മലയാളം

“വിശുദ്ധമായ ഒരു പ്രേരണ”

2025 ഏപ്രിൽ 29

കന്യകയും വേദപാരംഗതയുമായ സിയന്നായിലെ വിശുദ്ധ കത്രീനയുടെ അനുസ്മരണം

ഇന്നത്തെ വായനകൾ
ഉയിർപ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ചത്തെ വായനകൾ

ജോൺ ലാ ഫാർജ്, പൊതുസഞ്ചയത്തിലുള്ള കൃതി, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

നിക്കൊദേമോസ് അവനോടു ചോദിച്ചു: “ഇതെങ്ങനെ സംഭവിക്കും?” യേശു അവനോടു മറുപടി പറഞ്ഞു: “നീ ഇസ്രായേലിന്റെ ഗുരുവായിരുന്നിട്ടും ഇതു മനസ്സിലാകുന്നില്ലേ? സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ഞങ്ങൾ അറിയുന്ന കാര്യങ്ങൾ സംസാരിക്കുകയും കണ്ടവയ്ക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ ഞങ്ങളുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല.”  യോഹന്നാൻ 3:9–11

നാം ഇന്നലെ ധ്യാനിച്ചതുപോലെ, ഒടുവിൽ മാനസാന്തരപ്പെട്ട് യേശുവിന്റെ അനുയായിയായിത്തീരുകയും ഇന്ന് വിശുദ്ധനായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ചുരുക്കം ചില ഫരിസേയരിൽ ഒരാളാണ് നിക്കൊദേമോസ്. ക്രൈസ്തവവിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തവരായി പേരെടുത്തു രേഖപ്പെടുത്തിയിട്ടുള്ള മറ്റു ഫരിസേയർ വിശുദ്ധ പൗലോസും ഗമാലിയേലും മാത്രമാണ്. മറ്റു ചില ഫരിസേയരും ഒടുവിൽ മാനസാന്തരപ്പെട്ടതായി അപ്പസ്തോലപ്രവർത്തനങ്ങൾ 15:5 സൂചിപ്പിക്കുന്നു.

യേശുവും ഫരിസേയരും തമ്മിലുണ്ടായ അനേകം കൂടിക്കാഴ്ചകൾ ഒന്നാകെ പരിഗണിക്കുമ്പോൾ, യേശുവിനോടും അവിടുത്തെ പ്രബോധനത്തോടും അവർക്കിടയിൽ ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്നു വ്യക്തമാണ്. അവർ നിരന്തരം അവിടുത്തെ കെണിയിൽ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. തീർച്ചയായും, ഒടുവിൽ ന്യായാധിപസംഘത്തിലെ മറ്റു പ്രമുഖ മതനേതാക്കളോടൊപ്പം അവരും അവിടുത്തെ മരണത്തിന് ഉത്തരവാദികളായി. അതുകൊണ്ട്, യേശുവിനെ തള്ളിക്കളയാൻ എല്ലാ ഫരിസേയരുടെയുംമേൽ വലിയ സമ്മർദമുണ്ടായിരുന്നിരിക്കണം എന്നു മനസ്സിലാക്കാൻ പ്രയാസമില്ല. യേശുവിനെ കുറ്റംവിധിക്കണമെന്ന പൊതുനിലപാടിനനുസരിച്ചു പ്രവർത്തിക്കാൻ കൂട്ടാളികളിൽനിന്നുള്ള സമ്മർദത്തിന്റെ ശക്തി അവരിൽ ഓരോരുത്തരും അനുഭവിച്ചിട്ടുണ്ടാകും. നിക്കൊദേമോസ് യേശുവിനോടു ചോദിക്കുന്ന, മുകളിൽ ഉദ്ധരിച്ച ഭാഗത്തിന്റെ പശ്ചാത്തലം ഇതാണ്. ഇന്നലത്തെ സുവിശേഷസംഭാഷണത്തിന്റെ തുടർച്ചയാണ് ഈ ഭാഗം. സ്വർഗത്തിലേക്കുള്ള വഴി “ഉന്നതത്തിൽനിന്നു ജനിക്കുക” എന്നതാണെന്ന് അതിൽ യേശു നിക്കൊദേമോസിനോടു വ്യക്തമായി പറയുന്നു. ഒരാൾക്ക് എങ്ങനെ “വീണ്ടും ജനിക്കാൻ” കഴിയുമെന്ന് നിക്കൊദേമോസ് ചോദിക്കുന്നു. തുടർന്ന്, അവനെ വിമർശിക്കുന്നതായി തോന്നുന്ന, മുകളിൽ ഉദ്ധരിച്ച വാക്കുകൾ യേശു പറയുന്നു.

