മലയാളം

സത്യത്തിൽ പ്രതിഷ്ഠിക്കപ്പെട്ടവർ

(പല രൂപതകളിലും സ്വർഗാരോഹണ മഹോത്സവം ഇന്നാണ് ആഘോഷിക്കുന്നത്.  നിങ്ങളുടെ രൂപതയിൽ സ്വർഗാരോഹണം ഇന്ന് ആഘോഷിക്കുന്നുവെങ്കിൽ, കഴിഞ്ഞ വ്യാഴാഴ്ചത്തെ ധ്യാനചിന്ത കാണുക.)

മേയ് 16, 2021
ഉയിർപ്പുകാലത്തിലെ ഏഴാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

“അവരെ സത്യത്തിൽ പ്രതിഷ്ഠിക്കണമേ. അങ്ങയുടെ വചനമാണ് സത്യം. അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചു. അവരും സത്യത്തിൽ പ്രതിഷ്ഠിക്കപ്പെടേണ്ടതിന് ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു.” യോഹന്നാൻ 17:17–19 (വർഷം B)

എന്തിനെയെങ്കിലും അല്ലെങ്കിൽ ആരെയെങ്കിലും “പ്രതിഷ്ഠിക്കുക” എന്നതിന്റെ അർഥമെന്താണ്? പ്രതിഷ്ഠ എന്നത് നമ്മുടെ വിശ്വാസജീവിതത്തിൽ വളരെ പരിചിതമായ ഒരു പദമാണ്. അപ്പവും വീഞ്ഞും പ്രതിഷ്ഠിക്കപ്പെട്ട് നമ്മുടെ കർത്താവായ ഈശോയുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവുമായി മാറുന്നതിനെക്കുറിച്ച് നാം സംസാരിക്കുന്നു. കേവലം ഭൗമിക പദാർഥങ്ങളായ അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതിഷ്ഠ അവയെ ദൈവമായിത്തന്നെ രൂപാന്തരപ്പെടുത്തുന്നു. അതുകൊണ്ട്, “പ്രതിഷ്ഠ” എന്നത് ശക്തമായ ഒരു പദമാണ്.

ക്രിസ്തുവിന്റെ മണവാട്ടിമാരായി തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കാൻ സന്ന്യാസജീവിതത്തിലേക്കു ദൈവം വിളിച്ച സ്ത്രീകളെ പരാമർശിക്കുമ്പോഴും ഈ പദം പരിചിതമായി ഉപയോഗിക്കാറുണ്ട്. ജീവിതകാലം മുഴുവനുമുള്ള ആഘോഷപൂർവകമായ വ്രതങ്ങളിലൂടെ അവർ “പ്രതിഷ്ഠിത സന്ന്യാസിനികൾ” ആയിത്തീരുന്നു. അവർ സമർപ്പിക്കപ്പെട്ടവരാണ്; ലോകത്തിൽനിന്നു വേർതിരിക്കപ്പെട്ട് സവിശേഷമായ രീതിയിൽ ക്രിസ്തുവിനു സമർപ്പിക്കപ്പെട്ടവരാണ്.

അൽമായരിൽ പലരും നമ്മുടെ പരിശുദ്ധ അമ്മയ്ക്കോ തിരുഹൃദയത്തിനോ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക ഭക്താഭ്യാസത്തിലൂടെ നമ്മുടെ ദിവ്യനാഥനോ തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചവരാണ്. ഈ സന്ദർഭങ്ങളിലെല്ലാം “പ്രതിഷ്ഠിക്കുക” എന്നാൽ സമർപ്പിക്കുക, വേർതിരിച്ചുവയ്ക്കുക, വിശുദ്ധമാക്കുക എന്നാണർഥം. മുകളിൽ ഉപയോഗിച്ചിരിക്കുന്ന “പ്രതിഷ്ഠിക്കുക” എന്ന പദത്തിന്റെ മറ്റൊരു പരിഭാഷയാണ് “വിശുദ്ധീകരിക്കുക” എന്നത്.

“അവരെ സത്യത്തിൽ വിശുദ്ധീകരിക്കണമേ” എന്നാൽ സത്യത്താൽ അവരെ വിശുദ്ധരാക്കണമേ എന്നാണർഥം. മുകളിൽ ഉദ്ധരിച്ച ഭാഗത്തിലെ ഈശോയുടെ പ്രാർഥന ഇതാണ്. ഈശോയുടെ മനോഹരമായ മഹാപുരോഹിത പ്രാർഥനയിൽനിന്നുള്ളതാണ് ഈ വാക്യം. അതിൽ അവിടുന്ന് തന്റെ ശിഷ്യന്മാർക്കും പിന്നീട് തന്റെ ശിഷ്യന്മാരായിത്തീരുന്ന എല്ലാവർക്കുംവേണ്ടി പിതാവിനോടു പ്രാർഥിക്കുന്നു—അതിൽ നിങ്ങളും ഉൾപ്പെടുന്നു! ഈശോയുടെ പ്രാർഥന ഒരു പ്രാർഥന എന്ന നിലയിൽ മാത്രമല്ല ഫലദായകമായിരിക്കുന്നത്; വിശുദ്ധിയെക്കുറിച്ചുള്ള ഒരു പാഠമെന്ന നിലയിലും അതു ഫലദായകമാണ്. നാം എങ്ങനെയാണ് വിശുദ്ധരാകുന്നത്? ലളിതമാണ്. സത്യത്തിൽ നമ്മെ പ്രതിഷ്ഠിക്കാൻ നാം പിതാവിന്റെ വചനത്തെ അനുവദിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മെ സ്പർശിക്കാനും വെല്ലുവിളിക്കാനും മാറ്റാനും പാപത്തിൽനിന്നു വിളിച്ചകറ്റാനും സ്വർഗത്തിലേക്കു വിരൽചൂണ്ടാനും നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും രൂപാന്തരപ്പെടുത്താനും നാം ദൈവത്തിന്റെ വിശുദ്ധ വചനത്തെ അനുവദിക്കുന്നു. ദൈവവചനം സത്യമാണ്; ഈ സത്യത്താൽ രൂപാന്തരപ്പെടുന്നെങ്കിൽ നാം വിശുദ്ധരായിത്തീരും.

