മലയാളം

ക്രിസ്മസിന്റെ ദാരിദ്ര്യം

2025 ഡിസംബർ 25, വ്യാഴാഴ്ച

കർത്താവിന്റെ തിരുപ്പിറവി (ക്രിസ്മസ് ദിനം)

വായനകൾ:
ജാഗരണ കുർബാനയിൽ – രാത്രിയിലെ കുർബാന – പുലരിയിലെ കുർബാന – പകലിലെ കുർബാന

ജെറാർഡ് വാൻ ഹോന്തോർസ്റ്റ്, പൊതുസഞ്ചയത്തിലുള്ള ചിത്രം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

അവർ അവിടെ ആയിരിക്കുമ്പോൾ അവൾക്കു പ്രസവസമയമായി. അവൾ തന്റെ ആദ്യജാതനായ പുത്രനെ പ്രസവിച്ചു. സത്രത്തിൽ അവർക്ക് ഇടമില്ലാതിരുന്നതിനാൽ അവൾ അവനെ പിള്ളക്കച്ചകളിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി. ലൂക്കാ 2:6–7 (രാത്രിയിലെ വിശുദ്ധ കുർബാനയിലെ സുവിശേഷം)

തങ്ങളുടെ ആദ്യകുഞ്ഞിന്റെ ജനനം അനുഭവിച്ചറിയുന്ന സ്നേഹനിധികളായ അമ്മയ്ക്കും അപ്പനും ഈ ദൃശ്യത്തിന്റെ പവിത്രതയെയും സൗന്ദര്യത്തെയും കുറിച്ച് ഉൾക്കാഴ്ച ലഭിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ ഈശോ ഉരുവായതിനെ വലിയ രഹസ്യം ചൂഴ്ന്നുനിൽക്കുന്നുണ്ടെങ്കിലും, അവൾ യഥാർഥത്തിൽ അവിടുത്തെ അമ്മയും അവിടുന്ന് യഥാർഥത്തിൽ അവളുടെ പുത്രനുമായിരുന്നു. താൻ ഈ ശിശുവിന്റെ ജൈവിക പിതാവല്ലെന്ന് അറിഞ്ഞിരുന്ന വിശുദ്ധ യൗസേപ്പ്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ നിർദേശിച്ചതുപോലെ ആ പിതൃസ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ആഴമേറിയ ഒരു വിശ്വാസപ്രവൃത്തി ചെയ്തു. തന്റെ വിശ്വാസവും ദൈവം നൽകിയ ദൗത്യവും നിമിത്തം, ദൈവപുത്രന്റെ പിതാവായിരിക്കാനുള്ള യൗസേപ്പിന്റെ സമർപ്പണം അത്യന്തം സ്നേഹനിധിയും അർപ്പണബോധമുള്ളവനുമായ ഒരു പിതാവിനു മാത്രം സാധിക്കുന്ന ഒന്നായിരുന്നു.

ക്രിസ്മസ് ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ കർത്താവ് ലോകത്തിലേക്കു വരാൻ തിരഞ്ഞെടുത്ത എളിമയെക്കുറിച്ച് നാം ഓർക്കുന്നു. റോമൻ ജനസംഖ്യാകണക്കെടുപ്പിൽ പേര് ചേർക്കാനായി മറിയവും യൗസേപ്പും സ്വന്തം ഭവനത്തിൽനിന്ന് അകലെയായിരുന്നതിനാൽ, മൃഗങ്ങൾ വസിച്ചിരുന്ന ഒരിടത്താണ് ഈശോ ജനിച്ചത്. ഒറ്റനോട്ടത്തിൽ, ഒരുപക്ഷേ ഒരു ഗുഹയായിരുന്ന ആ സ്ഥലം ദൗർഭാഗ്യകരമായിരുന്നുവെന്ന് ഒരാൾ കരുതിയേക്കാം. എന്നാൽ എളിയതും ദരിദ്രവുമായ ഈ സാഹചര്യം ആ രാത്രിയുടെ മഹിമ വർധിപ്പിക്കുന്ന ദൈവത്തിന്റെ ദിവ്യപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് നമുക്ക് ഉറപ്പിക്കാം. സ്നേഹത്തിന്റെ യഥാർഥ മഹത്ത്വം നമുക്കു വെളിപ്പെടുത്താനായി ക്രിസ്തു തന്റെ എളിമയിൽ ഈ സ്ഥലം തിരഞ്ഞെടുത്തു.

ഗുഹയുടെയും മൃഗങ്ങൾക്ക് തീറ്റ നൽകാനുള്ള പാത്രമായ പുൽത്തൊട്ടിയുടെയും ദാരിദ്ര്യവും എളിമയും ഈശോയുടെ ജനനത്തിന്റെ പവിത്രതയിലേക്കു വിരൽചൂണ്ടി. പുറംമോടിയില്ല, ആഡംബരമോ സുഖസൗകര്യങ്ങളോ നിറഞ്ഞ അന്തരീക്ഷമില്ല, സ്നേഹം മാത്രം. നിർമ്മലമായ സ്നേഹം. പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തിലെ സ്നേഹവും വിശുദ്ധ യൗസേപ്പിന്റെ അർപ്പണബോധവും മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്റെ സാന്നിധ്യവും—ആ രാത്രിയെ മഹിമാപൂർണമാക്കാൻ ആവശ്യമായതെല്ലാം ഇവയായിരുന്നു.

നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യവും ശാന്തിയും സംതൃപ്തിയും ആശ്രയിക്കുന്നത് നമുക്ക് എത്ര പണമോ എത്ര ഭൗതികസമ്പത്തോ ഉണ്ടെന്നതിനെയല്ല, മറിച്ച് നമ്മുടെ സ്നേഹത്തിന്റെ നിർമ്മലതയെയാണെന്നതാണ് കർത്താവിന്റെ തിരുപ്പിറവിയിൽനിന്ന് നമുക്കു പഠിക്കാവുന്ന ഒരു പാഠം. തിരുക്കുടുംബാംഗങ്ങളുടെ ഹൃദയങ്ങൾക്ക് പരിപൂർണ സംതൃപ്തി ലഭിച്ചത് അവരുടെ ചുറ്റുപാടുകൾ മൂലമായിരുന്നില്ല; യേശുക്രിസ്തു എന്ന വ്യക്തിയിൽ ദൈവവുമായുണ്ടായിരുന്ന അവരുടെ ഉറ്റ ഐക്യം മൂലമായിരുന്നു.

ദാരിദ്ര്യം നിറഞ്ഞ ആ സ്ഥലത്തെ ദൈവപുത്രന്റെ സാന്നിധ്യം, നാം കൊതിക്കുന്ന യഥാർഥ സമ്പത്ത് എന്തെന്ന് വ്യക്തമാക്കുന്നു. നാം തേടുന്ന യഥാർഥ നിധികൾ സമ്പത്തിലോ സുഖസൗകര്യങ്ങളിലോ വസ്തുവകകളിലോ അല്ല, ദൈവത്തിന്റെ സ്നേഹത്തിലും കൃപയിലുമാണ് കണ്ടെത്തുന്നത്. നമ്മുടെ ഹൃദയങ്ങൾ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കുമ്പോൾ നമുക്കാവശ്യമായതെല്ലാം നൽകി അവിടുന്ന് നമ്മെ നിറയ്ക്കുമെന്ന് തിരുക്കുടുംബത്തിന്റെ സാക്ഷ്യം വെളിപ്പെടുത്തുന്നു.

അത്യന്തം പവിത്രവും ലളിതവും എളിമ നിറഞ്ഞതുമായ ആ ദൃശ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, മാനുഷികമായി ആ അനുഭവം തിരുക്കുടുംബത്തിന് എത്രമാത്രം സംതൃപ്തി നൽകിയിരിക്കുമെന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കുക. ഈശോയെ പിള്ളക്കച്ചകളിൽ നന്നായി പൊതിഞ്ഞിരുന്നു; അവിടുത്തെ അമ്മയും വളർത്തുപിതാവും അത്യന്തം വാത്സല്യത്തോടെ അവിടുത്തെ ആരാധിച്ചു. ആഴമേറിയ കൃതജ്ഞതയ്ക്കും സംതൃപ്തിക്കും ആവശ്യമായതെല്ലാം മറിയത്തിന്റെയും യൗസേപ്പിന്റെയും ഹൃദയങ്ങളിൽ ഉണ്ടായിരുന്നു. സംതൃപ്തി കണ്ടെത്താൻ നിങ്ങൾ പാടുപെടുന്നുവെങ്കിൽ, തിരുക്കുടുംബത്തിൽനിന്ന് ഒരു പാഠം പഠിക്കുകയും മറിയത്തെയും യൗസേപ്പിനെയും അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുക. അങ്ങനെ, മനുഷ്യാവതാരം ചെയ്ത നമ്മുടെ കർത്താവിനോടുള്ള നിങ്ങളുടെ സ്നേഹം നിങ്ങൾക്കാവശ്യമായതെല്ലാംകൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ.

മനുഷ്യാവതാരം ചെയ്ത എന്റെ കർത്താവേ, അങ്ങയുടെ മാനുഷികസ്വഭാവത്തോട് ഐക്യപ്പെട്ടിരിക്കുന്ന അങ്ങയുടെ ദൈവികസ്വഭാവം, ബേത്‌ലഹേമിനടുത്തുള്ള ആ എളിയ ഗുഹയെ നിർമ്മലസ്നേഹത്തിന്റെ അതിശക്തമായ ബന്ധങ്ങളാൽ നിറഞ്ഞ ഒരു സക്രാരിയാക്കി മാറ്റി. ആ പവിത്രദൃശ്യത്തിലേക്ക് എന്നെ ആകർഷിക്കുകയും അങ്ങയുടെ അമ്മയുടെ വിമലഹൃദയത്തിലെ സ്നേഹത്തിലും അങ്ങയുടെ വളർത്തുപിതാവായ യൗസേപ്പിന്റെ മാനുഷികമായ അർപ്പണബോധത്തിലും പങ്കുചേരാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. അങ്ങ് എന്റെ അടുത്തേക്കു വരുന്ന ഓരോ വിധത്തിലും അങ്ങയെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തിൽ സംതൃപ്തിയും പൂർണനിറവും കണ്ടെത്താൻ എനിക്കിടയാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഞങ്ങളുടെ ക്രിസ്മസ് വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

കർത്താവിന്റെ തിരുപ്പിറവിയെക്കുറിച്ച് കൂടുതൽ

ക്രിസ്മസ് പ്രാർഥന

ക്രിസ്തു, പ്രത്യാശയുടെ മെഴുകുതിരി


  Subscribe to our YouTube channel  
  to be notified about new content.