മലയാളം

ശരീരത്തിന്റെ ഉത്ഥാനം

ഏപ്രിൽ 9, 2023

ഉയിർപ്പുഞായർ (വർഷം A)

ഇന്നത്തെ വായനകൾ

വീഡിയോ

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, ഇരുട്ടായിരിക്കുമ്പോൾത്തന്നെ, മഗ്ദലന മറിയം കല്ലറയ്ക്കരികിലെത്തി. കല്ലറയിൽനിന്ന് കല്ല് മാറ്റിയിരിക്കുന്നതായി അവൾ കണ്ടു. അതിനാൽ അവൾ ഓടി ശിമയോൻ പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി അവരോടു പറഞ്ഞു: “അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി. അവനെ എവിടെയാണ് വച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല.” അപ്പോൾ പത്രോസും മറ്റേ ശിഷ്യനും പുറപ്പെട്ട് കല്ലറയ്ക്കരികിലെത്തി. യോഹന്നാൻ 20:1–3

ഉയിർപ്പുതിരുനാൾ ആശംസകൾ! നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റിരിക്കുന്നു. അവിടുന്ന് മരണത്തെ കീഴടക്കുകയും വിശ്വസിച്ച് രക്ഷയുടെ ദാനം സ്വീകരിക്കുന്ന എല്ലാവർക്കുമായി സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കുകയും ചെയ്തിരിക്കുന്നു. അല്ലേലൂയാ! എത്ര മഹത്വപൂർണമായ ഒരു ദിവസമാണ് നാം ആഘോഷിക്കുന്നത്!

“അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടതാണെന്ന തിരുവെഴുത്ത് അവർ അതുവരെ മനസ്സിലാക്കിയിരുന്നില്ല” എന്നു പറഞ്ഞുകൊണ്ടാണ് ഇന്നത്തെ സുവിശേഷം അവസാനിക്കുന്നത്. മഗ്ദലന മറിയത്തിന്റെയും ശിമയോൻ പത്രോസിന്റെയും അപ്പസ്തോലനായ യോഹന്നാന്റെയും ആദ്യപ്രതികരണത്തിൽനിന്ന് ഇത് വ്യക്തമാണ്. ആരോ യേശുവിന്റെ ശരീരം എടുത്ത് കല്ലറയിൽനിന്ന് മാറ്റിയെന്നാണ് മറിയം ആദ്യം കരുതിയത്. ആശയക്കുഴപ്പത്തിലായ പത്രോസ് നേരിട്ടു കണ്ടറിയാൻ ഓടിപ്പോയി. യോഹന്നാനും അവിടെ ചെന്നു; ശൂന്യമായ കല്ലറ കണ്ടപ്പോൾ അവൻ വിശ്വസിച്ചു. ക്രമേണ, എല്ലാ അപ്പസ്തോലന്മാരും ഇത് മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യും.

ശൂന്യമായ കല്ലറയോടുള്ള ആദ്യപ്രതികരണം പ്രധാനപ്പെട്ട ഒരു പാഠം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ ഉത്ഥാനത്തെക്കുറിച്ച് ഇന്ന് നമുക്ക് വ്യക്തമായി അറിയാമെങ്കിലും, മഹത്വപൂർണമായ ഈ സംഭവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് നിരന്തരം ആഴപ്പെടേണ്ടതുണ്ട്. കാലക്രമേണയാണ് യേശുവിന്റെ ശിഷ്യന്മാർ ഉത്ഥാനം മനസ്സിലാക്കിയതെന്ന വസ്തുത ഇതിനു തെളിവാണ്. യേശു തന്റെ ഉത്ഥാനത്തെക്കുറിച്ച് ആദ്യമായി അവരെ പഠിപ്പിച്ചപ്പോൾ അവർ അത് ഗ്രഹിച്ചില്ല. ശൂന്യമായ കല്ലറ കണ്ടപ്പോഴും അവർ അത് പൂർണമായി മനസ്സിലാക്കിയില്ല. ഉത്ഥിതനായ കർത്താവിനെ കണ്ടപ്പോൾപ്പോലും അവർ അത് പൂർണമായി ഗ്രഹിച്ചില്ല. പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവെന്ന ദാനം ലഭിച്ചതിനുശേഷം മാത്രമാണ് വിസ്മയകരമായ ഈ വിശ്വാസരഹസ്യത്തിലേക്ക് അവരുടെ മനസ്സ് തുറന്നത്. അങ്ങനെ ഈ രഹസ്യത്തിന്റെ ആഴങ്ങളിലേക്ക് കടക്കാനും അതിനെ കൂടുതൽ വ്യക്തമായി ഗ്രഹിക്കാനും അവർക്ക് കഴിഞ്ഞുതുടങ്ങി.

