മലയാളം

സഭ എന്നും വിജയിക്കും

ശനിയാഴ്ച, 2025 ഫെബ്രുവരി 22
പത്രോസ് ശ്ലീഹായുടെ സിംഹാസനം—തിരുനാൾ

ഇന്നത്തെ വായനകൾ

നിക്കോളാസ് പൂസ്സിൻ, പൊതുസഞ്ചയത്തിലുള്ള ചിത്രം, Wikimedia Commons വഴി

വീഡിയോ

“ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ സ്ഥാപിക്കും. പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു നൽകും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” മത്തായി 16:18–19

മുകളിൽ നൽകിയിരിക്കുന്ന ഈ വചനഭാഗം അടിസ്ഥാനപരമായ നിരവധി സത്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അവയിലൊന്ന്, “പാതാളത്തിന്റെ കവാടങ്ങൾ” ഒരിക്കലും സഭയ്ക്കെതിരെ പ്രബലപ്പെടുകയില്ല എന്നതാണ്. ആ യാഥാർഥ്യത്തിൽ നമുക്ക് ഏറെ ആനന്ദിക്കാനുണ്ട്.

നൂറ്റാണ്ടുകളിലുടനീളം നിലനിന്നിരുന്ന അനേകം മാനുഷിക സ്ഥാപനങ്ങളെക്കുറിച്ച് ചിന്തിക്കുക. ഏറ്റവും ശക്തമായ ഭരണകൂടങ്ങൾ വന്നുപോയി. വിവിധ പ്രസ്ഥാനങ്ങൾ വന്നുപോയി. എണ്ണമറ്റ സംഘടനകൾ വന്നുപോയി. എന്നാൽ കത്തോലിക്കാസഭ ഇന്നും നിലനിൽക്കുന്നു; കാലാവസാനംവരെ നിലനിൽക്കുകയും ചെയ്യും. നമ്മുടെ കർത്താവിന്റെ ആ വാഗ്ദാനങ്ങളിലൊന്നാണ് നാം ഇന്ന് ആഘോഷിക്കുന്നത്.

ഇത്രയും വർഷങ്ങളായി നല്ല നേതൃത്വം ഉണ്ടായിരുന്നതുകൊണ്ടു മാത്രമല്ല സഭ നിലനിന്നത്. വാസ്തവത്തിൽ, ആരംഭംമുതൽതന്നെ സഭയ്ക്കുള്ളിൽ അഴിമതിയും ഗുരുതരമായ ആഭ്യന്തര സംഘർഷങ്ങളും പ്രകടമായിരുന്നു. അധാർമിക ജീവിതം നയിച്ച മാർപാപ്പമാർ ഉണ്ടായിട്ടുണ്ട്. രാജകുമാരന്മാരെപ്പോലെ ജീവിച്ച കർദിനാൾമാരും മെത്രാന്മാരും ഉണ്ടായിട്ടുണ്ട്. ചില വൈദികർ ഗുരുതരമായ പാപങ്ങൾ ചെയ്തിട്ടുണ്ട്. പല സന്യാസസഭകളും ഗുരുതരമായ ആഭ്യന്തര ഭിന്നതകളുമായി മല്ലടിച്ചിട്ടുണ്ട്. എന്നാൽ സഭതന്നെ, ക്രിസ്തുവിന്റെ ഈ തേജോമയിയായ മണവാട്ടി, അപ്രമാദിത്വമുള്ള ഈ സ്ഥാപനം, ഇന്നും നിലനിൽക്കുന്നു; തുടർന്നും നിലനിൽക്കുകയും ചെയ്യും. കാരണം, യേശു അത് ഉറപ്പുനൽകിയിട്ടുണ്ട്.

