2021 ജൂൺ 1
ആണ്ടുവട്ടക്കാലം ഒൻപതാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ—ഓർമ്മ

“സീസറിനു തലവരി കൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ? ഞങ്ങൾ കൊടുക്കണമോ വേണ്ടയോ?” അവരുടെ കാപട്യം മനസ്സിലാക്കിയ അവൻ അവരോടു പറഞ്ഞു: “എന്തിനാണ് നിങ്ങൾ എന്നെ പരീക്ഷിക്കുന്നത്? ഞാൻ നോക്കട്ടെ, ഒരു ദനാറ കൊണ്ടുവരുവിൻ.” മർക്കോസ് 12:14–15
ഈ ഫരിസേയരെയും ഹേറോദേസിന്റെ പക്ഷക്കാരെയും അയച്ചത് യേശുവിനെ അവന്റെ വാക്കുകളിൽ കുടുക്കാനായിരുന്നു. രാഷ്ട്രീയചിന്തയിൽ മുഴുകിയിരുന്ന ഈ മനുഷ്യർ പക്ഷംപിടിക്കാനും മറ്റുള്ളവരിൽ കുറ്റം കണ്ടെത്താനും ഇഷ്ടപ്പെട്ടിരുന്നു. തങ്ങൾ നീതിമാന്മാരാണെന്ന് സ്വയം കരുതിയിരുന്ന അവർ ആത്മാക്കളുടെ രക്ഷയെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് നിഷ്കളങ്കമെന്നു തോന്നുന്ന ഒരു ചോദ്യവുമായി അവർ യേശുവിന്റെ അടുത്തെത്തി. സീസറിനു തലവരി കൊടുക്കുന്നതിനെ യേശു എതിർക്കുമെന്നു അവർ കരുതിയിരുന്നതായി തോന്നുന്നു. അവൻ അങ്ങനെ ചെയ്താൽ അവനെ ഭരണാധികാരികൾക്ക് ഒറ്റിക്കൊടുക്കാൻ അവർ തയ്യാറായിരുന്നു. സത്യത്തിൽ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല; നമ്മുടെ ദിവ്യനാഥനെ കുടുക്കുന്നതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. സീസറിന്റെ പ്രതിമയുള്ള റോമൻ നാണയം അവർ യേശുവിന്റെ അടുത്തു കൊണ്ടുവന്നപ്പോൾ, അഗാധമായ ജ്ഞാനം നിറഞ്ഞ ആ വാക്കുകൾ യേശു അരുളിച്ചെയ്തു: “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും തിരികെ കൊടുക്കുക.”
കപടഭക്തരായ ഈ മതനേതാക്കൾ വിനയത്തോടും ആത്മാർഥതയോടുംകൂടെ യേശുവിന്റെ അടുത്തു വന്നിരുന്നെങ്കിൽ, അവൻ അവരോടു തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുമായിരുന്നു എന്നതു വ്യക്തമാണ്. എന്നാൽ നമ്മുടെ കർത്താവിനെ കുടുക്കാനും അവന്റെ വാക്കുകളെ വളച്ചൊടിക്കാനും അവനെ നശിപ്പിക്കാനും മാത്രമാണ് അവർ വന്നത്. അതിനാൽ ദൈവികജ്ഞാനം വെളിപ്പെടുത്തുന്ന ഒരു പ്രവൃത്തിയിലൂടെ യേശു അവരെ നിലയ്ക്കുനിർത്തുന്നു. തലവരി കൊടുക്കുന്നതിനെ അവൻ അനുകൂലിക്കുന്നില്ല; അതിനെതിരെ സംസാരിക്കുന്നുമില്ല. അതുകൊണ്ട് ഈ സുവിശേഷഭാഗം ഇങ്ങനെ അവസാനിക്കുന്നു: “അവർ അവനെക്കുറിച്ച് അത്യന്തം വിസ്മയിച്ചു.” “വിസ്മയം” തന്നെയാണ് ഉചിതമായ പ്രതികരണം. അതിനാൽ, ഒരർഥത്തിൽ, കപടഭക്തരായ ഈ മതനേതാക്കളിൽനിന്ന് നമുക്കു പഠിക്കാനാകും. ദൈവത്തിന്റെ അഗാധമായ ജ്ഞാനത്തെ നേരിൽ അഭിമുഖീകരിക്കുമ്പോഴെല്ലാം നമുക്ക് ഭയഭക്തിയും വിശുദ്ധമായ വിസ്മയവും അനുഭവപ്പെടണം.
