2022 ഏപ്രിൽ 13
വിശുദ്ധ വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

മനുഷ്യപുത്രൻ തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു; എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യനു ദുരിതം! ജനിക്കാതിരുന്നെങ്കിൽ ആ മനുഷ്യനു നന്നായിരുന്നു.” അപ്പോൾ അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് മറുപടിയായി ചോദിച്ചു: “റബ്ബീ, അത് ഞാനല്ലല്ലോ?” അവൻ മറുപടി പറഞ്ഞു: “നീ തന്നെ പറഞ്ഞല്ലോ.” മത്തായി 26:24–25
യൂദാസ് സത്യം നിഷേധിക്കുന്ന അവസ്ഥയിലായിരുന്നോ? യേശുവിനെ ഒറ്റിക്കൊടുക്കാൻ പോകുന്നത് താനല്ലെന്ന് അവൻ യഥാർഥത്തിൽ കരുതിയിരുന്നോ? യൂദാസിന്റെ മനസ്സിൽ എന്താണ് നടന്നുകൊണ്ടിരുന്നതെന്ന് നമുക്ക് ഉറപ്പായി അറിയില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്…അവൻ യേശുവിനെ ഒറ്റിക്കൊടുത്തു. തന്റെ പ്രവൃത്തിയെ അവൻ ഒറ്റിക്കൊടുക്കലായി കണ്ടിരുന്നില്ലെന്ന് അവന്റെ വാക്കുകളിൽനിന്ന് തോന്നുന്നു. അതിനാൽ, സത്യത്തെ ആഴമായി നിഷേധിക്കുന്ന അവസ്ഥയിലായിരുന്നു അവൻ.
‘Denial’ എന്ന ഇംഗ്ലീഷ് വാക്കിനെ ഒരു ചുരുക്കെഴുത്തായി കണ്ടാൽ, അതിന്റെ അർഥം “ഞാൻ നുണ പറയുകയാണെന്നുപോലും എനിക്കറിയില്ല” എന്നാണെന്ന് പറയാറുണ്ട്. ഒരുപക്ഷേ, യൂദാസ് സ്വന്തം പാപത്തിൽ അത്രയധികം ആണ്ടുപോയിരുന്നു. അതുകൊണ്ട്, താൻ നുണ പറയുകയാണെന്നും പണത്തിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കാൻ ഒരുങ്ങുകയാണെന്നും മറ്റുള്ളവരോടു പോയിട്ട് തന്നോടുതന്നെ സമ്മതിക്കാൻപോലും അവനു കഴിഞ്ഞില്ല. ഭയപ്പെടുത്തുന്ന ഒരു ചിന്തയാണിത്.
പാപത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതിന്റെ ഫലങ്ങളിലൊന്ന് വെളിപ്പെടുത്തുന്നതിനാലാണ് ഇത് ഭയപ്പെടുത്തുന്നത്. പാപത്തിൽ തുടരുന്നത് പാപം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു. ഒടുവിൽ, ഒരാൾ അതേ പാപത്തിൽ തുടർന്നുകൊണ്ടിരിക്കുമ്പോൾ, ആ പാപത്തിന് എളുപ്പത്തിൽ കാരണങ്ങൾ കണ്ടെത്തുകയും അതിനെ ന്യായീകരിക്കുകയും അത് പാപമേ അല്ലെന്ന് പൂർണമായി നിഷേധിക്കുകയും ചെയ്യുന്നു. പാപത്തിൽ തുടർന്നുകൊണ്ട് ഇങ്ങനെ താഴേക്കു പതിക്കുന്ന ചുഴിയിൽ അകപ്പെട്ടാൽ പുറത്തുകടക്കുക പ്രയാസമാണ്. പലപ്പോഴും ആ മാനസിക സംഘർഷത്തെ അതിജീവിക്കാനുള്ള ഏക മാർഗം നിഷേധത്തിൽത്തന്നെ തുടരുക എന്നതായിത്തീരുന്നു.
ഈ വിശുദ്ധവാരത്തിൽ നമുക്കുള്ള പ്രധാനപ്പെട്ട ഒരു പാഠമാണിത്. സ്വന്തം പാപത്തെ നോക്കിക്കാണുക ഒരിക്കലും സുഖകരമല്ല; അതിന് വലിയ ധൈര്യവും ആവശ്യമാണ്. എന്നാൽ, താൻ ചെയ്യാൻ പോകുന്ന കാര്യം യൂദാസ് യഥാർഥത്തിൽ ഏറ്റുപറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് സങ്കൽപ്പിച്ചുനോക്കൂ. യേശുവിന്റെയും മറ്റു അപ്പോസ്തലന്മാരുടെയും മുമ്പിൽ അവൻ പൊട്ടിക്കരഞ്ഞ് മുഴുവൻ സത്യവും അവരോടു പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ചിന്തിക്കൂ. ഒരുപക്ഷേ, സത്യസന്ധതയോടെയുള്ള ആ പ്രവൃത്തി അവന്റെ ജീവനെയും നിത്യാത്മാവിനെയും രക്ഷിക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നത് അവനു വേദനാജനകവും അപമാനകരവുമാകുമായിരുന്നു. എങ്കിലും, ചെയ്യേണ്ട ശരിയായ കാര്യം അതായിരുന്നു.
നിങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. ഒരുപക്ഷേ, നിങ്ങളുടെ പാപം നിങ്ങളെ യേശുവിനെ നേരിട്ട് ഒറ്റിക്കൊടുക്കുന്നതിലേക്ക് നയിക്കുന്ന ഒരു ഘട്ടത്തിൽ നിങ്ങൾ എത്തിയിട്ടുണ്ടാകില്ല. എങ്കിലും, ഈ വിശുദ്ധവാരത്തിൽ ഓരോരുത്തർക്കും സ്വന്തം ജീവിതത്തിൽ ആവർത്തിച്ചുവരുന്ന ഏതെങ്കിലും പാപരീതി കണ്ടെത്താനാകും. ദൈവത്തിന്റെ സഹായത്തോടെ, നിങ്ങൾ വളർത്തിയെടുത്തിട്ടുള്ള അത്തരമൊരു രീതിയോ ശീലമോ കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം. തുടർന്ന് സത്യസന്ധതയോടും ധൈര്യത്തോടുംകൂടെ ഈ പാപത്തെ നേരിടാൻ കഴിഞ്ഞാൽ, അത് എത്ര മഹത്തായ ഒരു കണ്ടെത്തലായിരിക്കും! നിങ്ങളുടെ പാപത്തെക്കുറിച്ചുള്ള നിഷേധത്തിന്റെ ഏതൊരു അംശവും ഉപേക്ഷിക്കാനും ആ പാപത്തെ ജയിക്കാനും ഇതു നിങ്ങളെ പ്രാപ്തരാക്കും. അങ്ങനെ, നിങ്ങൾ അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം കണ്ടെത്താൻ നിങ്ങൾക്കു കഴിയും!
“റബ്ബീ, അത് ഞാനല്ലല്ലോ?” എന്ന് യൂദാസ് യേശുവിനോടു പറഞ്ഞതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. യൂദാസിന്റെ നിഷേധം നേരിൽ കണ്ട നമ്മുടെ കർത്താവിന്റെ ഹൃദയത്തെ അവന്റെ ഈ ദുഃഖകരമായ വാക്കുകൾ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കണം. ആത്മാർഥമായി അനുതപിക്കാതെ, നിങ്ങളുടെ പാപത്തെ നിങ്ങൾ പലവട്ടം നിഷേധിക്കുന്നതിനെക്കുറിച്ചും ധ്യാനിക്കുക. ഈ വിശുദ്ധവാരത്തെ സത്യസന്ധതയുടെയും ആത്മാർഥതയുടെയും സമയമാക്കുക. കർത്താവിന്റെ കരുണ അത്ര ആഴമുള്ളതും നിർമ്മലവുമാണ്. അതു മനസ്സിലാക്കിയാൽ, നിങ്ങളുടെ പാപങ്ങളെ ഏതെങ്കിലും വിധത്തിൽ നിഷേധിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം നിങ്ങൾക്കുണ്ടാകില്ല.
കരുണാർദ്രനായ എന്റെ കർത്താവേ, എന്റെ പാപത്തെയും ബലഹീനതയെയും നേരിടാൻ ആവശ്യമായ ധൈര്യം ഈ വിശുദ്ധ വാരത്തിൽ എനിക്കു നൽകണമേ. പ്രിയ കർത്താവേ, ഞാൻ ഒരു പാപിയാണ്; എന്നാൽ അത് സമ്മതിക്കാൻ എനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകാം. എന്റെ പാപം അങ്ങയെ ഏൽപ്പിക്കാൻ എനിക്കിടയാകട്ടെ; അങ്ങനെ ഞാൻ മോചിതനാകുകയും അതിനു പകരം അങ്ങയുടെ സമൃദ്ധമായ കരുണ സ്വീകരിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
(വിശുദ്ധ വാരത്തിലെ ബുധനാഴ്ച)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ മാർട്ടിൻ ഒന്നാമൻ, മാർപാപ്പയും രക്തസാക്ഷിയും
(വിശുദ്ധ വാരത്തിൽ വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിൽ ഓർമ്മദിനമായി ആഘോഷിക്കുന്നില്ല)
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: അന്ത്യത്താഴം. ചിത്രകാരൻ: കാൾ ബ്ലോക്ക്, വിക്കിമീഡിയ കോമൺസ് വഴി




