മലയാളം

എല്ലാവരോടും ദയ കാണിക്കുക

ഫെബ്രുവരി 23, 2025
ആണ്ടുവട്ടത്തിലെ ഏഴാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

മത്തിയാസ് ഗ്രൂനെവാൾഡ്, പൊതുസഞ്ചയത്തിലുള്ള ചിത്രം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

“മറിച്ച്, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും അവർക്ക് നന്മ ചെയ്യുകയും ചെയ്യുവിൻ; ഒന്നും തിരികെ പ്രതീക്ഷിക്കാതെ കടം കൊടുക്കുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങൾ അത്യുന്നതന്റെ മക്കളായിരിക്കുകയും ചെയ്യും. കാരണം, അവിടുന്ന് നന്ദിയില്ലാത്തവരോടും ദുഷ്ടരോടും ദയ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.” ലൂക്കാ 6:35–36

“നന്ദിയില്ലാത്തവരോടും ദുഷ്ടരോടും ദയ കാണിക്കുക” എന്നത് തീർച്ചയായും പ്രയാസമുള്ള കാര്യമാണ്. എന്നാൽ, അതുതന്നെയാണ് ചെയ്യാൻ നമ്മുടെ കർത്താവ് നമ്മോടു കല്പിച്ചിരിക്കുന്നത്. അവിടുത്തെ കല്പന ഒരു ഭാരമായി നമ്മുടെമേൽ ചുമത്തപ്പെടുന്ന ഒന്നല്ല. മറിച്ച്, നാം നേരിടുന്ന നന്ദികേടിൽനിന്നും ദുഷ്ടതയിൽനിന്നും നമ്മെ സ്വതന്ത്രരാക്കുന്ന ഒരു കല്പനയാണത്.

മറ്റൊരാളിൽനിന്ന് നന്ദികേടോ മറ്റേതെങ്കിലും തരത്തിലുള്ള ദുഷ്ടതയോ നേരിടുമ്പോൾ, അതേ രീതിയിൽ തിരിച്ചുപ്രതികരിക്കാനാണ് പലപ്പോഴും നമുക്കു തോന്നുന്നത്. ക്രൂരത നേരിടുമ്പോൾ ക്രൂരമായി പെരുമാറാൻ നമ്മുടെ പതിതമായ മനുഷ്യസ്വഭാവം നമ്മെ പ്രേരിപ്പിക്കുന്നു. നാം വിമർശിക്കുന്നു, വിധിക്കുന്നു, ആക്രമിക്കുന്നു, കോപിക്കുന്നു. എന്നാൽ, “അത്യുന്നതൻ” ദുഷ്ടരോട് ഇങ്ങനെയല്ല പെരുമാറുന്നതെന്ന് യേശു വളരെ വ്യക്തമായി പറയുന്നു. അവിടുന്ന് നമ്മോടു പെരുമാറുന്നതും ഇങ്ങനെയല്ല. ഒടുവിൽ, അനുതപിക്കാത്ത ദുഷ്ടർ ദൈവത്തിന്റെ കരുണ നിരസിച്ചതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കും. എന്നാൽ, ആ അന്തിമവിധിവരെ മാനസാന്തരത്തെക്കുറിച്ചുള്ള പ്രത്യാശ എപ്പോഴും നിലനിൽക്കണം. അതുകൊണ്ട്, എത്ര പ്രയാസമായാലും മറ്റൊരാളെക്കുറിച്ചുള്ള പ്രത്യാശ നാം ഒരിക്കലും കൈവിടരുത്. എല്ലാ സാഹചര്യങ്ങളിലും എല്ലാവരോടും ദയ കാണിക്കുക എന്നത് ദൈവമക്കളെന്ന നിലയിൽ നമുക്കു ലഭിച്ച ദൗത്യത്തിന്റെ ഹൃദയഭാഗമാണ്.

നിങ്ങളുടെ ദയയ്ക്കും ഔദാര്യത്തിനും അർഹതയില്ലെന്നു നിങ്ങൾക്കു തോന്നുന്ന, നിങ്ങളുടെ ജീവിതത്തിലുള്ള ഒരാളെക്കുറിച്ച് ചിന്തിക്കുക. എന്തുകൊണ്ടാണ് ആ വ്യക്തി അതിന് അർഹനല്ലാത്തത്? ആ വ്യക്തി യഥാർഥത്തിൽ അർഹനല്ലേ? നമ്മുടെ കർത്താവിന്റെ പ്രബോധനമനുസരിച്ച്, നാം നമ്മോടുതന്നെ ചോദിക്കുകപോലും ചെയ്യേണ്ട ചോദ്യങ്ങളല്ല ഇവ എന്നതാണ് സത്യം. പകരം, നമ്മുടെ ശത്രുവെന്നു തോന്നുന്ന ഓരോരുത്തരെയും സ്നേഹിക്കാനും അവർക്കും നാം കണ്ടുമുട്ടുന്ന എല്ലാവർക്കും നന്മ ചെയ്യാനും നാം പൂർണമായി പ്രതിജ്ഞാബദ്ധരാകണം. ഇത് പ്രയാസമാണെങ്കിലും, ദൈവം നമ്മോടു കാണിച്ച നന്മ നാം മനസ്സിലാക്കിയാൽ ഇത് പ്രയാസമായി തോന്നുകയില്ല.

