മലയാളം

നമ്മുടെ ആവശ്യങ്ങൾക്കപ്പുറത്തേക്കുള്ള പ്രാർഥന

ഒക്ടോബർ 12, 2025
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

ചിത്രം Adobe Stock-ൽനിന്ന്: തിരഞ്ഞെടുത്ത ചിത്രം; പ്രധാന ചിത്രം

വീഡിയോ

ജറുസലെമിലേക്കുള്ള യാത്ര തുടർന്ന യേശു സമരിയായിലൂടെയും ഗലീലിയിലൂടെയും കടന്നുപോയി. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിക്കുമ്പോൾ പത്തു കുഷ്ഠരോഗികൾ അവനെ എതിരേറ്റു. അവർ അകലെ നിന്നുകൊണ്ട് സ്വരമുയർത്തി പറഞ്ഞു: “യേശുവേ, ഗുരോ! ഞങ്ങളോടു കരുണ തോന്നണമേ!” ലൂക്കാ 17:11–13

ഈ പത്തു കുഷ്ഠരോഗികൾക്കും വളരെ നല്ല രീതിയിലാണ് ഈ കഥ ആരംഭിക്കുന്നത്. അവരിൽ ഒൻപതുപേരെ സംബന്ധിച്ചിടത്തോളം അത് ദുരന്തത്തിൽ അവസാനിക്കുന്നു. ഒരാൾക്കാകട്ടെ, ആരംഭിച്ചതിനെക്കാൾ മെച്ചപ്പെട്ടതും കൂടുതൽ മഹത്വപൂർണവുമായ രീതിയിൽ അത് അവസാനിക്കുന്നു.

ഈ കുഷ്ഠരോഗികൾ നമ്മെയെല്ലാം പ്രതിനിധാനം ചെയ്യുന്നു. അവരുടെ രോഗം സകല പാപങ്ങളുടെയും പാപത്തിന്റെ അനന്തരഫലങ്ങളുടെയും പ്രതീകമായിരുന്നു. രോഗം ആരംഭിച്ചപ്പോൾത്തന്നെ അതിന്റെ പ്രത്യാഘാതങ്ങൾ അവർ അനുഭവിച്ചുതുടങ്ങി. നിറം മാറി കട്ടികൂടിയ വരണ്ട ചർമവും വ്രണങ്ങളും തിണർപ്പുകളും പ്രത്യക്ഷപ്പെടുമായിരുന്നു. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ, അതു പടരാതിരിക്കാൻ ഓരോ കുഷ്ഠരോഗിയെയും സമൂഹത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു. മറ്റു കുഷ്ഠരോഗികളുമായി ഇടപഴകാൻ മാത്രമേ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. ഒറ്റപ്പെടലിലേക്കും അപമാനത്തിലേക്കും തള്ളപ്പെട്ട അവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം മുമ്പത്തെപ്പോലെ സ്വതന്ത്രമായി ഒത്തുചേരാൻ കഴിയുമായിരുന്നില്ല. സമാനമായി, എല്ലാ പാപങ്ങൾക്കും ഇതുപോലുള്ള ഫലങ്ങളുണ്ട്. പാപം വരുത്തുന്ന മുറിവുകൾ ആഴമേറുന്നതു നാം തിരിച്ചറിയുമ്പോൾ അത് നമ്മുടെ ആത്മാവിൽ വേദനയുണ്ടാക്കുന്നു. പാപം നമ്മുടെ ബന്ധങ്ങളെയും നാം സ്നേഹിക്കുന്നവരോട് സ്വതന്ത്രമായി ഇടപഴകാനുള്ള നമ്മുടെ കഴിവിനെയും ബാധിക്കുന്നു.

