2019 ഫെബ്രുവരി 17, ഞായറാഴ്ച
ആണ്ടുവട്ടത്തിലെ ആറാം ഞായർ, വർഷം C
സെർവൈറ്റ് സന്ന്യാസസഭയുടെ വിശുദ്ധരായ ഏഴ് സ്ഥാപകർ – ഐച്ഛിക അനുസ്മരണം

“മനുഷ്യപുത്രൻ നിമിത്തം ആളുകൾ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും അപമാനിക്കുകയും നിങ്ങളുടെ പേര് ദുഷിച്ചതെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ആ ദിവസം ആനന്ദിക്കുകയും സന്തോഷത്താൽ തുള്ളിച്ചാടുകയും ചെയ്യുവിൻ! ഇതാ, സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.” ലൂക്കാ 6:22-23
അതിശയം തന്നെ! മറ്റൊരാളിൽനിന്ന് വിദ്വേഷവും പീഡനവും അനുഭവിച്ചശേഷം “ആനന്ദിക്കുകയും സന്തോഷത്താൽ തുള്ളിച്ചാടുകയും” ചെയ്യാൻ വലിയ വിശ്വാസം വേണം. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിലാണ് ഒരാൾ പീഡിപ്പിക്കപ്പെടുന്നതെങ്കിൽപ്പോലും, ആത്മാർഥമായി ആനന്ദിക്കാൻ വലിയ വിശ്വാസവും ഏറെ സ്നേഹവും ആവശ്യമാണ്.
എങ്കിലും, ഈ നിലയിലുള്ള വിശ്വാസവും സ്നേഹവും സാധ്യമാണ്! അല്ലായിരുന്നെങ്കിൽ നമ്മുടെ കർത്താവ് ഈ ഉപദേശം നൽകുമായിരുന്നില്ല. ഏറ്റവും ഉന്നതമായ ആദർശമനുസരിച്ച് ജീവിക്കാനുള്ള ഉപദേശമാണിത്. സൗഭാഗ്യത്തിൽ ജീവിക്കാനുള്ള വിളിയാണിത്.
ഓരോ സുവിശേഷ സൗഭാഗ്യത്തെക്കുറിച്ചും വിചിന്തനം ചെയ്യാനും അവ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കാനും സമയം ചെലവഴിക്കുന്നത് തീർച്ചയായും വിലപ്പെട്ടതാണ്. അതോടൊപ്പം, യേശു നമ്മെ സാധാരണ നിലവാരത്തിലുള്ള ഒരു ജീവിതത്തിലേക്കല്ല, മറിച്ച് പരിപൂർണ്ണതയുടെ ഔന്നത്യങ്ങളിലേക്കാണ് വിളിക്കുന്നത് എന്ന പൊതുവായ സത്യത്തിലേക്ക് നോക്കുന്നതും സഹായകരമാണ്. ആ ഔന്നത്യങ്ങളിലാണ് നമ്മുടെ ആത്മാക്കൾ ഏറ്റവും വലിയ പ്രതിഫലം കണ്ടെത്തുന്നത്.
ഇന്ന് ഈ സൗഭാഗ്യവചനത്തെക്കുറിച്ച് ധ്യാനിക്കുക. യേശുവിനെ അനുഗമിക്കുന്നതിന്റെ പേരിൽ നിങ്ങൾ ഒരിക്കലും പീഡനവും വിദ്വേഷവും അനുഭവിച്ചിട്ടുണ്ടാകില്ല. അങ്ങനെയാണെങ്കിലും, ആ സാഹചര്യത്തിൽ നിങ്ങളെത്തന്നെ സങ്കൽപ്പിച്ചുനോക്കുക; നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് സത്യസന്ധമായി കണ്ടെത്താൻ ശ്രമിക്കുക. പീഡനം നിങ്ങളെ ബാധിക്കാതെ, ഒരർഥത്തിൽ പറഞ്ഞാൽ, അത് നിങ്ങളിൽനിന്ന് വഴുതിപ്പോകാൻ അനുവദിക്കുവാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങളുടെ ആന്തരികസമാധാനത്തെ അസ്വസ്ഥമാക്കാൻ അനുവദിക്കാതെ, ജീവിതത്തിലെ അനീതി സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുമോ? അതോ, നിങ്ങൾക്കുണ്ടാകുന്ന മനോവേദനയുടെ ഫലമായി നിങ്ങൾ കയ്പും കോപവും നിറഞ്ഞവരായിത്തീരുമോ?
