ഏപ്രിൽ 14, 2024
ഉയിർപ്പുകാലം മൂന്നാം ഞായർ (വർഷം ബി)
ഇന്നത്തെ വായനകൾ

“നിങ്ങൾ എന്തിനാണ് അസ്വസ്ഥരാകുന്നത്? നിങ്ങളുടെ ഹൃദയങ്ങളിൽ സംശയങ്ങൾ ഉയരുന്നത് എന്തുകൊണ്ട്? എന്റെ കൈകളും കാലുകളും നോക്കൂ; ഇതു ഞാൻ തന്നെയാണ്. എന്നെ തൊട്ടുനോക്കൂ; എനിക്കുള്ളതായി നിങ്ങൾ കാണുന്ന മാംസവും അസ്ഥികളും ഒരു പ്രേതത്തിനില്ലല്ലോ.” ലൂക്കാ 24:38–39
യേശു നിങ്ങൾക്കു പ്രത്യക്ഷപ്പെട്ടുവെന്ന് സങ്കൽപ്പിക്കുക. തന്റെ കൈകളിലെയും കാലുകളിലെയും മുറിവുകൾ കാണിച്ചുതന്ന്, വിശ്വസിക്കാനായി തന്നെ തൊട്ടുനോക്കാൻ അവിടുന്ന് നിങ്ങളെ ക്ഷണിച്ചാലോ? നിങ്ങൾ വിശ്വസിക്കുമോ? ഒരു പരിധിവരെയെങ്കിലും നിങ്ങൾ വിശ്വസിക്കാനാണ് സാധ്യത. ഈ ശിഷ്യന്മാർക്കുണ്ടായതുപോലെ, ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു അനുഭവത്തിന്റെ തുടക്കമായിരിക്കും അത്. നമ്മുടെ കർത്താവ് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടത് അവരുടെ പരിവർത്തനത്തിനു വഴിതെളിച്ചു: ആശയക്കുഴപ്പവും സംശയവും നിറഞ്ഞവരായിരുന്ന അവർ ആനന്ദവും തീക്ഷ്ണതയും നിറഞ്ഞവരായി മാറി. ഒടുവിൽ, യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും സാക്ഷികളായി അവർ അവിടുത്തെക്കുറിച്ചു പ്രസംഗിക്കാൻ പുറപ്പെടുമായിരുന്നു. ധൈര്യത്തോടെയും, തങ്ങളെ ശ്രവിക്കുന്ന എല്ലാവരും തങ്ങളുടെ രക്ഷകനായ യേശുവിലേക്കു തിരിയണമെന്ന ആഗ്രഹത്തോടെയുമായിരുന്നു അവർ അങ്ങനെ ചെയ്തത്.
ഇന്നത്തെ വിശുദ്ധ കുർബാനയിലെ ഒന്നാം വായനയിൽ, വിശുദ്ധ പത്രോസ് ഇതുതന്നെ ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ദേവാലയകവാടത്തിൽവച്ച് നടക്കാൻ കഴിയാതിരുന്ന ഒരാളെ സുഖപ്പെടുത്തിയതിനുശേഷം, വിസ്മയത്തോടെ ഒരു ജനക്കൂട്ടം അവിടെ ഒത്തുകൂടി; പത്രോസ് അവരോട് യേശുവിനെക്കുറിച്ചു പ്രസംഗിച്ചു. അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: “തന്റെ ക്രിസ്തു പീഡകൾ സഹിക്കുമെന്ന് എല്ലാ പ്രവാചകന്മാരുടെയും നാവിലൂടെ ദൈവം മുൻകൂട്ടി അറിയിച്ചിരുന്നത് അവിടുന്ന് ഇങ്ങനെ പൂർത്തിയാക്കി. അതിനാൽ, നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അനുതപിച്ച് മാനസാന്തരപ്പെടുവിൻ.”
