2025 ഏപ്രിൽ 28
ഉയിർപ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ പീറ്റർ ഷനേൽ, പുരോഹിതനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം
വിശുദ്ധ ലൂയി ഗ്രിഞ്ഞോൺ ദെ മോൺഫോർട്ട്, വൈദികൻ—ഐച്ഛിക അനുസ്മരണം
ഹെൻറി ഒസാവ ടാനർ, പൊതുസഞ്ചയം, Wikimedia Commons വഴി
യഹൂദരുടെ ഒരു നേതാവായ നിക്കൊദേമോസ് എന്നൊരു ഫരിസേയൻ ഉണ്ടായിരുന്നു. അയാൾ രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്ന് അവനോടു പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവത്തിൽനിന്നു വന്ന ഒരു ഗുരുവാണെന്ന് ഞങ്ങൾക്കറിയാം. കാരണം, ദൈവം കൂടെയില്ലെങ്കിൽ അങ്ങ് ചെയ്യുന്ന ഈ അടയാളങ്ങൾ ചെയ്യാൻ ആർക്കും കഴിയുകയില്ല.” യോഹന്നാൻ 3:1–2
ഫരിസേയനും യഹൂദരുടെ ഒരു നേതാവുമായ നിക്കൊദേമോസിനെ യോഹന്നാന്റെ സുവിശേഷത്തിൽ മൂന്നു പ്രാവശ്യം പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തെ ആദ്യമായി പരാമർശിക്കുന്ന ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. യേശുവിനെ കുറ്റം വിധിക്കുന്നതിനുമുമ്പ് അവിടുത്തെ വാക്കുകൾ കേൾക്കണമെന്ന് അദ്ദേഹം സെൻഹെദ്രിനെ ഓർമ്മിപ്പിക്കുന്നതാണ് രണ്ടാമത്തെ പരാമർശം. യേശുവിന്റെ മരണശേഷം അവിടുത്തെ സംസ്കാരത്തിന് നിക്കൊദേമോസ് സഹായിക്കുന്നതാണ് മൂന്നാമത്തേത്. യോഹന്നാന്റെ സുവിശേഷം പ്രതീകസമൃദ്ധമാണ്. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും പ്രതീകങ്ങൾ അദ്ദേഹം പ്രത്യേകമായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് പുറത്തേക്കു പോയപ്പോൾ, “അപ്പോൾ രാത്രിയായിരുന്നു” എന്ന് യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നു. മുകളിൽ കൊടുത്തിരിക്കുന്ന ഭാഗത്ത്, നിക്കൊദേമോസ് യേശുവിന്റെ അടുക്കൽ വന്നത് “രാത്രിയിൽ” ആയിരുന്നുവെന്ന് യോഹന്നാന്റെ സുവിശേഷം പറയുന്നു.
ഈ ഭാഗത്തെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ അഗസ്തീനോസ് പറയുന്നത്, നിക്കൊദേമോസ് യേശുവിന്റെ അടുക്കൽ “രാത്രിയിൽ” വന്നത് അദ്ദേഹം അപ്പോഴും പൂർണ്ണമായി വീണ്ടും ജനിച്ചിട്ടില്ലാത്തതിനാലും അതിനാൽ വിശ്വാസത്തിന്റെ വെളിച്ചത്തിൽ പൂർണ്ണമായി ജീവിച്ചുതുടങ്ങിയിട്ടില്ലാത്തതിനാലുമാണ് എന്നാണ്. എന്നാൽ നിക്കൊദേമോസ് യേശുവിന്റെ അടുക്കൽ വരുകയും അവിടുത്തോട് വിശദമായി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു എന്ന വസ്തുത, അദ്ദേഹത്തിൽ വിശ്വാസത്തിന്റെ ഒരു തീപ്പൊരി ഉണ്ടായിരുന്നുവെന്നും ആ വിശ്വാസം കൂടുതൽ ആഴപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും കാണിക്കുന്നു. യേശുവാണ് മിശിഹായെന്ന് അദ്ദേഹം വ്യക്തമായും പ്രത്യാശിക്കുകയും യേശു “ദൈവത്തിൽനിന്നു വന്ന ഒരു ഗുരു” ആണെന്ന് ഏറ്റുപറയുകയും ചെയ്തു.
വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങൾ ഔപചാരികമായി ക്രമപ്പെടുത്തുന്നതിനുമുമ്പ്, ആദിമകാലം മുതൽതന്നെ കത്തോലിക്കാസഭയിലും ഓർത്തഡോക്സ് സഭയിലും നിക്കൊദേമോസിന് “വിശുദ്ധൻ” എന്ന വിശേഷണം നൽകിയിട്ടുണ്ട്. യേശുവിനെ ന്യായീകരിക്കാനും അവിടുത്തേക്കുള്ള പിന്തുണ പ്രകടിപ്പിക്കാനും അക്കാലത്തെ മറ്റു മതനേതാക്കൾക്കെതിരെ നിലകൊണ്ടതിനാൽ അദ്ദേഹം പ്രത്യേകമായി വണങ്ങപ്പെടുന്നു. ഇതിന് ധൈര്യം ആവശ്യമായിരുന്നു. അദ്ദേഹം പരിഹസിക്കപ്പെടുകയും മറ്റുള്ളവരാൽ അകറ്റിനിർത്തപ്പെടാനുള്ള അപകടം നേരിടുകയും ചെയ്തു. എന്നാൽ യേശുവിൽ സവിശേഷമായ എന്തോ ഉണ്ടെന്ന് നിക്കൊദേമോസിന് അറിയാമായിരുന്നു. ആ പ്രചോദനത്തെ പിന്തുടരുന്നതിൽ അദ്ദേഹം ഉറച്ചുനിന്നു.
നമ്മുടെ ആധുനിക ലോകത്തിൽ ജീവിക്കുന്ന നമുക്ക് നിക്കൊദേമോസ് പല വിധത്തിലും വലിയൊരു മാതൃകയാണ്. ലോകത്തിലെ മിക്ക മതേതര സംസ്കാരങ്ങളിലും യേശുവിന്റെ അനുയായിയായിരിക്കുന്നതിനെ കൂടുതൽ കൂടുതൽ അവജ്ഞയോടെയാണ് കാണുന്നത്. നിങ്ങളുടെ വിശ്വാസം പരസ്യമായി ജീവിക്കാനും സുവിശേഷങ്ങൾ പഠിപ്പിക്കുന്നതെല്ലാം വിശ്വസിക്കാനും നിങ്ങൾ തീരുമാനിക്കുമ്പോൾ ഇത് വിശേഷിച്ചും സത്യമാണ്. തങ്ങളുടെ വിശ്വാസം പരസ്യമായി ജീവിക്കുക എന്നത്, പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിലും വിദ്യാലയാന്തരീക്ഷങ്ങളിലും മറ്റു പൊതുസാമൂഹിക വേദികളിലും, വെല്ലുവിളി നിറഞ്ഞതാണെന്ന് അനേകം ക്രൈസ്തവർ അനുഭവിച്ചറിയുന്നു. നിക്കൊദേമോസിനെപ്പോലെ, “രാത്രിയിൽ”, അതായത് രഹസ്യമായി, യേശുവിന്റെ അടുക്കൽ വരുന്നതാണ് കൂടുതൽ എളുപ്പമെന്ന് പലരും കരുതുന്നു. നിക്കൊദേമോസ് ഇങ്ങനെയാണ് തുടങ്ങിയതെങ്കിലും, ഒടുവിൽ തന്റെ സഹഫരിസേയരുടെ സാന്നിധ്യത്തിൽ യേശുവിനെ ന്യായീകരിച്ച് പരസ്യമായി സംസാരിച്ചു. ചില പാരമ്പര്യങ്ങൾ അനുസരിച്ച്, അവർ അദ്ദേഹത്തെ പീഡിപ്പിക്കുകയും നാടുകടത്തുകയും ചെയ്തു.
