മലയാളം

കരുണ

ഒക്ടോബർ 31, 2022
ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“…നീ വിരുന്നൊരുക്കുമ്പോൾ ദരിദ്രരെയും അംഗവൈകല്യമുള്ളവരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക; നിനക്കു പ്രതിഫലം നൽകാൻ അവർക്കു കഴിയാത്തതിനാൽ നീ തീർച്ചയായും ഭാഗ്യവാനായിരിക്കും.  നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രതിഫലം ലഭിക്കും.”  ലൂക്കാ 14:13-14

ജീവിതത്തിൽ പലപ്പോഴും ഉടനടി പ്രതിഫലം ലഭിക്കാനായി പ്രവർത്തിക്കുന്ന കെണിയിൽ നാം വീഴാറുണ്ട്.  നാം നന്മ ചെയ്യുമ്പോൾ, മറ്റുള്ളവർ അതു ശ്രദ്ധിക്കണമെന്നും നന്ദി പറയണമെന്നും പ്രതിഫലം നൽകണമെന്നും നാം ആഗ്രഹിക്കുന്നു.  എന്നാൽ, ഇവിടെയും ഇപ്പോഴും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാത്ത വിധത്തിൽ നമ്മുടെ സേവനജീവിതം നയിക്കണമെന്നാണ് യേശുവിന്റെ ഈ ഉദ്ബോധനം വെളിപ്പെടുത്തുന്നത്.  പകരം, സ്വർഗത്തിൽ നമുക്കു ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിനായി നാം കാത്തിരിക്കണം.

നമ്മുടെ കർത്താവ് ഏൽപ്പിച്ച ഈ ദൗത്യം ജീവിതത്തിൽ പ്രാവർത്തികമാക്കുക പ്രയാസമായേക്കാം.  ഒന്നും തിരികെ പ്രതീക്ഷിക്കാതെ മറ്റുള്ളവരോട് കരുതൽ കാണിക്കാനും വലിയ നിസ്വാർഥത പുലർത്താനും അതു നമ്മോട് ആവശ്യപ്പെടുന്നു.  എന്നാൽ ഈ ആത്മീയതത്ത്വം മനസ്സിലാക്കുമ്പോൾ, “പ്രതിഫലം” സ്വർഗത്തിൽ നമ്മെ കാത്തിരിക്കുക മാത്രമല്ല, ഇവിടെയും ഇപ്പോഴും നമ്മുടെ നിസ്വാർഥപ്രവൃത്തിയിലൂടെ നമുക്കു ലഭിക്കുകയും ചെയ്യുന്നുവെന്ന് നാം തിരിച്ചറിയും.

മറ്റുള്ളവർക്കുവേണ്ടി നിസ്വാർഥമായി ചെയ്യുന്ന സേവനങ്ങൾക്ക് നമുക്ക് ഇവിടെയും ഇപ്പോഴും ലഭിക്കുന്ന “പ്രതിഫലം” ജീവിതവിശുദ്ധിയാണ്.  മറ്റുള്ളവരോട് കരുണ കാണിക്കാൻ നാം പരിശ്രമിക്കുമ്പോൾ നാം ജീവിതവിശുദ്ധി കൈവരിക്കുന്നു.  സ്വാർഥമായ യാതൊരു പ്രേരണയുമില്ലാതെ ആവശ്യത്തിലിരിക്കുന്ന ഒരാൾക്കു നൽകുന്ന സ്നേഹപ്രവൃത്തിയാണ് കരുണ.  തിരിച്ച് എന്തെങ്കിലും ലഭിക്കണമെന്ന വ്യവസ്ഥയിൽ ചെയ്യുന്ന ഒന്നല്ല അത്.  മറ്റൊരാളുടെ നന്മയ്ക്കായി, അയാളോടുള്ള സ്നേഹമായാണ് കരുണ നൽകപ്പെടുന്നത്; മറ്റൊരു കാരണത്താലുമല്ല.  എന്നാൽ യഥാർഥ കരുണ, അതു കാണിക്കുന്ന വ്യക്തിയിൽ ആഴമായ സ്വാധീനം ചെലുത്തുന്നു എന്നതാണ് സന്തോഷവാർത്ത.  മറ്റൊരാളോട് നിസ്വാർഥമായ കരുണ കാണിക്കുന്നതിലൂടെ, കരുണാമയനായ നമ്മുടെ ദൈവത്തെ നാം അനുകരിക്കുകയും അവിടുത്തോട് കൂടുതൽ സദൃശരായിത്തീരുകയും ചെയ്യുന്നു.  മറ്റൊരാളിൽനിന്ന് നമുക്ക് എപ്പോഴെങ്കിലും ലഭിക്കാവുന്ന ഏതൊരു പ്രതിഫലത്തേക്കാളും മഹത്തായ പ്രതിഫലമാണിത്.

ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരോടു കരുണ കാണിക്കാൻ നിങ്ങൾ എത്രത്തോളം സന്നദ്ധരാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  അവരിൽനിന്ന് പ്രതിഫലം പ്രതീക്ഷിക്കാതെ നൽകാൻ നിങ്ങൾ തയ്യാറാണോ?  അങ്ങനെയെങ്കിൽ, ലോകത്തിന്റെ അംഗീകാരം നിങ്ങൾക്കു നേടിത്തരുന്ന മറ്റേതൊരു കാര്യത്തിലും ലഭിക്കുന്നതിനെക്കാൾ എത്രയോ വലിയ അനുഗ്രഹം ഈ നിസ്വാർഥപ്രവൃത്തിയിൽ നിങ്ങൾ കണ്ടെത്തും.

അത്യന്തം കരുണാമയനായ കർത്താവേ, ആവശ്യത്തിലിരിക്കുന്ന എല്ലാവരോടും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയം എനിക്കു നൽകണമേ.  പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ അവരെ സേവിക്കാൻ ഞാൻ അനുദിനം പരിശ്രമിക്കുമാറാകണമേ.  ഈ കാരുണ്യപ്രവൃത്തികൾതന്നെ എനിക്കു മതിയായ പ്രതിഫലമാവുകയും എന്റെ ജീവിതവിശുദ്ധിയുടെ ഉറവിടവും അടിത്തറയുമായിത്തീരുകയും ചെയ്യട്ടെ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണം വയ്ക്കുന്നു.

ആഗമനകാലത്തിനും ക്രിസ്മസിനുമായി പുതിയത്!

ആഗമനകാലത്തെയും ക്രിസ്മസ് കാലത്തെയും വിചിന്തനങ്ങൾ

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചലച്ചിത്രം—നവംബർ 2&3!

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ മുഖ്യചിത്രം: ഫരിസേയനായ ശിമയോന്റെ അടുക്കൽ ക്രിസ്തു. രചന: പീറ്റർ പോൾ റൂബൻസ്, കടപ്പാട്: വിക്കിമീഡിയ കോമൺസ്