മലയാളം

തെറ്റായ പ്രതീക്ഷകളെ തള്ളിക്കളയുക

മാർച്ച് 20, 2026
നോമ്പുകാലം നാലാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

രചയിതാവിനെക്കുറിച്ചറിയാൻ പേജ് കാണുക, CC BY 4.0, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

ജറുസലെം നിവാസികളിൽ ചിലർ പറഞ്ഞു: “ഇവനെയല്ലേ അവർ കൊല്ലാൻ ശ്രമിക്കുന്നത്? നോക്കൂ, ഇവൻ പരസ്യമായി സംസാരിക്കുന്നു; എന്നിട്ടും അവർ ഇവനോട് ഒന്നും പറയുന്നില്ല. ഇവനാണ് ക്രിസ്തുവെന്ന് അധികാരികൾ തിരിച്ചറിഞ്ഞിരിക്കുമോ? എന്നാൽ, ഇവൻ എവിടെനിന്നാണെന്ന് നമുക്കറിയാം. ക്രിസ്തു വരുമ്പോൾ അവൻ എവിടെനിന്നാണെന്ന് ആരും അറിയുകയില്ല.” യോഹന്നാൻ 7:25–27

യേശു പൂർണ്ണനായിരുന്നിട്ടും, അവിടുത്തെ പ്രബോധനങ്ങൾ കുറ്റമറ്റതും അത്ഭുതങ്ങൾ വിസ്മയകരവുമായിരുന്നിട്ടും, അനേകർ തങ്ങളുടെ അവിശ്വാസത്തിൽ കഠിനഹൃദയരായി തുടർന്നു. അക്കാലത്തെ ജനങ്ങൾക്ക് മിശിഹായെക്കുറിച്ച് പലവിധ പ്രതീക്ഷകളുണ്ടായിരുന്നു. ചിലർ നിഗൂഢമായ ഒരു സ്വർഗീയ വ്യക്തിയെ കാത്തിരുന്നു; മറ്റു ചിലർ ഒരു രാഷ്ട്രീയ നേതാവിനെയും. ഇനിയും ചിലർ, മിശിഹാ എവിടെനിന്നു വരുന്നു എന്നതിനെക്കുറിച്ച് മുൻകൂട്ടി യാതൊരു അറിവുമില്ലാതെ അവൻ പെട്ടെന്ന് പ്രത്യക്ഷപ്പെടുമെന്നു സങ്കൽപ്പിച്ചു. ഈ പ്രതീക്ഷകളെല്ലാം പ്രവാചകന്മാരെക്കുറിച്ചുള്ള അപൂർണ്ണമായ ധാരണയിൽ അധിഷ്ഠിതമായിരുന്നു.

മിശിഹാ ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള മുൻവിധികളിൽ പലതും അവിടുത്തെ ആഗമനം കടപുഴക്കിക്കളഞ്ഞു. പ്രത്യേകിച്ച് ശ്രദ്ധേയമല്ലാത്ത നസറത്ത് ഗ്രാമത്തിൽ വളർന്ന, ഇസ്രായേലിലെ റോമൻ അധിനിവേശത്തെ അട്ടിമറിക്കാൻ യാതൊരു അഭിലാഷവുമില്ലാത്ത, ദരിദ്രനായ ഒരു തച്ചനായിട്ടാണ് അവിടുന്ന് വന്നത്. എന്നിട്ടും യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു. അവിടുത്തെ പ്രബോധനങ്ങൾ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങി; അവ കേട്ട് എളിയവരായ അനേകർ മാനസാന്തരപ്പെട്ടു. അവിടുത്തെ സാന്നിധ്യം മാത്രം ആത്മവിശ്വാസവും ലക്ഷ്യബോധവും അന്തസ്സും പ്രസരിപ്പിച്ചു. അവിടുന്ന് യഥാർത്ഥത്തിൽ മിശിഹാ ആയിരിക്കുമോ?

