മലയാളം

നിങ്ങൾ എന്തിനാണ് മുൻഗണന നൽകുന്നത്?

ഏപ്രിൽ 27, 2022
ഉയിർപ്പുകാലം രണ്ടാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

വിധി ഇതാണ്: പ്രകാശം ലോകത്തിലേക്കു വന്നു; എന്നാൽ മനുഷ്യർ പ്രകാശത്തെക്കാൾ അന്ധകാരത്തെ ഇഷ്ടപ്പെട്ടു, കാരണം അവരുടെ പ്രവൃത്തികൾ തിന്മനിറഞ്ഞവയായിരുന്നു.  യോഹന്നാൻ 3:19

എത്ര വിചിത്രമായ കാര്യം; എങ്കിലും എത്രയോ സത്യം!  നമുക്കെല്ലാവർക്കും പ്രകാശമായിരിക്കാനാണ് പിതാവായ ദൈവം പുത്രനെ ലോകത്തിലേക്ക് അയച്ചത്.  എല്ലാ അന്ധകാരവും അകറ്റുന്ന പ്രകാശമാണ് അവിടുന്ന്.  എന്നാൽ മുകളിലെ സുവിശേഷഭാഗം പറയുന്നതുപോലെ, “മനുഷ്യർ പ്രകാശത്തെക്കാൾ അന്ധകാരത്തെ ഇഷ്ടപ്പെട്ടു.”  പാപത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തെക്കാൾ സ്വന്തം പാപങ്ങളെയാണ് അവർ ഇഷ്ടപ്പെട്ടത്.  എന്തുകൊണ്ടാണത്?

ഈ യാഥാർത്ഥ്യത്തിന്റെ ഒരു ഉദാഹരണം കാണാൻ വാർത്ത കാണുകയോ പത്രം വായിക്കുകയോ ചെയ്താൽ മാത്രം മതി.  വാർത്താമാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ 90%വും അന്ധകാരത്തെ അതിശയോക്തിയോടെ അവതരിപ്പിച്ച് സഞ്ചലനം സൃഷ്ടിക്കുന്നതാണെന്നു തോന്നുന്നു.  ഒന്നിനു പിന്നാലെ മറ്റൊന്നായി കൊലപാതകങ്ങളുടെയോ അപവാദങ്ങളുടെയോ വാർത്തകൾ നാം കേൾക്കുന്നു.  മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഇത്രയധികം ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?  കാരണം, ഇതാണ് വിറ്റഴിയുന്നത്.  എന്തുകൊണ്ടാണ് ഇത് വിറ്റഴിയുന്നത്?  കാരണം, പലപ്പോഴും പ്രകാശത്തെക്കാൾ അന്ധകാരത്തിലേക്കാണ് നാം ആകർഷിക്കപ്പെടുന്നത്.

തീർച്ചയായും എല്ലാവരുടെയും കാര്യത്തിൽ ഇതു ശരിയല്ല.  ലോകത്തിലെ അന്ധകാരത്തിലും നമുക്കു ചുറ്റും സഞ്ചലനം സൃഷ്ടിക്കുന്ന പാപങ്ങളിലും ഒട്ടും താത്പര്യമില്ലാത്ത എത്രയോ പേരുണ്ട്.  എന്നാൽ തിന്മയുടെ അന്ധകാരം എല്ലായ്പ്പോഴും ഇത്രയധികം മുന്നിട്ടുനിൽക്കുന്നു എന്ന വസ്തുത, പതിതമായ നമ്മുടെ മനുഷ്യസ്വഭാവത്തെക്കുറിച്ച് നമുക്ക് ഒരു മുന്നറിയിപ്പാകണം.  ചെളിയിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രവണത നമുക്കുണ്ട്; പലപ്പോഴും അവിടെ കഴിയുന്നതിൽ നാം ഏറെ സന്തുഷ്ടരുമാണ്.

