മേയ് 22, 2024
ആണ്ടുവട്ടത്തിലെ ഏഴാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
കാഷ്യായിലെ വിശുദ്ധ റീത്ത—ഐച്ഛിക അനുസ്മരണം

യോഹന്നാൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങയുടെ നാമത്തിൽ ഒരാൾ പിശാചുക്കളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളെ അനുഗമിക്കാത്തതിനാൽ ഞങ്ങൾ അയാളെ തടയാൻ ശ്രമിച്ചു.” യേശു മറുപടി പറഞ്ഞു: “അയാളെ തടയരുത്…” മർക്കോസ് 9:38–39
പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ തടയാൻ യോഹന്നാനും മറ്റു ശിഷ്യന്മാരും ശ്രമിച്ചത് എന്തുകൊണ്ടായിരിക്കും? ഇതു മനസ്സിലാക്കാൻ ആ രംഗം ഒന്നു സങ്കൽപ്പിക്കുക. യേശുവാണ് ക്രിസ്തു, ദൈവത്തിന്റെ മിശിഹാ എന്ന് യോഹന്നാനും മറ്റു ശിഷ്യന്മാരും വിശ്വസിച്ചിരുന്നു. അവിടുന്ന് അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനും അനേകരുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും അവർ സാക്ഷികളായി. അതുകൊണ്ടുതന്നെ, യേശു ആരാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അവിടുന്നിൽ വിശ്വാസത്തിലേക്കു വരണമെന്നും അവർ ആഗ്രഹിച്ചിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ, യേശുവിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന, തങ്ങൾക്കു പരിചയമില്ലാത്ത ഒരാളെ അവർ കണ്ടുമുട്ടി. അവർ അയാളെ തടയാൻ ശ്രമിക്കുകയും ചെയ്തു.
ഈ ഭാഗത്തിനു തൊട്ടുമുമ്പ്, പിശാചുബാധിതനായ തന്റെ മകനെ യേശുവിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്ന് അവനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ച ഒരു മനുഷ്യന്റെ കഥ നാം വായിക്കുന്നു. എന്നാൽ, അവർക്ക് അതിനു കഴിഞ്ഞില്ല. പിശാചിനെ പുറത്താക്കാൻ കഴിയാതിരുന്നത് ഒരുപക്ഷേ ശിഷ്യന്മാരുടെ ആത്മാഭിമാനത്തിന് അൽപ്പം ക്ഷതമേൽപ്പിച്ചിട്ടുണ്ടാകാം. അതിനുശേഷമാണ്, തങ്ങളുടെ കൂട്ടത്തിൽപ്പെടാത്ത മറ്റൊരാൾക്ക് യേശുവിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കാൻ കഴിയുന്നതിന് അവർ സാക്ഷികളായത്. ഇത് അവരുടെ ബലഹീനതാബോധവും അപമാനഭാരവും വർധിപ്പിച്ചിരിക്കാം. യേശുവിന്റെ നാമത്തിൽ അധികാരം പ്രയോഗിക്കുന്നതിൽനിന്ന് ആ മനുഷ്യനെ തടയാൻ ശ്രമിച്ചതിന് ഒരുപക്ഷേ ഇതും ഒരു കാരണമായിരിക്കാം.
സഭാംഗങ്ങളെ ദുഷ്ടൻ വീഴ്ത്താൻ ശ്രമിക്കുന്ന ഒരു സാധാരണ പ്രലോഭനമാണ് ആന്തരിക ഭിന്നത. ക്രിസ്തുവിന്റെ അനുയായികളെന്ന നിലയിൽ, വ്യത്യസ്ത രീതികളിലാണെങ്കിലും ഒരേ ദൗത്യമാണ് നമ്മെയെല്ലാം ഏൽപ്പിച്ചിരിക്കുന്നത്. ആത്മാക്കളുടെ രക്ഷയ്ക്കും ദൈവമഹത്വത്തിനുമായി ദൈവകൃപയുടെ ഉപകരണങ്ങളാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ചിലപ്പോഴൊക്കെ നാം ഐക്യത്തോടെ പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്നു; പകരം നമ്മുടെ സഹപ്രവർത്തകരെ എതിരാളികളായി കാണുന്നു.