ക്രിസ്തുവിന്റെ ഉത്ഥാനം യഥാർഥമായ ഒരു ചരിത്രസംഭവമായിരുന്നു. എന്നാൽ അത് കാലത്തെ അതിവർത്തിക്കുന്ന ഒരു സംഭവം കൂടിയാണ്. എല്ലാ കാലങ്ങളിലും നിറഞ്ഞുനിൽക്കുകയും നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും രൂപാന്തരപ്പെടുത്തുകയും ചെയ്യേണ്ട സംഭവമാണത്. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റത് വെറുമൊരു ജീവിതത്തിലേക്കുള്ള മടങ്ങിവരവിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു. മരിക്കുന്നതിനുമുമ്പ് ജീവിച്ചിരുന്ന ജീവിതത്തിലേക്കു കേവലം മടങ്ങിവരികയല്ല അവിടുന്ന് ചെയ്തത്. മറിച്ച്, അവിടുത്തെ ഉത്ഥിതാവസ്ഥ ഒരു പുതിയ തുടക്കമായിരുന്നു. ഇപ്പോൾ അവിടുന്ന് വ്യത്യസ്തനായിരുന്നു. അവിടുന്ന് രൂപാന്തരപ്പെട്ടിരുന്നു. ഇനി അവിടുത്തെ ശരീരത്തിന് ഒരിക്കലും വാർധക്യം സംഭവിക്കില്ല. അതിന് മരിക്കാനാവില്ല. അടഞ്ഞ വാതിലുകളിലൂടെ കടന്നുപോകാൻ അതിനു കഴിയും. അവിടുത്തെ ദൈവിക സ്വഭാവത്തോട് പൂർണമായി ഐക്യപ്പെട്ടിരിക്കുന്ന നമ്മുടെ കർത്താവിന്റെ ഈ ഉത്ഥിതശരീരം എന്നേക്കും അവിടുത്തോടൊപ്പമുണ്ടായിരിക്കും.

നമ്മുടെ കർത്താവിന്റെ ഉത്ഥിതശരീരം അവിടുത്തെ ഉത്ഥിതാവസ്ഥയിൽ പങ്കുചേരാൻ നമുക്കും വഴിയൊരുക്കി. അവിടുത്തെ പീഡാനുഭവത്തിലും മരണത്തിലും നാം പങ്കുചേരുന്നെങ്കിൽ അവിടുത്തെ ഉത്ഥാനത്തിലും പങ്കുചേരുമെന്ന പ്രത്യാശ ഇപ്പോൾ നമുക്കുണ്ട്. എന്നാൽ അതിന്റെ അർഥമെന്താണ്? നമ്മുടെ ഉത്ഥിതശരീരങ്ങൾ സങ്കല്പിക്കാനാവുന്നതിലപ്പുറം മഹത്വപൂർണമായിരിക്കുമെന്ന് വിശുദ്ധ തോമസ് അക്വീനാസ് വിശ്വസിച്ചിരുന്നു. നമുക്ക് ഒരിക്കലും വാർധക്യം സംഭവിക്കില്ല; ആഹാരം ആവശ്യമുണ്ടാകില്ല; രോഗം അനുഭവിക്കേണ്ടിവരില്ല; എല്ലാ വൈകല്യങ്ങളിൽനിന്നും നാം സ്വതന്ത്രരായിരിക്കും; ഈ അവസ്ഥയിൽ എന്നേക്കും ജീവിക്കുകയും ചെയ്യും. ഏതോ വിധത്തിൽ, നമ്മുടെ ശരീരങ്ങളിലൂടെ മറ്റുള്ളവർക്ക് നമ്മെത്തന്നെ നിർമ്മലവും വിശുദ്ധവുമായ രീതിയിൽ പങ്കുവയ്ക്കാനും നമുക്കു കഴിയും. നമ്മുടെ ആത്മാക്കളിൽ സജീവമായിരിക്കുന്ന ദൈവസ്നേഹം അങ്ങനെ നാം മറ്റുള്ളവർക്കു പകർന്നുകൊടുക്കും. അതിവേഗം ചലിക്കാനുള്ള വരം നമുക്കുണ്ടാകും; ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പോകണമെന്ന് ചിന്തിക്കുന്നതുമാത്രംകൊണ്ട് തൽക്ഷണം അവിടെ എത്താൻ നമുക്കു കഴിയും. ഈ ലോകത്തിൽ നാം ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത വഴികൾ നമ്മുടെ പുതിയ മഹത്വീകരിക്കപ്പെട്ട ശരീരങ്ങൾ വെളിപ്പെടുത്തും. ഉദാഹരണത്തിന്, യേശുവിന്റെ ഉത്ഥിതശരീരത്തിൽ അവിടുത്തെ കൈകളിലും കാലുകളിലും പാർശ്വത്തിലും മുറിവുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ മുറിവുകൾ അവിടുത്തെ മഹത്വം പ്രസരിപ്പിക്കുകയും അവിടുത്തെ പരിപൂർണ സ്നേഹപ്രവൃത്തിക്ക് എന്നേക്കും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