സഭയിലെ ഓരോ അംഗത്തിന്റെയും ഓരോ പാപവും തൽക്ഷണം ലോകമെങ്ങും പ്രക്ഷേപണം ചെയ്യാൻ കഴിയുന്ന ഇന്നത്തെ ആധുനിക മാധ്യമങ്ങളുടെ സാഹചര്യത്തിൽ, സഭയെ അവജ്ഞയോടെ കാണാനുള്ള പ്രലോഭനം ഉണ്ടാകാം. ഉതപ്പുകളും ഭിന്നതകളും വിവാദങ്ങളും മറ്റും ചിലപ്പോൾ നമ്മെ ഉള്ളിന്റെ ഉള്ളിൽ ഉലച്ചേക്കാം; റോമൻ കത്തോലിക്കാസഭയിൽ തുടർന്നും പങ്കുചേരുന്നതിനെക്കുറിച്ച് ചിലർ സംശയിക്കാനും അവ കാരണമായേക്കാം. എന്നാൽ സഭാംഗങ്ങളിലുള്ള ഓരോ ബലഹീനതയും, വാസ്തവത്തിൽ, സഭയിലുള്ള നമ്മുടെ വിശ്വാസം പുതുക്കാനും ആഴപ്പെടുത്താനുമുള്ള കാരണമായിത്തീരേണ്ടതാണ്. സഭയിലെ ഓരോ നേതാവും വിശുദ്ധനായിരിക്കുമെന്ന് യേശു വാഗ്ദാനം ചെയ്തില്ല; എന്നാൽ “പാതാളത്തിന്റെ കവാടങ്ങൾ” സഭയ്ക്കെതിരെ പ്രബലപ്പെടുകയില്ലെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു.

ഇന്നത്തെ സഭയെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം കാഴ്ചപ്പാടിനെപ്പറ്റി ഇന്ന് വിചിന്തനം ചെയ്യുക. ഉതപ്പുകളും ഭിന്നതകളും നിങ്ങളുടെ വിശ്വാസത്തെ ദുർബലമാക്കിയിട്ടുണ്ടെങ്കിൽ, നമ്മുടെ കർത്താവിലേക്കും അവിടുത്തെ വിശുദ്ധവും ദൈവികവുമായ വാഗ്ദാനത്തിലേക്കും നിങ്ങളുടെ കണ്ണുകൾ തിരിക്കുക. പാതാളത്തിന്റെ കവാടങ്ങൾ സഭയ്ക്കെതിരെ പ്രബലപ്പെടുകയില്ല. നമ്മുടെ കർത്താവുതന്നെ വാഗ്ദാനം ചെയ്ത യാഥാർഥ്യമാണത്. അതിൽ വിശ്വസിക്കുകയും മഹത്വപൂർണമായ ആ സത്യത്തിൽ ആനന്ദിക്കുകയും ചെയ്യുക.

മഹത്വപൂർണ്ണനായ എന്റെ മണവാളാ, പത്രോസിന്റെ വിശ്വാസമാകുന്ന പാറമേൽ അങ്ങ് സഭയെ സ്ഥാപിച്ചു. പത്രോസും അദ്ദേഹത്തിന്റെ എല്ലാ പിൻഗാമികളും ഞങ്ങൾക്കെല്ലാവർക്കും അങ്ങ് നൽകിയ അമൂല്യദാനമാണ്. മറ്റുള്ളവരുടെ പാപങ്ങൾക്കും ഉതപ്പുകൾക്കും ഭിന്നതകൾക്കും അപ്പുറം കാണാനും, അങ്ങയുടെ മണവാട്ടിയായ സഭയിലൂടെ എല്ലാ മനുഷ്യരെയും രക്ഷയിലേക്കു നയിക്കുന്ന അങ്ങയെ ദർശിക്കാനും, എന്റെ കർത്താവേ, എന്നെ സഹായിക്കണമേ. ഏകവും വിശുദ്ധവും കാതോലികവും ശ്ലൈഹികവുമായ ഈ സഭയെന്ന ദാനത്തിലുള്ള എന്റെ വിശ്വാസം ഞാൻ ഇന്ന് പുതുക്കുന്നു.  ഈശോയേ, അങ്ങയിൽ ഞാൻ ശരണം വയ്ക്കുന്നു.

കൂടുതൽ വായനയ്ക്ക് – വിശുദ്ധ പത്രോസിന്റെ സിംഹാസനം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.