നിങ്ങൾ എന്തിലേക്കാണ് ആകർഷിക്കപ്പെടുന്നതെന്ന് പരിശോധിക്കാനുള്ള സമയമാണ് ഉയിർപ്പുകാലം.  പ്രകാശത്തിലേക്ക് ആകർഷിക്കപ്പെടാൻ നിങ്ങൾ നിങ്ങളെത്തന്നെ അനുവദിക്കുന്നുണ്ടോ?  നിങ്ങളുടെ ദിനത്തെ പ്രകാശപൂർണമാക്കുന്ന കാര്യങ്ങൾ നിങ്ങളെ ആകർഷിക്കുന്നുണ്ടോ?  നിങ്ങൾക്കു ചുറ്റുമുള്ള ലോകത്തിൽ ദൈവം സന്നിഹിതനായിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അനേകം വഴികൾ നിങ്ങളെ ആകർഷിക്കുന്നുണ്ടോ?  അങ്ങനെയായിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.  എങ്കിലും ക്രമരാഹിത്യത്തിലേക്കും പാപത്തിലേക്കും അന്ധകാരത്തിലേക്കും ഒരളവുവരെ ആകർഷണം ഉണ്ടാകാൻ സാധ്യതയേറെയാണ്.  എല്ലാവരും അനുഭവിക്കുന്ന ഒരു ആന്തരിക സംഘർഷം ഉണ്ടായേക്കാം.  ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നതും, പതിതമായ നമ്മുടെ മാനുഷിക പ്രവണതയുടെ ഭാഗമായി ഇതിനെ തിരിച്ചറിയുന്നതും, നമുക്കു ചുറ്റുമുള്ള അരാജകത്വത്തിലും തിന്മയിലുമുള്ള എല്ലാ താത്പര്യവും ഉപേക്ഷിക്കാൻ ശ്രമിക്കുന്നതും നല്ലതാണ്.

ക്രിസ്തുവിന്റെ അനുയായികളെന്ന നിലയിൽ, അവിടുന്നിൽ, അവിടുന്നിൽ മാത്രം, ദൃഷ്ടി ഉറപ്പിച്ചുനിർത്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.  നമ്മുടെ വിശ്വാസത്താൽ അന്ധകാരത്തെ ഭേദിക്കാനും നമ്മുടെ മുഴുവൻ അസ്തിത്വവും യേശുക്രിസ്തുവിലേക്ക് ആകർഷിക്കപ്പെടാനും അവിടുത്തെ സമീപത്തേക്ക് നയിക്കപ്പെടാനും അനുവദിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.  നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളുംപോലും ഒടുവിൽ നമ്മുടെ ജീവിതത്തിന്റെ പ്രകാശമായ ക്രിസ്തുവിലേക്ക് ആകർഷിക്കപ്പെടുന്നതാണ് പരിപൂർണത.

നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് എന്താണെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  ഈ ഉയിർപ്പുകാലത്ത് നിങ്ങളെത്തന്നെ പ്രകാശത്തിനു സമർപ്പിക്കുക.  നമുക്കു ചുറ്റുമുള്ള തിന്മയിലേക്ക് ആകർഷിക്കപ്പെടാനും അതിൽ ഭ്രമിച്ചുപോകാനുമുള്ള പ്രലോഭനത്തിൽനിന്ന് നിങ്ങളുടെ ദൃഷ്ടി തിരിച്ച്, നമുക്കു ചുറ്റും ജീവനോടെ വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഉത്ഥിതനായ നമ്മുടെ കർത്താവിന്റെ ആനന്ദകരമായ ദർശനത്തിലേക്ക് നോക്കുക.  ഈ പ്രകാശം നിങ്ങളുടെ അനുദിനജീവിതത്തെ നയിക്കട്ടെ.

പ്രകാശത്തിന്റെ നാഥാ, അങ്ങയുടെ പ്രകാശത്തിൽ ജീവിക്കാൻ എന്നെ സഹായിക്കണമേ.  അങ്ങയുടെ ഉത്ഥാനത്തിന്റെ മഹിമയിൽ എന്റെ ദൃഷ്ടി ഉറപ്പിച്ചുനിർത്താൻ എന്നെ സഹായിക്കണമേ.  അങ്ങനെ നോക്കുന്നതിന്റെ ആനന്ദം, എനിക്കു ചുറ്റുമുള്ള തിന്മകൾ എണ്ണമറ്റ വിധങ്ങളിൽ എന്റെ ശ്രദ്ധ വഴിതിരിച്ചുവിടുന്നതിൽനിന്ന് എന്നെ കാത്തുരക്ഷിക്കട്ടെ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