2022 ഒക്ടോബർ 30
ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായർ, (വർഷം C)
ഇന്നത്തെ വായനകൾ

“സക്കേവൂസേ, വേഗം ഇറങ്ങിവരുക; ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കണം.” ലൂക്കാ 19:5
സക്കേവൂസ് ഒരു മരത്തിന്റെ മുകളിലായിരുന്നു. എന്തുകൊണ്ട്? പ്രായോഗികമായി പറഞ്ഞാൽ, അവൻ ഉയരം കുറഞ്ഞവനായിരുന്നതിനാലും അതുവഴി കടന്നുപോകുന്ന യേശുവിനെ കാണാൻ ആഗ്രഹിച്ചതിനാലുമാണ് മരത്തിൽ കയറിയത്. എന്നാൽ ഈ പ്രവൃത്തിയുടെ പ്രതീകാത്മകത അതിലും ഏറെ ആഴമുള്ള അർഥം വെളിപ്പെടുത്തുന്നു.
നാം ആദ്യം ശ്രദ്ധിക്കേണ്ടത്, സക്കേവൂസ് ധനികനും ഏറെ ആദരിക്കപ്പെട്ടവനുമായിരുന്നു എന്നതാണ്. ലോകത്തിന്റെ കണ്ണിൽ അവൻ വിജയിച്ചവനായിരുന്നു. എന്നാൽ സമ്പത്തുണ്ടായിരുന്നിട്ടും അവന്റെ ജീവിതത്തിൽ എന്തിന്റെയോ കുറവുണ്ടായിരുന്നതായി തോന്നുന്നു. അവൻ യേശുവിനെക്കുറിച്ചു കേൾക്കുകയും അവിടുത്തെ അറിയാൻ ആഗ്രഹിക്കുകയും ചെയ്തു. ഈ വചനഭാഗം ഏറെ കൗതുകകരമാണ്; കാരണം, ധനികനും ജീവിതത്തിൽ വിജയിച്ചവനുമായ ഒരാൾ ഒരു വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ മരത്തിൽ കയറുന്നത് അസാധാരണമായ ഒരു കാഴ്ചയായിരുന്നിരിക്കണം. വാസ്തവത്തിൽ, അത് എത്ര അസാധാരണമായിരുന്നുവെന്നാൽ യേശു ഉടൻതന്നെ അതു ശ്രദ്ധിച്ചു.
പ്രായപൂർത്തിയായ ഒരാൾ മരത്തിൽ കയറുന്നു എന്നതിനെക്കാൾ ഏറെ പ്രധാനപ്പെട്ട മറ്റൊരു കാരണത്താലും യേശു സക്കേവൂസിനെ ശ്രദ്ധിച്ചു. അവന്റെ ഹൃദയത്തിലെ ആഗ്രഹവും തുറവിയും തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടാണ് പ്രധാനമായും യേശു സക്കേവൂസിനെ ശ്രദ്ധിച്ചത്. ധനികനും ജീവിതത്തിൽ വിജയിച്ചവനുമായ ഈ സക്കേവൂസിന് എന്തിന്റെയോ കുറവുണ്ടായിരുന്നു; അതു നേടാൻ അവൻ തീക്ഷ്ണതയോടെ ആഗ്രഹിച്ചു. അവൻ യേശുവിനായി കൊതിച്ചു; നമ്മുടെ കർത്താവിന്റെ കാരുണ്യത്താൽ ഈ ആഗ്രഹം സഫലമാകുന്നു.
ലൗകിക കാഴ്ചപ്പാടിൽ നിങ്ങൾ “വിജയിച്ചവരാണെങ്കിലും” അല്ലെങ്കിലും, നിങ്ങളുടെ ഹൃദയത്തിലെ സഫലമാകാത്ത ആഗ്രഹം നിങ്ങളും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ദൈവം നിങ്ങളുടെ ജീവിതത്തിന്റെ പൂർണമായ കേന്ദ്രമല്ലാതിരിക്കുന്ന ഏതു അവസ്ഥയെയുമാണ് ആ “സഫലമാകാത്ത ആഗ്രഹം” സൂചിപ്പിക്കുന്നത്. ചിലർ പലവിധ ലൗകിക മാർഗങ്ങളിലൂടെ ഈ ആഗ്രഹം നിറവേറ്റാൻ ശ്രമിക്കുന്നു. എന്നാൽ സക്കേവൂസിനെപ്പോലെയുള്ളവർ യേശുവാണ് അതിനുള്ള ഉത്തരമെന്നു തിരിച്ചറിയും. ഒരാൾ ഈ വസ്തുത തിരിച്ചറിയുമ്പോൾ, അവിടുത്തെ കാണാനും അവിടുത്തോടൊപ്പം ആയിരിക്കാനും ആവശ്യമായ ഏതറ്റംവരെയും പോകും.
ഇന്ന് ലളിതമായ ഒരു ചോദ്യം ധ്യാനിക്കുക: യേശുവിനെ കാണാൻ ഏതറ്റംവരെ പോകാൻ ഞാൻ തയ്യാറാണ്? അവിടുത്തെ കാണാനും അവിടുത്തെ ശ്രവിക്കാനും അവിടുത്തോടൊപ്പം ആയിരിക്കാനും ആവശ്യമായതെന്തും ചെയ്യാൻ നിങ്ങൾ തയ്യാറാണോ? അതിന് എളിമയോടെയുള്ള ഒരു പ്രവൃത്തി ആവശ്യമായേക്കാം; പതിവുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ നിങ്ങൾ പ്രവർത്തിക്കേണ്ടിവന്നേക്കാം. അങ്ങനെ ചെയ്യുന്നത് നമ്മുടെ കർത്താവിന്റെ ഹൃദയത്തോടുള്ള ഒരു നിലവിളിയാകും; സക്കേവൂസിനോടു ചെയ്തതുപോലെ അവിടുന്ന് വലിയ ഔദാര്യത്തോടെ നിങ്ങളോടും പ്രതികരിക്കും.
കർത്താവേ, എല്ലാറ്റിനുമുപരിയായി അങ്ങയെ തിരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയോടുള്ള ആകർഷണത്തെക്കാൾ കൂടുതൽ ഈ ലോകത്തിലെ വസ്തുക്കളോട് എനിക്ക് ഒരിക്കലും ആകർഷണം തോന്നാതിരിക്കട്ടെ. അങ്ങയോടുള്ള എന്റെ ആഗ്രഹം വർധിപ്പിക്കുകയും അങ്ങയോട് എന്നും വിശ്വസ്തനായിരിക്കാൻ എനിക്കാവശ്യമായ ധൈര്യം നൽകുകയും ചെയ്യണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്റെ സ്നേഹം വർധിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഞായറാഴ്ചകളിലെ സുവിശേഷ വിചിന്തന വീഡിയോകൾ
ആഗമനകാലത്തിനും ക്രിസ്മസിനുമായി പുതിയത്!
ആഗമനകാലത്തെയും ക്രിസ്മസ് കാലത്തെയും വിചിന്തനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





