മേയ് 17, 2021
ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

“നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിനാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്കു ക്ലേശമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” യോഹന്നാൻ 16:33
താൻ പറഞ്ഞ ആ “സമാധാനം” ശിഷ്യരിൽ ഉളവാക്കാൻ യേശു അവരോട് എന്താണ് പറഞ്ഞത്? നാം വായിച്ചുകൊണ്ടിരിക്കുന്ന അന്ത്യത്താഴവേളയിലെ തന്റെ പ്രഭാഷണത്തെ മുഴുവനായുമാണ് അവിടുന്ന് പ്രത്യേകിച്ച് പരാമർശിക്കുന്നത്. ഈ പ്രഭാഷണത്തിലുടനീളം പറഞ്ഞ വാക്കുകൾ ശിഷ്യർക്കും നമുക്കും “ധൈര്യവും”, ലോകം നമ്മുടെമേൽ അടിച്ചേൽപ്പിക്കുന്ന ക്ലേശങ്ങളെ അതിജീവിക്കാനുള്ള കഴിവും നൽകാൻ ഉദ്ദേശിച്ചുള്ളതാണ്.
യേശു തന്റെ പ്രഭാഷണത്തിലുടനീളം പിതാവുമായുള്ള തന്റെ ഐക്യത്തെയും, നാം യേശുവിനോട് ഐക്യത്തിൽ നിലനിന്നാൽ പിതാവിനോടും ഐക്യത്തിലായിരിക്കും എന്ന വസ്തുതയെയും പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. താൻ മുന്തിരിച്ചെടിയും നാം അതിൽ ഉറച്ചുനിൽക്കേണ്ട ശാഖകളുമാണെന്ന് അവിടുന്ന് പറഞ്ഞു. താൻ അയയ്ക്കുന്ന പരിശുദ്ധാത്മാവിന്റെ ആഗമനശക്തിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അവിടുന്ന് പറഞ്ഞു. സത്യത്തിൽ ഉറച്ചുനിൽക്കുന്ന എല്ലാവരോടും ലോകത്തിനുള്ള വിദ്വേഷത്തെക്കുറിച്ചും അവിടുന്ന് സംസാരിച്ചു. അതിനാൽ, ക്രിസ്തുവിൽ ആഴത്തിൽ വേരൂന്നി, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ലൗകികവും ക്രൈസ്തവമല്ലാത്തതുമായ ലോകത്തിന്റെ വഞ്ചനകളിൽനിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, യേശു വ്യക്തമായും നിങ്ങളോടാണ് സംസാരിക്കുന്നത്.
മുകളിൽ നൽകിയിരിക്കുന്ന വചനഭാഗത്ത്, ഈ യാത്രയിൽ നമ്മെ സഹായിക്കുന്ന ഒരു ദാനം യേശു ചൂണ്ടിക്കാണിക്കുന്നു. ആ പ്രത്യേക ദാനം അവിടുത്തെ സമാധാനമാണ്. നാം നേരിടുന്ന ഏതൊരു “ക്ലേശത്തിന്റെയും” നടുവിൽ ശാന്തതയും ഏകാഗ്രതയും നിലനിർത്താനുള്ള കഴിവാണ് സമാധാനം. സത്യത്തിനനുസരിച്ച് ജീവിക്കുമ്പോൾ ലോകത്തിൽനിന്ന് ഉണ്ടാകുന്ന വിവിധ പീഡനങ്ങളാണ് ക്രൈസ്തവർ പ്രത്യേകമായി നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ. നമ്മുടെ വിശ്വാസം വ്യക്തമായി അവതരിപ്പിക്കുന്ന അനേകം ധാർമ്മിക സത്യങ്ങളെ ലോകം ആക്രമിക്കുന്നുണ്ടെങ്കിലും, ഇന്നത്തെ ലോകത്തിൽ നാം നേരിടേണ്ടിവരുന്ന മറ്റു തരത്തിലുള്ള ക്ലേശങ്ങളുമുണ്ട്.
ലോകം പലരുടെയുംമേൽ അടിച്ചേൽപ്പിക്കുന്ന ഏറ്റവും പ്രകടമായ ക്ലേശങ്ങളിലൊന്ന്, കാഴ്ചയിലൂടെയും കേൾവിയിലൂടെയും മനസ്സിലൂടെയും നിരന്തരം ലഭിക്കുന്ന ഉത്തേജനങ്ങളുടെ രൂപത്തിലാണ് വരുന്നത്. നമ്മുടെ ലോകം ശബ്ദമുഖരിതമായ ഒരു ലോകമാണ്. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ, ബഹുജനമാധ്യമങ്ങൾ, പരസ്യങ്ങൾ, റേഡിയോ, ഇന്റർനെറ്റ്, സാമൂഹികമാധ്യമങ്ങൾ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മറ്റു പല ഘടകങ്ങൾ എന്നിവയെല്ലാം നമ്മെ വ്യതിചലിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ക്രിസ്തുവിന്റെ സമാധാനം നമ്മിൽനിന്ന് കവർന്നെടുക്കുകയും ചെയ്യുന്ന സൂക്ഷ്മമായ സ്വാധീനം ചെലുത്തുന്നു.