ഇന്ന് നമ്മുടെ സഭയ്ക്കുള്ളിൽ അവസാനിക്കേണ്ട ഒട്ടേറെ ഭിന്നതകളുണ്ട്. ഇതു സാധ്യമാക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരുപക്ഷേ പരസ്പര പിന്തുണയ്ക്കു മുൻഗണന നൽകുന്നതായിരിക്കും. ദൈവകൃപയാൽ “വലിയ കാര്യങ്ങൾ” ചെയ്യുന്നവരോട് അസൂയ ജനിപ്പിക്കാൻ അഹങ്കാരത്തെ അനുവദിക്കുന്നതിനുപകരം, നാം കാണുന്ന എല്ലാ നന്മയിലും സന്തോഷിക്കാൻ പരിശ്രമിക്കണം. ഇത് തികച്ചും വ്യക്തമായ ഒരു കാര്യമാണെന്നു തോന്നാം. എന്നാൽ, അഹങ്കാരവും സ്വന്തം കഴിവുകേടിനെക്കുറിച്ചുള്ള തോന്നലുകളും യഥാർഥ പ്രലോഭനങ്ങളാണ്; ദൈവഹിതം ശക്തമായി നിറവേറ്റുന്നവരെ നിസ്സാരരായി കാണാൻ അവ നമ്മെ പ്രേരിപ്പിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യുന്നതു കാണുമ്പോൾ, പലപ്പോഴും നാം ഉടനെ നമ്മെക്കുറിച്ചുതന്നെ ചിന്തിക്കുകയും ആ നല്ല പ്രവൃത്തി ചെയ്യുന്നത് നാമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവം മറ്റൊരാളെ ശക്തമായി ഉപയോഗിക്കുമ്പോൾ, ആ വ്യക്തിയിലൂടെ നടന്ന നന്മപ്രവൃത്തികൾക്കായി ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുപകരം നമ്മുടെ സ്വന്തം കഴിവുകേടുകളിലേക്കും പരാജയങ്ങളിലേക്കും നോക്കാനുള്ള പ്രലോഭനത്തിൽ നാം എളുപ്പം അകപ്പെടാം.
ഓരോ ക്രൈസ്തവനും ഒരേ ആത്മീയ കൂട്ടായ്മയുടെ ഭാഗമാണെന്ന ലളിതമായ സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ദൈവമഹത്വവും ആത്മാക്കളുടെ രക്ഷയും ലക്ഷ്യമാക്കി പ്രവർത്തിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ഇത് നന്നായി ചെയ്യുന്നവരെക്കുറിച്ച് വിനയത്തോടെ ചിന്തിക്കാൻ ശ്രമിക്കുക; അവരോടുള്ള നിങ്ങളുടെ മനോഭാവം പരിശോധിക്കുക. അസൂയയോ മറ്റുള്ളവർക്കുള്ള നന്മയിൽ മനസ്താപമോ കുറ്റപ്പെടുത്തലോ ഏതെങ്കിലും രൂപത്തിൽ കാണുന്നുവെങ്കിൽ, ആ മനോഭാവങ്ങൾ ഉപേക്ഷിക്കാൻ ദൃഢനിശ്ചയമെടുക്കുക. പകരം, ദൈവം തന്റെ ലക്ഷ്യത്തിനായി മറ്റുള്ളവരെ ഉപയോഗിക്കുന്ന അനേകം വഴികളിൽ സന്തോഷിച്ചുകൊണ്ട്, നന്ദിയുള്ളവരായിരിക്കാൻ പരിശ്രമിക്കുക.
ശക്തിയും പ്രതാപവുമുള്ള കർത്താവേ, അങ്ങയുടെ ജനത്തിന്റെ ഔദാര്യത്തിലൂടെയും വിശ്വസ്തതയിലൂടെയും അങ്ങ് എണ്ണമറ്റ നന്മകൾ ചെയ്യുന്നു. അങ്ങയുടെ തിരുഹിതം നിറവേറ്റാൻ അങ്ങയെ അനുഗമിക്കുന്ന എല്ലാവരെയും അങ്ങ് നിരന്തരം ഉപയോഗിക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ തിരുഹിതത്തിന്റെ ഉപകരണമായി എന്നെയും ഉപയോഗിക്കണമേ. മറ്റുള്ളവരിലൂടെ അങ്ങ് കൃപ പകരുന്ന വഴികളിൽ എപ്പോഴും സന്തോഷിക്കാൻ എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – കാഷ്യായിലെ വിശുദ്ധ റീത്ത
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