തിരികെ എന്തെങ്കിലും പ്രതീക്ഷിച്ചതുകൊണ്ടല്ല ദൈവം നമ്മോടു പൂർണമായ നന്മ കാണിച്ചത്; നമ്മെ സ്നേഹിക്കാൻ അവിടുന്ന് തിരുമനസ്സായതുകൊണ്ടുമാത്രമാണ്. അത്യുന്നതനായ ദൈവത്തിന്റെ മക്കളാകാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്കു ലഭിച്ച സ്നേഹം നാമും തിരികെ നൽകണം. ദൈവസ്നേഹത്തിന്റെ സ്വഭാവം അതാണ്. അതിനെ അടക്കിനിർത്താനാവില്ല. നമ്മുടെ ജീവിതത്തിൽനിന്ന് അത് പുറത്തേക്ക് ഒഴുകാൻ അനുവദിക്കാതെ, സ്വാർഥമായി അതു സ്വീകരിക്കാൻ കഴിയില്ല. ഇതു മനസ്സിലാക്കുമ്പോൾ, “നന്ദിയില്ലാത്തവരോടും ദുഷ്ടരോടും ദയ കാണിക്കാൻ” യേശു നമ്മോടു നിർദേശിച്ചതിന്റെ കാരണവും നമുക്കു മനസ്സിലാകും. ദൈവം നമ്മോട് ഇങ്ങനെയാണ് പെരുമാറിയിരിക്കുന്നത് എന്നതുതന്നെയാണ് അതിന്റെ കാരണം.

ദൈവത്തിനു നിങ്ങളോടുള്ള അതിരില്ലാത്ത സ്നേഹത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾക്ക് ഒരിക്കലും ഗ്രഹിക്കാനാവുന്നതിലും അപ്പുറമാണ് അത്. ദൈവത്തിന്റെ പരിപൂർണമായ സ്നേഹവും ദയയും ഔദാര്യവും കരുണയും സ്വീകരിക്കാൻ സ്വയം തുറന്നുകൊടുക്കുന്നതിലൂടെ ലഭിക്കുന്ന വലിയ നന്മയെക്കുറിച്ചും വിചിന്തനം ചെയ്യുക. നിങ്ങൾ സ്വീകരിക്കുന്നവയാൽ നിങ്ങൾക്കു നിറയാൻ കഴിയും എന്നതാണ് ആ നന്മ. ദൈവത്തിന്റെ ഈ സ്നേഹം നിങ്ങൾ സ്വീകരിക്കുമ്പോൾ, നിങ്ങൾ കണ്ടുമുട്ടുന്ന നല്ലവരും ദുഷ്ടരുമായ എല്ലാവരുടെയും ജീവിതങ്ങളിലേക്ക് അത് അനിവാര്യമായും നിറഞ്ഞൊഴുകുന്നു. എല്ലാവർക്കും എപ്പോഴും ഈ സ്നേഹം നൽകണം. മടിക്കരുത്; കാരണം, നിങ്ങളോടുള്ള സ്നേഹം നൽകുന്നതിൽ ദൈവം മടിക്കുന്നില്ല.

അത്യന്തം കരുണയുള്ള കർത്താവേ, നല്ലവരും ചീത്തവരുമായ എല്ലാ മനുഷ്യർക്കും ഒരുപോലെ അങ്ങ് അങ്ങയുടെ സമൃദ്ധമായ നന്മ നൽകുന്നു. അങ്ങയുടെ സ്നേഹവും കരുണയും നൽകുന്നത് അങ്ങ് ഒരിക്കലും നിർത്തുന്നില്ല. അങ്ങയുടെ കൃപയ്ക്കായി തങ്ങളെത്തന്നെ പൂർണമായി തുറന്നുകൊടുക്കുന്നവരുടെ കൂട്ടത്തിൽ ഞാനും എപ്പോഴും ഉണ്ടായിരിക്കട്ടെ. അതേ ആഴത്തിലുള്ള സ്നേഹം ഞാനും എല്ലാവർക്കും എപ്പോഴും നൽകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ പോളിക്കാർപ്പ്, മെത്രാനും രക്തസാക്ഷിയും—ഓർമദിനം
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിൽ ഓർമദിനമായി ആചരിക്കുന്നില്ല

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.