ക്രൈസ്തവജീവിതത്തിന്റെ ആദർശങ്ങളിൽ ദൃഷ്ടിയുറപ്പിക്കാൻ ശ്രമിക്കുക. അതിൽ കുറഞ്ഞ എന്തെങ്കിലും നിങ്ങൾ ലക്ഷ്യമാക്കിയാൽ, ആ താഴ്ന്ന ലക്ഷ്യത്തിൽത്തന്നെ എത്തിച്ചേരാനുള്ള അപകടസാധ്യതയുണ്ട്. എന്നാൽ സുവിശേഷ സൗഭാഗ്യങ്ങളുടെ ഉന്നതമായ വിളിയിൽ നിങ്ങൾ ദൃഷ്ടിയുറപ്പിച്ചാൽ, നമ്മുടെ കർത്താവ് നിങ്ങളെ നിരന്തരം തന്റെ ഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി നിങ്ങൾ കണ്ടെത്തും. അവിടുന്ന് നിങ്ങളെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും കൂടുതൽ വിശ്വാസവും പ്രത്യാശയും സ്നേഹവുംകൊണ്ട് നിറയ്ക്കുകയും, കൂടുതൽ കൂടുതൽ അനുഗൃഹീതമായ വിശുദ്ധിയുടെ തലത്തിലേക്ക് നയിക്കുകയും ചെയ്യും. ആദർശം ലക്ഷ്യമാക്കുന്നത് തീർച്ചയായും വിലപ്പെട്ടതാണ്!
കർത്താവേ, എന്നെ വിശുദ്ധനാക്കണമേ. അങ്ങയിലേക്കും, ഞാൻ ജീവിതത്തിൽ പകർത്താൻ അങ്ങ് എന്നെ വിളിക്കുന്ന സദ്ഗുണങ്ങളിലേക്കും സൗഭാഗ്യവചനങ്ങളിലേക്കും എന്റെ ദൃഷ്ടി ഉറപ്പിക്കാൻ എന്നെ സഹായിക്കണമേ. ഒരു സാധാരണ നിലവാരത്തിലുള്ള ജീവിതംകൊണ്ട് ഞാൻ ഒരിക്കലും തൃപ്തിപ്പെടാതിരിക്കട്ടെ. പകരം, ഞാൻ ആഗ്രഹിക്കുന്ന എല്ലാറ്റിന്റെയും കേന്ദ്രമായി അങ്ങയെ പ്രതിഷ്ഠിച്ചുകൊണ്ട്, പൂർണതയും വിശുദ്ധിയും നിറഞ്ഞ ഒരു ജീവിതത്തിനായി മാത്രം ഞാൻ പരിശ്രമിക്കട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – സെർവൈറ്റ് സന്ന്യാസസഭയുടെ വിശുദ്ധരായ ഏഴ് സ്ഥാപകർ
നോമ്പുകാലത്തിനായി മൂന്ന് മികച്ച പുസ്തകങ്ങൾ!
നോമ്പുകാല-ഉയിർപ്പുകാല ധ്യാനങ്ങൾ – കത്തോലിക്കാ ദൈനംദിന ധ്യാനപരമ്പര
കുരിശിൻചുവട്ടിൽ 40 ദിനങ്ങൾ – നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന ധ്യാനങ്ങൾ – വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ




