മലയാളം

ഭീഷണികളെ അതിജീവിക്കുക

ഒക്ടോബർ 27, 2022
ആണ്ടുവട്ടക്കാലത്തിലെ മുപ്പതാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ചില ഫരിസേയർ യേശുവിന്റെ അടുക്കൽ വന്ന് പറഞ്ഞു: “ഇവിടെനിന്ന് പോകുക, ഈ പ്രദേശം വിട്ടുപോകുക. കാരണം, ഹേറോദേസ് അങ്ങയെ കൊല്ലാൻ ആഗ്രഹിക്കുന്നു.” അവൻ മറുപടി പറഞ്ഞു: “നിങ്ങൾ പോയി ആ കുറുക്കനോടു പറയുക: ‘ഇതാ, ഇന്നും നാളെയും ഞാൻ പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നൽകുകയും ചെയ്യുന്നു; മൂന്നാം ദിവസം ഞാൻ എന്റെ ലക്ഷ്യം പൂർത്തിയാക്കും.’”  ലൂക്കാ 13:31-32

യേശുവും ചില ഫരിസേയരും തമ്മിലുള്ള ഈ സംഭാഷണം എത്ര ശ്രദ്ധേയമാണ്! ഫരിസേയരുടെ പ്രവൃത്തിയും യേശുവിന്റെ പ്രവൃത്തിയും ഒരുപോലെ പരിശോധിക്കുന്നത് ശ്രദ്ധേയമാണ്.

ഹേറോദേസിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിക്കൊണ്ട് ഫരിസേയർ യേശുവിനോട് ഇങ്ങനെ സംസാരിച്ചത് എന്തുകൊണ്ടാണെന്നു ചോദിക്കാം. യേശുവിനെക്കുറിച്ച് ആശങ്കപ്പെട്ടതുകൊണ്ട് അവനെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നോ അവർ? ഒരുപക്ഷേ അല്ല. മറിച്ച്, ഫരിസേയരിൽ ഭൂരിഭാഗം പേർക്കും യേശുവിനോട് അസൂയയും ഈർഷ്യയും ഉണ്ടായിരുന്നുവെന്ന് നമുക്കറിയാം. ഈ സാഹചര്യത്തിൽ, തങ്ങളുടെ പ്രദേശം വിട്ടുപോകാൻ യേശുവിനെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹേറോദേസിന്റെ കോപത്തെക്കുറിച്ച് അവർ മുന്നറിയിപ്പു നൽകിയതെന്നു തോന്നുന്നു. തീർച്ചയായും, യേശു ഭയപ്പെട്ടില്ല.

ചിലപ്പോൾ നമുക്കും ഇതേ അനുഭവം ഉണ്ടാകാറുണ്ട്. നമ്മെ സഹായിക്കാനെന്ന ഭാവത്തിൽ ആരെങ്കിലും വന്ന് നമ്മെക്കുറിച്ചുള്ള അപവാദങ്ങൾ നമ്മോടു പറഞ്ഞെന്നുവരാം. എന്നാൽ വാസ്തവത്തിൽ, ഭയമോ ഉത്കണ്ഠയോ നമ്മിൽ നിറയ്ക്കാനായി നമ്മെ ഭീഷണിപ്പെടുത്തുന്ന ഒരു സൂക്ഷ്മമായ മാർഗമായിരിക്കാം അത്.

ഭോഷത്തത്തെയും ദുഷ്ടതയെയും നേരിട്ടപ്പോൾ യേശു പ്രതികരിച്ച അതേ രീതിയിൽ മാത്രം പ്രതികരിക്കുക എന്നതാണ് പ്രധാനം. യേശു ഭീഷണിക്കു വഴങ്ങിയില്ല. ഹേറോദേസിന്റെ ദുഷ്ടത അവനെ ഒട്ടും അലട്ടിയില്ല. മറിച്ച്, ഒരർഥത്തിൽ ഫരിസേയരോട് ഇങ്ങനെ പറയുന്ന വിധത്തിലായിരുന്നു അവന്റെ പ്രതികരണം: “എന്നിൽ ഭയമോ ഉത്കണ്ഠയോ നിറയ്ക്കാൻ ശ്രമിച്ച് നിങ്ങളുടെ സമയം പാഴാക്കരുത്. ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുകയാണ്; അതു മാത്രമാണ് എന്റെ ശ്രദ്ധാവിഷയമാകേണ്ടത്.”

ജീവിതത്തിൽ നിങ്ങളെ അലട്ടുന്നത് എന്താണ്? എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നത്? മറ്റുള്ളവരുടെ അഭിപ്രായങ്ങളോ ദുഷ്ടതയോ അപവാദങ്ങളോ നിങ്ങളെ തളർത്താൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? സ്വർഗസ്ഥനായ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുക എന്നതു മാത്രമാണ് നമ്മുടെ ശ്രദ്ധാവിഷയമാകേണ്ടത്. അവിടുത്തെ തിരുവിഷ്ടം ആത്മവിശ്വാസത്തോടെ നിറവേറ്റുമ്പോൾ, നമ്മുടെ ജീവിതത്തിലെ എല്ലാ വഞ്ചനകളെയും അർഥശൂന്യമായ ഭീഷണികളെയും ശാസിക്കാൻ ആവശ്യമായ ജ്ഞാനവും ധൈര്യവും നമുക്കുണ്ടാകും.

നിങ്ങളുടെ ജീവിതത്തിൽ പിതാവിന്റെ തിരുവിഷ്ടത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്നുണ്ടോ? ഉണ്ടെങ്കിൽ, ചിലർ വന്ന് അതിൽനിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായി നിങ്ങൾ കാണുന്നുണ്ടോ? യേശുവിനുണ്ടായിരുന്ന അതേ ആത്മവിശ്വാസം കൈവരിക്കാൻ പരിശ്രമിക്കുക; ദൈവം നിങ്ങളെ ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുക.

കർത്താവേ, അങ്ങയുടെ തിരുഹിതത്തിൽ ഞാൻ ഉറച്ചുവിശ്വസിക്കുന്നു.  അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന പദ്ധതിയിൽ ഞാൻ വിശ്വസിക്കുന്നു; മറ്റുള്ളവരുടെ ഭോഷത്തവും ദുഷ്ടതയും എന്നെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ഞാൻ അനുവദിക്കുകയില്ല.  എല്ലാ കാര്യങ്ങളിലും അങ്ങയിൽ ദൃഷ്ടിയുറപ്പിക്കാൻ എനിക്കു ധൈര്യവും ജ്ഞാനവും നൽകണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
നിരാശാജനകമായ സാഹചര്യങ്ങൾക്കും പ്രതീക്ഷയറ്റ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും പ്രാർത്ഥിക്കാം, പ്രത്യേകിച്ച് ഒക്ടോബർ 19–27

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രം—നവംബർ 2&3!

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


ആഗമനകാലത്തിനും ക്രിസ്മസിനുമായി പുതിയത്!

ആഗമനകാലത്തെയും ക്രിസ്മസ് കാലത്തെയും വിചിന്തനങ്ങൾ