സ്വർഗസ്ഥനായ പിതാവ് അരുളിച്ചെയ്യുന്ന സത്യം ഏതെല്ലാം വിധങ്ങളിൽ നിങ്ങളെ സ്പർശിക്കേണ്ടതുണ്ട്? നമ്മുടെ വിശ്വാസത്തിലെ ഏതെല്ലാം സത്യങ്ങളാണ് നിങ്ങൾ പ്രത്യേകമായി അറിയുകയും സ്വീകരിക്കുകയും ഏറ്റുപറയുകയും വിശ്വസിക്കുകയും ചെയ്യേണ്ടത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ദൈവവചനം ആഴത്തിലും പ്രാർഥനാപൂർവവും വായിക്കാൻ സ്വയം സമർപ്പിക്കുക എന്നതാണ്. വിശുദ്ധഗ്രന്ഥം പ്രാർഥനാപൂർവം വായിക്കുന്നതിലൂടെ, ദൈവം നിങ്ങൾക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാറ്റിനുമായി നിങ്ങൾ സ്വയം തുറന്നുകൊടുക്കും. ദൈവത്തിന്റെ സ്വരം അവിടുത്തെ വചനത്തിലൂടെ നിങ്ങളോടു സംസാരിക്കുമ്പോൾ, മാറ്റത്തിനായി നിങ്ങൾ ക്ഷണിക്കപ്പെടും. അവിടുത്തെ വചനം ലോകത്തിന്റെയും ദുഷ്ടന്റെയും ആശയക്കുഴപ്പങ്ങളെയും നുണകളെയും ചെറുത്ത് നിങ്ങളെ വിശുദ്ധിയിലേക്കും യഥാർഥ പവിത്രതയിലേക്കും ആന്തരിക പ്രതിഷ്ഠയിലേക്കുമുള്ള പാതയിൽ നയിക്കും.

രൂപാന്തരപ്പെടുത്തുന്ന ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളോടു സംസാരിക്കാനും ലോകത്തിൽനിന്നു നിങ്ങളെ വിളിച്ചകറ്റാനും വിശുദ്ധിക്കായി നിങ്ങളെ വേർതിരിക്കാനും തന്നിലേക്കു നിങ്ങളെ നയിക്കാനും അവിടുത്തെ വചനത്തെ നിങ്ങൾ എത്ര പൂർണമായി അനുവദിച്ചിട്ടുണ്ടെന്ന് ചിന്തിക്കുക. ദൈവവചനവുമായുള്ള സമ്പർക്കം നിങ്ങളുടെ അനുദിന ആത്മീയ ആഹാരമായിത്തീരണം; നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന മഹത്വപൂർണമായ ജീവിതത്തിന്റെ ചിത്രം അത് നിങ്ങളുടെ മുമ്പിൽ വരച്ചുകാട്ടുകയും വേണം.

പിതാവിന്റെ വചനമായ എന്റെ ഈശോയേ, അങ്ങ് സത്യംതന്നെയാണ്. ഞങ്ങളെ സ്വതന്ത്രരാക്കാൻ വന്ന ജീവിക്കുന്ന വചനമാണ് അങ്ങ്. അങ്ങയുടെ വിശുദ്ധ സ്വരം ശ്രവിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. അങ്ങനെ അങ്ങയുടെ സത്യം എന്റെ ആത്മാവിന്റെ ആഴങ്ങളിൽ എന്നെ സ്പർശിക്കുകയും, ഞാൻ ആരായിത്തീരാനാണോ അങ്ങ് എന്നെ വിളിച്ചിരിക്കുന്നത് ആ വ്യക്തിയായി എന്നെ രൂപാന്തരപ്പെടുത്തുകയും ചെയ്യട്ടെ. പ്രിയനാഥാ, അങ്ങേക്കും അങ്ങ് എന്നോടു പറയാൻ ആഗ്രഹിക്കുന്ന എല്ലാറ്റിനുമായി ഞാൻ എന്നെത്തന്നെ തുറന്നുതരുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കത്തോലിക്കാ അനുദിന ധ്യാനചിന്തകൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
മൂന്നാം ദിവസം – മേയ് 16, ഞായറാഴ്ച

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ചിത്രകാരൻ: പ്രബോവോ ശക്തി ഉറവിടം: Pixabay