തീർച്ചയായും, യേശു അവരുടെ ദുഷ്ടമായ കെണി തകർത്തതുകൊണ്ടാണ് അവർ വിസ്മയിച്ചത്. എങ്കിലും, ദൈവത്തിന്റെ ജ്ഞാനത്തെ ഒരിക്കലും മറികടക്കാനാവില്ലെന്ന് ഇതിൽനിന്നു നമുക്കു പഠിക്കാം. ദൈവത്തിന്റെ ജ്ഞാനം ഈ യുഗത്തിന്റെ ഭോഷത്തത്തെ നിശ്ശബ്ദമാക്കുകയും ആ തിന്മയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യുന്നു.
നമ്മുടെ കാലഘട്ടത്തിലെ ലൗകികചിന്താഗതിക്കാരായ “എല്ലാം അറിയുന്നവരുടെ” കുതന്ത്രങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും നേരിടേണ്ടിവന്നിട്ടുണ്ടോ? മറ്റൊരാൾ നിങ്ങളെ വെല്ലുവിളിക്കുകയോ നിങ്ങളുടെ വിശ്വാസത്തെ നേരിട്ടാക്രമിക്കുകയോ നിങ്ങളുടെ ധാർമ്മികബോധ്യങ്ങളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടുണ്ടോ? നിങ്ങളുടെ വിശ്വാസം പരസ്യമായും ആത്മവിശ്വാസത്തോടെയും ജീവിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, മിക്കവാറും മറ്റൊരാളുടെ ആക്രമണം നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടാകാം. ആഴമായ വിശ്വാസവും ദൈവികജ്ഞാനത്തിന്റെ വ്യക്തമായ ദാനവും ഇല്ലാത്തവരിൽ ഇത്തരം കുതന്ത്രങ്ങൾ ആശയക്കുഴപ്പവും ഉത്കണ്ഠയും ഉളവാക്കിയേക്കാം. എങ്ങനെ മറുപടി പറയണമെന്നറിയാതെ, ഈ യുഗത്തിന്റെ തെറ്റായ “ജ്ഞാനത്തിൽ” കുടുങ്ങിയതായി നിങ്ങൾക്കു തോന്നിയേക്കാം. അങ്ങനെയെങ്കിൽ നിങ്ങൾ എന്തു ചെയ്യും? കൂടുതൽ കൂടുതൽ ലൗകികവും നിരീശ്വരവാദപരവുമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ നാമെല്ലാവരും നേരിടേണ്ടിവരുന്ന വ്യാജപ്രബോധനങ്ങൾക്കും വഞ്ചനകൾക്കുമുള്ള ഏക ഉത്തരം ദൈവികജ്ഞാനത്തിൽനിന്നു ലഭിക്കുന്ന ഉത്തരമാണ്. സ്വന്തം കഴിവുകൊണ്ടു മാത്രം ഈ തെറ്റുകളെ ചെറുക്കാനുള്ള ജ്ഞാനം നമ്മിലാർക്കുമില്ല. അതിനാൽ ദൈവത്തിന്റെ ജ്ഞാനത്തിലേക്കു നിരന്തരം തിരിയുക എന്നതുമാത്രമാണ് നമ്മുടെ ആശ്രയം.