പാപത്തിനുള്ള ആദ്യത്തെ പ്രതിവിധി ലളിതമാണ്. “യേശുവേ, ഗുരോ! എന്നോടു കരുണ തോന്നണമേ!” എന്നു നാം നിലവിളിക്കുന്നു. എന്നാൽ അത് ആദ്യപടി മാത്രമാണ്. കുഷ്ഠരോഗികളെ സുഖപ്പെടുത്തിയതിലൂടെ, നമ്മുടെ പാപത്തിന്മേൽ തനിക്ക് അധികാരമുണ്ടെന്ന് യേശു നമുക്കു കാണിച്ചുതരുകയായിരുന്നു. അവനു നമ്മോടു ക്ഷമിക്കാൻ കഴിയും; നാം അവന്റെ കരുണ തേടുമ്പോൾ അവൻ നമ്മോടു ക്ഷമിക്കുകയും ചെയ്യും. എന്നാൽ പാപമോചനം നമ്മെ വിശ്വാസത്തിലേക്കും തീക്ഷ്ണതയോടും ദൃഢനിശ്ചയത്തോടുംകൂടി ദൈവഹിതം അനുസരിക്കുന്നതിലേക്കും നയിക്കുന്നില്ലെങ്കിൽ, അത് ദുരന്തത്തിൽ അവസാനിക്കും. പാപമോചനത്തെ നാം നിസ്സാരമായി കാണുന്നെങ്കിൽ, മുമ്പത്തേതിലും ദയനീയമായ അവസ്ഥയിലായിരിക്കും നാം. മടങ്ങിവന്ന് ദൈവത്തിനു നന്ദി പറയാതിരുന്ന ഒൻപതു കുഷ്ഠരോഗികൾ, ദൈവത്തിന്റെ കരുണയുള്ള കരം തങ്ങളെ സ്പർശിച്ചിട്ടും ജീവിതപരിവർത്തനത്തിനു തയ്യാറാകാത്തവരെ പ്രതിനിധാനം ചെയ്യുന്നു.

ദൈവം നമ്മെ സ്പർശിക്കുമ്പോൾ നാം അവനോടു പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യം ഈ കഥ എടുത്തുകാണിക്കുന്നു. നാം ഉച്ചസ്വരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുകയും അവന്റെ മുമ്പിൽ മുട്ടുകുത്തി നമ്മുടെ അഗാധമായ നന്ദി പ്രകടിപ്പിക്കുകയും വേണം. ആ ഒരു കുഷ്ഠരോഗി ഇങ്ങനെ ചെയ്തപ്പോൾ യേശു അവനോടു പറഞ്ഞു: “എഴുന്നേറ്റു പൊയ്ക്കൊള്ളുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” നമ്മുടെ കർത്താവിൽനിന്നുള്ള ആ കരുണ അവന്റെ ആത്മാവിനെ സ്പർശിച്ച കരുണയായിരുന്നു. അത് അവനു വിശ്വാസമെന്ന ദാനം പകരുകയും നിത്യമായ കൃപകളാൽ സൗഖ്യം പ്രാപിച്ചു മുന്നോട്ടുപോകാൻ അവനെ പ്രാപ്തനാക്കുകയും ചെയ്തു.

പലപ്പോഴും നമുക്കൊരു പ്രശ്നമുണ്ടാകുമ്പോൾ മാത്രമാണ് നാം പ്രാർഥനയിൽ ദൈവത്തിലേക്കു തിരിയുന്നത്. പ്രശ്നം പരിഹരിക്കപ്പെട്ടുകഴിഞ്ഞാൽ, നാം നമ്മുടെ കർത്താവിനു വളരെ കുറച്ചു ശ്രദ്ധ മാത്രം നൽകുന്നു; ചിലപ്പോൾ ഒട്ടും ശ്രദ്ധിക്കുന്നില്ല. നമ്മുടെ പ്രശ്നങ്ങൾ പരിഹരിച്ച്, പതിവുപോലെ അനുദിനജീവിതം തുടരാൻ നമ്മെ അനുവദിക്കുക എന്നതല്ല നമ്മുടെ ജീവിതത്തിൽ ദൈവത്തിനുള്ള പങ്ക്. അവന്റെ കരുണ നമ്മിൽ നിരന്തരവും അഗാധവുമായ കൃതജ്ഞത ഉണർത്തണം. ദൈവത്തോടുള്ള കൃതജ്ഞത സത്യത്തെ അംഗീകരിക്കലല്ലാതെ മറ്റൊന്നുമല്ല. നമുക്കുള്ള സകലത്തിനും നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നു. അവനില്ലാതെ നാം ഒന്നുമല്ല. നമ്മുടെ പാപങ്ങളിൽ നാം മരിച്ചവരാണ്. ഒരു കുഷ്ഠരോഗി മാത്രമാണ് ഇതു തിരിച്ചറിഞ്ഞത്. അവന്റെ ശരീരത്തെ മാത്രമല്ല, ആത്മാവിനെയും രക്ഷിച്ച വിശ്വാസമെന്ന ദാനം നൽകി അവൻ അനുഗ്രഹിക്കപ്പെട്ടു.

