മലയാളം

കർത്താവിന്റെ സാന്നിധ്യത്തിലെ ആനന്ദം

തിങ്കളാഴ്ച, മേയ് 31, 2021

പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനത്തിരുനാൾ

ഇന്നത്തെ വായനകൾ

വീഡിയോ

മറിയം പുറപ്പെട്ട് തിടുക്കത്തിൽ യൂദായിലെ മലനാട്ടിലുള്ള ഒരു പട്ടണത്തിലേക്കു പോയി. അവിടെ അവൾ സക്കറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “സ്ത്രീകളിൽ നീ ഏറ്റവും അനുഗ്രഹീതയാണ്; നിന്റെ ഉദരഫലവും അനുഗ്രഹീതം.” ലൂക്കാ 1:39–42

ഇന്ന് നാം ആഘോഷിക്കുന്ന മനോഹരമായ ഈ തിരുനാൾ അത്ഭുതകരമായ രണ്ടു ഗർഭധാരണങ്ങളെ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ഒന്ന് പരിശുദ്ധാത്മാവിന്റെ ആവരണത്താൽ സംഭവിച്ചു. മറ്റൊന്ന് പ്രായമേറിയ ഒരു സ്ത്രീയുടെ ഉദരത്തിൽ നടന്ന അത്ഭുതകരമായ ഗർഭധാരണമായിരുന്നു. മറിയം എത്തിയപ്പോൾ അവളും എലിസബത്തും പരസ്പരം അഭിവാദനം ചെയ്ത ആദ്യസമാഗമമാണ് മുകളിൽ ഉദ്ധരിച്ച തിരുവചനഭാഗം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. എലിസബത്തിന്റെ ഗർഭകാലത്തിന്റെ അവസാനത്തെ ഏതാനും മാസങ്ങളിൽ തന്റെ ബന്ധുവിനോടൊപ്പം കഴിയാൻ മറിയം ഏറെ ദൂരം യാത്ര ചെയ്തിരുന്നു. എലിസബത്തിനെ അഭിവാദനം ചെയ്തപ്പോൾ മറ്റൊരു അത്ഭുതസംഭവവും നടന്നു. എലിസബത്തിന്റെ ഉദരത്തിലുണ്ടായിരുന്ന ശിശുവായ വിശുദ്ധ സ്നാപകയോഹന്നാൻ “ആനന്ദത്താൽ കുതിച്ചുചാടി.” അങ്ങനെ, ജനനത്തിനു മുമ്പുതന്നെ, കർത്താവിനു വഴിയൊരുക്കുക എന്ന തന്റെ സവിശേഷ ദൗത്യം യോഹന്നാൻ നിറവേറ്റിത്തുടങ്ങി. മറിയത്തിന്റെ ഉദരത്തിലുള്ള രക്ഷകന്റെ ദിവ്യസാന്നിധ്യത്തെക്കുറിച്ചുള്ള അറിവ് തന്റെ അമ്മയായ എലിസബത്തിൽ ഉണർത്തിക്കൊണ്ടാണ് ആ നിമിഷം അവൻ അതു ചെയ്തത്.

ഈ രണ്ടു വിശുദ്ധ സ്ത്രീകൾ ഒരുമിച്ചു കഴിഞ്ഞ മാസങ്ങളിൽ നടത്തിയിരിക്കാവുന്ന സംഭാഷണങ്ങളെക്കുറിച്ച് പ്രത്യേകം ചിന്തിക്കുക. അവരുടെ ആദ്യസംഭാഷണത്തെക്കുറിച്ച് തിരുവചനത്തിൽനിന്ന് ചെറിയൊരു സൂചന മാത്രമേ നമുക്കു ലഭിക്കുന്നുള്ളൂ. എങ്കിലും, അവർ പ്രാർഥനാനിർഭരമായി ഏറെ വിശദമായി സംസാരിച്ചിരിക്കാവുന്ന കാര്യങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു അതെന്ന് നമുക്ക് ഉറപ്പിക്കാം. പ്രത്യേകിച്ച്, ആനന്ദം എന്ന ആത്മീയദാനം പരസ്പരം പങ്കുവയ്ക്കുന്നത് അവരുടെ സംഭാഷണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടാകും.

