മലയാളം

വ്യക്തതയാർന്ന ഒരു സംഗ്രഹം

2025 ഏപ്രിൽ 30
ഉയിർപ്പുകാലം രണ്ടാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പാ—ഐച്ഛിക അനുസ്മരണം

മത്തിയാസ് സ്റ്റോം, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

“ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതിനാൽ തന്റെ ഏകജാതനായ പുത്രനെ നൽകി; അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനാണിത്.” യോഹന്നാൻ 3:16

ഈശോ നിക്കോദേമോസുമായി നടത്തിയ സംഭാഷണം നാം ഇന്നും തുടർന്നു വായിക്കുന്നു. ഫരിസേയനായിരുന്ന നിക്കോദേമോസ് ഒടുവിൽ മാനസാന്തരപ്പെടുകയും സഭയുടെ ആദ്യകാല വിശുദ്ധരിൽ ഒരാളായി വണങ്ങപ്പെടുകയും ചെയ്യുന്നു. മറ്റു ഫരിസേയരുടെ ദുഷ്ടതയെ തള്ളിക്കളഞ്ഞ് തന്റെ അനുയായിയാകുക എന്ന ദുഷ്കരമായ തീരുമാനമെടുക്കാൻ നിക്കോദേമോസിനെ സഹായിക്കുന്നതിനാണ് ഈശോ അദ്ദേഹത്തെ വെല്ലുവിളിച്ചതെന്ന് ഓർക്കുക. മുകളിൽ ഉദ്ധരിച്ച വചനം നിക്കോദേമോസ് ഈശോയുമായി നടത്തിയ ആദ്യ സംഭാഷണത്തിൽനിന്നുള്ളതാണ്. സുവിശേഷത്തിന്റെ മുഴുവൻ സംഗ്രഹമായി നമ്മുടെ ഇവാഞ്ചലിക്കൽ സഹോദരീസഹോദരന്മാർ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. തീർച്ചയായും അത് അങ്ങനെതന്നെയാണ്.

യോഹന്നാന്റെ സുവിശേഷത്തിലെ മൂന്നാം അധ്യായത്തിലുടനീളം ഈശോ പ്രകാശത്തെയും അന്ധകാരത്തെയും കുറിച്ചും, മുകളിൽനിന്നു ജനിക്കുന്നതിനെക്കുറിച്ചും, ദുഷ്ടത, പാപം, ശിക്ഷാവിധി, ആത്മാവ് എന്നിവയെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നു. എന്നാൽ ഈ അധ്യായത്തിലും തന്റെ പരസ്യശുശ്രൂഷയിലുടനീളവും ഈശോ പഠിപ്പിച്ചവയെല്ലാം പല വിധത്തിലും ഹ്രസ്വവും സാരഗർഭവുമായ ഈ പ്രസ്താവനയിൽ സംഗ്രഹിക്കാം: “ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതിനാൽ തന്റെ ഏകജാതനായ പുത്രനെ നൽകി; അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനാണിത്.” ഈ ഹ്രസ്വമായ പ്രബോധനത്തെ അഞ്ച് അടിസ്ഥാന സത്യങ്ങളായി തിരിക്കാം.

ഒന്നാമതായി, മനുഷ്യവംശത്തോടും, പ്രത്യേകിച്ച് നിങ്ങളോടും, പിതാവിനുള്ള സ്നേഹം അത്രയേറെ ആഴമുള്ളതാണ്; ആ സ്നേഹത്തിന്റെ ആഴം പൂർണ്ണമായി മനസ്സിലാക്കാൻ നമുക്ക് ഒരിക്കലും കഴിയുകയില്ല.

രണ്ടാമതായി, നമ്മോടുള്ള സ്നേഹം നിമിത്തം, നമുക്ക് ലഭിക്കാവുന്നതിൽവച്ചും പിതാവിന് നൽകാവുന്നതിൽവച്ചും ഏറ്റവും വലിയ ദാനം നൽകാൻ പിതാവ് പ്രേരിതനായി: തന്റെ ദൈവികപുത്രനെത്തന്നെ. പിതാവിന്റെ അതിരില്ലാത്ത ഔദാര്യത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കണമെങ്കിൽ നാം ഈ ദാനത്തെക്കുറിച്ച് പ്രാർത്ഥനാപൂർവം ധ്യാനിക്കണം.

മൂന്നാമതായി, പുത്രനാകുന്ന ഈ വിസ്മയകരമായ ദാനത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൽ പ്രാർത്ഥനാപൂർവം കൂടുതൽ ആഴത്തിലേക്കു കടക്കുമ്പോൾ, നമുക്ക് നൽകാവുന്ന ഉചിതമായ ഏക പ്രതികരണം വിശ്വാസമാണ്. നാം “അവനിൽ വിശ്വസിക്കണം.” നമ്മുടെ ഗ്രാഹ്യം ആഴപ്പെടുന്നതനുസരിച്ച് നമ്മുടെ വിശ്വാസവും ആഴപ്പെടണം.