യേശുവിന്റെ കാലത്തെ ജനങ്ങളെപ്പോലെതന്നെ, ദൈവം ആരാണെന്നും അവിടുത്തെ അനുഗമിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ നമ്മുടെ ജീവിതം എങ്ങനെ മാറണമെന്നും ഉള്ളതിനെക്കുറിച്ച് മുൻധാരണകൾ രൂപപ്പെടുത്താൻ നമുക്കും എളുപ്പമാണ്. നിങ്ങളുടെ ജീവിതം ക്രിസ്തുവിനു സമർപ്പിച്ചാൽ, അവിടുത്തെ പക്കൽനിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? വ്യാപാരത്തിൽ വലിയ വിജയങ്ങൾ നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമെന്നാണോ? നിങ്ങളുടെ മക്കൾ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നാണോ? നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൂർണ്ണമായ ഐക്യത്തിലായിരിക്കുമെന്നാണോ? ഭൗതികാവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനാൽ സുഖകരമായ ജീവിതം നയിക്കാനാകുമെന്നാണോ? അതോ തിരസ്കരണവും സഹനവും മരണവുമാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്? ദൈവത്തിന്റെ ആത്യന്തിക പദ്ധതി നമ്മുടെ രക്ഷയ്ക്കുവേണ്ടിയാണെന്ന് അറിഞ്ഞുകൊണ്ട്, നമ്മുടെ പ്രതീക്ഷകളെ എപ്പോഴും അവിടുത്തെ തിരുഹിതത്തോട് ചേർത്തുവയ്ക്കണം.

മിശിഹാ ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകൾ യേശു നിറവേറ്റാതിരുന്നതിനാൽ യഹൂദരിൽ ചിലർ അവിടുത്തെ തിരസ്കരിച്ചു. മിശിഹാ പെട്ടെന്ന് രംഗപ്രവേശം ചെയ്യുമെന്നും അവൻ എവിടെനിന്നു വന്നുവെന്ന് ആരും അറിയുകയില്ലെന്നുമുള്ള വിശ്വാസമാണ് ഇന്നത്തെ സുവിശേഷത്തിലെ ആ കൂട്ടം ആളുകൾക്കുണ്ടായിരുന്നത്. “എന്നാൽ, ഇവൻ എവിടെനിന്നാണെന്ന് നമുക്കറിയാം” എന്ന അവരുടെ വാക്കുകൾ അവരുടെ അവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു; കാരണം, കൂടുതൽ നിഗൂഢമായതോ അപ്രതീക്ഷിതമായതോ ആയ ഒരു പ്രത്യക്ഷപ്പെടലാണ് അവർ പ്രതീക്ഷിച്ചിരുന്നത്. പ്രവാചകന്മാരെക്കുറിച്ചുള്ള ആ തെറ്റിദ്ധാരണ, യഥാർത്ഥ മിശിഹായായ യേശുവിനെ തിരസ്കരിക്കാൻ അവരെ നയിച്ചു.

അതുപോലെ, ദൈവത്തെക്കുറിച്ച് ചില പ്രതീക്ഷകൾ വച്ചുപുലർത്താനും, അവ നിറവേറാതെ വരുമ്പോൾ സംശയത്തിലേക്കോ ആശയക്കുഴപ്പത്തിലേക്കോ വീഴാനും നമുക്ക് എളുപ്പമാണ്. ക്രിസ്തുവിനെ അനുഗമിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ എന്തു സംഭവിക്കണം എന്നതിനെക്കുറിച്ച് തെറ്റായ പ്രതീക്ഷകൾ രൂപപ്പെടുത്തുന്നത് നമ്മുടെ തന്നെ തെറ്റാണ്. അതിനുള്ള പരിഹാരം ലളിതമാണ്—സുവിശേഷത്തിലേക്കു തിരിയുക; യേശു പറഞ്ഞത് വിശ്വസിക്കുക.

യേശു എന്താണ് പറഞ്ഞത്? നിയമജ്ഞരുടെയും ഫരിസേയരുടെയും ജനപ്രമാണികളുടെയും കൈകളാൽ താൻ കഠിനമായി പീഡിപ്പിക്കപ്പെടുമെന്ന്. താൻ ഏല്പിക്കപ്പെടുകയും മർദിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുമെന്നും, എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും. അതുതന്നെയാണ് സംഭവിച്ചതും.

