മലയാളം

വിശ്വാസത്തിന്റെ ആഴമേറിയ ജലാശയങ്ങൾ

2019 ഫെബ്രുവരി 10, ഞായറാഴ്ച

സാധാരണകാലത്തിലെ അഞ്ചാം ഞായർ, വർഷം C

ഇന്നത്തെ വായനകൾ

കന്യകയായ വിശുദ്ധ സ്കൊളാസ്റ്റിക്ക – അനുസ്മരണം

“ആഴമുള്ള വെള്ളത്തിലേക്കു നീക്കി, മീൻപിടിക്കാൻ നിങ്ങളുടെ വലകൾ ഇറക്കുവിൻ.”  ലൂക്കാ 5:4

വെള്ളത്തിലേക്കു വള്ളം നീക്കാൻ മാത്രമല്ല യേശു പത്രോസിനോടും അപ്പസ്തോലന്മാരോടും പറഞ്ഞത് എന്നതു ശ്രദ്ധേയമാണ്; മറിച്ച്, “ആഴമുള്ള വെള്ളത്തിലേക്ക്” നീക്കാനാണ് അവിടുന്ന് അവരോടു പറഞ്ഞത്.  ഇതിനു വലിയ പ്രാധാന്യമുണ്ട്.

2000-ലെ മഹാജൂബിലിവർഷത്തിന്റെ സമാപനത്തിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ എന്ന അപ്പസ്തോലിക ലേഖനം എഴുതി.  ഈ സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ആ ലേഖനം ആരംഭിച്ചത്.  വരാനിരിക്കുന്ന സഹസ്രാബ്ദത്തിൽ ഒരു നവസുവിശേഷവത്കരണത്തിന് ആഹ്വാനം ചെയ്ത ആ ലേഖനത്തിന്റെ ശേഷിച്ച ഭാഗങ്ങൾക്കു മുഴുവൻ ഈ വചനഭാഗം അടിസ്ഥാനസ്വരമായി.

“ആഴത്തിലേക്കു നീക്കുക!”  ഇതിൽനിന്ന് നാം എന്താണു മനസ്സിലാക്കേണ്ടത്?  യേശു നമ്മോട് എന്തു പറയുന്നതായിട്ടാണു നാം കേൾക്കേണ്ടത്?  അനേകരെ സുവിശേഷത്തിലേക്ക് ആകർഷിക്കാനായി തളരാതെയും സമർപ്പണത്തോടെയും “നമ്മുടെ വലകൾ ഇറക്കാൻ” അവിടുന്ന് നമ്മെ വിളിക്കുന്നതു നാം കേൾക്കണം.  വള്ളത്തിലായിരുന്ന പത്രോസും അപ്പസ്തോലന്മാരും ഇതു ചെയ്തപ്പോൾ, വലകൾ കീറത്തക്കവിധം അത്രയേറെ മീനുകളെ അവർക്കു ലഭിച്ചു; അവർ അത്യന്തം വിസ്മയിച്ചു.  ദൈവത്തിന്റെ നഷ്ടപ്പെട്ട ആടുകളെ എല്ലായിടത്തും അന്വേഷിച്ചുകൊണ്ട്, അങ്ങേയറ്റത്തെ ഉത്സാഹത്തോടും തീക്ഷ്ണതയോടുംകൂടെ നാം സുവിശേഷവത്കരണം നടത്തണം എന്നു നമ്മോടു പറയാനായി നൽകപ്പെട്ട ഒരു പ്രവാചകസൂചനയായ പ്രവൃത്തിയാണിത്.

നാം ജീവിക്കുന്ന ലോകം ചിലപ്പോൾ ക്രൂരമായിരിക്കാം.  അനേകർ വഴിതെറ്റിയും ആശയക്കുഴപ്പത്തിലുമാണ്.  പാപം വ്യാപകമാണ്; നിരാശയും നിറഞ്ഞുനിൽക്കുന്നു.  നമ്മുടെ ലോകത്തിന് ഒരു രക്ഷകനെ അത്യന്തം ആവശ്യമാണ്. സമൃദ്ധമായൊരു വിളവു ശേഖരിക്കാനും ഏറ്റവും അധികം സഹായം ആവശ്യമുള്ളവരെ കണ്ടെത്താനും നമ്മെയാണ് യേശു ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്.  നമ്മുടെ ലോകത്തിൽ ദൈവത്തിൽനിന്ന് ഏറെ അകന്നുകഴിയുന്ന എണ്ണമറ്റ ആത്മാക്കളുണ്ട് എന്നു സൂചിപ്പിക്കാനാണ് ആഴമുള്ള വെള്ളത്തിലെ മീനുകളെ പിടിക്കാൻ യേശു അപ്പസ്തോലന്മാരോട് ആവശ്യപ്പെട്ടത്.  ആശയക്കുഴപ്പത്തിന്റെയും വേദനയുടെയും സമുദ്രത്തിൽ “നീന്തുന്ന” അനേകരുണ്ട്.  പ്രത്യേകിച്ച് ഈ മനുഷ്യരെയാണ് യേശു തന്നിലേക്ക് അടുപ്പിക്കാൻ ആഗ്രഹിക്കുന്നത്.  നമ്മുടെ കർത്താവിന്റെ കല്പന ശ്രദ്ധാപൂർവം സ്വീകരിച്ച് അവരെ തേടിപ്പോകുക എന്നതു നമ്മുടെ ഉത്തരവാദിത്വമാണ്.

“ആഴമുള്ള വെള്ളത്തിലേക്കു നീക്കുക” എന്ന യേശുവിന്റെ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  ഏതു വിധത്തിലാണ് യേശു നിങ്ങളോട് ഇത് ആവശ്യപ്പെടുന്നത്?  നിങ്ങളുടെ സുഖസൗകര്യങ്ങളുടെ പരിധിവിട്ടു പുറത്തേക്കു പോയി “നിങ്ങളുടെ വലകൾ ഇറക്കാൻ” അവിടുന്ന് നിങ്ങളെ എങ്ങനെയാണ് വിളിക്കുന്നത്?  നിങ്ങളിൽനിന്ന് അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നത്? സുവിശേഷവത്കരണദൗത്യം മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങളെ എങ്ങനെയാണ് ഉപയോഗിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നത്?  അവിടുത്തെ കല്പന അനുസരിക്കുക; അപ്പോൾ ഉണ്ടാകുന്ന നല്ല ഫലങ്ങൾ കണ്ട് നിങ്ങളും വിസ്മയിക്കും!

കർത്താവേ, അങ്ങയുടെ സേവനത്തിനും മഹത്വത്തിനുമായി എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സമൃദ്ധമായ കരുണ ഏറ്റവും ആവശ്യമുള്ള ആത്മാക്കളെ തേടി, അങ്ങയുടെ കൽപ്പനപ്രകാരം പുറപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സ്നേഹാർദ്രമായ കരുണ ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തേണ്ടതിന്, അങ്ങ് എനിക്കു നൽകിയ വിളിയോട് വിശ്വസ്തനായിരിക്കാൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധ – വിശുദ്ധ സ്കൊളാസ്റ്റിക്ക