2025 ഫെബ്രുവരി 21
ആണ്ടുവട്ടക്കാലം ആറാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ പീറ്റർ ഡാമിയൻ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം
ന്യായവിധിദിനം — Lawrence OP, ലൈസൻസ് CC BY-NC-ND 2.0
“ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?” മർക്കോസ് 8:36
ഹ്രസ്വവും നേരിട്ടുള്ളതുമായ ഈ ചോദ്യം ആഴമായി ധ്യാനിക്കേണ്ടതാണ്. മർക്കോസിന്റെ സുവിശേഷത്തിൽ, തന്റെ ശിഷ്യനായിരിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ച് യേശു പഠിപ്പിക്കുന്ന സന്ദർഭത്തിലാണ് ഈ വാക്യം വരുന്നത്. ക്രിസ്തുവായ താൻ പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്യുമെന്ന് യേശു വ്യക്തമായി പഠിപ്പിക്കാൻ തുടങ്ങിയതിനുശേഷമാണ് ഈ ചോദ്യം ഉന്നയിക്കുന്നത്.
മുകളിലെ ചോദ്യത്തിന്റെ ആദ്യഭാഗത്തിൽനിന്ന് ആരംഭിച്ച് അതിനെക്കുറിച്ച് ചിന്തിക്കുക. “ഒരുവൻ ലോകം മുഴുവൻ നേടിയാൽ അവന് എന്തു പ്രയോജനം…” ലോകം മുഴുവൻ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മിക്കവർക്കും അത്തരമൊരു സാധ്യത ഏറെ ആകർഷകമാണ്. “ലോകം മുഴുവൻ നേടുക” എന്നതിന്റെ അർത്ഥം ഈ ലോകത്തിനു നൽകാൻ കഴിയുന്നതെല്ലാം സ്വന്തമാക്കുക എന്നതാണ്. ഈ ലോകത്തിൽ അളവറ്റ സമ്പത്ത് നിങ്ങൾക്കു വാഗ്ദാനം ചെയ്യപ്പെടുന്നതായി സങ്കൽപ്പിക്കുക. ഏതൊരു ലോട്ടറിയും ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ള ഏറ്റവും വലിയ സമ്മാനത്തുകയും അതിലധികവും നിങ്ങൾക്കു ലഭിച്ചാലോ? ലോകമെങ്ങും മനോഹരമായ കൊട്ടാരസദൃശമായ വീടുകൾ, സ്വന്തമായി ഒരു സ്വകാര്യ ജെറ്റ് വിമാനം, എല്ലാ ആധുനിക സൗകര്യങ്ങളും, ഏറ്റവും വിലകൂടിയ കാറുകൾ എന്നിവ സ്വന്തമാക്കാനും, ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ഇഷ്ടമുള്ളതെന്തും ചെയ്യാനും നിങ്ങൾക്കു കഴിഞ്ഞാലോ? ഇത് ആകർഷകമാണോ? ഉപരിപ്ലവമായ തലത്തിൽ തീർച്ചയായും അതെ. എന്നാൽ ഏറെ വഞ്ചനാപരമായ ഒരു ആകർഷണം കൂടിയാണിത്. കാരണം, ഇതെല്ലാം ലഭിച്ചാലും ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ സന്തോഷമോ ജീവിതപൂർണ്ണതയോ നിങ്ങൾക്കു നൽകാൻ അവയ്ക്കു കഴിയില്ല.
ഈ ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിനും ഉത്തരം പറയാൻ എളുപ്പമാണ്. നിങ്ങളുടെ ജീവൻ നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുമോ? തീർച്ചയായും ഇല്ല. അങ്ങനെ, യേശു ഒരൊറ്റ വാക്യത്തിൽ പരസ്പരവിരുദ്ധമായ രണ്ടു പ്രസ്താവനകൾ അവതരിപ്പിക്കുന്നു. മിക്കവരും ലോകം മുഴുവൻ നേടാൻ ആഗ്രഹിക്കും; എന്നാൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ ഒരിക്കലും ആഗ്രഹിക്കില്ല. ഒന്നിനെ തിരഞ്ഞെടുക്കാതെ മറ്റൊന്നിനെ ആഗ്രഹിക്കാൻ നമുക്കു കഴിയില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞുതരാനാണ് യേശു ഈ വൈരുധ്യം അവതരിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ഹൃദയം ഈ ലോകത്തിന്റെ സമ്പത്തിനായി കൊതിക്കുന്നുവെങ്കിൽ, ആ ആഗ്രഹത്തിനു നിങ്ങൾ വഴങ്ങുന്ന അളവിൽ നിങ്ങളുടെ ജീവൻതന്നെയാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. മറിച്ച്, നിങ്ങളുടെ ആത്മാവിന്റെ രക്ഷയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, ഈ ലോകത്തിന്റെ സമ്പത്തിനോടും ആകർഷണങ്ങളോടുമുള്ള ആഗ്രഹം നിങ്ങൾ ഉപേക്ഷിക്കണം. രണ്ടും ഒരുമിച്ച് ആഗ്രഹിക്കാനും തിരഞ്ഞെടുക്കാനും നിങ്ങൾക്കു കഴിയില്ല.