ക്രിസ്തുവിനെ അനുഗമിക്കാൻ നാം തീരുമാനിക്കുമ്പോൾ, ജീവിതം എളുപ്പവും സുഖകരവുമായിരിക്കുമെന്നും എല്ലാവരും നമ്മെ സ്നേഹിക്കുമെന്നും യേശു വാഗ്ദാനം ചെയ്യുന്നുണ്ടോ? തീർച്ചയായും ഇല്ല. തനിക്കു സംഭവിച്ചതുതന്നെ നമുക്കും സംഭവിക്കുമെന്ന് അവിടുന്ന് പറയുന്നു. എന്നാൽ, ജീവിതത്തിലെ കുരിശുകളിലൂടെ നാം സ്ഥിരതയോടെ മുന്നേറിയാൽ, അവിടുത്തെ അന്തിമവിജയത്തിൽ നാമും പങ്കുചേരും.

ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്കുണ്ടായേക്കാവുന്ന തെറ്റായ ധാരണകളെപ്പറ്റി ഇന്ന് വിചിന്തനം ചെയ്യുക. ക്രിസ്തുവിന്റെ പീഡാസഹനത്തിൽ പരിസമാപ്തിയിലെത്തുന്ന സുവിശേഷത്തെ സ്വീകരിക്കുക പ്രയാസമാണ്. ത്യാഗപൂർവ്വം ജീവിക്കാനും മറ്റുള്ളവർക്കുവേണ്ടി നമ്മുടെ ജീവൻ സമർപ്പിക്കാനും പ്രായശ്ചിത്തം ചെയ്യാനും നിസ്വാർത്ഥമായി ജീവിക്കാനും ഉദാരമനസ്കരാകാനും ഓരോ പാപത്തെക്കുറിച്ചും അനുതപിക്കാനും നിരന്തരം പ്രാർഥിക്കാനും അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ ക്രിസ്തുവിന്റെ കുരിശിനെ ആശ്ലേഷിക്കാനുമുള്ള വിളി ആദ്യമൊക്കെ പ്രയാസകരമാണ്. ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിനെക്കുറിച്ചുള്ള തെറ്റായ പ്രതീക്ഷകളെ തള്ളിക്കളഞ്ഞാൽ മാത്രമേ അങ്ങനെ ചെയ്യാൻ കഴിയൂ. അപ്പോൾ സുവിശേഷം അതിന്റെ പൂർണ്ണതയിലും അതു നമ്മിൽനിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങളിലും നമ്മെ ഞെട്ടിക്കുകയല്ല, മറിച്ച് ക്രിസ്തു നമുക്കായി തിരഞ്ഞെടുത്ത വഴിയിലൂടെ അവിടുത്തെ അനുഗമിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയാണ് ചെയ്യുക.

എന്റെ കർത്താവും മിശിഹായുമായവനേ, മിശിഹായെക്കുറിച്ച് അനേകർ വച്ചുപുലർത്തിയ പ്രതീക്ഷകൾക്കൊത്തതായിരുന്നില്ല അങ്ങയുടെ ജീവിതവും ദൗത്യവും. അതുപോലെ, അങ്ങയുടെ തിരുഹിതത്തിനു വിരുദ്ധമായ പ്രതീക്ഷകൾ എനിക്കും പലപ്പോഴും അങ്ങയെക്കുറിച്ചുണ്ട്. അങ്ങയുടെ തിരുഹിതം തിരിച്ചറിയാനും സ്വീകരിക്കാനും എന്റെ മനസ്സും ഹൃദയവും തുറക്കണമേ. അങ്ങനെ, അങ്ങയുടെ പുനരുത്ഥാനത്തിൽ പങ്കുചേരുന്നതിനായി അങ്ങയോടൊപ്പം എന്റെ ജീവിതവും സമർപ്പിക്കാൻ എനിക്കു കഴിയട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇരുപത്തിയേഴാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.