യേശുവിന്റെ വിമർശനം നിക്കൊദേമോസിനെ കുറ്റംവിധിക്കുന്നതായിരുന്നില്ല എന്നു മനസ്സിലാക്കുന്നത് സഹായകരമാണ്. “നിങ്ങൾക്കു ദുരിതം…” എന്ന് അവിടുന്ന് സാധാരണ പറയുന്ന വാക്കുകളുടെ സ്വരത്തിലായിരുന്നില്ല അത്. മറിച്ച്, ചോദ്യങ്ങളിൽനിന്നു വിശ്വാസത്തിലേക്കു നിക്കൊദേമോസിനെ നയിക്കാനായി സൗമ്യമായും എന്നാൽ വളരെ നേരിട്ടും അവനെ വെല്ലുവിളിക്കുകയായിരുന്നു. അതാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം. മറ്റു ഫരിസേയരെപ്പോലെ യേശുവിനെ കെണിയിൽ വീഴ്ത്താനും കുറ്റംവിധിക്കാനുമല്ല നിക്കൊദേമോസ് അവിടുത്തെ സമീപിച്ചത്. ആശയക്കുഴപ്പത്തിലായിരുന്നതുകൊണ്ടാണ് അവൻ വന്നത്. യേശുവിനെ കുറ്റംവിധിക്കാൻ സഹഫരിസേയരിൽനിന്നു ശക്തമായ സമ്മർദം അനുഭവപ്പെട്ടതായിരിക്കാം അവന്റെ ആശയക്കുഴപ്പത്തിന് ഏറ്റവും സാധ്യതയുള്ള കാരണം.

ഈ പശ്ചാത്തലം മനസ്സിലാക്കുന്നത് നിക്കൊദേമോസിന്റെ നന്മയും ധൈര്യവും മാത്രമല്ല, യേശുവിന്റെ സ്നേഹപൂർവമായ നിർഭയത്വവും ഗ്രഹിക്കാൻ നമ്മെ സഹായിക്കണം. നിക്കൊദേമോസ് തുറന്ന മനസ്സുള്ളവനാണെന്ന് യേശുവിന് അറിയാമായിരുന്നു. അവനെ തന്റെ പക്ഷത്തേക്കു കൊണ്ടുവരാൻ കഴിയുമെന്നും അവിടുത്തേക്ക് അറിയാമായിരുന്നു. എന്നാൽ നിക്കൊദേമോസിനെ നേരിട്ടും ഉറച്ചും വെല്ലുവിളിക്കേണ്ടതുണ്ടെന്നും യേശുവിന് അറിയാമായിരുന്നു. വിശ്വാസമെന്ന ദാനത്തിലേക്കു പ്രവേശിക്കാൻ അവന് “വിശുദ്ധമായ ഒരു പ്രേരണ” അല്പം ആവശ്യമായിരുന്നു. തീർച്ചയായും, യേശുവിന്റെ ആ വെല്ലുവിളി ഒടുവിൽ നിക്കൊദേമോസിനെ അവിടുത്തെ പക്ഷത്തേക്കു കൊണ്ടുവന്നു.

നമ്മുടെ കർത്താവിൽനിന്ന് നിങ്ങൾക്കും “വിശുദ്ധമായ ഒരു പ്രേരണ” ആവശ്യമായിരിക്കുന്ന മേഖലകളെക്കുറിച്ച് ഇന്നു ധ്യാനിക്കുക. ജീവിതത്തിൽ ഏതുതരം ലൗകിക സമ്മർദമാണ് നിങ്ങൾ അനുഭവിക്കുന്നത്? യഥാർഥ വിശുദ്ധിയിലുള്ള ജീവിതത്തിനു വിരുദ്ധമായ എന്തെങ്കിലും സമ്മർദം സുഹൃത്തുക്കളോ അയൽക്കാരോ കുടുംബാംഗങ്ങളോ സഹപ്രവർത്തകരോ നിങ്ങളുടെമേൽ ചെലുത്തുന്നുണ്ടോ? ഉണ്ടെങ്കിൽ, നിക്കൊദേമോസും വിശുദ്ധ പൗലോസും ഗമാലിയേലും ഒടുവിൽ പ്രകടിപ്പിച്ച ധൈര്യത്തെക്കുറിച്ചു ചിന്തിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾക്കു പ്രചോദനമാകട്ടെ. നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള മേഖലയിൽ നിങ്ങളെ വെല്ലുവിളിക്കാൻ നമ്മുടെ കർത്താവിനെ അനുവദിക്കുക. അങ്ങനെ, യേശുവിന്റെ കൂടുതൽ വിശ്വസ്തനായ അനുയായിയാകാൻ നിങ്ങൾക്കാവശ്യമായ “വിശുദ്ധമായ ഒരു പ്രേരണ” നിങ്ങൾക്കും ലഭിക്കും.

സകല ശക്തിയുടെയും നാഥനായ എന്റെ കർത്താവേ, എനിക്ക് ഏറ്റവും ആവശ്യമുള്ള കാര്യത്തിൽ എന്നെ വെല്ലുവിളിക്കാനുള്ള അങ്ങയുടെ ദൃഢനിശ്ചയം അചഞ്ചലമാണ്. അങ്ങയുടെ വിശ്വസ്ത അനുയായിയായിരിക്കാൻ ആവശ്യമായ ധൈര്യവും ശക്തിയും എനിക്കുണ്ടാകേണ്ടതിന്, ഞാൻ ദുർബലനായിരിക്കുമ്പോൾ അങ്ങയുടെ സ്നേഹപൂർവമായ സൗമ്യശാസനകൾ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എനിക്ക് വ്യക്തതയും വിവേകവും നൽകണമേ; ലോകത്തിന്റെ വഴിതെറ്റിക്കുന്ന സമ്മർദങ്ങളെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മാർപാപ്പയ്ക്കും & കോൺക്ലേവിനും വേണ്ടിയുള്ള പ്രാർഥന

സിയെന്നായിലെ വിശുദ്ധ കത്രീന, കന്യകയും വേദപാരംഗതയും—അനുസ്മരണം

ഉയിർപ്പുകാല പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.