മലയാളം

ഒന്നാമനാകുക!

2022 ഓഗസ്റ്റ് 16
ആണ്ടുവട്ടക്കാലം ഇരുപതാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

ഹംഗറിയിലെ വിശുദ്ധ സ്റ്റീഫൻ—ഐച്ഛിക അനുസ്മരണം

വീഡിയോ

“എന്നാൽ ഒന്നാമരായ പലരും അവസാനത്തവരും അവസാനത്തവർ ഒന്നാമരും ആകും.” മത്തായി 19:30

ഇന്നത്തെ സുവിശേഷത്തിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്ന ഈ ചെറിയ വാക്യം ഏറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ലൗകിക വിജയവും നിത്യമായ വിജയവും തമ്മിലുള്ള വൈരുധ്യമാണ് അത് വെളിപ്പെടുത്തുന്നത്. പലപ്പോഴും നാം ലൗകിക വിജയം തേടുന്നു; എന്നാൽ നിത്യതയോളം നിലനിൽക്കുന്ന സമ്പത്ത് തേടാൻ മറന്നുപോകുന്നു.

“ഒന്നാമരായ പലരും” എന്നതിൽനിന്ന് നമുക്കു തുടങ്ങാം. ആരാണ് ഇവർ? ഇതു മനസ്സിലാക്കാൻ “ലോകവും” “ദൈവരാജ്യവും” തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഏതൊരു സംസ്കാരത്തിലുമുള്ള, തികച്ചും പൊള്ളയായ ജനപ്രീതിയെയാണ് ഇവിടെ ലോകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിജയം, അന്തസ്സ്, പൊങ്ങച്ചം തുടങ്ങിയവ ലൗകിക ജനപ്രീതിയോടും വിജയത്തോടും ഒപ്പമുണ്ടാകും. ദുഷ്ടനാണ് ഈ ലോകത്തിന്റെ അധിപൻ; തന്റെ അശുദ്ധമായ ഇഷ്ടം നിറവേറ്റുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ അവൻ പലപ്പോഴും ശ്രമിക്കും. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, നമ്മിൽ പലരും ഇത്തരത്തിലുള്ള പ്രശസ്തിയിൽ ആകൃഷ്ടരാകുകയും അതിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഒരു പ്രശ്നമാണ്, പ്രത്യേകിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി നാം നമ്മുടെ വ്യക്തിത്വം നിർവചിക്കാൻ തുടങ്ങുമ്പോൾ.

ജനപ്രീതിയിലൂടെ ലഭിക്കുന്ന ഈ വിജയത്തിന്റെ പ്രതീകങ്ങളും മാതൃകകളുമായി ലോകം ഉയർത്തിക്കാട്ടുന്നവരാണ് “ഒന്നാമരായ പലരും.” ഇതൊരു പൊതുവായ പ്രസ്താവനയാണ്; തീർച്ചയായും ഇത് എല്ലാ പ്രത്യേക സാഹചര്യങ്ങൾക്കും ഓരോ വ്യക്തിക്കും ബാധകമല്ല. എന്നാൽ പൊതുവായ ഈ പ്രവണത നാം അംഗീകരിക്കണം. ഈ തിരുവചനമനുസരിച്ച്, ഇത്തരമൊരു ജീവിതത്തിലേക്ക് ആകർഷിക്കപ്പെടുന്നവർ സ്വർഗരാജ്യത്തിൽ “അവസാനത്തവർ” ആയിരിക്കും.

ദൈവരാജ്യത്തിൽ “ഒന്നാമരായിരിക്കുന്നവരെ” ഇവരുമായി താരതമ്യം ചെയ്തുനോക്കുക. ഈ വിശുദ്ധാത്മാക്കൾക്ക് ഈ ലോകത്തിൽ ആദരവ് ലഭിച്ചേക്കാം, ലഭിക്കാതിരുന്നേക്കാം. ചിലർ അവരുടെ നന്മ കണ്ട് അവരെ ആദരിച്ചേക്കാം (വിശുദ്ധ മദർ തെരേസ ആദരിക്കപ്പെട്ടതുപോലെ). എന്നാൽ പലപ്പോഴും അവർ ഇകഴ്ത്തപ്പെടുകയും ലൗകിക കാഴ്ചപ്പാടിൽ അഭികാമ്യമല്ലാത്തവരായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

ഏതാണ് കൂടുതൽ പ്രധാനം? നിത്യത മുഴുവനും കണക്കിലെടുക്കുമ്പോൾ, നിങ്ങൾ സത്യസന്ധമായി എന്താണ് ആഗ്രഹിക്കുന്നത്? മൂല്യങ്ങളിലും സത്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാലും, ഈ ജീവിതത്തിൽ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായം പുലർത്തണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ സത്യത്തിലും നിത്യമായ പ്രതിഫലങ്ങളിലുമാണോ നിങ്ങളുടെ ദൃഷ്ടി പതിഞ്ഞിരിക്കുന്നത്?

സ്വർഗത്തിൽ നിക്ഷേപം സമ്പാദിക്കുക എന്ന ലക്ഷ്യത്തെക്കുറിച്ചും വിശ്വസ്തതയോടെ ജീവിക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യപ്രതിഫലത്തെക്കുറിച്ചും ഇന്ന് വിചിന്തനം ചെയ്യുക. ഈ ലോകത്തിൽ മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായമുണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അത്തരമൊരു ആഗ്രഹം നിങ്ങളെ കീഴടക്കാനോ നിത്യമായവയിൽ ദൃഷ്ടി പതിപ്പിക്കുന്നതിൽനിന്ന് നിങ്ങളെ പിന്തിരിപ്പിക്കാനോ ഒരിക്കലും അനുവദിക്കരുത്. ഇക്കാര്യത്തിൽ നിങ്ങൾ എത്രമാത്രം വിജയിക്കുന്നുവെന്ന് വിചിന്തനം ചെയ്യുകയും സ്വർഗീയ പ്രതിഫലങ്ങളെ നിങ്ങളുടെ ഏക ലക്ഷ്യമാക്കാൻ പരിശ്രമിക്കുകയും ചെയ്യുക.

എന്റെ നിത്യനായ കർത്താവേ, മറ്റെല്ലാറ്റിനുമുപരിയായി അങ്ങയെയും അങ്ങയുടെ രാജ്യത്തെയും അന്വേഷിക്കാൻ എന്നെ സഹായിക്കണമേ.  അങ്ങയെ പ്രസാദിപ്പിക്കുകയും അങ്ങയുടെ അതിവിശുദ്ധമായ തിരുഹിതം നിറവേറ്റുകയും ചെയ്യുക എന്നതുമാത്രമാകട്ടെ എന്റെ ജീവിതത്തിലെ ഏക ആഗ്രഹം.  അങ്ങ് എന്തു വിചാരിക്കുന്നു എന്നതിൽ മാത്രം ശ്രദ്ധ ചെലുത്തിക്കൊണ്ട്, ലൗകികമായ പ്രശസ്തിയെയും ജനപ്രീതിയെയും കുറിച്ചുള്ള അനാരോഗ്യകരമായ ആകുലതകൾ ഉപേക്ഷിക്കാൻ എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, എന്നെ മുഴുവനായും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ഹംഗറിയിലെ വിശുദ്ധ സ്റ്റീഫൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

പ്രധാന ചിത്രം: ജെയിംസ് ടിസോട്ട് വരച്ച ‘ധനികനായ യുവാവ് ദുഃഖിതനായി മടങ്ങിപ്പോയി’, ഉറവിടം:  വിക്കിമീഡിയ