2022 ഓഗസ്റ്റ് 11
ആണ്ടുവട്ടക്കാലത്തിലെ പത്തൊൻപതാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
കന്യകയായ വിശുദ്ധ ക്ലാര—അനുസ്മരണം

“‘ദുഷ്ടനായ ഭൃത്യാ! നീ എന്നോടു യാചിച്ചതുകൊണ്ട് നിന്റെ കടം മുഴുവനും ഞാൻ ഇളച്ചുതന്നു. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹഭൃത്യനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?’ അപ്പോൾ യജമാനൻ കോപിച്ച്, കടം മുഴുവൻ വീട്ടുന്നതുവരെ അവനെ പീഡകരുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങൾ ഓരോരുത്തരും സ്വന്തം സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗീയപിതാവും നിങ്ങളോട് ഇങ്ങനെതന്നെ ചെയ്യും.” മത്തായി 18:32-35
യേശു നിങ്ങളോട് ഇങ്ങനെ പറയാനോ ചെയ്യാനോ നിങ്ങൾ ഒരിക്കലും ആഗ്രഹിക്കുകയില്ല, തീർച്ച! “ദുഷ്ടനായ ഭൃത്യാ!” എന്ന് അവിടുന്ന് പറയുന്നതു കേൾക്കുന്നത് എത്ര ഭയാനകമായിരിക്കും! അതിനുശേഷം, നിങ്ങളുടെ പാപങ്ങൾമൂലം നിങ്ങൾ വീട്ടാനുള്ള കടം മുഴുവൻ വീട്ടുന്നതുവരെ അവിടുന്ന് നിങ്ങളെ പീഡകരുടെ കൈയിൽ ഏൽപ്പിക്കുന്നതും.
എന്നാൽ, ഇങ്ങനെയൊരു ഭയാനകമായ നേർക്കുനേർ വരവ് ഒഴിവാക്കാൻ യേശു അതിയായി ആഗ്രഹിക്കുന്നു എന്നതാണ് സന്തോഷവാർത്ത. നമ്മുടെ പാപങ്ങളുടെ മ്ലേച്ഛതയ്ക്ക് നമ്മിൽ ആരെയും കണക്കു ബോധിപ്പിക്കാൻ നിർത്തണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല. നമ്മോടു ക്ഷമിക്കാനും കരുണ ചൊരിയാനും കടം തുടച്ചുനീക്കാനുമാണ് അവിടുത്തെ തീക്ഷ്ണമായ ആഗ്രഹം.
എന്നാൽ, ഈ കാരുണ്യപ്രവൃത്തി നമുക്കു നൽകുന്നതിൽനിന്ന് അവിടുത്തെ തടയുന്ന ഒരു കാര്യമെങ്കിലും ഉണ്ടെന്നതാണ് അപകടം. നമ്മോടു തെറ്റു ചെയ്തവരോടു ക്ഷമിക്കാതെ ശാഠ്യം പിടിക്കുന്ന നമ്മുടെ മനോഭാവമാണത്. ദൈവം നമ്മോടു ഗൗരവപൂർവം ആവശ്യപ്പെടുന്ന കാര്യമാണിത്; നാം ഇതിനെ നിസ്സാരമായി കാണരുത്. യേശു ഈ കഥ പറഞ്ഞതിന് ഒരു കാരണമുണ്ട്: താൻ പറഞ്ഞത് അവിടുന്ന് ഗൗരവമായിത്തന്നെ ഉദ്ദേശിച്ചു. യേശുവിനെ, ഒന്നിലും ഇടപെടാതെ സൗമ്യനായി കഴിയുന്ന ഒരാളായി മാത്രം നാം പലപ്പോഴും കരുതിയേക്കാം; നാം പാപം ചെയ്യുമ്പോഴും എപ്പോഴും പുഞ്ചിരിച്ച് അതു കണ്ടില്ലെന്നു നടിക്കുന്ന ഒരാളായി. എന്നാൽ ഈ ഉപമ മറക്കരുത്! മറ്റുള്ളവരോടു കരുണ കാണിക്കാനും ക്ഷമിക്കാനും ശാഠ്യപൂർവം വിസമ്മതിക്കുന്നതിനെ യേശു ഗൗരവമായാണ് കാണുന്നതെന്നു മറക്കരുത്.
