മലയാളം

ദൈവസ്നേഹം

2022 മേയ് 22
ഉയിർപ്പുകാലം ആറാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. എന്റെ പിതാവ് അവനെ സ്നേഹിക്കും. ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടുകൂടെ വസിക്കും.” യോഹന്നാൻ 14:23

നമ്മുടെ കർത്താവ് നിങ്ങളുടെ അടുക്കൽ വന്ന് നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ വസിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉത്തരം എളുപ്പത്തിൽ “അതെ” എന്നായിരിക്കുമല്ലോ. ഇത് സംഭവിക്കാനുള്ള വഴി ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുക എന്നതാണ്. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ പരിശുദ്ധ ത്രിത്വം വന്ന് നിങ്ങളിൽ വസിക്കും.

ദൈവത്തിന് നമ്മോടുള്ള സ്നേഹം നമുക്ക് അവിടുത്തോടുള്ള സ്നേഹത്തെ ആശ്രയിച്ചിരിക്കുന്നതായി തോന്നുന്നു എന്നത് ശ്രദ്ധേയമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആദ്യം നാം ദൈവത്തെ സ്നേഹിച്ചാൽ മാത്രമേ അവിടുന്ന് നമ്മെ സ്നേഹിക്കുകയുള്ളോ? കൃത്യമായി പറഞ്ഞാൽ, നാം ദൈവത്തെ സ്നേഹിച്ചാലും ഇല്ലെങ്കിലും അവിടുന്ന് പൂർണ്ണമായ സ്നേഹത്തോടെ നമ്മെ സ്നേഹിക്കുന്നു. എന്നാൽ, സ്നേഹം സ്വീകരിക്കപ്പെടുകയും തിരികെ നൽകപ്പെടുകയും ചെയ്യുമ്പോൾ അതിന് തികച്ചും പുതിയൊരു രൂപം കൈവരുന്നു. അതുകൊണ്ട്, ദൈവത്തെ സ്നേഹിക്കാൻ നാം തീരുമാനിക്കുമ്പോൾ, നമുക്ക് അവിടുത്തോടുള്ള സ്നേഹം അവിടുത്തേക്ക് നമ്മിൽ വന്നു വസിക്കാനും നമ്മെ രൂപാന്തരപ്പെടുത്താനും നമ്മുടെ ഹൃദയത്തെ തന്റെ വിശുദ്ധ വാസസ്ഥലമാക്കാനും വാതിൽ തുറന്നുകൊടുക്കുന്നുവെന്ന് നാം പെട്ടെന്ന് തിരിച്ചറിയുന്നു. എത്ര മഹത്തായ ദാനം!

ദൈവത്തെ സ്നേഹിക്കുക എന്നതിൽ അവിടുത്തെ അനുസരിക്കുക എന്നതും ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ അതുതന്നെയാണ് ദൈവത്തിന്റെ സ്വഭാവം. അവിടുന്ന് സ്നേഹംതന്നെയാണ്. അതിനാൽ, അവിടുത്തെ സ്നേഹിക്കുന്നതിൽ നിങ്ങളുടെ ഇഷ്ടത്തെ അവിടുത്തെ ഇഷ്ടത്തിന് പൂർണ്ണമായി സമർപ്പിക്കുക എന്നത് അനിവാര്യമായി ഉൾപ്പെടുന്നു. എല്ലാ കാര്യങ്ങളിലും അവിടുത്തെ പൂർണ്ണമായി അനുസരിക്കുന്നത് അവിടുത്തെ സ്നേഹിക്കാനുള്ള ശക്തമായ ഒരു മാർഗമാണ്. അവിടുത്തേക്ക് നിങ്ങളിൽ വസിക്കാനും, അതിലൂടെ നിങ്ങളുടെ ഇഷ്ടത്തെ തന്റെ അധീനതയിലാക്കാനും അനുവദിക്കുന്ന ഒരു മാർഗമാണത്. അപ്പോൾ മാത്രമേ നിങ്ങളുടെ മുഴുവൻ അസ്തിത്വത്തോടുംകൂടെ അവിടുത്തെ കൂടുതൽ പൂർണ്ണമായി സ്നേഹിക്കാൻ നിങ്ങൾക്കു കഴിയൂ.

പരിശുദ്ധ ത്രിത്വം നിങ്ങളുടെ ആത്മാവിൽ വന്നു വസിക്കണമെന്ന നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് ഇന്ന് പ്രത്യേകമായി ധ്യാനിക്കുക. നമ്മുടെ ജീവിതത്തിന്റെ പ്രഥമലക്ഷ്യം ഇതായിരിക്കണം. ദൈവം നമ്മിൽ വസിക്കുന്നുവെങ്കിൽ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും യഥാസ്ഥാനത്താകും. എല്ലാം നന്മയ്ക്കായി പരിണമിക്കുകയും നമ്മിലും നമ്മിലൂടെയും ദൈവം മഹത്വപ്പെടുകയും ചെയ്യും. ഇന്ന് നിങ്ങളുടെ അനുസരണത്തിലൂടെ അവിടുത്തെ സ്നേഹിക്കാൻ തീരുമാനിക്കുക. അപ്പോൾ അവിടുത്തോടുള്ള നിങ്ങളുടെ സ്നേഹബന്ധം അതിവേഗം വളരും.

പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഇന്ന് കൂടുതൽ പൂർണ്ണമായി അങ്ങയെ സ്നേഹിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളിലും അങ്ങയുടെ പരിപൂർണ്ണമായ തിരുവിഷ്ടത്തിന് കീഴടങ്ങാൻ എന്നെ സഹായിക്കണമേ. എപ്പോഴും അങ്ങയെ പൂർണ്ണമായി അനുസരിക്കാൻ എന്നെ സഹായിക്കണമേ. സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആ പ്രവൃത്തിയിൽ, അങ്ങ് വന്ന് എന്നിൽ വസിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

എല്ലാ ഞായറാഴ്ചകളിലെയും വീഡിയോ വിചിന്തനങ്ങൾ

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ –കാസിയായിലെ വിശുദ്ധ റീത്ത
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ ഈ അനുസ്മരണം ആചരിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവിനോടും കൂടെയുള്ള തിരുക്കുടുംബം. ചിത്രകാരൻ: കാർലോ ദോൾച്ചി, വിക്കിമീഡിയ കോമൺസ് വഴി


  Subscribe to our YouTube channel  
  to be notified about new content.