ഇന്ന് വിശുദ്ധ നിക്കൊദേമോസിനെക്കുറിച്ച് വിചിന്തനം ചെയ്യുക. യേശുവിനെ ശ്രവിച്ചുകൊണ്ട് തന്റെ ഉള്ളിലെ വിശ്വാസത്തിന്റെ തീപ്പൊരി വളരാൻ അദ്ദേഹം അനുവദിച്ചു. സമസ്ഥാനീയരിൽനിന്നുള്ള സമ്മർദത്തോട് അദ്ദേഹം പൊരുതി; എന്നാൽ ഒടുവിൽ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു. ഇത് സെൻഹെദ്രിനിലും ഭൗമിക ഭരണാധികാരികൾക്കിടയിലും അദ്ദേഹത്തിനുണ്ടായിരുന്ന ലൗകികമായ ആദരവിന്റെ സ്ഥാനത്തിന് കോട്ടം വരുത്തിയെങ്കിലും, സ്വർഗത്തിൽ നിത്യമായ ആദരവ് നിക്കൊദേമോസിന് നേടിക്കൊടുത്തു. ക്രിസ്തുവിൽ താൻ കണ്ടെത്തിയ വിശ്വാസം വളരാനും സത്യത്തിന്റെ വെളിച്ചം തന്റെ ജീവിതത്തെ നിറയ്ക്കാനും അനുവദിച്ചുകൊണ്ട്, സമസ്ഥാനീയരുടെ സമ്മർദത്തെ എതിർത്തുനിൽക്കാൻ അദ്ദേഹത്തിന് എത്രമാത്രം ധൈര്യം വേണ്ടിവന്നിരിക്കുമെന്ന് വിചിന്തനം ചെയ്യുക. ഈ നല്ല മനുഷ്യനെ അനുകരിക്കാൻ പരിശ്രമിക്കുക. അദ്ദേഹത്തിന്റെ ധൈര്യം നിങ്ങൾക്കും പ്രചോദനമാകാൻ അനുവദിക്കുക. അങ്ങനെ, അദ്ദേഹം ഇപ്പോൾ സ്വർഗത്തിൽ അനുഭവിക്കുന്ന അതേ നിത്യമഹത്ത്വം നിങ്ങൾക്കും ലഭിക്കും.
വെളിച്ചത്തിന്റെയും സത്യത്തിന്റെയും നാഥാ, വിശ്വാസത്തോടെ അങ്ങയുടെ അടുക്കൽ വരുന്നവർക്ക് അങ്ങ് അങ്ങയെത്തന്നെ വെളിപ്പെടുത്തുന്നു. അങ്ങയുടെ സത്യത്തിന്റെ വെളിച്ചത്താൽ എല്ലാ ആശയക്കുഴപ്പങ്ങളും അന്ധകാരവും നീങ്ങിപ്പോകേണ്ടതിന് നിക്കൊദേമോസിന്റെ മാതൃക പിന്തുടരാൻ എന്നെ സഹായിക്കണമേ. പ്രിയനാഥാ, അങ്ങയെ അനുഗമിക്കാനും അങ്ങ് വെളിപ്പെടുത്തുന്ന സകലതിലും എന്റെ ഹൃദയം ഉറപ്പിക്കാനും എനിക്ക് ധൈര്യം നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മാർപാപ്പയ്ക്കും & കോൺക്ലേവിനും വേണ്ടിയുള്ള പ്രാർഥന
പുരോഹിതനും രക്തസാക്ഷിയുമായ വിശുദ്ധ പീറ്റർ ഷാനൽ
വിശുദ്ധ ലൂയി ഗ്രിഞ്ഞോൺ ദെ മോൺഫോർട്ട്, വൈദികൻ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