ലോകരക്ഷകന്റെ ഉത്ഥാനത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അതോടൊപ്പം, ഈ പുതിയ ജീവിതത്തിൽ പങ്കുചേരാനുള്ള അവിടുത്തെ ക്ഷണത്തെക്കുറിച്ചും ധ്യാനിക്കുക. യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയുടെയും ഈ ഉത്ഥിതാവസ്ഥയിൽ പങ്കുചേരുമെന്ന നമ്മുടെ പ്രത്യാശയുടെയും പല വശങ്ങളും നാം അതിൽ പങ്കുചേരുമ്പോൾ മാത്രമേ മനസ്സിലാകുകയുള്ളൂ. എങ്കിലും, നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാൻ എന്തെങ്കിലും ഉണ്ടാകേണ്ടതിന് ഈ ചിന്തകൾ മനസ്സിൽ സൂക്ഷിക്കുന്നത് പ്രധാനമാണ്. യേശുവിന്റെ ഉത്ഥിതാവസ്ഥയിൽ നാം പങ്കുചേരുന്നത് നമുക്ക് സങ്കല്പിക്കാനാവുന്നതിലപ്പുറം മഹത്വപൂർണമായിരിക്കുമെന്ന് നാം കുറഞ്ഞപക്ഷം അറിയുകയും മനസ്സിലാക്കുകയും വേണം. ഇതാണ് നാം ഇന്ന് ആഘോഷിക്കുന്നത്. വരാനിരിക്കുന്ന മഹത്വപൂർണമായ ഈ പുതിയ ജീവിതത്തിൽ പങ്കുചേരുന്നതിനെക്കുറിച്ചുള്ള പ്രത്യാശാനിർഭരമായ കാത്തിരിപ്പുകൊണ്ട് ഈ ആഘോഷം നമ്മെ നിറയ്ക്കണം.

ഉത്ഥിതനായ എന്റെ കർത്താവേ, അങ്ങയുടെ വിശുദ്ധ ശരീരവും ആത്മാവും പുതിയതും മഹത്വീകരിക്കപ്പെട്ടതുമായ അവസ്ഥയിൽ എന്നേക്കും ഒന്നായി ഐക്യപ്പെട്ടിരിക്കുന്നു. അങ്ങയുടെ ഉത്ഥാനത്തിൽ ഞങ്ങൾക്കു പങ്കുചേരാൻ കഴിയേണ്ടതിന്, ഈ ജീവിതത്തിൽ അങ്ങയുടെ പീഡാനുഭവത്തിലും മരണത്തിലും പങ്കുചേരാൻ അങ്ങ് ഇപ്പോൾ ഞങ്ങളെയെല്ലാം ക്ഷണിക്കുന്നു. അങ്ങയുടെ ഉത്ഥാനത്തിൽ പങ്കുചേരുമെന്ന് ഞാൻ പ്രത്യാശിക്കുന്ന ആ ദിവസത്തിനായി അക്ഷീണം പ്രയത്നിക്കാൻ കഴിയേണ്ടതിന്, ഈ ദാനത്തെക്കുറിച്ചുള്ള അറിവുകൊണ്ട് എന്റെ മനസ്സിനെ നിറച്ച് എന്നെ പ്രത്യാശാപൂർണനാക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മൂന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന

ഉയിർപ്പുതിരുനാളിനായി കൂടുതൽ

ഉയിർപ്പുതിരുനാളിനുള്ള പ്രാർഥനാധ്യാനം

ജപമാല – മഹിമയുടെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥഭാഗങ്ങളോടുകൂടെ)

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ

വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ

ദൈവകരുണയിൽ ആശ്രയിക്കുക

കരുണയുടെ വർഷത്തിനായുള്ള പ്രാർഥന

ദൈവകരുണയുടെ ജപമാല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

മുകളിലെ മുഖ്യചിത്രം: ഉത്ഥാനം — കാൾ ഹൈൻറിഷ് ബ്ലോക്കിന്റെ രചന, വിക്കിമീഡിയ കോമൺസ് വഴി


  Subscribe to our YouTube channel  
  to be notified about new content.