നമ്മുടെ കർത്താവിന്റെ ശിഷ്യന്മാർക്കു നൽകപ്പെട്ട അതേ ദൗത്യമാണ് ഇന്ന് നമ്മെയും ഏൽപ്പിച്ചിരിക്കുന്നത്. അവർ പ്രസംഗിച്ച അതേ തീക്ഷ്ണതയോടും ധൈര്യത്തോടും ഉറച്ച ബോധ്യത്തോടുംകൂടെ നാമും പ്രസംഗിക്കണം. ആദ്യം, പാപത്തിന്റെയും മരണത്തിന്റെയുംമേലുള്ള യേശുവിന്റെ വിജയത്തെക്കുറിച്ച് അവർക്കുണ്ടായിരുന്ന അതേ ഉറപ്പ് നമുക്കും ഉണ്ടാകണം. നാം എല്ലാ പാപങ്ങളിൽനിന്നും പിന്തിരിയുകയും ജീവിതത്തിന്റെ പൂർണ്ണത ക്രിസ്തുയേശുവിൽ മാത്രമേ കണ്ടെത്താനാകൂ എന്നു വിശ്വസിക്കുകയും വേണം. തുടർന്ന്, നമ്മുടെ സർവസ്വവും സമർപ്പിച്ച് ഈ വിശ്വാസം പ്രഘോഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാകണം.
ലോകരക്ഷകനായ യേശുവിൽ നിങ്ങൾ എത്ര ആഴത്തിൽ വിശ്വസിക്കുന്നു എന്നു ചിന്തിച്ചുകൊണ്ട് ആരംഭിക്കുക. യേശു നേരിട്ട് നിങ്ങൾക്കു പ്രത്യക്ഷപ്പെട്ടാൽ അവിടുത്തിലുള്ള നിങ്ങളുടെ വിശ്വാസം കൂടുതൽ ആഴപ്പെടാൻ അതു സഹായിക്കുമെന്ന് ചിന്തിക്കാൻ തോന്നിയേക്കാം. എന്നാൽ, ആദ്യശിഷ്യന്മാർക്ക് ഉറച്ച ബോധ്യം ലഭിച്ചത് പ്രധാനമായും യേശുവിന്റെ ശാരീരിക പ്രത്യക്ഷീകരണങ്ങൾകൊണ്ടായിരുന്നില്ല എന്നതാണ് സത്യം. മറിച്ച്, അവരുടെ മനസ്സുകളിലുണ്ടായ ആത്മീയ സ്പർശത്തിലൂടെയാണ് ഈ വരം പ്രധാനമായും ലഭിച്ചത്. ശിഷ്യന്മാർക്കു ശാരീരികമായി പ്രത്യക്ഷപ്പെട്ടതിനുശേഷം യേശു, “തിരുവെഴുത്തുകൾ മനസ്സിലാക്കാൻ അവരുടെ മനസ്സു തുറന്നു” എന്നു നാം വായിക്കുന്നു. മറ്റെന്തിനെക്കാളും അവർക്ക് ഉറച്ച ബോധ്യം നൽകിയത് ഇതായിരുന്നു—മനസ്സിലാക്കാനുള്ള ആത്മീയ വരം. യേശുവിന്റെ ആദ്യ അനുയായികൾക്ക് നൽകപ്പെട്ടതുപോലെതന്നെ, ആ വരം ഇന്ന് നിങ്ങൾക്കും വാഗ്ദാനം ചെയ്യപ്പെടുന്നു.