ആനന്ദം കേവലമൊരു വികാരത്തെക്കാൾ ഏറെ വലുതാണ്. അതിന്റെ സ്വഭാവം ആത്മീയമാണ്. അത് രസകരമായ എന്തെങ്കിലും അനുഭവിക്കുന്നതു മാത്രമല്ല; നിങ്ങളുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിയുന്നതിന്റെ അനുഭവമാണ്. അത്ഭുതകരമായ വിധങ്ങളിൽ ദൈവം പ്രവർത്തിക്കുന്നതു കാണുന്നത് കൃതജ്ഞതയിലേക്കും ആഹ്ലാദത്തിലേക്കും നയിക്കുന്നു. ഈ ആനന്ദം മറ്റുള്ളവരിലേക്കും പകരുകയും അവരെ ഉണർത്തുകയും ചെയ്യുന്ന ശക്തിയും ഊർജവും ഉളവാക്കുന്നു.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന്റെ കരം പ്രവർത്തിക്കുന്നതു കാണാൻ നാമെല്ലാവരും പരിശ്രമിക്കണം. അങ്ങനെ, അവിടുത്തെ ദിവ്യപ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മിലും ആനന്ദം ഉളവാക്കും. നമുക്ക് ആനന്ദം ആവശ്യമാണ്. അവിടുത്തെ തിരുവിഷ്ടം നിറവേറ്റാൻ അനുദിനം പരിശ്രമിക്കുമ്പോൾ നമുക്ക് പ്രോത്സാഹനവും ശക്തിയും ലഭിക്കേണ്ടതിന് ഈ ദാനത്താൽ നാം ശക്തിപ്പെടണം.

ഈ രണ്ടു വിശുദ്ധ സ്ത്രീകൾ നമുക്കു നൽകുന്ന ആനന്ദത്തിന്റെ സാക്ഷ്യത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിച്ച വഴികളിലേക്ക് വിനയപൂർവം ശ്രദ്ധ തിരിക്കുമ്പോൾ, അതേ ആനന്ദത്തിൽ പങ്കുചേരാൻ നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുക. ജീവിതത്തിൽ ആനന്ദം കുറവാണെന്നു തോന്നുന്നെങ്കിൽ, ദിവസം മുഴുവൻ നിങ്ങളുടെ മനസ്സിനെ എവിടെയൊക്കെ അലയാൻ അനുവദിക്കുന്നുവെന്ന് ചിന്തിക്കുക. കഴിഞ്ഞകാല സംഭവങ്ങളെയും മനസ്സിനേറ്റ മുറിവുകളെയും പ്രശ്നങ്ങളെയും മറ്റും കുറിച്ച് നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുകയാണോ? അങ്ങനെയെങ്കിൽ, ഈ ചിന്തകൾ നിസ്സംശയമായും വിഷാദത്തിലേക്കും ഒരുപക്ഷേ നിരാശയിലേക്കുപോലും നയിക്കും. നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവർത്തനത്തിലേക്ക് മനസ്സു തിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്കു ലഭിച്ച അനേകം അനുഗ്രഹങ്ങൾ കാണുകയും ആ ദിവ്യപ്രവൃത്തികളുടെ മാധുര്യം ആസ്വദിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നത് വിശുദ്ധ എലിസബത്തിനോടും നമ്മുടെ പരിശുദ്ധ അമ്മയോടും ചേർന്ന് ആനന്ദിക്കാൻ നിങ്ങളെ നയിക്കും.

എന്റെ പരിശുദ്ധ ഉണ്ണീശോയേ, അങ്ങയുടെ പ്രിയപ്പെട്ട അമ്മയുടെ പവിത്രമായ ഉദരത്തിൽ അങ്ങ് വസിച്ചപ്പോൾ, അങ്ങയുടെ സാന്നിധ്യം അവളുടെ ഹൃദയത്തിലും എലിസബത്തിന്റെയും യോഹന്നാന്റെയും ഹൃദയങ്ങളിലും വലിയ ആനന്ദം ഉളവാക്കി. നമ്മുടെ ലോകത്തിലും എന്റെ ജീവിതത്തിലും അങ്ങയുടെ സാന്നിധ്യം കാണാൻ എന്നെ സഹായിക്കണമേ. അങ്ങനെ, അങ്ങ് നിരന്തരം എന്റെ അടുക്കലേക്കു വരുന്നതിന്റെ ആനന്ദത്താൽ ഞാനും നിറയട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

കൂടുതൽ വായനയ്ക്ക് – പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനം

നമ്മുടെ പരിശുദ്ധ അമ്മയോടുള്ള പ്രാർഥനകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: പോർച്ചുഗലിലെ ട്രോഫ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനം ചിത്രീകരിക്കുന്ന വർണച്ചില്ലു ജാലകങ്ങൾ, വിക്കിമീഡിയ കോമൺസ് വഴി