ലെങ്കിൽ ഇവയൊന്നും സാധ്യമല്ല. അതിനാൽ, ഈ നല്ല ഫലങ്ങൾക്കായുള്ള നല്ല ആഗ്രഹവും അവ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വിശുദ്ധമായ ഭയവും വളർത്തുന്നത് ഉപകാരപ്രദമാണ്.

മുന്തിരിവള്ളിയെയും ശാഖകളെയും കുറിച്ച് യേശു നമുക്കു നൽകിയ മനോഹരവും അർഥസമ്പന്നവുമായ ഉപമയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഒരു മുന്തിരിവള്ളിയെ മനസ്സിൽ കാണുക; തുടർന്ന്, ആ മുന്തിരിവള്ളിയോട് ദൃഢമായി ചേർന്നുനിൽക്കുന്ന നിങ്ങളെത്തന്നെ സങ്കല്പിക്കുക. ആ ചിത്രം മനസ്സിൽ നിലനിർത്തി പ്രാർഥനാപൂർവം ഇരിക്കുക; നിങ്ങളോടു സംസാരിക്കാൻ ദൈവത്തെ അനുവദിക്കുക. നിങ്ങളിലും നിങ്ങളിലൂടെയും വലിയ കാര്യങ്ങൾ ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ പൂർണഹൃദയത്തോടെ അവിടുത്തെ മുറുകെപ്പിടിച്ചുനിന്നാൽ മാത്രം മതി, നല്ല ഫലങ്ങൾ സമൃദ്ധമായി ഉളവാകും.

മുന്തിരിവള്ളിയായ യേശുവേ, അങ്ങാണ് എല്ലാ നന്മയുടെയും ഉറവിടം; അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. എന്റെ ജീവിതത്തിൽ അങ്ങയെ എത്രയധികം ആവശ്യമാണെന്ന് എപ്പോഴും ഓർക്കാനും, എല്ലായ്‌പോഴും അങ്ങയെ മുറുകെപ്പിടിച്ചുനിൽക്കാനും എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലും എന്നിലൂടെ ലോകത്തിലും നല്ല ഫലങ്ങൾ സമൃദ്ധമായി ഉളവാക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.


ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: Pixabay-യിൽനിന്നുള്ള ദിമിത്രിസ് വെറ്റ്സികാസിന്റെ ചിത്രങ്ങൾ