നാലാമതായി, നിത്യമരണത്തിന്റെ സാധ്യത എപ്പോഴും ഉണ്ടെന്ന് നാം തിരിച്ചറിയണം. നാം നിത്യമായി “നശിച്ചുപോകാൻ” സാധ്യതയുണ്ട്. ഈ തിരിച്ചറിവ് പുത്രനാകുന്ന ദാനത്തെക്കുറിച്ച് കൂടുതൽ ആഴമായ ഉൾക്കാഴ്ച നൽകും. എന്തെന്നാൽ, പിതാവിൽനിന്നുള്ള നിത്യമായ വേർപാടിൽനിന്ന് നമ്മെ രക്ഷിക്കുകയാണ് പുത്രന്റെ പ്രഥമ കടമയെന്ന് അപ്പോൾ നാം തിരിച്ചറിയും.

അവസാനമായി, പിതാവ് പുത്രനെ ദാനമായി നൽകിയത് നമ്മെ രക്ഷിക്കാൻ മാത്രമല്ല, സ്വർഗത്തിന്റെ ഉന്നതികളിലേക്ക് നമ്മെ ആനയിക്കാനും കൂടിയാണ്. അതായത്, നമുക്ക് “നിത്യജീവൻ” നൽകപ്പെടുന്നു. നിത്യതയുടെ ഈ ദാനം അതിന്റെ സാധ്യതയിലും മൂല്യത്തിലും മഹത്ത്വത്തിലും പൂർണ്ണതയിലും അനന്തമാണ്.

സുവിശേഷത്തിന്റെ മുഴുവൻ സംഗ്രഹമായ ഈ വചനത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: “ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതിനാൽ തന്റെ ഏകജാതനായ പുത്രനെ നൽകി; അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനാണിത്.” നിക്കോദേമോസുമായുള്ള ഈ വിശുദ്ധ സംഭാഷണത്തിൽ നമ്മുടെ കർത്താവ് നമുക്ക് വെളിപ്പെടുത്തിയ സുന്ദരവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സത്യങ്ങൾ മനസ്സിലാക്കാൻ പ്രാർത്ഥനാപൂർവം ശ്രമിച്ചുകൊണ്ട്, ഓരോ വരിയും ധ്യാനിക്കുക. ഈശോയെയും അവിടുത്തെ പ്രബോധനങ്ങളെയും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുന്ന നല്ലൊരു മനുഷ്യനായ നിക്കോദേമോസിന്റെ സ്ഥാനത്ത് നിങ്ങളെത്തന്നെ കാണാൻ ശ്രമിക്കുക. നിക്കോദേമോസിനൊപ്പം ഈ വാക്കുകൾ കേൾക്കാനും വിശ്വാസത്തിൽ അവയെ ആഴമായി സ്വീകരിക്കാനും നിങ്ങൾക്കു കഴിയുമെങ്കിൽ, ഈ വാക്കുകൾ വാഗ്ദാനം ചെയ്യുന്ന നിത്യമഹത്ത്വത്തിൽ നിങ്ങളും പങ്കുചേരും.

മഹത്ത്വപൂർണ്ണനായ എന്റെ കർത്താവേ, സങ്കൽപ്പിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ദാനമായി അങ്ങ് ഞങ്ങളുടെ അടുക്കലേക്കു വന്നു. അങ്ങ് സ്വർഗസ്ഥനായ പിതാവിന്റെ ദാനമാണ്. ഞങ്ങളെ രക്ഷിക്കാനും നിത്യതയുടെ മഹത്ത്വത്തിലേക്ക് ഞങ്ങളെ ആനയിക്കാനുമായി സ്നേഹത്താൽ അങ്ങ് അയയ്ക്കപ്പെട്ടു. അങ്ങ് ആരാണെന്ന് പൂർണ്ണമായി മനസ്സിലാക്കാനും വിശ്വസിക്കാനും, നിത്യതയിലേക്കുള്ള രക്ഷാകരമായ ദാനമായി അങ്ങയെ സ്വീകരിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഈ ഉയിർപ്പുകാലത്ത് ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് പരിഗണിക്കാമോ?

മാർപാപ്പയ്ക്കും & കോൺക്ലേവിനും വേണ്ടിയുള്ള പ്രാർഥന

വിശുദ്ധ പീയൂസ് അഞ്ചാമൻ മാർപാപ്പ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.