മലയാളം

സഖറിയായുടെ വിജയം

2023 ഡിസംബർ 23, ശനിയാഴ്ച
ആഗമനകാല വാരദിനം
ഇന്നത്തെ വായനകൾ

കാന്തിയിലെ വിശുദ്ധ യോഹന്നാൻ, പുരോഹിതൻ—ഐച്ഛിക അനുസ്മരണം

വീഡിയോ

ഉടനെ അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി; അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിച്ചു.  ലൂക്കാ 1:64

ദൈവം തനിക്കു വെളിപ്പെടുത്തിയ കാര്യത്തിൽ വിശ്വസിക്കാൻ സഖറിയാ ആദ്യം പരാജയപ്പെട്ടെങ്കിലും, അതിനുണ്ടായ സന്തോഷകരമായ പര്യവസാനമാണ് ഈ വാക്യം വെളിപ്പെടുത്തുന്നത്. ഒൻപതു മാസം മുമ്പ്, ദേവാലയത്തിലെ അതിവിശുദ്ധസ്ഥലത്ത് ബലിയർപ്പിക്കുക എന്ന തന്റെ പൗരോഹിത്യധർമ്മം സഖറിയാ നിർവഹിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവസന്നിധിയിൽ നിൽക്കുന്ന മഹത്വപൂർണനായ ഗബ്രിയേൽ പ്രധാനദൂതൻ അദ്ദേഹത്തെ സന്ദർശിച്ച കാര്യം ഓർക്കുക. അദ്ദേഹത്തിന്റെ ഭാര്യ വാർധക്യത്തിൽ ഗർഭം ധരിക്കുമെന്നും, ഈ ശിശു വരാനിരിക്കുന്ന മിശിഹായ്ക്കുവേണ്ടി ഇസ്രായേൽ ജനത്തെ ഒരുക്കുന്നവനായിരിക്കുമെന്നും ഉള്ള സദ്വാർത്ത ഗബ്രിയേൽ സഖറിയായെ അറിയിച്ചു. എത്ര അവിശ്വസനീയമായ ഒരു ഭാഗ്യമായിരുന്നു അത്! എന്നാൽ സഖറിയാ വിശ്വസിച്ചില്ല. തൽഫലമായി, ഭാര്യയുടെ ഗർഭകാലമായ ഒൻപതു മാസത്തേക്ക് പ്രധാനദൂതൻ അദ്ദേഹത്തെ മൂകനാക്കി.

കർത്താവിന്റെ ശിക്ഷകൾ എപ്പോഴും അവിടുത്തെ കൃപയുടെ ദാനങ്ങളാണ്. സഖറിയാ ശിക്ഷിക്കപ്പെട്ടത് വൈരാഗ്യം മൂലമോ, ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയോ ആയിരുന്നില്ല. മറിച്ച്, ഈ ശിക്ഷ ഒരു പ്രായശ്ചിത്തം പോലെയായിരുന്നു. നല്ലൊരു ഉദ്ദേശ്യത്തോടെയാണ്, ഒൻപതു മാസത്തേക്ക് സംസാരശേഷി നഷ്ടപ്പെടുക എന്ന, വിനയം അഭ്യസിപ്പിക്കുന്ന പ്രായശ്ചിത്തം അദ്ദേഹത്തിനു നൽകപ്പെട്ടത്. പ്രധാനദൂതൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നിശ്ശബ്ദമായി ചിന്തിക്കാൻ സഖറിയായ്ക്ക് ഒൻപതു മാസം ആവശ്യമാണെന്ന് ദൈവത്തിന് അറിയാമായിരുന്നുവെന്നു തോന്നുന്നു. തന്റെ ഭാര്യയുടെ അത്ഭുതകരമായ ഗർഭധാരണത്തെക്കുറിച്ച് ധ്യാനിക്കാൻ അദ്ദേഹത്തിന് ഒൻപതു മാസം ആവശ്യമായിരുന്നു. ഈ ശിശു ആരായിത്തീരുമെന്ന് ചിന്തിക്കാനും അദ്ദേഹത്തിന് ഒൻപതു മാസം ആവശ്യമായിരുന്നു. ആ ഒൻപതു മാസങ്ങൾ ഹൃദയത്തിന്റെ സമ്പൂർണ മാനസാന്തരം എന്ന ഉദ്ദേശിച്ച ഫലം ഉളവാക്കി.

ശിശു ജനിച്ചശേഷം, ആദ്യജാതനായ ഈ പുത്രന് പിതാവിന്റെ പേരായ സഖറിയാ എന്നു പേരിടുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ശിശുവിന് യോഹന്നാൻ എന്നു പേരിടണമെന്ന് പ്രധാനദൂതൻ സഖറിയായോടു പറഞ്ഞിരുന്നു. അതിനാൽ, എട്ടാം ദിവസം, പുത്രന്റെ പരിച്ഛേദനദിവസം അവനെ കർത്താവിനു സമർപ്പിച്ചപ്പോൾ, ശിശുവിന്റെ പേര് യോഹന്നാൻ എന്നാണെന്ന് സഖറിയാ ഒരു പലകയിൽ എഴുതി. ഇതൊരു വിശ്വാസപ്രവൃത്തിയും, അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിലേക്ക് അദ്ദേഹം പൂർണമായി തിരിഞ്ഞതിന്റെ അടയാളവുമായിരുന്നു. ഈ വിശ്വാസപ്രവൃത്തിയാണ് അദ്ദേഹത്തിന്റെ മുൻകാല സംശയത്തെ ഇല്ലാതാക്കിയത്.