മനസ്സിലാക്കാനുള്ള ആത്മീയ വരം ദൈവത്തിന്റെ സത്തതന്നെ നമുക്കു വെളിപ്പെടുത്തിത്തരുന്ന ഒരു വരമാണെന്ന് വിശുദ്ധ തോമസ് അക്വിനാസ് വിശദീകരിക്കുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവിനെക്കാൾ വളരെ ആഴമേറിയ അറിവാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിനാൽ, കണ്ണുകൊണ്ട് എന്തെങ്കിലും കാണുന്നതോ തൊടുന്നതോ കേൾക്കുന്നതോ മാത്രം, മനസ്സിലാക്കാനുള്ള ആത്മീയ വരത്തിലൂടെ ലഭിക്കുന്ന അറിവിനോളം ബോധ്യം നൽകുന്നില്ല. ഈ വരം നമ്മെ “അകമേ വായിക്കാനും” ഒരു കാര്യത്തിന്റെ സത്തയിലേക്കുതന്നെ ആഴ്ന്നിറങ്ങാനും പ്രാപ്തരാക്കുന്നു. അതുകൊണ്ട്, യേശുവിന്റെ ശാരീരിക പ്രത്യക്ഷീകരണം വിശ്വാസത്തിലേക്കുള്ള ആദ്യപടിയായിരുന്നിരിക്കാം. എന്നാൽ, ഇതേ ശിഷ്യന്മാർ തങ്ങളുടെ ആത്മാവിനുള്ളിൽ നമ്മുടെ കർത്താവിനെ കണ്ടുമുട്ടുകയും അവിടുത്തെ ഉത്ഥാനത്തിന്റെ സത്തതന്നെ ഉള്ളിൽ ഗ്രഹിക്കുകയും ചെയ്തപ്പോഴാണ് അവർ എന്നേക്കുമായി മാറിയത്. ഈ തരത്തിലുള്ള അറിവിനു മാത്രമേ പുറത്തേക്കു പോയി രക്ഷയുടെ സന്ദേശം പ്രഘോഷിക്കാനുള്ള ഉറച്ച ബോധ്യം അവരിൽ ഉളവാക്കാൻ കഴിയുമായിരുന്നുള്ളൂ.
യേശുവിനെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം അറിവിനെപ്പറ്റിയും നിങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്ന അവിടുത്തെ ഉത്ഥാനശക്തിയെപ്പറ്റിയും ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം നിങ്ങളോടു സംസാരിച്ചിട്ടുണ്ടോ? ഉള്ളിൽനിന്നുള്ള ഈ അറിവ് നിങ്ങൾ ഗ്രഹിക്കുകയും നിങ്ങളുടെ മനസ്സ് തുറക്കപ്പെടുകയും ചെയ്തിട്ടുണ്ടോ? നമ്മുടെ കർത്താവിനെ ശ്രദ്ധാപൂർവം ശ്രവിക്കുക—ചെവികൊണ്ടു മാത്രമല്ല, പ്രധാനമായും നിങ്ങളുടെ ആത്മാവുകൊണ്ട്. അവിടെ, നിങ്ങളുടെ ഉള്ളിലാണ് ആദ്യശിഷ്യന്മാരെപ്പോലെ നിങ്ങളും ക്രിസ്തുവിന്റെ ജീവിതവും മരണവും ഉത്ഥാനവും അറിയാനും അവയിൽ വിശ്വസിക്കാനും ഇടയാകുന്നത്. അങ്ങനെ, ഈ സത്യങ്ങൾ മറ്റുള്ളവരോടു പ്രഘോഷിക്കാനുള്ള ശക്തിയോടെ നിങ്ങൾക്കു പുറപ്പെടാനാകും.
അങ്ങയെ വെളിപ്പെടുത്തുന്ന എന്റെ കർത്താവേ, അങ്ങ് ശിഷ്യന്മാർക്കു ശാരീരികമായി മാത്രമല്ല, ആത്മീയമായും അങ്ങയെ കാണിച്ചുകൊടുത്തു; അവരുടെ ഉള്ളിൽ അങ്ങയുടെ സത്തതന്നെ വെളിപ്പെടുത്തി. പ്രിയ കർത്താവേ, ഈ വരം എനിക്കും നൽകണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ അറിയാനും അങ്ങയിൽ വിശ്വസിക്കാനും എനിക്കു കഴിയുമാറാകട്ടെ. ഞാൻ അങ്ങനെ ചെയ്യുമ്പോൾ, മറ്റുള്ളവർക്കായി അങ്ങയുടെ കരുണയുടെ ഉപകരണമായി എന്നെ ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