ഇങ്ങനെ പറയുമ്പോഴും, ഈ ലോകത്തിൽ ധാരാളം വസ്തുവകകൾ ഉണ്ടായിട്ടും അവയോട് യാതൊരു മമതയുമില്ലാത്ത ഒരാൾ വളരെ അപൂർവമായി ഉണ്ടായേക്കാം. ദൈവത്തിലും അവിടുത്തെ വിശുദ്ധ ഹിതത്തിലും മാത്രം യഥാർത്ഥ സംതൃപ്തി കണ്ടെത്തിക്കൊണ്ട്, ഈ ലോകത്തിന്റെ വസ്തുക്കളോട് പൂർണ്ണമായ അനാസക്തിയോടെ അവർ ജീവിക്കുന്നു. തങ്ങൾക്കുള്ള ഭൗതികവസ്തുക്കളിലൊന്നിനോടും അവർ മമത പുലർത്തുന്നില്ല. തീർച്ചയായും, ഏറെ സമ്പത്ത് സ്വരൂപിച്ചിട്ടുള്ള ഒരാൾക്ക് ഇത്തരമൊരു ആന്തരിക മനോഭാവത്തിലെത്തുക വളരെ പ്രയാസമാണ്.
മറുവശത്ത്, വളരെ കുറച്ചുമാത്രം സ്വന്തമായുള്ളവരും ഈ ലോകത്തിലുണ്ട്. അക്ഷരാർഥത്തിൽ അവർ യഥാർത്ഥ ദരിദ്രരാണ്. എങ്കിലും, സമ്പത്തിനെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ട് അവർ ദിവസങ്ങൾ കഴിച്ചുകൂട്ടുകയും തങ്ങൾക്കില്ലാത്തതെല്ലാം മോഹിക്കുകയും ചെയ്യുന്നു. ദുഃഖകരമെന്നു പറയട്ടെ, സമ്പത്തിനെ ജീവിതത്തിന്റെ ലക്ഷ്യവും കേന്ദ്രവുമാക്കിയ വ്യക്തിയെപ്പോലെതന്നെ ഈ പാവപ്പെട്ട വ്യക്തിയും യഥാർഥത്തിൽ ഭൗതികവസ്തുക്കളോട് ആസക്തനാണ്. ആ ആന്തരിക ആസക്തി ആത്മീയജീവിതത്തിന് വലിയ നാശം വരുത്തും.
“ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?” എന്ന യേശുവിന്റെ ചോദ്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. പ്രാർഥനയ്ക്കും ധ്യാനത്തിനും ആത്മപരിശോധനയ്ക്കും ഈ ചോദ്യം ആധാരമാക്കുക. നിങ്ങളുടെ ആഗ്രഹങ്ങളെ സത്യസന്ധമായി പരിശോധിക്കാൻ ശ്രമിക്കുക. സമ്പത്തിനെക്കുറിച്ച് ദിവാസ്വപ്നം കാണാൻ നിങ്ങൾ ഏറെ സമയം ചെലവഴിക്കുന്നുവെന്നു കണ്ടെത്തിയാൽ, ഈ ചോദ്യത്തിന് പ്രത്യേക ശ്രദ്ധ നൽകുക. അത്തരം ആഗ്രഹങ്ങളിലൂടെയോ അവയുടെ സഫലീകരണത്തിലൂടെയോ ജീവിതത്തിന്റെ പൂർണ്ണത ഒരിക്കലും നേടാനാവില്ല. ദൈവം, ദൈവം മാത്രം, ജീവിതത്തിനു പൂർണ്ണത നൽകുന്നു. മറ്റെല്ലാറ്റിനുമുപരി ദൈവത്തെ അന്വേഷിക്കുക. അപ്പോൾ, ഈ ലോകത്തിനു നൽകാൻ കഴിയുന്ന ഒന്നും ദൈവരാജ്യത്തിന്റെ സമ്പത്തിനോടു കിടപിടിക്കില്ലെന്ന് നിങ്ങൾ കണ്ടെത്തും.
കർത്താവേ, അങ്ങ്, അങ്ങു മാത്രമാണ് ജീവിതപൂർണ്ണതയുടെ ഉറവിടം. ഒടുവിൽ അങ്ങയെയും അങ്ങയുടെ വിശുദ്ധ ഹിതത്തെയും മാത്രം ഞാൻ ആഗ്രഹിക്കേണ്ടതിന് എന്റെ ആഗ്രഹങ്ങളെ ശുദ്ധീകരിക്കണമേ. അങ്ങയിൽ മാത്രം ഞാൻ സംതൃപ്തി കണ്ടെത്തേണ്ടതിന് ജീവിതത്തിലെ എല്ലാ വഞ്ചനകളിൽനിന്നും വ്യാജ ആകർഷണങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മെത്രാനും വേദപാരംഗതനുമായ വിശുദ്ധ പീറ്റർ ഡാമിയനെക്കുറിച്ച് കൂടുതൽ വായിക്കുക
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