ഉദാഹരണത്തിന്, ഒന്നോ രണ്ടോ ദിവസത്തേക്കോ അതിലധികം സമയത്തേക്കോ ഒരു ധ്യാനത്തിന്റെ നിശ്ശബ്ദതയിലേക്കു പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദീർഘനേരത്തേക്ക് നിങ്ങളുടെ സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, കമ്പ്യൂട്ടർ, ടെലിവിഷൻ, റേഡിയോ എന്നിവയെല്ലാം ഓഫ് ചെയ്തുവയ്ക്കേണ്ടിവന്നാൽ നിങ്ങൾ അതിനെ എങ്ങനെ നേരിടും? അവയുടെ ഉപയോഗം നിർത്തുന്നതുമൂലമുള്ള ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത നിങ്ങൾ അനുഭവിക്കുമോ? ഇന്ന് പലർക്കും ഇത് തീർച്ചയായും പ്രയാസകരമായിരിക്കും. യേശു പറയുന്ന “സമാധാനം” പലരുടെയും ജീവിതത്തിൽ സാവധാനം കുറഞ്ഞുവരുന്നു എന്നതാണ് ഇതിന്റെ കാരണം. ദൈവത്തിന്റെ സമാധാനത്തിനുപകരം നിരന്തരമായ ശബ്ദവും കോലാഹലവും തിരക്കുമാണ് നമ്മിൽ നിറഞ്ഞിരിക്കുന്നത്. നമ്മെ ആക്രമിക്കുകയും ദൈവം നൽകാൻ ആഗ്രഹിക്കുന്ന സമാധാനം കവർന്നെടുക്കുകയും ചെയ്യുന്ന “ലോകം” ഇതാണ്.
നിങ്ങളുടെ ഹൃദയത്തിൽ തന്റെ സമാധാനം അനുഭവിച്ചറിയണമെന്ന് യേശു ആഗ്രഹിക്കുന്നു എന്ന അതീവപ്രധാനമായ സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആ സമാധാനം നിങ്ങളെ താങ്ങിനിർത്തണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. ലോകവും ക്രിസ്തുവിന്റെ സമാധാനവും തമ്മിൽ നിങ്ങളുടെ ഉള്ളിൽ നടന്നേക്കാവുന്ന ആന്തരിക പോരാട്ടത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ആത്മാവിനുവേണ്ടിയുള്ള ആ പോരാട്ടത്തിൽ ആരാണ് ജയിക്കുന്നത്? നിങ്ങളുടെ ഉള്ളിൽ കൂടുതൽ വാഴുന്നത് ലോകമാണോ, അതോ ക്രിസ്തുവിന്റെ സമാധാനമാണോ? യേശു മാത്രം നൽകുന്ന സമാധാനം അന്വേഷിക്കുക. അവിടുത്തെ സമാധാനം കണ്ടെത്തുമ്പോൾ, ആ സമാധാനത്തിന്റെ ഉറവിടമായ യേശുവിനെയും നിങ്ങൾ കണ്ടെത്തും.
സകല സമാധാനത്തിന്റെയും നാഥാ, അങ്ങയുടെ സമാധാനം ഞങ്ങളുടെ ഉള്ളിൽ വസിച്ച്, ഞങ്ങളെ താങ്ങിനിർത്തുകയും ഞങ്ങൾക്ക് ധൈര്യവും ജ്ഞാനവും ശക്തിയും നൽകുകയും ചെയ്യേണ്ടതിന് അങ്ങ് ഞങ്ങളെ ലോകത്തിൽനിന്ന് വിളിച്ചിരിക്കുന്നു. പ്രിയനാഥാ, ഞാൻ എന്റെ ജീവിതം അങ്ങേക്കായി തുറന്നുതരുന്നു. ലോകം എന്റെമേൽ അടിച്ചേൽപ്പിക്കുന്ന അനേകം ശ്രദ്ധാവിഘ്നങ്ങളും കോലാഹലങ്ങളും നിലച്ചുതുടങ്ങണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ മൃദുസ്വരം എപ്പോഴും കേൾക്കാനും, അങ്ങയിൽ മാത്രം കണ്ടെത്താനാകുന്ന നിശ്ശബ്ദമായ വിശ്രമസ്ഥാനത്തേക്ക് അങ്ങയെ അനുഗമിക്കാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
കത്തോലിക്കാ അനുദിന ധ്യാനചിന്തകൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി പ്രാർത്ഥിക്കുന്നത്
നാലാം ദിവസം – തിങ്കളാഴ്ച, മേയ് 17
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