പ്രാർഥനയിലൂടെയും വിശുദ്ധവിഷയങ്ങളുടെ പഠനത്തിലൂടെയുമാണ് നാം ദൈവത്തിന്റെ ജ്ഞാനത്തിലേക്കു തിരിയുന്നത്. നിർമലമായ സത്യം സംസാരിക്കുന്ന ദൈവത്തിന്റെ വ്യക്തമായ സ്വരത്തിലേക്കു നമ്മുടെ പ്രാർഥന നമ്മുടെ മനസ്സുകളെ തുറക്കുന്നു. വിശുദ്ധവിഷയങ്ങളുടെ പഠനം, പ്രത്യേകിച്ച് വിശുദ്ധലിഖിതം, സഭയുടെ പ്രബോധനങ്ങൾ, വിശുദ്ധരുടെ ജീവിതങ്ങൾ എന്നിവയുടെ പഠനം, ദൈവത്തിന്റെ സ്വരം കൂടുതൽ വ്യക്തമായി തിരിച്ചറിയാനും ലോകം നമ്മിൽ ഉളവാക്കാൻ ശ്രമിക്കുന്ന ആശയക്കുഴപ്പം അകറ്റാനും സഹായിക്കും. ആത്യന്തികമായി, ദൈവത്തിന്റെ യഥാർഥ ജ്ഞാനത്തിൽ നമ്മുടെ മനസ്സുകളെ ആഴ്ത്തുന്നില്ലെങ്കിൽ, ലോകത്തിൽ നാം നേരിടുന്ന കാര്യങ്ങൾക്കായി നാം ഒരുങ്ങിയിരിക്കുകയില്ല.
ലോകത്തിന്റെ കുതന്ത്രങ്ങളെയും ഭോഷത്തത്തെയും അതിജീവിച്ചു മുന്നോട്ടുപോകാൻ ദൈവികജ്ഞാനത്താൽ നിറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ജീവിതത്തിലെ ആശയക്കുഴപ്പങ്ങളെ മറികടക്കാൻ വേണ്ടത്ര ജ്ഞാനം നിങ്ങൾക്കു സ്വന്തമായില്ലെന്ന് അംഗീകരിക്കുക. ജ്ഞാനത്തിന്റെ ദാനത്തിനായി പ്രാർഥിക്കുകയും അതു നിങ്ങൾക്കു നൽകാൻ നമ്മുടെ കർത്താവിനെ അനുവദിക്കുകയും ചെയ്യുക.
സകല സത്യത്തിന്റെയും നാഥാ, അങ്ങയുടെ ജ്ഞാനം ലോകത്തിന്റെ സകല ജ്ഞാനത്തെയും അതിശയിക്കുന്നു; ദുഷ്ടന്റെ കുതന്ത്രങ്ങളെ അങ്ങ് പരാജയപ്പെടുത്തുന്നു. പ്രിയ കർത്താവേ, ജീവിതത്തിന്റെ വെല്ലുവിളികളിലൂടെ മുന്നോട്ടുപോകാൻ എനിക്കു കഴിയേണ്ടതിന് അങ്ങയുടെ വിശുദ്ധ സത്യത്തിലേക്ക് എന്റെ മനസ്സു തുറക്കണമേ. പ്രിയ കർത്താവേ, അങ്ങ് നയിക്കുന്നിടത്തെല്ലാം അങ്ങയെ അനുഗമിക്കേണ്ടതിന് അങ്ങയുടെ ജ്ഞാനം എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
തിരുഹൃദയ നൊവേന
നൊവേന തീയതികൾ: 2021 ജൂൺ 2-10
2021 ജൂൺ 11: തിരുഹൃദയത്തിന്റെ മഹോത്സവം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: കരപ്പണം — വരച്ചത്: ലിയോപോൾഡ് ലെയർ, വിക്കിമീഡിയ കോമൺസ് വഴി