ഈ നിബന്ധനയുടെ കാര്യത്തിൽ അവിടുന്ന് ഇത്ര കർശനമായിരിക്കുന്നത് എന്തുകൊണ്ടാണ്? നൽകാൻ നിങ്ങൾ തയ്യാറല്ലാത്തത് നിങ്ങൾക്കു സ്വീകരിക്കാനും കഴിയില്ല എന്നതുകൊണ്ടുതന്നെ. ആദ്യം കേൾക്കുമ്പോൾ അതു മനസ്സിലായെന്നു വരില്ല. എന്നാൽ ആത്മീയജീവിതത്തിലെ തികച്ചും യാഥാർഥ്യമായ ഒരു വസ്തുതയാണത്. നിങ്ങൾക്കു കരുണ വേണമെങ്കിൽ നിങ്ങൾ കരുണ കാണിക്കണം. നിങ്ങൾക്കു ക്ഷമ വേണമെങ്കിൽ നിങ്ങൾ ക്ഷമിക്കണം. എന്നാൽ കഠിനമായ വിധിയും ശിക്ഷാവിധിയുമാണ് നിങ്ങൾക്കു വേണ്ടതെങ്കിൽ, മറ്റുള്ളവരെയും കഠിനമായി വിധിക്കുകയും ശിക്ഷയ്ക്കു വിധിക്കുകയും ചെയ്തുകൊള്ളൂ. അതേ രീതിയിലും കാഠിന്യത്തിലും യേശു ആ പ്രവൃത്തിക്കു മറുപടി നൽകും.
“ദുഷ്ടനായ ഭൃത്യാ!” എന്ന യേശുവിന്റെ ഹൃദയത്തിൽ ആഴത്തിൽ തുളച്ചുകയറുന്ന ശക്തമായ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ധ്യാനിക്കാൻ ഏറ്റവും “പ്രചോദനമേകുന്ന” വാക്കുകളായിരിക്കില്ല അവ. എങ്കിലും ധ്യാനിക്കാൻ ഏറ്റവും ഉപകാരപ്രദമായ വാക്കുകളിൽ ചിലതായിരിക്കാം അവ. ഇടയ്ക്കെങ്കിലും നാമെല്ലാവരും അവ കേൾക്കേണ്ടതുണ്ട്. കാരണം, മറ്റുള്ളവരോടുള്ള നമ്മുടെ ശാഠ്യവും അവരെ വിധിക്കുന്ന മനോഭാവവും കാഠിന്യവും എത്ര ഗൗരവമുള്ളവയാണെന്നു നമുക്കു ബോധ്യപ്പെടണം. ഇതാണ് നിങ്ങളുടെ പോരാട്ടമെങ്കിൽ, ഈ പ്രവണതയെക്കുറിച്ച് ഇന്ന് അനുതപിക്കുക; ആ ഭാരമേറിയ ചുമട് എടുത്തുമാറ്റാൻ യേശുവിനെ അനുവദിക്കുക.
കർത്താവേ, എന്റെ ഹൃദയകാഠിന്യത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. എന്റെ പരുഷതയെക്കുറിച്ചും ക്ഷമിക്കാനുള്ള മനസ്സില്ലായ്മയെക്കുറിച്ചും ഞാൻ അനുതപിക്കുന്നു. അങ്ങയുടെ അനുകമ്പയാൽ എന്നോടു ക്ഷമിക്കുകയും മറ്റുള്ളവരോടുള്ള അങ്ങയുടെ കരുണകൊണ്ട് എന്റെ ഹൃദയം നിറയ്ക്കുകയും ചെയ്യണമേ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – കന്യകയായ വിശുദ്ധ ക്ലാര
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: അവിശ്വസ്തനായ ദാസന്റെ ഉപമ, വിക്കിപീഡിയയിൽനിന്ന്