വിശ്വാസത്തിന്റെ ഏറ്റവും ആഴമേറിയ തലത്തിൽ വിശ്വസിക്കാൻ പരാജയപ്പെടുന്ന അനുഭവങ്ങൾ നാമോരോരുത്തരുടെയും ജീവിതത്തിലുണ്ടാകും. അതുകൊണ്ട്, നമ്മുടെ പരാജയങ്ങളെ എങ്ങനെ നേരിടണം എന്നതിന് സഖറിയാ നമുക്കൊരു മാതൃകയാണ്. കഴിഞ്ഞകാല പരാജയങ്ങളുടെ അനന്തരഫലങ്ങൾ നമ്മെ നന്മയിലേക്കു മാറ്റാൻ അനുവദിച്ചുകൊണ്ടാണ് നാം അവയെ നേരിടുന്നത്. നമ്മുടെ തെറ്റുകളിൽനിന്ന് നാം പഠിക്കുകയും പുതിയ തീരുമാനങ്ങളോടെ മുന്നോട്ടുപോകുകയും ചെയ്യുന്നു. ഇതാണ് സഖറിയാ ചെയ്തത്; അദ്ദേഹത്തിന്റെ നല്ല മാതൃകയിൽനിന്നു പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാമും ചെയ്യേണ്ടത് ഇതുതന്നെയാണ്.

നിങ്ങളുടെ ജീവിതത്തിൽ വേദനാജനകമായ അനന്തരഫലങ്ങൾ ഉളവാക്കിയിട്ടുള്ള, നിങ്ങൾ ചെയ്ത ഏതെങ്കിലും പാപത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ആ പാപത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, ഇനിമുതൽ നിങ്ങൾ ഏതു വഴിയിലേക്കു നീങ്ങുന്നു എന്നതാണ് യഥാർഥ ചോദ്യം. കഴിഞ്ഞകാലത്തെ ആ പാപമോ വിശ്വാസക്കുറവോ നിങ്ങളുടെ ജീവിതത്തെ അധീനപ്പെടുത്തി നിയന്ത്രിക്കാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? അതോ, നിങ്ങളുടെ തെറ്റുകളിൽനിന്നു പഠിക്കാനായി, ഭാവിയിലേക്കു പുതിയ നിശ്ചയങ്ങളും തീരുമാനങ്ങളും എടുക്കാൻ കഴിഞ്ഞകാല പരാജയങ്ങളെ നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ? സഖറിയായുടെ മാതൃക അനുകരിക്കാൻ ധൈര്യവും വിനയവും കരുത്തും ആവശ്യമാണ്. ഈ സദ്ഗുണങ്ങൾ ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുക.

കർത്താവേ, എന്റെ ജീവിതത്തിൽ വിശ്വാസം കുറവാണെന്ന് ഞാൻ അറിയുന്നു.  അങ്ങ് എന്നോടു പറയുന്നതെല്ലാം വിശ്വസിക്കാൻ എനിക്കു കഴിയുന്നില്ല.  അതിനാൽ അങ്ങയുടെ വചനങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവരുന്നതിലും ഞാൻ പലപ്പോഴും പരാജയപ്പെടുന്നു.  പ്രിയ കർത്താവേ, എന്റെ ബലഹീനതയുടെ ഫലമായി ഞാൻ സഹിക്കേണ്ടിവരുമ്പോൾ, എന്റെ വിശ്വാസം പുതുക്കിയാൽ ഈ സഹനവും എല്ലാ സഹനങ്ങളും അങ്ങയ്ക്കു മഹത്ത്വം നൽകുന്നതിലേക്കു നയിക്കുമെന്ന് മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ.  സഖറിയായെപ്പോലെ എപ്പോഴും അങ്ങയിലേക്കു മടങ്ങിവരാൻ എന്നെ സഹായിക്കുകയും അങ്ങയുടെ മഹത്ത്വം വെളിപ്പെടുത്താനുള്ള ഒരു ഉപകരണമായി എന്നെ ഉപയോഗിക്കുകയും ചെയ്യണമേ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

2024-ലേക്ക് പുതിയത്!
ഒരു മികച്ച ക്രിസ്മസ് സമ്മാനം…

ഞങ്ങളുടെ ആഗമനകാല, ക്രിസ്മസ് വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

ആഗമനകാലത്തിലെ ‘ഓ’ പ്രതിഗീതങ്ങൾ
ഡിസംബർ 17–23

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പാരമ്പര്യമനുസരിച്ച് നവംബർ 30 മുതൽ ക്രിസ്മസ് തലേന്നു വരെ ദിവസവും 15 തവണ ചൊല്ലുന്ന പ്രാർഥന.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – കാന്തിയിലെ വിശുദ്ധ ജോൺ, പുരോഹിതൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനവും നാമകരണവും — വരച്ചത് ബാരന്റ് ഫാബ്രിഷ്യസ്, ഫ്രാങ്ക്ഫുർട്ട് ആം മൈനിലെ സ്റ്റേഡൽ മ്യൂസിയം മുഖേന