നവംബർ 15, 2022
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
മെത്രാനും വേദപാരംഗതനുമായ മഹാനായ വിശുദ്ധ ആൽബർട്ട്—ഐച്ഛിക അനുസ്മരണം

“സക്കേവൂസേ, വേഗം ഇറങ്ങിവരുക; ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കണം.” ലൂക്കാ 19:5b
നമ്മുടെ കർത്താവിൽനിന്ന് ഈ ക്ഷണം ലഭിച്ചപ്പോൾ സക്കേവൂസിന് എത്ര സന്തോഷം തോന്നിയിരിക്കണം! ഈ കൂടിക്കാഴ്ചയിൽ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്.
ഒന്നാമതായി, പലരും സക്കേവൂസിനെ ഒരു പാപിയായാണ് കണ്ടിരുന്നത്. അവൻ ഒരു ചുങ്കക്കാരനായിരുന്നു; അതിനാൽ ജനങ്ങൾ അവനെ ബഹുമാനിച്ചിരുന്നില്ല. ഇത് സക്കേവൂസിനെ ബാധിച്ചിട്ടുണ്ടാകുമെന്നും, യേശുവിന്റെ അനുകമ്പയ്ക്ക് താൻ അയോഗ്യനാണെന്ന് കരുതാൻ അവന് ഒരു പ്രലോഭനമായിട്ടുണ്ടാകുമെന്നും ഏതാണ്ട് ഉറപ്പാണ്. എന്നാൽ യേശു വന്നത് പാപിക്കുവേണ്ടിത്തന്നെയാണ്. അതിനാൽ, സത്യം പറഞ്ഞാൽ, യേശുവിന്റെ കരുണയും അനുകമ്പയും സ്വീകരിക്കാൻ ഏറ്റവും യോജിച്ച “വ്യക്തി” സക്കേവൂസായിരുന്നു.
രണ്ടാമതായി, യേശു തന്റെ അടുക്കൽ വരുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരിൽനിന്നും തന്നോടൊപ്പം സമയം ചെലവഴിക്കാൻ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് കണ്ടപ്പോൾ സക്കേവൂസ് അത്യധികം സന്തോഷിച്ചു! നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കണം. യേശു നമ്മെ തിരഞ്ഞെടുക്കുന്നുണ്ട്; നമ്മോടൊപ്പം ആയിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നുമുണ്ട്. ഇത് തിരിച്ചറിയാൻ നാം തയ്യാറായാൽ, അതിന്റെ സ്വാഭാവിക ഫലം സന്തോഷമായിരിക്കും. ഈ അറിവ് നിങ്ങൾക്ക് സന്തോഷം നൽകുന്നുണ്ടോ?
മൂന്നാമതായി, യേശുവിന്റെ അനുകമ്പയുടെ ഫലമായി സക്കേവൂസ് തന്റെ ജീവിതം മാറ്റി. തന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്കു നൽകാനും, മുമ്പ് താൻ വഞ്ചിച്ചിട്ടുള്ള ആർക്കും നാലിരട്ടിയായി തിരികെ നൽകാനും അവൻ തീരുമാനിച്ചു. സക്കേവൂസ് യഥാർഥ സമ്പത്ത് കണ്ടെത്താൻ തുടങ്ങിയതിന്റെ അടയാളമാണിത്. യേശു തന്നോടു കാണിച്ച ദയയും അനുകമ്പയും ഉടൻതന്നെ മറ്റുള്ളവർക്കു തിരികെ നൽകാൻ അവൻ തുടങ്ങി.
ഇന്ന് സക്കേവൂസിനെക്കുറിച്ച് ധ്യാനിക്കുകയും അവനിൽ നിങ്ങളെത്തന്നെ കാണുകയും ചെയ്യുക. നിങ്ങളും ഒരു പാപിയാണ്. എന്നാൽ ദൈവത്തിന്റെ അനുകമ്പ ഏതൊരു പാപത്തെയുംകാൾ എത്രയോ ശക്തമാണ്. സ്നേഹത്തോടെ അവിടുന്ന് നിങ്ങൾക്കു നൽകുന്ന ക്ഷമയും സ്വീകാര്യതയും നിങ്ങൾക്ക് അനുഭവപ്പെടാവുന്ന ഏതൊരു കുറ്റബോധത്തെയും മറികടക്കട്ടെ. അവിടുത്തെ കരുണയെന്ന ദാനം നിങ്ങളുടെ ജീവിതത്തിലും മറ്റുള്ളവരോടുള്ള കരുണയും അനുകമ്പയും ഉളവാക്കാൻ അനുവദിക്കുക.
ഏറ്റവും സ്നേഹനിധിയായ കർത്താവേ, എന്റെ പാപാവസ്ഥയിൽ ഞാൻ അങ്ങിലേക്കു തിരിയുകയും അങ്ങയുടെ കരുണയും അനുകമ്പയും യാചിക്കുകയും ചെയ്യുന്നു. എന്റെമേൽ അങ്ങയുടെ കരുണ വർഷിക്കുന്നതിനായി ഞാൻ മുൻകൂട്ടി നന്ദി പറയുന്നു. ആ കരുണ വലിയ സന്തോഷത്തോടെ സ്വീകരിക്കാനും, അതുപോലെ മറ്റുള്ളവരുടെമേൽ അങ്ങയുടെ കരുണ വർഷിക്കാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഞങ്ങളുടെ മൊബൈൽ ആപ്പ് പരീക്ഷിച്ചുനോക്കൂ!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – മെത്രാനും വേദപാരംഗതനുമായ മഹാനായ വിശുദ്ധ ആൽബർട്ട്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