പ്രാർഥനയിൽ നിങ്ങൾ ദൈവത്തിലേക്കു തിരിയുന്നത് എങ്ങനെയെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമായി അവന്റെ അടുക്കൽ വരുന്നത് നല്ലതാണ്. “യേശുവേ, ഗുരോ! എന്നോടു കരുണ തോന്നണമേ!” എന്നു നിലവിളിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ആത്മാവിന്റെ വൈദ്യനും നിങ്ങൾക്കാവശ്യമായ സൗഖ്യത്തിന്റെ ഉറവിടവുമായി അവനെ കണ്ട് അവന്റെ അടുക്കൽ വരുന്നത് നല്ലതാണ്. എന്നാൽ അതുമാത്രം പോരാ. വാസ്തവത്തിൽ, നിങ്ങളുടെ പ്രാർഥനാജീവിതം അവിടെ അവസാനിപ്പിച്ചാൽ, നിങ്ങൾ അത്യന്തം ദയനീയമായ അവസ്ഥയിൽ ചെന്നെത്തും. നിങ്ങളുടെ സ്വാർഥലാഭത്തിനായി ദൈവത്തെ ഉപയോഗിക്കുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്. വിശ്വാസത്തിൽ അടുത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവയ്ക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ എന്നു വിചിന്തനം ചെയ്യുക. എല്ലാം നന്നായിരിക്കുമ്പോഴും നിങ്ങൾ അവന്റെ അടുക്കൽ വരുന്നുണ്ടോ? അവൻ നിങ്ങൾക്കുവേണ്ടി ചെയ്ത സകലത്തിനുമായി നിങ്ങളുടെ സർവശക്തിയോടുംകൂടി അവനെ സ്തുതിക്കുന്നുണ്ടോ? ഹൃദയത്തിൽ അഗാധമായ കൃതജ്ഞതയോടെ നിങ്ങൾ അവന്റെ മുമ്പിൽ മുട്ടുകുത്തുന്നുണ്ടോ? നിങ്ങളുടെ പ്രാർഥനയെക്കുറിച്ച് വിചിന്തനം ചെയ്യുകയും ഈ ഒരു കുഷ്ഠരോഗിയെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുക. അങ്ങനെ ചെയ്താൽ, നിങ്ങളുടെ വിശ്വാസവും നിങ്ങളെ രക്ഷിക്കും; ഏറ്റവും യഥാർഥമായ അർഥത്തിൽ സൗഖ്യം പ്രാപിച്ചവരായി എഴുന്നേറ്റു മുന്നോട്ടുപോകാൻ നമ്മുടെ കർത്താവ് നിങ്ങളെ ക്ഷണിക്കുകയും ചെയ്യും.

കരുണാനിധിയായ കർത്താവേ, അങ്ങേക്ക് എല്ലാം ചെയ്യാൻ കഴിയും. എന്റെ എല്ലാ മുറിവുകളും സുഖപ്പെടുത്താനും എന്റെ പാപങ്ങൾ ക്ഷമിക്കാനും ഞാൻ നേരിടുന്ന ഓരോ പ്രശ്നവും പരിഹരിക്കാനും അങ്ങേക്ക് കഴിയും. എന്റെ ആവശ്യനേരത്ത് ഞാൻ അങ്ങയോട് നിലവിളിക്കുമ്പോൾ, എന്നെ സുഖപ്പെടുത്തണമേ. അതിനുള്ള മറുപടിയായി, ഏറ്റവും ആഴമായ കൃതജ്ഞതയോടും സ്തുതിയോടുംകൂടെ ഞാൻ എപ്പോഴും അങ്ങയിലേക്കു തിരിയട്ടെ. അങ്ങനെ അങ്ങയിലുള്ള എന്റെ വിശ്വാസം വളരുകയും അങ്ങയോടുള്ള എന്റെ സ്നേഹം യഥാർഥമായി തഴച്ചുവളരുകയും ചെയ്യട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.